സ്വര്‍ഗരാജ്യത്തിലെ ആശയവിനിമയം

ഒരാളിന്‍റെ മനസ്സിലുള്ള ഒരാശയത്തെ മറ്റൊരാളിന്‍റെ മനസ്സില്‍ എത്തിക്കുന്നതാണ് ആശയവിനിമയം. ശരീരഭാഷ, telepathic ആശയവിനിമയം എന്നിവ ബോധപൂര്‍വമല്ലാതെ നടക്കുന്ന ആശയവിനിമയമാണ്. ബോധപൂര്‍വം നടക്കുന്ന ആശയവിനിമയം ഭാഷ ഉപയോഗിച്ചുള്ളതാണ്.

ഭാഷ
പഞ്ചേന്ദ്രിയങ്ങള്‍ക്ക് പ്രത്യക്ഷമായ ഒരു പ്രതീകസമുച്ചയത്തെയാണ് ഭാഷ എന്നു വിളിക്കുന്നത്. ഉദാഹരണത്തിന് തന്‍റെ മനസ്സിനുള്ളിലുള്ള ആശയങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരാള്‍ വായ് കൊണ്ട് ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. ഏതേതു ശബ്ദങ്ങള്‍ ഏതേതു ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ആശയം സ്വീകരിക്കുന്ന ആളും അറിയണം. അങ്ങനെ ശബ്ദങ്ങള്‍ മാധ്യമമായി ഉപയോഗിച്ചുകൊണ്ട് ആശയവിനിമയം നടക്കുന്നത് സംസാരഭാഷ. ശബ്ദങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ദൃശ്യമായ ചില വരകള്‍ പേപ്പറില്‍ ഇടുമ്പോള്‍ അത് എഴുത്തുഭാഷ. വരകളെ സ്പര്‍ശിച്ചറിയാവുന്ന തരത്തില്‍ മാറ്റുമ്പോള്‍ അത് ബ്രെയില്‍.
മനുഷ്യന്‍ ആശയവിനിമയത്തിന് ഉപയോഗിയ്ക്കുന്ന ഭാഷ എന്ന പ്രതീകസമുച്ചയം ദൈവത്തിന്‍റെ സൃഷ്ടിയല്ല, മനുഷ്യന്‍റെ സൃഷ്ടി തന്നെ. ഏദന്‍തോട്ടത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കും പേരിടുന്നത് മനുഷ്യനാണെന്നോര്‍ക്കുക. ആദാമും ഹവ്വയും പരസ്പരം ആശയവിനിമയം ചെയ്യുന്നത് സങ്കല്‍പ്പിക്കാം. ആദം ആന എന്ന് പറയുന്നു എന്നു വിചാരിക്കുക. ആന എന്ന ശബ്ദം ഏത് ജീവിയുടെ പേരാണെന്ന് ഹവ്വയും അറിയണം. അവരുപയോഗിക്കുന്ന എല്ലാ പ്രതീകശബ്ദങ്ങളെക്കുറിച്ചും അവര്‍ക്ക് പരസ്പരം ഒരു ധാരണ അഥവാ ഒരു ഉടമ്പടി ഉണ്ടായിരിക്കണം. ഇവിടെ ഈ വാക്കുകള്‍ എഴുതുന്ന ഈ എഴുത്തുകാരനും ഇത് വായിക്കുന്ന നിങ്ങളും തമ്മില്‍ ഒരു ഉടമ്പടി ഉണ്ട്. ഈ വാക്കുകളോരോന്നും എന്തിന്‍റെ പ്രതീകമാണ് എന്ന പരസ്പര ധാരണയാണ് അത്. ഒരു ഭാഷ ഉപയോഗിയ്ക്കുന്ന സമൂഹത്തിന്‍റെ ഭാഗമായി ജനിക്കുന്ന ഒരു ശിശു അനേക വര്‍ഷങ്ങള്‍ കൊണ്ടാണ് ആ ഭാഷ ഉപയോഗിക്കുവാന്‍ പഠിക്കുന്നത്.
 
ലോകത്തില്‍ ആയിരക്കണക്കിന് ഭാഷകളുണ്ട്. ശബ്ദങ്ങളും അവ എന്തു ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നതും ഓരോ ഭാഷയിലും വ്യത്യസ്തമായിരിക്കുന്നു. ഒരു ഭാഷ തന്നെ കാലം മാറുന്നതനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇരുനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലയാളം ഇന്നത്തെ മലയാളിക്ക് മനസിലാകുകയില്ല.
 
വേദപുസ്തകത്തില്‍ നാം വായിക്കുന്നത് രണ്ടായിരമോ അതിലധികമോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപൌരസ്ത്യ ദേശങ്ങളില്‍ ജീവിച്ചിരുന്ന ആളുകള്‍ അവരുടെ ഭാഷകളില്‍ ആശയവിനിമയം ചെയ്ത കാര്യങ്ങള്‍ നാം ഇന്നുപയോഗിക്കുന്ന ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തതാണ്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതുപോലെ മനസിലാക്കുവാന്‍ നമുക്ക് സാധിക്കുകയില്ല. ചില കാര്യങ്ങള്‍ നമ്മുടെ ശ്രധയിലിരുന്നാല്‍ വേദപുസ്തകം കുറേയൊക്കെ ശരിയായി മനസിലാക്കുവാന്‍ നമുക്ക് സാധിക്കും.

ഭാഷയും അതിന്‍റെ സന്ദര്‍ഭവും
ഒന്നാമതായി നാം ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം ഭാഷയും അതിന്‍റെ സാഹചര്യവും തമ്മില്‍ അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. വേദപുസ്തകത്തിലെ ഒരു വാക്കിന്‍റെയോ വാചകത്തിന്‍റെയോ അര്‍ഥം അത് പറഞ്ഞ അഥവാ എഴുതിയ സന്ദര്‍ഭവുമായി ചേര്‍ത്തുവച്ച് മാത്രമേ മനസിലാക്കാവൂ. ഒരു വാക്കിനെയും വാചകത്തെയും അതിന്‍റെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിക്കൂടാ. ഇതിന്‍റെ ഉദാഹരണങ്ങള്‍ വേദപുസ്തകത്തില്‍ തന്നെയുണ്ട്. മാതാപിതാക്കളെ ബഹുമാനിക്കണം എന്നു മോശ നല്‍കിയ കല്‍പ്പന എപ്രകാരം പരീശന്മാര്‍ വളച്ചൊടിച്ചു എന്നു യേശു വിശദമാക്കുന്നു. നിങ്ങള്‍ക്ക് തരേണ്ടത് ഞാന്‍ ദൈവത്തിന് കൊടുത്തു പോയി എന്ന് മാതാപിതാക്കളോട് പറഞ്ഞാല്‍ പിന്നെ അവര്‍ക്കു ഒന്നും കൊടുക്കേണ്ടതില്ല എന്നാക്കി അവര്‍ അതിനെ മാറ്റി (മര്‍ക്കോ 7:10-12).
 
ഒരു വാക്കിനും സ്ഥിരമായ അര്‍ഥമില്ല. ഓരോഴിഞ്ഞ കപ്പു പോലെയാണ് ഒരു വാക്ക്. അതില്‍ പലതും നിറയ്ക്കാം. പറയുന്ന ആള്‍ ഉദ്ദേശിക്കുന്ന അര്‍ഥമാവില്ല ഒരു വാക്കിന് കേള്‍ക്കുന്ന ആള്‍ ഉദ്ദേശിക്കുന്നത്. ഇന്ന് ലോകത്തില്‍ ആയിരക്കണക്കിന് സഭകള്‍ ഉള്ളത്തിന്‍റെ ഒരു കാരണം വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത് പല വിധത്തില്‍ ആളുകള്‍ മനസിലാക്കുന്നതാണ്.

വസ്തുതകളും വിശ്വാസങ്ങളും
രണ്ടാമതായി, നാം ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം വേദപുസ്തകത്തില്‍ കാണുന്ന പ്രസ്താവനകള്‍ വസ്തുതകളോ വിശ്വാസങ്ങളോ ആകാമെന്നുള്ളതാണ്. തെളിവുകളുടെ പിന്‍ബലത്തിലാണ് വസ്തുതകള്‍ നില്‍ക്കുന്നത്, എന്നാല്‍ ഒരു വിശ്വാസം വിശ്വസിക്കുന്നവരാണ് അതിനെ താങ്ങി നിര്‍ത്തുന്നത്.
  • ദാവീദ് ഇസ്രയേലിന്‍റെ രാജാവായിരുന്നു.
  • ദാവീദ് ഇസ്രയേലിന്‍റെ ഏറ്റവും മഹാനായ രാജാവായിരുന്നു.
ഈ രണ്ടു വാചകങ്ങളില്‍ ആദ്യത്തേത് ഒരു വസ്തുതയാണ്, രണ്ടാമത്തേത് ഒരു വിശ്വാസവും.
  • ശബത്ത് പ്രമാണിക്കായ്കയാല്‍ യേശു ദൈവത്തില്‍ നിന്നല്ല.
  • ശബത്ത് പ്രമാണിക്കായ്കയാല്‍ യേശു ദൈവത്തില്‍ നിന്നല്ലെന്ന് പരീശന്മാര്‍ വാദിച്ചു.
ഇതില്‍ ആദ്യത്തേത് ഒരു വിശ്വാസമാണ്. രണ്ടാമത്തേത് ഒരു വസ്തുതയും.
 
ഒരു സമൂഹത്തിലെ അധികാരവര്‍ഗ്ഗമോ ഭൂരിപക്ഷം ആളുകളോ വിശ്വസിക്കുന്ന ഒരു കാര്യം സത്യമെന്ന് കരുതപ്പെടും. അത് വിശ്വസിക്കുവാന്‍ മറ്റുള്ളവരുടെ മേലും സമ്മര്‍ദമുണ്ടാകും. വിശ്വസിക്കാത്ത ചുരുക്കം ചിലരെ ഒറ്റപ്പെടുത്തുവാനും സമൂഹഭ്രഷ്ടരാക്കുവാനും നീക്കമുണ്ടാകും. യേശുവിനാല്‍ സൌഖ്യമാക്കപ്പെട്ട കുരുടനായിരുന്നയാളെപ്പോലും യേശു ഒരു പാപിയാണെന്ന് വിശ്വസിക്കുവാന്‍ പരീശന്മാര്‍ നിര്‍ബന്ധിക്കുന്നു. അതിനു അയാള്‍ വിസമ്മതിച്ചപ്പോള്‍ അയാളെ സമുദായഭ്രഷ്ടനാക്കുന്നു (യോഹ 9).
 
ജീവിതത്തിന്‍റെ അര്‍ഥം, ജീവിതലക്ഷ്യം, മനുഷ്യന് ദൈവവുമായുള്ള ബന്ധം, നമുക്ക് പരസ്പരമുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വസ്തുതകളൊന്നും ലഭ്യമല്ല, വിശ്വാസങ്ങളേയുള്ളൂ. തെളിവുകളുടെ പിന്‍ബലമില്ലാത്തതുകൊണ്ടു വിശ്വാസങ്ങളെ സത്യം അസത്യം എന്ന് തിരിക്കാനാവില്ല. എന്നാല്‍ അവയെ ഗുണകരം, ദോഷകരം, നിരുപദ്രവകരം എന്ന് തിരിക്കാം. മനുഷ്യന് നന്മ വരുത്തുന്ന വിശ്വാസങ്ങളെ പ്രോല്‍സാഹിപ്പിക്കണം, ദോഷം വരുത്തുന്നവയെ പിഴുതെറിയണം, നിരുപദ്രവകരമായവയെ അവഗണിക്കണം.
 
വേദപുസ്തകത്തില്‍ വസ്തുതകള്‍ മാത്രമേ ഉള്ളുവെന്ന് വിശ്വസിക്കുന്ന ധാരാളം ക്രിസ്ത്യാനികള്‍ ലോകത്തിലുണ്ട്. വേദപുസ്തകം മുഴുവനായി ദൈവം എഴുതിയതാണ് എന്നാണ് അവര്‍ ധരിച്ചുവച്ചിരിക്കുന്നത്. സങ്കീര്‍ത്തനക്കാരന്‍ ഒരിടത്ത് നിരാശയോടെ ചോദിക്കുന്നു:
  • ദൈവമേ നീ ഉറങ്ങുന്നതെന്ത്?
മറ്റൊരിടത്ത് ആശ്വാസത്തോടെ പറയുന്നു:
  • യിസ്രായേലിന്‍റെ കാവല്‍ക്കാരന്‍ ഉറങ്ങുന്നില്ല.
നിരാശയുടെ പടുകുഴിയില്‍ നിന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു:
  • ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ.
നിരാശയില്‍ നിന്ന് കരകയറിയപ്പോള്‍ പറയുന്നു:
  • യഹോവ എന്‍റെ ഇടയനാകുന്നു, എനിക്ക് മുട്ടുണ്ടാകയില്ല.
ഇതൊന്നും ദൈവം എഴുതിയതല്ല. മനുഷ്യര്‍ അവരുടെ വിവിധ മാനസിക അവസ്ഥകളാണ് ഇവിടെ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഈ എഴുത്തുകാരെല്ലാം ദൈവാത്മപ്രചോദിതരായാണ് എഴുതിയിട്ടുള്ളത് എന്നതിന് രണ്ടു പക്ഷമില്ല. അതിന്‍റെ അര്‍ഥം അതെല്ലാം ദൈവം എഴുതിയതാണ് എന്നല്ല. ദൈവാത്മാവ് പ്രേരിപ്പിച്ചതിന്‍റെ ഫലമായാണ് അവര്‍ എഴുതിയത് എന്നു മാത്രമാണ്.   
 
വിശ്വാസങ്ങളെ വസ്തുതകളായി മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് കപടതയാണ്. തങ്ങളുടെ മതവിശ്വാസം പ്രചരിപ്പിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കേണ്ടതാണ്. വിശ്വാസങ്ങളെ വിശ്വാസങ്ങളായും വസ്തുതകളെ വസ്തുതകളായും അവതരിപ്പിക്കുന്നതാണ് സത്യസന്ധത.

ആക്ഷരികവും ആലങ്കാരികവും
മൂന്നാമതായി നാമോര്‍ക്കേണ്ട കാര്യം ആക്ഷരീകവും ആലങ്കാരികവും തമ്മിലുള്ള വ്യത്യാസമാണ്.
  • യഹോവ എന്നെ സഹായിക്കും.
  • യഹോവ എന്‍റെ ഇടയനാകുന്നു.
ആദ്യത്തെ വാചകം ആക്ഷരികമായി മനസിലാക്കണം. രണ്ടാമത്തേത് അലങ്കാരികമായും. ആലങ്കാരികമായി മനസിലാക്കേണ്ടത് ആക്ഷരീകമായി മനസിലാക്കിക്കൂടാ. പരീശന്മാരുടെ പുളിച്ച മാവ് സൂക്ഷിച്ചു കൊള്‍വിന്‍ എന്ന് യേശു പറഞ്ഞത് ശിഷ്യര്‍ മനസിലാക്കിയത് ആക്ഷരീകമായാണ്. പുതുതായി ജനിക്കണം എന്ന് പറഞ്ഞത് നിക്കോദീമോസും ജീവജലം എന്നു പറഞ്ഞത് ശമര്യസ്ത്രീയും യഹൂദന്മാരുടെ രാജാവു എന്നത് പീലാത്തോസും ആക്ഷരീകമായി എടുത്തു. ഇവര്‍ക്കെല്ലാം സംഭവിച്ച അബദ്ധം ഇന്നും അനേകര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ അബദ്ധം ഒഴിവാക്കണമെങ്കില്‍ എന്താണ് അലങ്കാരഭാഷ എന്ന് നന്നായി മനസിലാക്കണം.
 
അലങ്കാരപ്രയോഗം എന്ന വാക്ക് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. ഭാഷയെ അലങ്കരിക്കല്‍ (decorate) അല്ല അതിന്‍റെ ധര്‍മം. എത്യോപ്യയിലായിരിക്കുമ്പോള്‍ ഞാന്‍ ഇഞ്ചറ കഴിച്ചിട്ടുണ്ട്. തെഫ് എന്ന ധാന്യം കൊണ്ടുണ്ടാക്കുന്ന ഒരു വലിയ ദോശയാണ് ഇഞ്ചറ. ഇഞ്ചറ എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരുന്നതിന് ഞാന്‍ ഇവിടെ ഒരു ഉപമ ഉപയോഗിച്ചു. ഇഞ്ചറ ഒരു ദോശ പോലെയാണെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു സംഗതിയാണ് ഇഞ്ചറ. അങ്ങനെയുള്ള ഒന്നിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തരുന്നത് നിങ്ങള്‍ക്ക് പരിചിതമായ ഒന്നിനോട് അതിനെ സാദൃശ്യപ്പെടുത്തിക്കൊണ്ടാണ്. ഉപമയാണ് ഏറ്റവും അടിസ്ഥാനപരമായ അലങ്കാരപ്രയോഗം.
  • യഹോവ എനിക്കു ഒരു ഇടയനെപ്പോലെയാകുന്നു.
ഈ വാചകത്തില്‍ ഒരു ഉപമയുണ്ട്. പോലെ എന്ന വാക്കുപയോഗിച്ച് യഹോവ ഒരു ഇടയനോട് സദൃശനാണെന്ന് പറയുന്നു. ഉപമ വേദപുസ്തകത്തില്‍ ധാരാളമുണ്ട്:
  • ചെന്നായ്ക്കളുടെ ഇടയില്‍ കുഞ്ഞാടിനെപ്പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. മത്താ 10: 16.
  • പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരിപ്പിന്‍.
ഉപമയില്‍ നിന്ന് "പോലെ" നീക്കുമ്പോള്‍ രൂപകം കിട്ടും
  • യഹോവ എന്‍റെ ഇടയനാകുന്നു.
വേദപുസ്തകത്തില്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാം:
  • ഞാന്‍ വാതിലാകുന്നു,
  • എന്‍റെ പിതാവ് തോട്ടക്കാരനാകുന്നു,
  • നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു.

ഈ വാചകത്തിലെ അലങ്കാരം ശ്രദ്ധിച്ച് മനസ്സിലാക്കേണ്ടതാണ്.  
  •  നിന്‍റെ ചിറകുകളുടെ നിഴലില്‍ ഞാന്‍ മറയ്ക്കപ്പെടും.
ഇതിനെ ആക്ഷരികമായെടുത്താല്‍ ദൈവത്തിന് ചിറകുകളുണ്ട് എന്ന് മനസ്സിലാക്കേണ്ടി വരും. ആലങ്കാരികമായെടുത്താല്‍ ദൈവം ചിറകുള്ള ഒരു പക്ഷിയെപ്പോലെയാണ് എന്നു വരും. ദൈവം ഒരു തള്ളക്കോഴിയെപ്പോലെയും ഞാന്‍ ഒരു കോഴിക്കുഞ്ഞു പോലെയും. പക്ഷേ അക്കാര്യം ഇവിടെ തുറന്നു പറഞ്ഞിട്ടില്ല. ഇവിടെ ഉപമയുണ്ട്, പക്ഷേ അത് വ്യംഗ്യമാണ്. വേദപുസ്തകത്തില്‍ ഇങ്ങനെ വ്യംഗ്യമായ ഉപമകള്‍ ധാരാളമുണ്ട്.
  • വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍. സങ്കീ 24:7
വാതിലുകളെ ജീവനുള്ള മനുഷ്യവ്യക്തികളായി സങ്കല്‍പ്പിച്ചിരിക്കുകയാണ് ഇവിടെ. ഒരു തരം ഉപമയെന്ന് വിളിക്കാവുന്ന ഇതിന് ഇംഗ്ലീഷില്‍ personification എന്നു പറയും.
 
ഉപമകളെ വികസിപ്പിച്ചു ദൃഷ്ടാന്തകഥകളാക്കിയിട്ടുണ്ട്.
ദൈവം നല്ല ഇടയനെപ്പോലെയാകുന്നു എന്ന ഉപമയുടെ വികസിതരൂപമാണ് കാണാതെപോയ ആടിന്‍റെ ദൃഷ്ടാന്തകഥ.
ദൃഷ്ടാന്തകഥകള്‍ കുറെക്കൂടി ആഴത്തില്‍ കേഴ്വിക്കാര്‍ക്ക് മനസിലാക്കുവാന്‍ അവയെ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. ഫലം കായ്ക്കാത്ത വൃക്ഷത്തെ തോട്ടക്കാരന്‍ തീയിലിടും എന്ന ഉപമയെ ദൃശ്യവല്‍ക്കരിക്കുവാന്‍ വേണ്ടിയാവണം യേശു ഒരു വൃക്ഷത്തെ ശപിച്ചതും അത് ഉണങ്ങിപ്പോയതും. വെള്ളത്തെ വീഞ്ഞാക്കിയത് പുതുജനനത്തെ ദൃശ്യവല്‍ക്കരിക്കാന്‍ വേണ്ടിയാവണം. ദൈവേഷ്ടം ചെയ്യുക എന്ന ആഹാരം എങ്ങനെ സ്വര്‍ഗീയജീവിതത്തെ നിലനിര്‍ത്തുന്നു എന്ന ആശയം ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാവണം അവിടുന്നു ഒരാള്‍ക്കുള്ള ആഹാരമുപയോഗിച്ച് ആയിരങ്ങളെ തൃപ്തിപ്പെടുത്തിയത്. യേശു ശിഷ്യരുടെ കാല്‍ കഴുകിയതും അവരെ ഒരു വലിയ പാഠം പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു. യിരമ്യാ പ്രവാചകന്‍ ഒരു നുകവും തോളില്‍ വച്ചുകൊണ്ടു തെരുവിലൂടെ നടന്നത് അതുപോലെ അവര്‍ അടിമപ്പെടാന്‍ പോകുന്നു എന്നു ജനത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു. യോഹന്നാന്‍ സ്നാപകന്‍ ആളുകളെ യോര്‍ദാനില്‍ സ്നാനപ്പെടുത്തിയത് പഴയ ഇസ്രയേല്‍ യോര്‍ദാന്‍ കടന്നു കനാന്‍ നാട്ടില്‍ പ്രവേശിച്ചപ്പോലെ, ഒരു പുതിയ ഇസ്രയേല്‍ ആകുവാന്‍ ആഹ്വാനം ചെയ്യുവാനാണ്.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം