ക്രൈസ്തവദൌത്യം-- ഒരു പുനര്‍വിചിന്തനം

    ക്രൈസ്തവസഭ  എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ചോദ്യം  ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവസഭകളും എപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരിക്കേണ്ട ഒരു ചോദ്യമാണ്. ഈ ചോദ്യത്തിന് അവര്‍ കണ്ടെത്തുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ നിലപാടുകളും പ്രവര്‍ത്തനപരിപാടികളും ആസൂത്രണം ചെയ്യപ്പെടുന്നത്. അടുത്തകാലത്ത് സോപാന അക്കാദമി കോട്ടയത്ത് സംഘടിപ്പിച്ച ഒരു പഠനസമ്മേളനത്തിന്‍റെ  പ്രധാന വിഷയം ഇതായിരുന്നു. അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തെപ്പറ്റിയുള്ള ചില ചിന്തകള്‍ ഞാനിവിടെ കുറിക്കുന്നു.

1. എന്താണ് സഭയുടെ മിഷന്‍?
    ക്രിസ്തുവിന്‍റെ മിഷന്‍ എന്താണോ അതുതന്നെയാണ് ക്രൈസ്തവസഭയുടെ മിഷനും എന്ന് പൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ക്രിസ്തുവിന്‍റെ മിഷന്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ആദ്യം നമുക്ക് ഉണ്ടാകണം. 
    സ്വര്‍ഗ്ഗരാജ്യം സമീപമുണ്ട് എന്നതായിരുന്നു അവിടുന്നു പ്രഘോഷിച്ച സദ്വാര്‍ത്ത. അങ്ങയുടെ രാജ്യം ഭൂമിയില്‍ വരണമേ എന്ന് പ്രാര്‍ഥിക്കുവാന്‍ അവിടുന്ന് പഠിപ്പിച്ചു. ഇതില്‍ നിന്ന്  സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ വരുത്തുകയായിരുന്നു ക്രിസ്തുവിന്‍റെ മിഷന്‍ എന്ന് നിസ്സംശയം പറയാം.
സ്വര്‍ഗ്ഗം എന്ന പദം കൊണ്ട് നാമുദേശിക്കുന്നത് സ്നേഹവും സന്തോഷവും സമാധാനവും ഉള്ള ലോകമെന്നാണ്. ഭൂമിയെ സ്വര്‍ഗ്ഗമാക്കി മാറ്റുകയായിരുന്നു ക്രിസ്തുവിന്‍റെ മിഷന്‍. അത് തന്നെയാണ്  ക്രൈസ്തവസഭയുടെ മിഷനും. നരകസമാനമായ നമ്മുടെ ലോകത്തെ സ്വര്‍ഗ്ഗസമാനമാക്കി മാറ്റുകയാണ് ക്രൈസ്തവസഭയുടെ മിഷന്‍.
    മനുഷ്യരെ ഈ ലോകത്തില്‍ നിന്ന് രക്ഷപ്പെടുത്തി സ്വര്‍ഗ്ഗത്തില്‍ എത്തിക്കുന്നതാണ് ക്രിസ്തുവിന്‍റെ മിഷന്‍ എന്നാണ് ചില പുതിയ  സഭകള്‍ കരുതുന്നത്. ഈ ലോകത്തെ ദൈവം താമസിയാതെ നശിപ്പിക്കുമെന്നും അതുകൊണ്ട് അതിനെ സ്വര്‍ഗ്ഗസമാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാണെന്നും അവര്‍ കരുതുന്നു. നിര്‍ഭാഗ്യവശാല്‍ പരലോകപ്രധാനമായ അവരുടെ ലോകവീക്ഷണമാണ് ക്രൈസ്തവം എന്ന പേരില്‍ പലയിടങ്ങളിലും അറിയപ്പെടുന്നത്. 

2. എങ്ങനെ ലോകത്തെ സ്വര്‍ഗ്ഗമാക്കാം?
    എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസമുണ്ടായാല്‍ ലോകം സ്വര്‍ഗ്ഗമാകും എന്നു കരുതുന്നവരുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ നല്ല സമ്പത്തുണ്ടായാല്‍ ലോകം സ്വര്‍ഗ്ഗമാകും എന്നു കരുതുന്നവരുണ്ട്. എല്ലാവര്‍ക്കും ആരോഗ്യമുണ്ടായാല്‍ ലോകം സ്വര്‍ഗ്ഗമാകും എന്നു കരുതുന്നവരുമുണ്ട്.
    എന്നാല്‍ ക്രിസ്തുവിന്‍റെ കാഴ്ചപ്പാട് അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഭൂമി സ്വര്‍ഗ്ഗമാകുന്നതിന് വേണ്ട ഒരു അടിസ്ഥാന വ്യവസ്ഥ ക്രിസ്തുവിന്‍റെ പ്രഘോഷണത്തില്‍ ഉണ്ടായിരുന്നു -- മാനസാന്തരപ്പെടുവിന്‍. മനുഷ്യന്‍റെ മനസില്‍ ഒരു മാറ്റം വരണം. സന്തോഷവും സമാധാനവും സ്നേഹവുമുള്ള ഒരു ലോകമായി നമ്മുടെ ലോകം മാറണമെങ്കില്‍ ക്ഷമിക്കാനും ക്ഷമ ചോദിക്കാനുമുള്ള മനസ്സ് എല്ലാവര്‍ക്കുമുണ്ടാകണം എന്ന് യേശുതമ്പുരാന്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചു.
    അങ്ങനെയൊരു മനസ്സ് എല്ലാവര്‍ക്കുമുണ്ടാകണമെങ്കില്‍ തെറ്റ് മനുഷ്യസഹജമാണ് എന്ന ധാരണ നമ്മുടെ ഉപബോധമനസ്സില്‍ രൂഢമൂലമാകണം. ഒരു തെറ്റും വരുത്താത്തത് ദൈവം മാത്രമാണ് എന്ന് നാം തിരിച്ചറിയണം. 
    ഈ വ്യവസ്ഥ കര്‍ത്തൃപ്രാര്‍ത്ഥനയില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു-- അങ്ങയുടെ നാമം പരിശുദ്ധമാക്കപ്പെടണമെ; അങ്ങയുടെ രാജ്യം വരണമേ. ദൈവം പരിശുദ്ധനാകുന്നു എന്ന് നാം മനസിലാക്കി അംഗീകരിക്കുമ്പോള്‍ ലോകം സ്വര്‍ഗമാകും.
    ദൈവം പരിശുദ്ധനാകുന്നു എന്ന് നമ്മുടെ പ്രാര്‍ഥനകളില്‍ നാം ആവര്‍ത്തിക്കുന്നത് ദൈവം മാത്രമേ പരിശുദ്ധനായുള്ളൂ എന്ന അര്‍ഥത്തിലാണ്. വിശുദ്ധ കുര്‍ബാനയില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. പരിശുദ്ധനായ ഏകപിതാവും പരിശുദ്ധനായ ഏകപുത്രനും പരിശുദ്ധനായ ഏകറൂഹായും അല്ലാതെ പരിശുദ്ധന്‍ ഇല്ല എന്ന് നാം ഏറ്റുപറയുന്നു. ദൈവമൊഴികെ ഒരു ജീവികളും പരിശുദ്ധരല്ല.  എല്ലാവരും തെറ്റ്കുറ്റങ്ങള്‍ വരുത്തുന്നു. ദൈവം മാത്രം യാതൊരു അബദ്ധവും വരുത്തുന്നില്ല.
    എന്തുകൊണ്ട് ദൈവം മാത്രം പരിശുദ്ധന്‍?  ദൈവത്തിന് എല്ലാം അറിയാം എന്നതാണു അതിനു കാരണം.ദൈവം സര്‍വജ്ഞന്‍. ദൈവമൊഴികെ എല്ലാ ജീവികളുടെയും അറിവ് പരിമിതമാണ്. അതുകൊണ്ട് അവയെല്ലാം അബദ്ധങ്ങള്‍ വരുത്തുന്നു.  
    മാലാഖമാര്‍ പരിശുദ്ധരല്ല. അവര്‍ നമ്മെപ്പോലെ അബദ്ധങ്ങള്‍ വരുത്തുന്നവരാണ്. എങ്കില്‍ എന്തുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ സ്നേഹവും സമാധാനവും സന്തോഷവും കളിയാടുന്നു?
    അതിന്‍റെ കാരണം ഏശായാ പ്രവാചകന്‍ കണ്ടെത്തി. ഒരു ദിവസം ധ്യാനനിരതനായിരിക്കുമ്പോള്‍ അദേഹത്തിന് സ്വര്‍ഗ്ഗത്തിന്‍റെ ദര്‍ശനമുണ്ടായി. ദൈവം പരിശുദ്ധന്‍ എന്ന് മാലാഖമാര്‍ ആവര്‍ത്തിച്ചു ആര്‍ക്കുന്നു. ദൈവം മാത്രം പരിശുദ്ധന്‍ എന്ന ബോധ്യം മാലാഖമാര്‍ക്കുണ്ട്. ഈ ബോധ്യമുള്ളതുകൊണ്ടു ക്ഷമിക്കാനും ക്ഷമ ചോദിക്കാനും അവര്‍ ഒരുക്കമാണ്. ആ ബോധ്യമാണ് സ്വര്‍ഗ്ഗത്തെ സ്വര്‍ഗ്ഗമാക്കി നിലനിര്‍ത്തുന്നത്.
    ദൈവം മാത്രം പരിശുദ്ധന്‍ എന്ന ബോധ്യം മനുഷ്യര്‍ക്കുണ്ടായാല്‍ നമ്മുടെ ഈ ലോകവും സ്വര്‍ഗ്ഗമാകും. നാം ക്ഷമിക്കുവാനും ക്ഷമ ചോദിക്കുവാനും തയാറാകും. 


3. ലോകത്തെ സ്വര്‍ഗ്ഗമാക്കുന്നതിന് നാം എന്ത് ചെയ്യുന്നു?
    ദൈവം മാത്രം പരിശുദ്ധന്‍ എന്ന ബോധ്യം നമുക്ക് ഉണ്ടാകുകയാണ് ഏറ്റവും ആവശ്യം. അതാണ് നമ്മുടെ ആരാധനയുടെ ഉദ്ദേശം.
ദൈവം പരിശുദ്ധന്‍ എന്ന് അനേകം തവണ നാം ആരാധനയില്‍ ആവര്‍ത്തിക്കുന്നു. അതോടൊപ്പം ഞങ്ങളോട്  കരുണ ചെയ്യണമേ (We are sorry) എന്നും സമ്മതിക്കുന്നു. നാം ദൈവത്തോട് ക്ഷമ ചോദിക്കുന്നു-- ധൂര്‍ത്തപുത്രനെപ്പോലെ, ചുങ്കക്കാരനെപ്പോലെ. I am wrong, you are right എന്നു സമ്മതിക്കുന്നതാണ് ക്ഷമ ചോദിക്കല്‍. I am right you are wrong എന്നു പറയുന്നത് സ്വയനീതീകരണമാണ്. അതാണ് ആദം  ഹവ്വമാര്‍ ചെയ്തത്.
    ദൈവത്തോട് ക്ഷമ യാചിക്കുന്നതോടൊപ്പം നാം പരസ്പരം ക്ഷമ ചോദിച്ചു കയ്യസൂരി കൊടുക്കുന്നു. അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റുകള്‍ക്കും ക്ഷമ ചോദിക്കുന്നതോടൊപ്പം നമ്മോട് മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റുകള്‍ നാം ക്ഷമിക്കുകയും ചെയ്യുന്നു.
    വി കുര്‍ബാനയുടെ ഒടുവില്‍ പട്ടക്കാരന്‍ നിങ്ങള്‍ സന്തോഷിച്ചു സമാധാനത്തോടെ പോകുവീന്‍ എന്നു ആശംസിക്കുന്നു. നിങ്ങള്‍ ഇവിടെ അനുഭവിച്ച സ്വര്‍ഗ്ഗവുമായി ലോകത്തേക്ക് പോകുവീന്‍ എന്നാണ് അതിന്‍റെ അര്‍ഥം. പോകുന്ന ഇടങ്ങളെയെല്ലാം സ്വര്‍ഗ്ഗമാക്കി  മാറ്റുകയാണ് നമ്മുടെ മിഷന്‍. നമ്മുടെ സംസാരം കേള്‍ക്കുമ്പോള്‍, പ്രവൃത്തികള്‍ കാണുമ്പോള്‍ ആളുകള്‍  ചോദിക്കണം: നിങ്ങള്‍ ഒരു മാലാഖയാണോ? 
    ഇങ്ങനെ ക്ഷമിച്ചും ക്ഷമ ചോദിച്ചും നമുക്ക് നമ്മുടെ കുടുംബത്തെ സ്വര്‍ഗ്ഗമാക്കാം, നമ്മുടെ ഇടവകയെ സ്വര്‍ഗ്ഗമാക്കാം, നമ്മുടെ നാടിനെ സ്വര്‍ഗ്ഗമാക്കാം. ലോകത്തെ മുഴുവന്‍ രൂപാന്തരപ്പെടുത്താന്‍ കഴിവുള്ള പുളിമാവാണ് ഇത്. നാം രൂപാന്തരപ്പെടുമ്പോള്‍ നമ്മുടെ ചുറ്റുമുള്ളവര്‍ അതുകണ്ട് രൂപാന്തരപ്പെടും. അങ്ങനെ ഈ പ്രക്രിയ തുടരുകയും ലോകം ആകെ സ്വര്‍ഗ്ഗമായി മാറുകയും ചെയ്യും. 

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?