സ്ത്രീപുരുഷബന്ധം ക്രിസ്തുവിന്‍റെ കാഴ്ചപ്പാടില്‍

യേശു ജീവിച്ചിരുന്ന സമൂഹത്തില്‍ പുരുഷന് ഉണ്ടായിരുന്നത്ര സ്വാതന്ത്ര്യം സ്ത്രീക്ക് ഉണ്ടായിരുന്നില്ല. ഒരു പുരുഷന് തന്‍റെ ഭാര്യയെ ഉപേക്ഷിക്കാമോ എന്ന ചോദ്യം അക്കാലത്ത് അവരുടെ ചിന്താവിഷയമായിരുന്നു. യേശുവിനോടും ഒരാള്‍ ആ ചോദ്യം ചോദിക്കുന്നുണ്ട് (മത്താ 19: 3). എന്നാല്‍ ഒരു സ്ത്രീക്ക് തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിക്കാമോ എന്ന ചോദ്യം അക്കാലത്ത് ആരും ചോദിച്ചിരുന്നില്ല. കാരണം അങ്ങനെയൊരു കാര്യം അന്നത്തെ വ്യവസ്ഥിതിയില്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. പുരുഷന്‍ ഉടമസ്ഥനായിരുന്നു-- വീട്ടിന്‍റെയും അവിടെയുള്ള കന്നുകാലികളുടെയും ഉടമസ്ഥന്‍. സ്ത്രീക്ക് ഒന്നിന്‍റെയും ഉടമസ്ഥതയില്ല. ആ സാഹചര്യത്തില്‍ പുരുഷന് സ്ത്രീയെയല്ലാതെ സ്ത്രീക്ക് പുരുഷനെ ഉപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.


പുരുഷന് സ്ത്രീയെ ഉപേക്ഷിക്കുന്നതിന് അവര്‍ അവരുടെ വേദലിഖിതത്തില്‍ ആധാരവും കണ്ടെത്തിയിരുന്നു. ഒരു ഉപേക്ഷണപത്രം എഴുതിക്കൊടുത്ത് ഭാര്യയെ പിരിച്ചുവിടാം എന്ന് മോശയുടെ ന്യായപ്രമാണത്തില്‍ ഉണ്ട്. അപ്രകാരം വേദലിഖിതത്തില്‍ പറഞ്ഞിരിക്കുന്നത് പ്രമാണമായി അംഗീകരിക്കാനാവില്ല എന്നായിരുന്നു യേശുവിന്‍റെ നിലപാട്. മോശ അന്നത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി നല്‍കിയ നിയമങ്ങളെക്കാള്‍ ആധികാരികത സൃഷ്ടിയില്‍ സൃഷ്ടികര്‍ത്താവ് വച്ച നിയമങ്ങള്‍ക്കുണ്ട് എന്നു അവിടുന്ന് വാദിച്ചു. ആദിയില്‍ സ്രഷ്ടാവ് അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു; അവര്‍ ഒരു ദേഹമായിത്തീരും എന്ന സൃഷ്ടിയിലെ പ്രമാണം മോശയുടെ പ്രമാണത്തെക്കാള്‍ മുമ്പുള്ളതും പ്രാമുഖ്യമുള്ളതും ആണെന്ന് യേശുതമ്പുരാന്‍ വാദിച്ചു.



മോശ എന്തുകൊണ്ട് അക്കാലത്ത് അങ്ങനെയൊരു നിയമം നല്‍കി എന്ന ചോദ്യം ന്യായമാണ്. സ്ത്രീ പുരുഷന്‍റെ ഉടമസ്ഥതയിലായിരുന്ന അക്കാലത്ത് ഭാര്യയെ വേണ്ടെന്ന് തോന്നിയാല്‍ അവളെ കൊന്നു കളയാന്‍ പോലും പുരുഷന് സ്വാതന്ത്ര്യമുണ്ടായിരുന്നു. കൊല്ലുന്നതിന് പകരം ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കി ഭാര്യയെ പിരിച്ചയച്ചു അവളെ ജീവിക്കാന്‍ അനുവദിക്കുക എന്നാണ് മോശയുടെ പ്രമാണത്തില്‍ പറഞ്ഞിരുന്നത്.


ഏതായാലും യേശുവിന്‍റെ കാലത്ത് ഭാര്യയെ കൊന്നുകളയുന്ന രീതിയല്ല, പിരിച്ചുവിടുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഒരു സ്ത്രീ വ്യഭിചാരം ചെയ്തു എന്ന് കണ്ടുപിടിക്കപ്പെട്ടാല്‍ അവളെ ഒരു തെരുവുപട്ടിയെ എന്നപോലെ കല്ലെറിഞ്ഞുകൊല്ലുന്ന രീതി അന്ന് നടപ്പിലിരുന്നു. അപ്രകാരം ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാന്‍ യേശുവിനെ ക്ഷണിക്കുന്നതും യേശു അവളെ രക്ഷിക്കുന്നതും എങ്ങനെയെന്ന് യോഹന്നാന്‍ (8) എഴുതുന്നു.


ആദിയില്‍ ദൈവം എങ്ങനെയാണോ സ്ത്രീപുരുഷന്‍മാരെ സൃഷ്ടിച്ചത് അതാണ് സ്വര്‍ഗ്ഗരാജ്യത്തിലെ സ്ത്രീപുരുഷബന്ധത്തിന് ആധാരം ആയിരിക്കേണ്ടത് എന്ന് യേശുതമ്പുരാന്‍ പഠിപ്പിച്ചു. ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചത് ആണും പെണ്ണുമായാണ്. അവിടെ അവരുടെ സ്ഥാനം തുല്യമാണ്. ഒരാളുടെ സ്ഥാനം മറ്റെയാള്‍ക്ക് മീതെയല്ല. ഒരാള്‍ക്ക് മറ്റെയാളിന്‍റെ ഉടമസ്ഥതയില്ല. ഒരാള്‍ മറ്റേയാളെ ഭരിക്കുന്നില്ല. ഇതില്‍ നിന്നു വ്യത്യസ്ഥമായി ഉണ്ടായിട്ടുള്ള സ്ത്രീപുരുഷബന്ധം സൃഷ്ടിയിലെ ദൈവികവ്യവസ്ഥിതിയില്‍ നിന്നുള്ള വ്യതിചലനമാണ്. പുരുഷന് സ്ത്രീയെ ഉപേക്ഷിക്കാന്‍ അധികാരം ഉള്ളിടത്ത് സ്ത്രീക്ക് പുരുഷനെ ഉപേക്ഷിക്കാനും അധികാരം ഉണ്ടാകണം. വ്യഭിചാരത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന രീതി നിലവിലുള്ളിടത്ത് അങ്ങനെയുള്ള പുരുഷനെയും കല്ലെറിഞ്ഞു കൊല്ലുന്ന രീതിയുണ്ടാകണം. പുരുഷന് ഒരു നിയമവും സ്ത്രീക്ക് മറ്റൊരു നിയമവും ഉണ്ടാകാന്‍ പാടില്ല.


എല്ലാ മനുഷ്യരും ദൈവമുമ്പാകെ തുല്യരാകുന്നു എന്നത് യേശുവിന്‍റെ അടിസ്ഥാനചിന്തയാണ്. അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ, അടിമയെന്നോ യജമാനനെന്നോ, ദരിദ്രനെന്നോ ധനവാനെന്നോ, കുട്ടിയെന്നോ പ്രായമായ ആളെന്നോ വ്യത്യാസമില്ല. ഇക്കാര്യം പൌലൊസ് അപ്പൊസ്തോലന്‍ നന്നായി മനസിലാക്കിയിരുന്നു. (ഗലാ 3:28).


എന്നാല്‍ പില്‍ക്കാലത്ത് പൌലൊസ് അപ്പൊസ്തോലന്‍റെ പേരില്‍ പ്രചരിച്ച തിമോത്തിയോസിനുള്ള ലേഖനത്തില്‍ ഇതില്‍ നിന്നു വ്യത്യസ്ഥമായ ഒരു സമീപനം കാണാം. (1 തിമോ 2:9-15). അവിടെ പറയുന്നത് ദൈവമുമ്പാകെ സ്ത്രീക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ എന്നാണ്. ഏദന്‍ തോട്ടത്തിലെ കഥയനുസരിച്ച് സ്ത്രീ സൃഷ്ടിക്കപ്പെട്ടത് രണ്ടാമതാണ്. മാത്രമല്ല, തെറ്റ് ചെയ്തതില്‍ ഒന്നാം സ്ഥാനത്തുമാണവള്‍. അതുകൊണ്ട് സ്ത്രീക്ക് പഠിപ്പിക്കുവാന്‍ അധികാരമില്ല. അവള്‍ പുരുഷന് കീഴ്വഴങ്ങിയിരിക്കണം. ഇത് എഴുതിയത് പൌലൊസ് അപ്പൊസ്തോലനല്ല എന്ന് വേദപഠിതാക്കള്‍ പൊതുവേ അഭിപ്രായപ്പെടുന്നു. ഒന്നുകില്‍ ആ ലേഖനം എഴുതിയത് തന്നെ പില്‍ക്കാലത്താവണം. അല്ലെങ്കില്‍ ആ ഭാഗം പില്‍ക്കാലത്ത് കൂട്ടിചേര്‍ത്തതാവാം.

എല്ലാവരും ദൈവമുമ്പാകെ സമരാണെന്ന സൃഷ്ടിയിലെ വ്യവസ്ഥ തന്നെയായിരുന്നു യേശുവിന്‍റെ ചിന്ത. ക്രൈസ്തവസഭയുടെ ആരംഭത്തില്‍ അതിന്‍റെ സമീപനവും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ താമസിയാതെ, ഈ സമീപനം ക്രൈസ്തവസഭ കൈവെടിഞ്ഞു എന്നു വേണം കരുതാന്‍. തിമോത്തിയോസിനുള്ള ലേഖനത്തിലെ കാഴ്ചപ്പാട് അതിനു തെളിവാണ്.


പുരുഷാധിപത്യം നിലനില്‍ക്കുന്നത് രണ്ട് അടിസ്ഥാനശിലകളിന്മേലാണ്. ഒന്ന് ദൈവം ഒരു പുരുഷനാണെന്ന ധാരണ. രണ്ട് ആദിമനുഷന്‍ ഒരു പുരുഷനാണെന്ന ധാരണ. ഈ രണ്ടു ധാരണകളും പൊള്ളയാണെന്ന് അല്പം ഒന്ന് ആലോചിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. ലിംഗഭേദം പ്രത്യുല്‍പാദനത്തിനുള്ള ഒരു ഉപാധിയാണ്. ദൈവത്തിന് പ്രത്യുല്‍പാദനത്തിന്‍റെ ആവശ്യമില്ല. അതുകൊണ്ടു ദൈവത്തിന് ലിംഗഭേദം ഇല്ല. ദൈവം ലിംഗഭേദങ്ങള്‍ക്കതീതനാണ് എന്ന് ചിന്തിക്കാം. ദൈവത്തെ പിതാവ് എന്നു വിളിക്കുന്നത് ആലങ്കാരികമായ അര്‍ഥത്തിലാണ്; ആക്ഷരീകമായി എടുത്തുകൂടാ. ആദിമനുഷ്യന്‍ ഒരു പുരുഷനാണെന്ന് ചിന്തിക്കുന്നതും യുക്തിരഹിതമാണ്. സ്ത്രീയില്ലാതെ പുരുഷനോ, പുരുഷനില്ലാതെ സ്ത്രീയോ ഉണ്ടാകുന്നതെങ്ങനെ? മണ്ണില്‍ (ആദാമ) നിന്ന് മനുഷ്യനെ(ആദം) സൃഷ്ടിക്കുകയും പിന്നീട് മനുഷ്യനെ സ്ത്രീപുരുഷന്‍മാരായി തിരിക്കുകയും ചെയ്ത കഥയാണ് ഉല്‍പത്തി പറയുന്നതു. സ്ത്രീ ഉണ്ടായപ്പോഴാണ് പുരുഷനും ഉണ്ടായത്. ആദിമനുഷ്യനില്‍ സ്ത്രീത്വവും പുരുഷത്വവും സമ്മേളിച്ചിരുന്നു എന്നു വേണം കരുതാന്‍. ഇംഗ്ലീഷില്‍ man എന്ന വാക്ക് മനുഷ്യന്‍ എന്ന അര്‍ഥത്തിലും പുരുഷന്‍ എന്ന അര്‍ഥത്തിലും ഉപയോഗിക്കുന്നത് പോലെ, എബ്രായ ഭാഷയില്‍ ആദം എന്ന വാക്ക് മനുഷ്യന്‍, പുരുഷന്‍ എന്നീ രണ്ട് അര്‍ഥങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ആദിമനുഷ്യനും ആദിപുരുഷനും ആദം എന്ന് തന്നെയാണ് വിളിക്കപ്പെടുന്നത്.

യേശു തുടക്കമിട്ട സ്ത്രീവിമോചനപ്രസ്ഥാനം തൊട്ടടുത്ത നൂറ്റാണ്ടില്‍ അസ്തമിച്ചുപോയി. പത്തൊന്‍പത് നൂറ്റാണ്ടുകള്‍ വീണ്ടും അടിമത്തത്തില്‍ തുടര്‍ന്ന ശേഷം ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ വീണ്ടും സ്ത്രീ പുതിയ ഉണര്‍വോടെ ലോകമെമ്പാടും അടിമത്തത്തിനെതിരെ ശബ്ദമുയര്‍ത്തി. ആ വിമോചനപ്രസ്ഥാനം ശക്തിയോടെ മുന്നേറുമെന്നും, യേശുതമ്പുരാന്‍ ആഗ്രഹിച്ചപോലെ, സൃഷ്ടിയിലെ വ്യവസ്ഥ പുനസ്ഥാപിക്കപ്പെടുമെന്നും പ്രതീക്ഷിക്കാം.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം