ഭിന്നശേഷി ക്രിസ്തുവിന്‍റെ കാഴ്ചപ്പാടില്‍

(2015 ഒക്ടോബര്‍ മാസത്തിലെ ജോര്‍ജിയന്‍ മിററില്‍ പ്രസിദ്ധീകരിച്ചത്)

യേശുതമ്പുരാന്‍ യെരൂശലേം ദൈവാലയം ശുദ്ധീകരിച്ച കഥ നമുക്ക് പരിചിതമാണ്. അത്തിവൃക്ഷത്തില്‍ ഫലം കാണും എന്ന് പ്രതീക്ഷിച്ചപോലെ, യെരുശലേം ദേവാലയം ദൈവം വസിക്കുന്ന ആലയമാണെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് അവിടെ ചെല്ലുന്നത്. എന്നാല്‍ അതിനുള്ളില്‍ ദൈവമല്ല, കള്ളന്മാരാണ് എന്ന സത്യം അതിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് നോക്കിയപ്പോഴാണ് ദൃശ്യമായത്. പുറമെ നിന്നു നോക്കിയാല്‍ ആടുകള്‍ക്ക് സുരക്ഷിതമായി വിശ്രമിക്കുവാനുള്ള ആട്ടിന്‍തൊഴുത്ത്, എന്നാല്‍ അകത്തുകയറി സൂക്ഷിച്ചു നോക്കിയാല്‍ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ച: ഇടയവേഷത്തില്‍ അവിടെ നില്‍ക്കുന്നത് ചെന്നായ്ക്കളാണ്. ജനത്തിന് ആശ്വാസമേകാന്‍ കടപ്പെട്ട മതനേതാക്കള്‍ ജനത്തെ വല്ലാതെ വിഷമിപ്പിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ദുഖകരമായ കാഴചയാണ് യേശുതമ്പുരാന്‍ കണ്ടത്. യേശുതമ്പുരാന്‍ അവിടെ നിന്നു വില്‍ക്കുന്നവരെയും വാങ്ങുന്നവരെയുമെല്ലാം പുറത്താക്കി. അങ്ങനെ കള്ളന്മാരുടെ ഗുഹയില്‍ നിന്ന് യേശുതമ്പുരാന്‍ കള്ളന്മാരെയൊക്കെ പുറത്താക്കി അതിനെ വീണ്ടും ദേവാലയമാക്കി മാറ്റിയപ്പോള്‍ മുടന്തരും കുരുടരും ദേവാലയത്തിനുള്ളിലേക്ക് കടന്നു വന്നു എന്ന് മത്തായിശ്ലീഹാ എഴുതുന്നു. (മത്താ 21: 12-15)

 
അത് കള്ളന്മാരുടെ ഗുഹ ആയിരുന്നപ്പോള്‍ കുരുടര്‍ക്കും മുടന്തര്‍ക്കും അവിടെ യാതൊരു സ്ഥാനവുമില്ലായിരുന്നു. അവര്‍ക്ക് വില്‍ക്കാന്‍ ഒന്നുമില്ലായിരുന്നു, വാങ്ങാന്‍ അവരുടെ പക്കല്‍ പണവുമില്ലായിരുന്നു. അവര്‍ സമൂഹത്തിനു ഒരു ബാധ്യതയായി കരുതപ്പെട്ടു. മറ്റുള്ളവരുടെ വിയര്‍പ്പ് കൊണ്ട് ജീവിക്കുന്ന ഇത്തിള്‍ക്കണ്ണികളായി കരുതപ്പെട്ടു. ഭൂമിക്ക് ഒരു ഭാരമായിരിക്കാതെ പോയി ചത്തുകളഞ്ഞുകൂടേ എന്ന അര്‍ഥത്തിലുള്ള ആളുകളുടെ നോട്ടം അവര്‍ ദിവസവും അഭിമുഖീകരിച്ചു. എന്നാല്‍ കള്ളന്മാരുടെ ഗുഹയായിരുന്ന ആ സ്ഥലം ദൈവത്തിന്‍റെ ആലയമായി മാറിയപ്പോള്‍ കുരുടര്‍ക്കും മുടന്തര്‍ക്കും അവിടെ സ്ഥാനമുണ്ടായി.

 
നമ്മുടെ ലോകം ഇന്ന് കള്ളന്മാരുടെ ഗുഹയാണ്. നമ്മുടെ economy യുടെ പേര് തന്നെ market economy എന്നാണ്. വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമാണ് ഇവിടെ സ്ഥാനം. വില്‍ക്കാന്‍ products എന്തെങ്കിലും ഇല്ലാത്തവര്‍ക്കും വാങ്ങാന്‍ കയ്യില്‍ പണമില്ലാത്തവര്‍ക്കും നമ്മുടെ ലോകത്തില്‍ യാതൊരു സ്ഥാനവുമില്ല. കുരുടര്‍, മുടന്തര്‍, തുടങ്ങിയവര്‍ക്ക് നമ്മുടെ ലോകത്തില്‍ സ്ഥാനമില്ല. പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം? എന്നാല്‍ നമ്മുടെ ലോകം ഒരു ദൈവാലയമായി മാറിയാല്‍ അവര്‍ക്കെല്ലാം അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കും. ദൈവകുടുംബം വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും സ്ഥലമല്ല, അവിടെ എല്ലാ മനുഷ്യര്‍ക്കും ദൈവമക്കള്‍ എന്ന നിലയില്‍ വിലയുണ്ട്.

 
കുരുടര്‍, മുടന്തര്‍, തുടങ്ങിയവര്‍ അംഗവൈകല്യം ഉള്ളവര്‍ (handicapped) എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇംഗ്ലീഷില്‍ disabled (കഴിവുകെട്ടവര്‍) എന്ന പദം പ്രചാരത്തിലായി. ആ അവസ്ഥയെക്കുറിക്കുന്നതിന് disability (കഴിവുകേട്) എന്ന പദവും ഉപയോഗിക്കപ്പെട്ടു. ഈ പ്രയോഗങ്ങള്‍ വളരെ നിഷേധാത്മകമാണെന്ന് കണ്ട് അടുത്ത കാലത്ത് അവരെ differently-abled (ഭിന്നശേഷിക്കാര്‍) എന്ന് വിളിക്കാന്‍ തുടങ്ങി. ഈ ലേഖനത്തില്‍ തുടര്‍ന്ന് ഉപയോഗിക്കുന്നത് കഴിവുകേട് (disability), കഴിവുകെട്ടവര്‍(disabled) എന്നീ പ്രയോഗങ്ങളാണ്.

 
കഴിവുകേടിനെക്കുറിച്ചുള്ള ക്രിസ്തീയവീക്ഷണമെന്ത് എന്നതാണ് ഇവിടെ നമ്മുടെ ചിന്താവിഷയം. യേശുതമ്പുരാന്‍റെ കാലത്ത് അതിനെക്കുറിച്ച് നിലവിലിരുന്നത് വളരെ നിഷേധാത്മകവും, ഇടുങ്ങിയതും, ഉപരിപ്ലവവുമായ ധാരണകളാണ്. അതിന്‍റെ സ്ഥാനത്ത് യേശുതമ്പുരാന്‍ വളരെ പോസിറ്റീവും, വിശാലവും, ആഴവുമായ ധാരണകള്‍ പ്രചരിപ്പിച്ചു. കഴിവുകേടിനെക്കുറിച്ചുള്ള നാല് ചോദ്യങ്ങള്‍ക്ക് നമുക്ക് ഇവിടെ ഉത്തരം തേടാം: എന്താണ് കഴിവുകേട്? ആര്‍ക്കാണ് കഴിവുകേടുള്ളത്? എന്താണ് കഴിവുകേടിന് കാരണം? എന്താണ് കഴിവുകേടിന് പരിഹാരം? ഓരോ ചോദ്യത്തെക്കുറിച്ചും അക്കാലത്തെ ധാരണയെന്തായിരുന്നുവെന്നും എപ്രകാരം യേശുതമ്പുരാന്‍റെ ധാരണ വ്യത്യസ്തമായിരുന്നു എന്നും കാണാം.



  1. എന്താണ് കഴിവുകേട്?

നടക്കാന്‍ കഴിയാത്തതും കാണാന്‍ കഴിയാത്തതുമൊക്കെ അക്കാലത്ത് കഴിവുകേടുകളായി കരുതപ്പെട്ടു. ഒരുപക്ഷേ ആജീവനാന്തം നിലനില്‍ക്കുന്ന രോഗങ്ങളും കഴിവുകേടുകളുടെ കൂട്ടത്തില്‍ പെടുത്തിരുന്നിരിക്കണം. കണ്ണു കാണാന്‍ പാടില്ലാത്തതും നടക്കാന്‍ പാടില്ലാത്തതും ഒക്കെ പ്രത്യക്ഷത്തില്‍ ഉള്ള കഴിവുകേടുകളാണ്. എന്നാല്‍ മിക്ക കഴിവുകേടുകളും പ്രത്യക്ഷമല്ല. ശരീരത്തിന് കഴിവുകേടുകള്‍ ഉള്ളതുപോലെ മനുഷ്യമനസ്സിനുമുണ്ട് കഴിവുകേടുകള്‍. ബുദ്ധിശക്തി, തീരുമാനശക്തി, വികാരങ്ങള്‍ വേണ്ടപോലെ പ്രകടിപ്പിക്കാനുള്ള ശക്തി എന്നിങ്ങനെ മനസ്സിനുള്ള കഴിവുകള്‍ മിക്കവര്‍ക്കും വേണ്ടപോലെ ഉണ്ടാവില്ല. ആജീവനാന്തം നിലനില്‍ക്കുന്ന രോഗങ്ങള്‍ ശരീരത്തിനു മാത്രമല്ല, മനസ്സിനുമുണ്ട്. സാമൂഹ്യമായ കഴിവുകേടുകള്‍, സാമ്പത്തികമായ കഴിവുകേടുകള്‍ ഇവയും കഴിവുകേടുകളുടെ കൂട്ടത്തില്‍ പെടുത്താം.



  1. ആര്‍ക്കാണ് കഴിവുകേടുള്ളത്?

സമൂഹത്തിലെ ചുരുക്കം ചിലര്‍ കഴിവുകെട്ടവരും ബാക്കിയുള്ള എല്ലാവരും കഴിവുള്ളവരുമായി ഗണിക്കപ്പെട്ടിരുന്നു. കഴിവുകേടിനെ അടിസ്ഥാനമാക്കി മനുഷ്യരെ ഇങ്ങനെ രണ്ടായി തിരിക്കുന്ന രീതി എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നു എന്ന് കരുതണം. ഈ ധാരണയെ വെല്ലുവിളിച്ചുകൊണ്ട് കുഞ്ചന്‍നമ്പ്യാര്‍ ഇങ്ങനെ പാടി:

ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍

ലക്ഷണമൊത്തവര്‍ ഒന്നോരണ്ടോ

ഇവിടെ അദ്ദേഹം പറയുന്നത് സമൂഹത്തിലെ ഭൂരിപക്ഷം പേരും കഴിവുകെട്ടവരും ചുരുക്കം ചിലര്‍ മാത്രം കഴിവുള്ളവരും ആകുന്നു എന്നാണ്. എന്നാല്‍

ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍

ലക്ഷണമൊത്തവരില്ലേയില്ല

എന്നാവും യേശുതമ്പുരാന്‍ പറയുക. സര്‍വശക്തനായി ദൈവം മാത്രമെങ്കില്‍ എല്ലാ കഴിവുകളും തികഞ്ഞവരായി മനുഷ്യരിലോ മാലാഖമാരിലൊ ആരും ഉണ്ടാകാന്‍ സാധ്യമല്ല. പ്രത്യക്ഷമായ കഴിവുകേടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് ചുരുക്കം ചിലര്‍ മാത്രം കഴിവുകെട്ടവര്‍ എന്ന് പറയുന്നത്. എന്നാല്‍ അപ്രത്യക്ഷമായ കഴിവുകേടുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കഴിവുകളെല്ലാം തികഞ്ഞവരായി മനുഷ്യരില്‍ ആരുമില്ല എന്ന് മനസ്സിലാക്കണം.

പിറവിക്കുരുടനെ സുഖമാക്കുന്ന കഥയുടെ ഒടുവില്‍, യേശുതമ്പുരാന്‍ ചെയ്യുന്ന ഒരു പ്രസ്താവന യോഹന്നാന്‍ ഉദ്ധരിക്കുന്നുണ്ട്: "ന്യായവിധിക്കായി ഞാന്‍ ലോകത്തില്‍ വന്നിരിക്കുന്നു-- കാണാത്തവര്‍ (കുരുടര്‍) കാണുന്നവരാകാനും, കാണുന്നവര്‍ കാണാത്തവരാകാനും". ഇതുകേട്ട് പരീശര്‍ ചോദിച്ചു: "ഞങ്ങളും കുരുടരോ?” ചിലരുടെ അന്ധത പ്രത്യക്ഷമാണ്. എന്നാല്‍ മറ്റ് ചിലരുടെ അന്ധത സൂക്ഷിച്ചു നോക്കിയാലേ കാണൂ. പരീശന്മാരുടെ ഉള്‍ക്കണ്ണാണ് അന്ധമായിരുന്നത്.

 
അങ്ങനെ വരുമ്പോള്‍ കഴിവുകേടിനെ അടിസ്ഥാനമാക്കി മനുഷ്യരെ രണ്ടായി തിരിക്കാന്‍ സാധ്യമല്ല. എല്ലാ മനുഷ്യരും ഒരു വിഭാഗത്തില്‍ പെടുന്നു. “It is human to err” എന്ന് പറയാറുള്ളതുപോലെ, “It is human to be disabled” എന്നും പറയേണ്ടിവരും. എന്തെങ്കിലുമൊക്കെ കഴിവുകേടുകള്‍ ഉണ്ടാവുക എന്നുള്ളത് മനുഷ്യസഹജമാണ്.



  1. എന്താണ് കഴിവുകേടിന്‍റെ കാരണം?

കഴിവുകേടുകള്‍ ദൈവശാപത്തിന്‍റെ ഫലമാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. അവരുടെയോ അവരുടെ പൂര്‍വികരുടെയോ പാപത്തിന്‍റെ ഫലമാണ് കഴിവുകേടുകള്‍ എന്ന് അക്കാലത്ത് വിശ്വസിക്കപ്പെട്ടു. എന്നാല്‍ യേശുതമ്പുരാന്‍ അങ്ങനെ വിശ്വസിച്ചു എന്ന് കരുതാന്‍ കാരണമില്ല. നല്ലവന്‍ ദൈവം മാത്രമാകുന്നു എന്നും എല്ലാ മനുഷ്യരും പാപികളാകുന്നു എന്നും യേശു വിശ്വസിച്ചിരുന്നു. അതുപോലെ എല്ലാ കഴിവുകളുമുള്ളത് ദൈവത്തിന് മാത്രമാണെന്നും എല്ലാ മനുഷ്യരും കഴിവുകേടുള്ളവരും ആണ് എന്നും യേശു വിശ്വസിച്ചിരുന്നു എന്ന് കരുതണം.



  1. എന്താണ് കഴിവുകേടിന് പരിഹാരം?

കഴിവുകേടിന് എന്തെങ്കിലും പരിഹാരമുണ്ടെന്ന് യേശുതമ്പുരാന്‍റെ കാലത്ത് കരുതപ്പെട്ടിരുന്നില്ല. ദൈവം നല്‍കുന്ന ശാപം അനുഭവിക്കുകയല്ലാതെ മനുഷ്യന് മറ്റ് നിവര്‍ത്തിയൊന്നുമില്ല. ദൈവത്താല്‍ ശപിക്കപ്പെട്ടവരെ മനുഷ്യരും ശപിക്കുന്നത് ന്യായമാകുന്നു. അതുകൊണ്ടാണ് അവരെ സമൂഹത്തില്‍ നിന്ന് പുറന്തള്ളിയിരുന്നത്. എന്നാല്‍ യേശുതമ്പുരാന്‍റെ കാഴ്ചപ്പാടില്‍ കഴിവുകേടിന് പലതരം പരിഹാരമാര്‍ഗങ്ങളുണ്ട്.

എല്ലാവരും കഴിവുകേടുള്ളവരാണ് എന്ന ധാരണ പൊതുവേ അംഗീകരിക്കപ്പെടുമ്പോള്‍ ചില ആളുകളെ മാത്രം കഴിവുകെട്ടവരായി തരം താഴ്ത്തുകയില്ല. അവരെ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുത്തുകയുമില്ല.

എല്ലാവരും അവരവരുടെ കഴിവുകള്‍ എന്തെല്ലാമാണെന്നും കഴിവുകേടുകള്‍ എന്തെല്ലാമാണെന്നും മനസിലാക്കണം. എല്ലാവരും തങ്ങളുടെ കഴിവുകള്‍ പൊതുനന്മയ്ക്ക് വേണ്ടി ഉപയോഗിച്ചാല്‍ കഴിവുകേടുകളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ കഴിയും. ഒരു കുരുടനും മുടന്തനും പരസ്പരം സഹകരിച്ചു ജീവിക്കുന്ന കഥ ഇതിനുദാഹരണമാണ്. കുരുടന്‍ മുടന്തനെ തോളിലേറ്റി നടക്കുന്നു; മുടന്തന്‍ കുരുടന് വഴി പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. കുരുടന്‍റെ കാലുകള്‍ ഇരുവര്‍ക്കും പ്രയോജനപ്പെടുന്നു; അതുപോലെ, മുടന്തന്‍റെ കണ്ണുകള്‍ ഇരുവര്‍ക്കും പ്രയോജനപ്പെടുന്നു.

 
യേശുതമ്പുരാന്‍ ലോകത്തെ കണ്ടത് ഒരു കുടുംബമായാണ്. പരസ്പരം ആശ്രയിച്ചും സഹായിച്ചും ഏകോദരസഹോദരങ്ങളായി ജീവിക്കുവാന്‍ അവിടുന്ന് പഠിപ്പിച്ചു. സഭയുടെ അംഗങ്ങള്‍ ഒരു ശരീരത്തിലെ അവയവങ്ങള്‍ പോലെയാണെന്ന് പൌലൊസ് അപ്പൊസ്തോലന്‍ പഠിപ്പിച്ചു. ഏതൊരു അവയവവും ഒറ്റയ്ക്ക് നിന്നാല്‍ കഴിവ് കെട്ടതാണ്. എന്നാല്‍ ശരീരത്തിന്‍റെ ഭാഗമായി പരസ്പരം ആശ്രയിച്ച് നില്‍ക്കുമ്പോഴാണ് അവ കഴിവുകേടുകളെ അതിജീവിക്കുന്നത്.

 
ഒരു കുട്ടി തന്‍റെ സ്വപ്നത്തില്‍ സ്വര്‍ഗ്ഗവും നരകവും സന്ദര്‍ശിക്കുന്ന ഒരു കഥയുണ്ട്. നരകത്തില്‍ എല്ലാവര്‍ക്കും ഒരു കഴിവുകേടുണ്ട്. ആര്‍ക്കും കൈ മടക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് വിഭവസമൃദ്ധമായ ആഹാരം മുന്നിലുണ്ടെങ്കിലും അത് കണ്ടു കൊണ്ടിരിക്കാമെന്നല്ലാതെ അത് കഴിക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. സ്വര്‍ഗ്ഗത്തിലും ആളുകള്‍ക്ക് അതേ കഴിവുകേടുള്ളതായി കുട്ടി കണ്ടു. എന്നാല്‍ അവിടെ എല്ലാവരും സന്തോഷത്തോടെ ആഹാരം കഴിക്കുന്നത് കുട്ടി ശ്രദ്ധിച്ചു. എല്ലാവരും സ്വന്തം കൈ കൊണ്ട് അടുത്തിരിക്കുന്നവര്‍ക്കാണ് ആഹാരം വാരിക്കൊടുക്കുന്നത് എന്ന് കുട്ടി കണ്ടു.

 
ദൈവം മാത്രമാണു എല്ലാ കഴിവുകളും തികഞ്ഞവന്‍ എങ്കില്‍ സ്വര്‍ഗ്ഗത്തിലെ പൌരന്‍മാര്‍ക്കും കഴിവുകേടുകള്‍ ഉണ്ടാവണം. പരസ്പരം സഹായിച്ചും ആശ്രയിച്ചും ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് സ്വര്‍ഗ്ഗവാസികളെ സഹായിക്കുന്നത് അവരുടെ കഴിവുകേടുകളാണെന്ന് വേണം മനസിലാക്കുവാന്‍. കഴിവുകേടുകള്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അവയെക്കുറിച്ച് പരാതിപ്പെടാതെ പരസ്പരം ആശ്രയിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ അത് ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുന്നതിന് നമ്മെ സഹായിക്കും. കഴിവുകേടിനെ ഭിന്നശേഷി എന്ന് പേര് മാറ്റി വിളിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ല. കുറെക്കഴിയുമ്പോള്‍ ആ പേരും മാറ്റി മറ്റൊന്നു ഉപയോഗിക്കേണ്ടതായി വരും. എല്ലാ മനുഷ്യര്‍ക്കും പലതരം കഴിവുകേടുകള്‍ ഉണ്ട് എന്ന തിരിച്ചറിയല്‍ ആണ് ആവശ്യം. അങ്ങനെ വരുമ്പോള്‍ ഭിന്നശേഷക്കാര്‍ എന്ന തരംതിരിവ് തന്നെ ഇല്ലാതാവും.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും