ദൈവനീതിയും വിശ്വാസവും

"സുവിശേഷത്തെക്കുറിച്ച് എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷയേകുന്ന ദൈവശക്തിയാകുന്നു അത്. അതില്‍ ദൈവനീതി വിശ്വാസം മൂലം വെളിപ്പെടുന്നു” (റോമ 1:16-17). പൌലൊസ് അപ്പൊസ്തോലന്‍റെ പ്രസിദ്ധമായ ഒരു പ്രസ്താവനയാണ് ഇത്. ഇവിടെ ദൈവനീതി എന്ന പദം കൊണ്ട് അപ്പൊസ്തോലന്‍ എന്താണ് അര്‍ഥമാക്കുന്നത്? എന്തു വിശ്വസിക്കുന്നവര്‍ക്കാണ് രക്ഷ ലഭിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് സര്‍വസമ്മതമായ ഉത്തരങ്ങളില്ല. അന്ന് മുതല്‍ ഇന്നയോളം വളരെ വികലമായ ധാരണകള്‍ ആളുകള്‍ ഇതേപ്പറ്റി പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ക്രൈസ്തവിശ്വാസം എന്ന പേരില്‍ ഇന്ന് ലോകത്തില്‍ നിലനില്‍ക്കുന്ന പലവിശ്വാസങ്ങളും നിര്‍ജീവവും, നിഷ്ഫലവും, വികലവും ആണെന്നതാണ് ദുഖകരമായ സത്യം. യേശുതമ്പുരാനും യോഹന്നാന്‍ ശ്ലീഹായും പൌലൊസ് അപ്പൊസ്തോലനുമൊക്കെ ഇതേപ്പറ്റി ഉണ്ടായിരുന്ന ധാരണകള്‍ എന്തായിരുന്നു എന്നു കണ്ടെത്താനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത്. നീതി, നീതീകരണം, നീതിമാന്‍, രക്ഷ, വിശ്വാസം തുടങ്ങിയ അടിസ്ഥാന ധാരണകളെ ഇവിടെ പുനര്‍നിര്‍വചിച്ചിരിക്കുന്നു.

എന്താണ് നീതി?
  • നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ മത്താ 5:6
  • നീതി നിമിത്തം പീഢിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍ മത്താ 5:10.
  • നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുകയില്ല. മത്താ 5:20.
  • മുമ്പേ ദൈവത്തിന്‍റെ രാജ്യവും ദൈവത്തിന്‍റെ നീതിയും അന്വേഷിപ്പിന്‍ മത്താ 6:33.
  • യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തില്‍ നിങ്ങളുടെ അടുക്കലെത്തി. എന്നാല്‍ നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിച്ചില്ല. പക്ഷേ ചുങ്കക്കാരും വേശ്യമാരും അദ്ദേഹത്തെ വിശ്വസിച്ചു. മത്താ 21:32.

യേശുതമ്പുരാന്‍ നീതിയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇന്ന് നാം നീതി എന്ന പദം ഉപയോഗിക്കുമ്പോള്‍ ഉദ്ദേശിക്കുന്ന അര്‍ഥമല്ല അതിനുള്ളതെന്ന് പ്രഥമദൃഷ്ട്യാ കാണാവുന്നതാണ്. അപ്പോള്‍ പിന്നെ എന്താണ് ആ വാക്കിന്‍റെ അര്‍ത്ഥം എന്ന് നോക്കാം.

രണ്ടു തരം നീതിയെക്കുറിച്ച് യേശുതമ്പുരാന്‍ പറയുന്നു: ശാസ്ത്രിപരീശന്‍മാരുടെ നീതി, ദൈവത്തിന്‍റെ നീതി. അന്നത്തെ ലോകത്തില്‍ നിലവിലിരുന്നത് ശാസ്ത്രിപരീശന്‍മാരുടെ പഠിപ്പിക്കലുകളും അവയെ അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയുമാണ്. എന്നാല്‍ അത് നാശത്തിലേക്കുള്ള പാതയാണെന്ന് തിരിച്ചറിയുകയും അതിന്‍റെ സ്ഥാനത്ത് ശരിയായ ജീവിതരീതി കാട്ടിക്കൊടുക്കുകയുമാണ് യേശുതമ്പുരാന്‍ ചെയ്തത്. ശാസ്ത്രിപരീശന്‍മാരുടെ നീതിപ്രകാരം ജീവിക്കുന്നവര്‍ സ്വര്‍ഗരാജ്യത്തിന് പുറത്താണെന്ന് അവിടുന്നു പ്രഖ്യാപിച്ചു. പകരം ദൈവത്തിന്‍റെ നീതിക്കായി ദാഹിക്കണമെന്നും അത് അന്വേഷിക്കണമെന്നും അവിടുന്നു ഉപദേശിച്ചു.

ശാസ്ത്രിപരീശന്‍മാരുടെ നീതിയും ദൈവത്തിന്‍റെ നീതിയും തമ്മില്‍ എപ്രകാരം വ്യത്യസ്തമായിരിക്കുന്നു എന്ന് പല ഉദാഹരണങ്ങള്‍ കൊണ്ട് യേശുതമ്പുരാന്‍ വ്യക്തമാക്കിയിട്ടുണ്ട്. (മത്താ 5) കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, ദൈവനാമത്തില്‍ ആണയിടരുത് തുടങ്ങിയ പ്രമാണങ്ങള്‍ പാലിച്ചാല്‍ ദൈവത്തെ പ്രസാദിപ്പിക്കാം, നീതിമാന്‍ എന്ന്‍ സെര്‍ട്ടിഫിക്കറ്റ് ദൈവം അവര്‍ക്ക് നല്‍കുകയും ചെയ്യും എന്നായിരുന്നു ശാസ്ത്രിപരീശന്മാരുടെ ധാരണ. എന്നാല്‍ ദൈവനീതിപ്രകാരം, കോപിക്കുന്നത് കൊലപാതകത്തിന് തുല്യമാണ്, മോഹിക്കുന്നത് വ്യഭിചാരത്തിന് തുല്യമാണ്. ദൈവനാമത്തിലെന്നല്ല, ആണയിടാനേ പാടില്ല. അങ്ങനെ വരുമ്പോള്‍ എത്ര തന്നെ ഉല്‍സാഹിച്ചാലും ദൈവനിയമങ്ങള്‍ തൃപ്തികരമായി പാലിക്കുവാന്‍ ആരാലും സാധ്യമല്ല എന്നു വരുന്നു.

ഇവിടെ നീതി എന്ന പദം ഉപയോഗിച്ചിരിക്കുന്നത് നാം ഇന്ന് ധാര്‍മികത എന്ന പദം ഉപയോഗിയ്ക്കുന്ന അര്‍ഥത്തിലാണെന്ന് കരുതാം. പരീശന്മാരുടെ സ്വന്തം കാഴ്ചപ്പാടില്‍ എന്താണോ ശരിയും തെറ്റും, അതാണ് അവരുടെ നീതി. എന്നാല്‍ ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ എന്താണോ ശരിയും തെറ്റും അതാണ് ദൈവത്തിന്‍റെ നീതി.
ഇതേപ്പറ്റി പൌലൊസ് അപ്പൊസ്തോലന്‍ റോമര്‍ക്കെഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ഇസ്രയേല്‍ക്കാര്‍ സ്വന്തനീതിക്കു പിന്നാലേ പോയതുകൊണ്ടു അവര്‍ ദൈവനീതി മനസിലാക്കുകയോ അതിനെ പിന്തുടരുകയോ ചെയ്തില്ല(10:3) .

പരീശനും ചുങ്കക്കാരനും പ്രാര്‍ഥിക്കുന്ന കഥയില്‍ യേശുതമ്പുരാന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. (ലൂക്കോ 18: 9-14) തങ്ങള്‍ നീതിമാന്മാര്‍ എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്നവരെക്കുറിച്ചാണ് ഈ കഥയെന്ന് പ്രാരംഭത്തില്‍ പറയുന്നു. പരീശന്‍ തന്‍റെ നന്‍മപ്രവര്‍ത്തികള്‍ ദൈവമുമ്പാകെ വര്‍ണിക്കുന്നു; താന്‍ ചുങ്കക്കാരനെപ്പോലെയല്ലെന്ന് വീമ്പടിക്കുകയും ചെയ്യുന്നു. ചുങ്കക്കാരനാകട്ടെ, പാപിയായ എന്നോടു കരുണ തോന്നണമേ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു. ചുങ്കക്കാരന്‍ നീതീകരിക്കപ്പെട്ടു എന്നും പരീശന്‍ നീതീകരിക്കപ്പെട്ടില്ല എന്നും പറഞ്ഞു കഥ അവസാനിക്കുന്നു. സ്വയം നീതിമാനായി തോന്നുന്ന പരീശന്‍ ദൈവത്തിന്‍റെ കണ്ണില്‍ നീതിമാനല്ല; എന്നാല്‍ സ്വയം പാപിയായി കരുണ യാചിക്കുന്ന ചുങ്കക്കാരന്‍ ദൈവത്തിന്‍റെ കണ്ണില്‍ നീതിമാനാണ്. “നീതീകരിക്കപ്പെട്ടു" എന്ന പദത്തിന്‍റെ അര്‍ത്ഥം ദൈവത്തിന്‍റെ കണ്ണില്‍ നീതിമാനായി ഗണിക്കപ്പെട്ടു എന്നാണ് എന്നു കരുതണം.

ആരാണ് നീതിമാന്‍?
മശിഹായുടെ വരവിങ്കല്‍ ഒരു ന്യായവിധിയുണ്ടാകുമെന്നും അതില്‍ നീതിമാന്മാരെന്നും നീതികെട്ടവരെന്നും മശിഹാ മനുഷ്യരെ തിരിക്കുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. ദൈവപ്രമാണങ്ങള്‍ അനുസരിക്കുന്നവര്‍ നീതിമാന്മാരും അല്ലാത്തവര്‍ നീതികെട്ടവരും എന്ന ലളിതമായ ഉത്തരമാണ് ശാസ്ത്രിപരീശന്‍മാര്‍ നല്‍കിയിരുന്നത്. എന്നാല്‍ അത് അത്ര ലളിതമല്ല എന്നായിരുന്നു യേശുതമ്പുരാന്‍റെ വാദം. ഞാന്‍ ആരെയും കൊന്നിട്ടില്ല; അതുകൊണ്ടു, അക്കാര്യത്തില്‍ ഞാന്‍ നീതിമാനാണ് എന്ന് ഒരാള്‍ വാദിക്കുന്നു എന്നു വയ്ക്കുക. എന്നാല്‍ അയാള്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ആരെയെങ്കിലും ഭോഷാ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ അത് കൊന്നതിന് തുല്യമാണ് എന്നാണ് യേശുതമ്പുരാന്‍ വാദിച്ചത്. അങ്ങനെ നോക്കുമ്പോള്‍ നീതിമാന്മാരായി ആരെയും കണ്ടെത്താന്‍ കഴിയുകയില്ല.

ഒരിക്കല്‍ ഒരാള്‍ യേശുതമ്പുരാനെ നല്ല ഗുരോ എന്നു സംബോധന ചെയ്യുന്നു. മറുപടിയായി അവിടുന്നു പറഞ്ഞു, "എന്നെ നല്ലവന്‍ എന്നു വിളിക്കുന്നതെന്ത്? ദൈവമല്ലാതെ നല്ലവന്‍ ആരുമില്ല” (മര്‍ക്കോസ് 10:18). നല്ലവന്‍ എന്ന വിശേഷണത്തിന് യോഗ്യരായി മനുഷ്യരില്‍ ആരുമില്ല എന്നാണ് യേശുതമ്പുരാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്. പൌലൊസ് അപ്പൊസ്തോലനും ഈ ആശയം അടിവരയിട്ടു പറയുന്നു: “നീതിമാന്‍ ആരുമില്ല ....... നന്മ ചെയ്യുന്നവന്‍ ഇല്ല.” റോമ 3: 10-12.
എന്നാല്‍ ശാസ്ത്രിപരീശന്‍മാര്‍ ഇക്കാര്യം മനസിലാക്കിയിരുന്നില്ല. താന്‍ ന്യായപ്രമാണം അനുസരിക്കുന്നുണ്ട്, അതുകൊണ്ടു തന്നെ നീതിമാനായി ദൈവം കാണണം എന്നാണ് മുകളില്‍ പറഞ്ഞ കഥയില്‍ പരീശന്‍റെ വാദം. യാന്ത്രികമായി ദൈവകല്‍പനകളെല്ലാം അനുസരിച്ചു ദൈവത്തിന്‍റെ കണ്ണില്‍ നീതിമാനാകാനുള്ള ശ്രമമാണ് അത്. താന്‍ ഇവിടുത്തെ ജോലികളെല്ലാം കൃത്യമായി ചെയ്യുന്നുണ്ട് എന്നു അവകാശപ്പെടുന്ന മുടിയന്‍ പുത്രന്‍റെ ജേഷ്ടന്‍ അതാണ് ചെയ്യുന്നത്.

ദൈവത്തിന്‍റെ കണ്ണില്‍ ആര്‍ക്കും നീതി അവകാശപ്പെടാനാവില്ല എന്ന് നന്നായറിയുന്ന ചുങ്കക്കാരന്‍ കരുണക്കായി യാചിക്കുക മാത്രം ചെയ്യുന്നു. മുടിയന്‍ പുത്രനും അപ്പന്‍റെ അടുക്കലെത്തി കരുണയ്ക്കായി യാചിക്കുന്നു. ദൈവവുമായുള്ള മനുഷ്യന്‍റെ അകല്‍ച്ചയും ശത്രുതയും നീങ്ങി സ്നേഹബന്ധം സംസ്ഥാപിക്കുകയാണ് ആദ്യം വേണ്ടത്. അതു സംഭവിച്ചുകഴിയുമ്പോള്‍ സ്നേഹബന്ധത്തിന്‍റെ അടിസ്ഥാനത്തിലുള്ള ചിന്തകളും, പ്രവര്‍ത്തികളും നമ്മിലുണ്ടാകും. ഇതാണ് യേശുതമ്പുരാന്‍ കാണിച്ചുതന്ന മാര്‍ഗം.

ദൈവവുമായി ഒരു സ്നേഹബന്ധം ഉണ്ടായാല്‍ മതി; ദൈവകല്‍പനകള്‍ പാലിക്കേണ്ടതില്ല എന്നല്ല യേശുതമ്പുരാന്‍ പറയുന്നത്. ദൈവവുമായി സ്നേഹബന്ധം ഉണ്ടാകുമ്പോള്‍ മാത്രമേ ദൈവകല്‍പനകള്‍ തൃപ്തികരമായി പാലിക്കാന്‍ കഴിയൂ എന്നാണ് യേശുതമ്പുരാന്‍ വാദിക്കുന്നത്.
ഇക്കാര്യങ്ങള്‍ യോഹന്നാന്‍ ശ്ലീഹാ തന്‍റെ ലേഖനത്തില്‍ ഇങ്ങനെ വിശദമാക്കുന്നു: യേശുക്രിസ്തുവില്‍ നിന്നു ഞങ്ങള്‍ കേട്ട സന്ദേശം നിങ്ങളോട് പ്രഖ്യാപിക്കുന്നു: ദൈവം പ്രകാശമാകുന്നു; അവനില്‍ ഇരുട്ട് ഒട്ടുമില്ല. ദൈവത്തോട് കൂട്ടായ്മ ഉണ്ടെന്ന് അവകാശപ്പെടുകയും ഇരുളില്‍ നടക്കുകയും ചെയ്താല്‍ നാം പറയുന്നത് വ്യാജമാണ്. ... ദൈവം പ്രകാശത്തിലായിരിക്കുന്നതുപോലെ നാം പ്രകാശത്തില്‍ നടന്നാല്‍ നമുക്ക് ദൈവവുമായി കൂട്ടായ്മയുണ്ട്. ...... നാം പാപികളല്ല എന്ന് നാം അവകാശപ്പെടുന്നെങ്കില്‍ നാം നമ്മെത്തന്നെ വഞ്ചിക്കുകയാണ്, നാം സത്യസന്ധരല്ല. പകരം, നാം പാപികളാണെന്ന് നമ്മതിച്ചാല്‍ ദൈവം നമ്മോട് ക്ഷമിക്കുകയും നമ്മുടെ എല്ലാ അനീതികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. 1 യോഹ 1: 5-10)

ദൈവവുമായുള്ള കൂട്ടായ്മയാണ് നമ്മുടെ ലക്ഷ്യം അതിനുള്ള മാര്‍ഗം ദൈവത്തെപ്പോലെ നാമും നന്‍മയുടെ പ്രകാശത്തില്‍ ജീവിക്കുക എന്നുള്ളതാണ്. അതിനുള്ള മാര്‍ഗം യാതൊരു കപടതയുമില്ലാതെ, നാമായിരിക്കുന്നതുപോലെ ദൈവസന്നിധിയിലെത്തുകയാണ്. അങ്ങനെ ദൈവത്തിലേക്ക് നാം തിരിഞ്ഞാല്‍ ദൈവം നമ്മോടു ക്ഷമിക്കുമെന്ന് മാത്രമല്ല, നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുകയും ചെയ്യും. ഇതാണ് യേശുതമ്പുരാനില്‍ നിന്നു കേട്ട സദ്വാര്‍ത്തയെന്ന് യോഹന്നാന്‍ ശ്ലീഹാ തറപ്പിച്ചു പറയുന്നു.

ഇക്കാര്യം റോമര്‍ക്കെഴുതിയ ലേഖനത്തില്‍ പൌലൊസ് അപ്പൊസ്തോലന്‍ ഇങ്ങനെ വിശദീകരിക്കുന്നു: ന്യായപ്രമാണം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ടു ഈശ്വരദൃഷ്ടിയില്‍ ആരും തന്നെ നീതിമാനായിത്തീരുകയില്ല. ..... ന്യായപ്രമാണം മുഖേനയല്ലാതെ, ക്രിസ്തുവിന്‍റെ/ ക്രിസ്തുവിലുള്ള വിശ്വാസം മുഖാന്തരം അത് വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവനീതി ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. (3:20-22).

എന്താണ് വിശ്വാസം?
ദൈവം മാത്രമാണു നീതിമാന്‍, മനുഷ്യരില്‍ നീതിമാന്‍മാരായി ആരുമില്ല, നായപ്രമാണത്തിലെ നിയമങ്ങള്‍ എത്ര ശുഷ്ക്കാന്തിയോടെ അനുഷ്ഠിച്ചാലും ദൈവദൃഷ്ടിയില്‍ ആരും നീതിമാന്മാരാകുകയില്ല-- ഇതിനെയാണ് ക്രിസ്തുവിന്‍റെ വിശ്വാസം എന്നു പൌലൊസ് അപ്പൊസ്തോലന്‍ വിളിക്കുന്നത്. ക്രിസ്തു പഠിപ്പിച്ച ഇക്കാര്യങ്ങള്‍ വിശ്വസിക്കുമ്പോഴാണ് ചുങ്കക്കാരനെപ്പോലെ കരുണ യാചിച്ചുകൊണ്ടു ദൈവസന്നിധിയിലെത്താന്‍ നമുക്ക് സാധിക്കുന്നത്.

യേശുതമ്പുരാന്‍ കഥകളിലൂടെ പറഞ്ഞ കാര്യങ്ങളാണ് പൌലൊസ് അപ്പോസോസ്തോലനും യോഹന്നാന്‍ ശ്ലീഹായും ഇത്തരത്തില്‍ വിശദീകരിക്കുന്നത്. ദൈവം പ്രകാശമാകുന്നു എന്നു യോഹന്നാന്‍ പറയുന്നിടത്ത് ദൈവം നീതിമാനാകുന്നു എന്നു പൌലൊസ് പറയുന്നു. ദൈവത്തെ സല്‍ഗുണസമ്പൂര്‍ണന്‍ എന്നും നല്ലവന്‍ എന്നും യേശുതമ്പുരാന്‍ വിളിക്കുന്നു.

പൌലൊസ് ശ്ലീഹായുടെ വാദഗതികള്‍ ഗ്രഹിക്കുവാന്‍ ഇന്നെന്ന പോലെ അന്നും എളുപ്പമായിരുന്നില്ല. പത്രൊസ് ശ്ലീഹാ അതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: "നമ്മുടെ പ്രിയ സഹോദരനായ പൌലൊസും തനിക്ക് ലഭിച്ച ജ്ഞാനത്തിനൊത്തവണ്ണം തന്‍റെ എല്ലാ കത്തുകളിലും എഴുതാറുള്ളതുപോലെ ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. അവയില്‍ ചിലത് ദുര്‍ഗ്രഹമാണ്. അജ്ഞരും ചഞ്ചലചിത്തരുമായ ചിലര്‍ മറ്റ് വേദലിഖിതങ്ങളെപ്പോലെ ഇതും വളച്ചൊടിച്ചു തങ്ങളുടെ നാശത്തിന് ഇടയാക്കുന്നു.” 2 പത്രൊസ് 3: 15-16.

നീതി, നീതീകരണം എന്നീ വിഷയങ്ങളെക്കുറിച്ച് പൌലൊസ് അപ്പൊസ്തോലന്‍ ഏഴുതിയിരിക്കുന്ന കാര്യങ്ങള്‍ മാത്രം വായിച്ചാല്‍ അത് വേണ്ടവണം മനസിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ അതിനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞിരിക്കുന്നതും കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് പൌലൊസ് അപ്പൊസ്തോലന്‍ പറഞ്ഞ കാര്യങ്ങള്‍ വേണ്ടവണ്ണം ഗ്രഹിക്കുവാന്‍ കഴിയുന്നത്. ഇവിടെ നമ്മുടെ സമീപനം അതായിരുന്നു. യേശുതമ്പുരാനും യോഹന്നാന്‍ ശ്ലീഹായും ഒക്കെ പറഞ്ഞ കാര്യങ്ങളോട് ചേര്‍ത്തു വച്ചാണ് പൌലൊസ് അപ്പൊസ്തോലന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നാമിവിടെ ചിന്തിച്ചത്.

വഴിതെറ്റിയ ഒരു ചിന്ത
എന്നാല്‍ ഇങ്ങനെ ചെയ്യാതെ പൌലൊസ് അപ്പൊസ്തോലന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രം മനസിലാക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി പല അപകടചിന്തകളിലേക്കും വഴിതെറ്റി പോകുവാന്‍ ആളുകള്‍ക്ക് ഇടയായിട്ടുണ്ട്. അപ്രകാരം വഴിതെറ്റിയ ഒരു ചിന്ത ഇവിടെ ചുരുക്കിപ്പറയാം.
  1. ദൈവദൃഷ്ടിയില്‍ നീതിമാനായി ഗണിക്കപ്പെടുന്നതിനുള്ള മാര്‍ഗം ദൈവനിയമങ്ങള്‍ പാലിക്കുന്നതല്ല, വിശ്വസിക്കുന്നതാണ്.
  2. എന്താണ് വിശ്വസിക്കേണ്ടത്? ദൈവം എന്ന നീതിമാനായ ന്യായാധിപന്‍ പാപികളായ മനുഷ്യര്‍ക്ക് നിത്യനരകം എന്ന ശിക്ഷ വിധിച്ചിരിക്കുകയാണ്. യേശുക്രിസ്തു നമ്മുടെ പാപത്തിന്‍റെ ശിക്ഷ ഏറ്റെടുത്തു എന്നാണ് വിശ്വസിക്കേണ്ടത്. ഇത് വിശ്വസിക്കുന്നവര്‍ മാത്രം ദൈവത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നു രക്ഷപ്പെടും. അല്ലാത്തവരെല്ലാം നിത്യനരകത്തിലേക്ക് തള്ളപ്പെടും.
ഒന്നാമത്തെ ചിന്ത പൌലൊസ് അപ്പൊസ്തോലന്‍റേതാണെന്ന് പറയാം. എന്നാല്‍ അതിനെ അടിസ്ഥാനമാക്കി എന്താണ് വിശ്വസിക്കേണ്ടത് എന്ന് പറയുന്ന രണ്ടാമത്തെ ചിന്ത പൌലൊസ് അപ്പൊസ്തോലന്‍റെ പഠിപ്പിക്കലല്ല, അത് ഒന്നാമത്തെ ചിന്തയെ ചിലര്‍ തെറ്റായി മനസിലാക്കിയതിന്‍റെ ഫലമായി ഉണ്ടായിവന്നതാണ്.

ഈ ചിന്തയുടെ അപകടത്തെക്കുറിച്ച് യാക്കോബ് ശ്ലീഹാ തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതിനെ നിര്‍ജീവമായ വിശ്വാസം എന്നാണ് അദ്ദേഹം വിളിക്കുന്നത് (2:17). കാരണം ഈ വിശ്വാസം മനുഷ്യനെ സല്‍പ്രവര്‍ത്തികളിലേക്ക് നയിക്കുന്നില്ല. ക്രിസ്തു തന്‍റെ പാപം ഏറ്റെടുത്തു എന്നു വിശ്വസിച്ചാല്‍ മരണശേഷം സ്വര്‍ഗം ഉറപ്പാണെന്ന് കരുതുന്നവര്‍ നന്‍മപ്രവൃത്തികള്‍ ചെയ്യേണ്ട ആവശ്യമില്ല എന്നു വരുന്നു. ഭൂമിയില്‍ എങ്ങനെ ജീവിച്ചാലും വേണ്ടില്ല, മരിക്കുമ്പോള്‍ സ്വര്‍ഗത്തിലേക്ക് തന്നെ പോകും എന്ന മൂഢസങ്കല്‍പ്പമാണ് അങ്ങനെയുള്ളവരെ ഭരിക്കുന്നത്. അങ്ങനെയുള്ളവര്‍ പിശാചിനെപ്പോലെയാണെന്ന് അദ്ദേഹം എഴുതുന്നു. പിശാചിന്നുമുണ്ട് വിശ്വാസം (2:19). എന്നാല്‍ ദൈവത്തെ അനുസരിക്കുവാന്‍ അവനെ പ്രേരിപ്പിക്കാത്ത നിര്‍ജീവവിശ്വാസമാണ് അത്.

ഇവിടെ ന്യായമായും ഉയരാവുന്ന ഒരു സംശയമുണ്ട്: യേശുതമ്പുരാന്‍ ഒരു മറുവിലയായി എന്നും യാഗമായി മരിച്ചു എന്നും പറയുന്ന പല വേദഭാഗങ്ങളുണ്ട്. (മത്താ 20:28, 1 തീമോ 2:6, റോമ 3;25, 1 യോഹ 2:2). ഇതൊക്കെ വേദപുസ്തകത്തിലുള്ള സ്ഥിതിക്ക് മുകളില്‍ വിവരിച്ച വിശ്വാസത്തിന്നു എന്താണ് ദോഷം എന്നു ആരും ചോദിച്ചുപോകും. രണ്ട് ദോഷങ്ങളുണ്ട്: ഇവയെ ആലങ്കാരികമായി മനസിലാക്കാതെ ആക്ഷരീകമായി മനസിലാക്കുന്നതാണ് ഒന്ന്. മനുഷ്യനെ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നു യേശുതമ്പുരാന്‍ സ്വതന്ത്രനാക്കിയത് ഒരാള്‍ ഒരു അടിമയെ വില കൊടുത്തു വാങ്ങിയശേഷം സ്വതന്ത്രനായി വിടുന്നപോലെയാണ് എന്നു പറയുന്നതു ഒരു ഉപമയാണ്. യേശുതമ്പുരാന്‍റെ കുരിശുമരണം ഒരു യാഗം പോലെയായിരുന്നു എന്നുപറയുന്നതും ഉപമയാണ്. ഒരു ഉപമ ഒരിയ്ക്കലും ആക്ഷരീകമായി മനസിലാക്കാനുള്ളതല്ല. രണ്ടാമത്തെ ദോഷം ഇതാണ്: ഇക്കാര്യങ്ങള്‍ വിശ്വസിച്ചാലാണ് മനുഷ്യനെ ദൈവം നീതിമാനായി കണക്കാക്കുന്നത് എന്ന് യേശുതമ്പുരാനോ, പൌലൊസ് അപ്പൊസ്തോലനോ, യോഹന്നാന്‍ ശ്ലീഹായോ ഒന്നും പഠിപ്പിക്കുന്നില്ല.

പൌലൊസ് അപ്പൊസ്തോലന്‍റെ കാലത്ത് തന്നെ ഈ വിശ്വാസം പ്രചാരത്തിലുണ്ടായിരുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ല എന്ന ധാരണയാണ് അന്ന് ചിലര്‍ക്കുണ്ടായിരുന്നത്. പില്‍ക്കാല ക്രൈസ്തവചരിത്രത്തില്‍ പലപ്പോഴും ദൈവനീതിയെക്കുറിച്ചുള്ള വികാലധാരണകള്‍ പ്രചരിച്ചിട്ടുണ്ട്. അനുതപിക്കുന്ന പാപിയുടെ മേല്‍ ദൈവം മൂടുന്ന വസ്ത്രമാണ് ദൈവനീതി എന്ന് നാലാം നൂറ്റാണ്ടിലെ അഗസ്തീനോസ് പഠിപ്പിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആന്‍സലം എന്ന ചിന്തകന്‍ മറുവില ഉപമയും യാഗ ഉപമയും ഇതിനോട് ചേര്‍ത്ത് സങ്കീര്‍ണമായ ഒരു സിദ്ധാന്തമാക്കി ഇതിനെ വികസിപ്പിച്ചു. പില്‍ക്കാലത്ത് മതനവീകരണത്തിന്‍റെ കാലത്ത് മര്‍ട്ടിന്‍ ലൂഥറും മറ്റ് നവീകരണനേതാക്കളും വിശ്വാസം വഴിയായ നീതീകരണം എന്നത് കേന്ദ്രക്രൈസ്തവവിശ്വാസമായി സ്വീകരിച്ചു. പില്‍ക്കാലത്ത് ഇവാഞ്ചെലിക്കല്‍ സഭകള്‍ ഈ വിശ്വാസത്തെ കൂടുതല്‍ തീഷ്ണതയോടെ ലോകമെങ്ങും പ്രചരിപ്പിച്ചു. അങ്ങനെ നിഷ്ഫലമെന്നും നിര്‍ജീവമെന്നും യാക്കോബ് ശ്ലീഹാ വിളിച്ച ഒരു വിശ്വാസമാണ് ക്രിസ്തീയ വിശ്വാസമെന്ന പേരില്‍ ലോകത്തില്‍ നിലനില്‍ക്കുന്നത്. ധാരാളം മനുഷ്യര്‍ ക്രിസ്തുമതം വിട്ടു മറ്റ് മതങ്ങളിലേക്ക് പോകുന്നതിന്‍റെ പ്രധാനകാരണം ഇതുതന്നെ എന്ന് പറയാം.

സമാപനം
സജീവവും ഫലവത്തുമായ യഥാര്‍ത്ഥ ക്രൈസ്തവവിശ്വസം എന്താണെന്ന് ഒന്നുകൂടി പരാമര്‍ശിച്ചുകൊണ്ടു ഈ ലേഖനം അവസാനിപ്പിക്കാം: യാതൊരു കപടതയും തിന്‍മയും ലവലേശമില്ലാതെ പൂര്‍ണമായും സത്യസന്ധമായി 100% നന്മ മാത്രം ചെയ്തുകൊണ്ട് ജീവിക്കുവാനാണ് മനുഷ്യനെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന്, മറ്റുള്ളവരെക്കുറിച്ച് വെറുപ്പോ അവജ്ഞയോ മനസില്‍ തോന്നാന്‍ പാടില്ല, മറ്റുള്ളവരുടെ വക മോഹിക്കുവാന്‍ പാടില്ല, നമ്മെ വെറുക്കുന്നവരെപ്പോലും സ്നേഹിക്കണം. എന്നാല്‍ എത്ര ഉല്‍സാഹിച്ചാലും കഠിനമായി ശ്രമിച്ചാലും ദൈവത്തിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ മനുഷ്യനു സാധ്യമല്ല. പിന്നെ നാം എന്താണ് ചെയ്യേണ്ടത്? ദൈവം മാത്രമാണ് നല്ലവന്‍/ നീതിമാന്‍/ പരിശുദ്ധന്‍ എന്നു നാം തിരിച്ചറിയണം. ഒരു മനുഷ്യനും എത്ര ശ്രമിച്ചാലും അതുപോലെയാകുവാന്‍ സാധ്യമല്ല എന്നും മനസിലാക്കണം. നാം ആയിരിക്കുന്നതുപോലെ ദൈവമുമ്പാകെയെത്തി കരുണയ്ക്കായി യാചിക്കുകയാണ് ഏകമാര്‍ഗം. അപ്പോള്‍ ദൈവം നമ്മുടെ കുറ്റങ്ങളെല്ലാം ക്ഷമിക്കും. ദൈവവുമായുള്ള സ്നേഹബന്ധത്തില്‍ നിലനില്‍ക്കുമെങ്കില്‍, ദൈവം ക്രമേണ നമ്മെ അവിടുന്നു ആഗ്രഹിക്കുന്നപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.

ഇതാണ് ക്രിസ്തീയ സുവിശേഷം. ഇതേക്കുറിച്ച് ആര്‍ക്കും ലജ്ജിക്കേണ്ടതില്ല. വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷയേകുന്ന ദൈവശക്തിയാണിത്. ഇത് അന്നത്തെപ്പോലെ ഇന്നും പ്രസക്തമാണ്.

References

McGrath, Alister E. (1986), A History of the Christian Doctrine of Justification,Cambridge University Press.
http://www.newadvent.org/cathen/08573a.htm
https://en.wikipedia.org/wiki/Antinomianism



Comments

Unknown said…
Very Good Article ..............

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം