ദൈവേഷ്ടവും ന്യായപ്രമാണവും

നമ്മുടെ അറിവിനും നിയന്ത്രണത്തിനും അപ്പുറമുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അതൊക്കെ ദൈവേഷ്ടമാണ് എന്നു സമാധാനിക്കാറുണ്ട്. നമ്മുടെ അറിവിനപ്പുറമുള്ള കാര്യങ്ങള്‍ അറിയുന്നതു ദൈവമാകുന്നു. അതുകൊണ്ട് നമ്മുടെ ഇഷ്ടത്തിനപ്പുറമുള്ള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതെല്ലാം ദൈവേഷ്ടം കൊണ്ടാണെന്നും നാം സമാധാനിക്കുന്നു. വിദ്യാഭ്യാസം നേടിയിട്ട് തൊഴില്‍ അന്വേഷിക്കുന്ന ഒരു ചെറുപ്പക്കാരനെ സങ്കല്‍പ്പിക്കുക. എന്തു ജോലി കിട്ടും എവിടെ കിട്ടും, എപ്പോള്‍ കിട്ടും-- ഇതെല്ലാം അയാള്‍ക്ക് അനിശ്ചിതമാണ്. തന്‍റെ ഭാവി എന്തായിരിക്കുമെന്ന് തനിക്ക് നിശ്ചയമില്ലാത്ത സ്ഥിതിക്ക് അത് എല്ലാമറിയാവുന്ന ദൈവത്തിന് വിട്ടുകൊടുക്കുന്നത് സ്വാഭാവികം മാത്രം. അപ്രതീക്ഷിതമായി ഒരു രോഗം പിടികൂടുന്നതോ, ഒരു അപകടം സംഭവിക്കുന്നതോ, വേണ്ടപ്പെട്ടവര്‍ക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നതോ ഒക്കെ ദൈവേഷ്ടമായി കണ്ട് മനുഷ്യര്‍ ആശ്വസിക്കാറുണ്ട്.

മുകളില്‍ പറഞ്ഞതെല്ലാം മനുഷ്യര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ്. ദൈവം തന്‍റെ ഇഷ്ടപ്രകാരം ചെയ്യുന്ന കാര്യങ്ങളാണവ. "അങ്ങേയ്ക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നു നീക്കണമേ" എന്നു യേശുതമ്പുരാന്‍ പ്രാര്‍ഥിക്കുന്നത് ഈ അര്‍ഥത്തിലാണ്. ഇവിടെ ഇഷ്ടം ദൈവത്തിന്‍റേതാണ്, ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതും ദൈവം തന്നെയാണ്.

എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്ഥമായ ഒരര്‍ഥത്തിലും യേശുതമ്പുരാന്‍ ദൈവേഷ്ടം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. “ദൈവമേ, അങ്ങയുടെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും നടക്കണമേ" എന്നു പ്രാര്‍ഥിക്കുവാന്‍ യേശുതമ്പുരാന്‍ പഠിപ്പിച്ചു. അതിന്‍റെ അര്‍ഥം ഇപ്പോള്‍ ഭൂമിയില്‍ ദൈവേഷ്ടം നടക്കുന്നില്ല എന്നാണ്. സ്വര്‍ഗത്തിലെ പൌരന്‍മാര്‍ ദൈവത്തെ അനുസരിക്കുന്നതിനാല്‍ അവിടെ ദൈവേഷ്ടം നടക്കുന്നു. എന്നാല്‍, ആദമിന്‍റെ മാതൃക പിന്തുടര്‍ന്നു മനുഷ്യര്‍ ദൈവത്തോട് അനുസരണക്കേട് കാട്ടുന്നതിനാല്‍ ഭൂമിയില്‍ ദൈവേഷ്ടം നടക്കുന്നില്ല. ഇഷ്ടം ദൈവത്തിന്‍റേതുതന്നെ, എന്നാല്‍ ദൈവേഷ്ടപ്രകാരം പ്രവര്‍ത്തിക്കേണ്ടത് മനുഷ്യരാണ്.

എപ്രകാരം നമ്മുടെ ജീവന്‍റെ നിലനില്‍പ്പിന് ആഹാരം അത്യന്താപേക്ഷിതമാകുന്നുവോ, അപ്രകാരം സ്വര്‍ഗീയജീവിതം നിലനില്‍ക്കുന്നതിന്, ദൈവേഷ്ടം അനുസരിക്കുക എന്ന ആഹാരം അത്യന്താപേക്ഷിതമാണ്. ദൈവേഷ്ടം ചെയ്യുന്നതാണ് തന്‍റെ ആഹാരമെന്ന് യേശുതമ്പുരാന്‍ പറഞ്ഞിട്ടുണ്ട്. ദൈവേഷ്ടത്തിന്‍റെ പ്രകടനമാണ് ദൈവവചനം. കല്ലിനെ അപ്പമാക്കുവാന്‍ യേശുവിനെ ഉപദേശിച്ച സാത്താനോട്, മനുഷ്യന്‍ ദൈവവചനം എന്ന ആഹാരം കൊണ്ടും ജീവിക്കുന്നു എന്നു അവിടുന്നു അരുളിച്ചെയ്തു. സ്വര്‍ഗസ്ഥപിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവര്‍ മാത്രമേ സ്വര്‍ഗരാജ്യത്തിലുണ്ടാവൂ എന്ന് അവിടുന്നു സംശയലേശമെന്യേ അവകാശപ്പെട്ടു. എല്ലാവരും ദൈവത്തെ അനുസരിക്കുന്നയിടമാണ് സ്വര്‍ഗം. അതുകൊണ്ടാണ് സ്വര്‍ഗം സ്വര്‍ഗമായിരിക്കുന്നത്. അതുപോലെ, ഭൂമിയിലുള്ളവരും ദൈവത്തെ അനുസരിച്ചാല്‍ ഭൂമിയും സ്വര്‍ഗമാകും.

ദൈവേഷ്ടത്തിന്‍റെ പ്രകടനം ദൈവവചനം ആണെന്നതുപോലെ, ദൈവേഷ്ടത്തിന്‍റെ അടിസ്ഥാനം ദൈവത്തിന്‍റെ ജ്ഞാനമാകുന്നു. ഗ്രീക്കില്‍ ദൈവവചനത്തെ ലോഗോസ് എന്നു വിളിച്ചു, ദൈവജ്ഞാനത്തെ സോഫിയ എന്നും.

ലോകത്തിന്‍റെ നിലനില്‍പ്പിന് പിന്നില്‍ ദൈവജ്ഞാനവും ദൈവേഷ്ടവും ദൈവവചനവും ഉണ്ട് എന്ന ചിന്ത പൌരാണിക എബ്രായ-യവന സംസ്കാരങ്ങളില്‍ പ്രബലമായിരുന്നു. ഉല്‍പ്പത്തി ഒന്നാം അദ്ധ്യായത്തിലെ സൃഷ്ടിസങ്കീര്‍ത്തനത്തില്‍ ക്രമരാഹിത്യത്തില്‍(chaos) നിന്നു ക്രമത്തിലേക്ക്(cosmos) ലോകത്തെ പരിവര്‍ത്തിപ്പിക്കുന്നതിനെയാണ് സൃഷ്ടി എന്നു വിളിച്ചിരിക്കുന്നത്. അത് സംഭവിപ്പിക്കുന്നത് ദൈവവചനമാകുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് യോഹന്നാന്‍ തന്‍റെ സുവിശേഷം ആരംഭിക്കുന്നത്. സൃഷ്ടിയുടെ പിന്നില്‍ ദൈവവചനത്തിന്‍റെ പങ്ക് അവിടെ വ്യക്തമാക്കിയിരിക്കുന്നു.

ദൈവജ്ഞാനത്തിന്‍റെ മാഹാത്മ്യം വിവരിക്കുന്ന ജ്ഞാനസാഹിത്യം യേശുതമ്പുരാന്‍റെ കാലത്ത് പ്രചാരത്തിലിരുന്നു. സദൃശവാക്യങ്ങള്‍, സഭാപ്രസംഗി തുടങ്ങിയവ അക്കൂട്ടത്തില്‍ പെടും. ദൈവജ്ഞാനത്തെ ഒരു വ്യക്തിയായി സങ്കല്‍പ്പിച്ചിട്ടുണ്ട്. (സദൃ. 1:20) ദൈവം തന്‍റെ ജ്ഞാനം കൊണ്ട് ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നു എന്ന ചിന്ത പ്രചാരത്തിലിരുന്നു. ദൈവത്തിന്‍റെ ജ്ഞാനം മനുഷ്യനും പ്രാപിക്കേണ്ടത് ഉത്തമമായ ജീവിതത്തിന് അത്യന്താപേക്ഷിതം തന്നെ. അതിന്‍റെ ആദ്യപടി ദൈവഭക്തിയാകുന്നു (സദൃ 9:10).

ലോകത്തെ ക്രമത്തോടെ നിലനിര്‍ത്തുന്നത് ലോഗോസ് ആകുന്നു എന്ന സങ്കല്‍പ്പം ഗ്രീക്കു സംസ്കാരത്തില്‍ പ്രബലമായിരുന്നു. അതുകൊണ്ടാണ് വിജ്ഞാനശാഖകളെ ലോഗോസ് ചേര്‍ത്തു വിളിക്കുന്നത്. Biology എന്നാല്‍ logos of bios എന്നര്‍ഥം. ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍റെ പിന്നിലുള്ള നിയമങ്ങളാണ് biology-യുടെ പഠനവിഷയം.
ദൈവവചനം ലോകത്തിന് ക്രമം നല്‍കിയതിന്‍റെ ഒരു വിവരണം ഉല്‍പത്തി ഒന്നാം അദ്ധ്യായത്തില്‍ കാണാം. ലോകത്തിലെ വിവിധ ഭാഗങ്ങളെ വൈരുദ്ധ്യങ്ങള്‍ അകറ്റി ഒന്നിച്ചു നിര്‍ത്തിയിരിക്കുന്നു. പരസ്പര വിരുദ്ധങ്ങളായ ഇരുട്ടിനെയും വെളിച്ചത്തെയും അവയ്ക്കു വ്യത്യസ്ഥസമയങ്ങള്‍ നിശ്ചയിച്ചു കൊണ്ട് ക്രമം ഉണ്ടാക്കിയിരിക്കുന്നു. കരയ്ക്കും കടലിനും വെവ്വേറെ സ്ഥലങ്ങള്‍ നിശ്ചയിച്ചു നല്കുന്നു. അങ്ങനെ നിയമങ്ങള്‍ ഉപയോഗിച്ച് ക്രമം സ്ഥാപിക്കുന്നു. ഒരു രാജാവു രാജ്യത്തിന് വേണ്ട നിയമങ്ങള്‍ നിര്‍മിച്ചു നടപ്പാക്കുന്നതുപോലെ ദൈവം എന്ന രാജാവു ലോകത്തിനു മുഴുവനും വേണ്ട നിയമങ്ങള്‍ നിര്‍മിച്ചു നടപ്പാക്കുന്നു. ലോകത്തിലുള്ള എല്ലാ ജീവികളും ജീവനില്ലാത്തവയും ദൈവനിയമങ്ങള്‍ പാലിക്കേണ്ടത് ലോകത്തിന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ദൈവനിയമങ്ങളെ ന്യായപ്രമാണം എന്നാണ് വേദപുസ്തകത്തില്‍ വിളിച്ചിരിക്കുന്നത്. ന്യായപ്രമാണത്തിന്‍റെ മഹത്വം സവിസ്തരം വര്‍ണിക്കുന്നു 119 -ആം സങ്കീര്‍ത്തനത്തില്‍. ലോകത്തിന്‍റെ നിലനില്‍പ്പിനു പിന്നിലുള്ള നിയമങ്ങള്‍ കണ്ടെത്താനുള്ള നമ്മുടെ ശ്രമമാണ് ശാസ്ത്രം.

യഹൂദജനതുടെ നിലനില്‍പ്പിന് വേണ്ട നിയമങ്ങളുടെ സംഹിതയാണ് പത്തു കല്‍പനകളും അവയുടെ വിശദീകരണങ്ങളും. ആ നിയമങ്ങള്‍ അടങ്ങിയിരിക്കുന്ന പുസ്തകങ്ങള്‍ എന്ന കാരണത്താല്‍ വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളെയും ന്യായപ്രമാണം എന്നു വിളിക്കുന്നു.

അതുപോലെ ഓരോ മനുഷ്യസമൂഹവും അതിന്‍റെ നിലനില്‍പ്പിനാവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കുകയും അവ നടപ്പിലാക്കുകയും ചെയ്യും. ഒരു മനുഷ്യസമൂഹം ക്രമത്തോടെ നിലനില്‍ക്കുക എന്നതാണു നിയമങ്ങളുടെ ഉദ്ദേശം. അവയെ സമൂഹ്യനിയമങ്ങള്‍ എന്നു വിളിക്കാം. പ്രകൃതിനിയമങ്ങളില്‍ നിന്നു വ്യത്യസ്തമായി, സാമൂഹ്യനിയമങ്ങള്‍ മനുഷ്യസൃഷ്ടിയാണ്. അതുകൊണ്ടാണ് നിയമങ്ങള്‍ വിവിധ സമൂഹങ്ങളില്‍ വ്യത്യസ്തമായിരിക്കുന്നത്.

ദൈവം നിയമങ്ങള്‍ നല്കിയാല്‍ എങ്ങനെയിരിക്കും എന്നു സങ്കല്‍പ്പിച്ചാണ് മനുഷ്യര്‍ സാമൂഹ്യനിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. അവയെ ധാര്‍മികനിയമങ്ങള്‍, അനുഷ്ഠാനനിയമങ്ങള്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. ബന്ധങ്ങള്‍ സുഘടിതമായി നിലനിര്‍ത്തുകയാണ് ധര്‍മികനിയമങ്ങളുടെ ഉദ്ദേശം. കൊല്ലരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരുടെ വക മോഹിക്കരുത് തുടങ്ങിയ നിയമങ്ങള്‍ ധാര്‍മികനിയമങ്ങളാണ്. ധാര്‍മികനിയമങ്ങള്‍ പാലിക്കുവാന്‍ മനുഷ്യരെ സഹായിക്കാന്‍ വേണ്ടിയാണ് അനുഷ്ഠാനനിയമങ്ങള്‍ ഉണ്ടാകുന്നത്. ശബത്ത് ആചരിക്കുക, ആഹാരത്തിന് മുമ്പായി കൈ കഴുകുക തുടങ്ങിയവ അത്തരം അനുഷ്ഠാന നിയമങ്ങളാണ്.

യേശുവിന്‍റെ കാലത്ത് യഹൂദസമുദായത്തില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്തിരുന്നു. സമൂഹത്തിന്‍റെ ക്രമത്തോടെയും ആരോഗ്യത്തോടെയുമുള്ള നിലനില്‍പ്പ് ലക്ഷ്യമാക്കാതെ സാധാരണക്കാരെ ചൂഷണം ചെയ്യുവാനും അടിമപ്പെടുത്തുവാനും അന്ന് അനുഷ്ഠാനനിയമങ്ങള്‍ ഉപയോഗിക്കപ്പെട്ടു. ശബത്തിനെ സംബന്ധിക്കുന്ന അന്നത്തെ നിയമങ്ങള്‍ അത്തരത്തിലുള്ളവയായിരുന്നു. അനുഷ്ഠാനനിയമങ്ങള്‍ക്ക് ധാര്‍മികനീയമങ്ങളെക്കാള്‍ പ്രാധാന്യം നല്‍കപ്പെട്ടു. യേശുവിനെപ്പോലെ നന്മ മാത്രം ചെയ്യുന്ന ഒരാളെ കുരിശിലേറ്റുന്നതായിരുന്നു അക്കാലത്തെ അവിടുത്തെ നിയമങ്ങള്‍. അതുകൊണ്ടാണ് യേശു അത്തരം നിയമങ്ങള്‍ ലംഘിച്ചത്. നിയമങ്ങള്‍ മനുഷ്യനു വേണ്ടിയാണെന്നും മനുഷ്യന്‍ നിയമങ്ങള്‍ക്ക് വേണ്ടിയല്ലെന്നും യേശു തറപ്പിച്ചു പറഞ്ഞു. "മാറ്റുവിന്‍ ചട്ടങ്ങളെ" എന്നു പില്‍ക്കാലത്ത് നമ്മുടെ മഹാകവി പാടിയപ്പോലെ, മനുഷ്യന്‍റെ നന്മക്കുതകാത്ത നിയമങ്ങള്‍ കുഴിച്ചുമൂടണമെന്ന് യേശു പ്രഖ്യാപിച്ചു.

മനുഷ്യനെ അടിമപ്പെടുത്തുന്ന അനുഷ്ഠാനനിയമങ്ങള്‍ യേശു നിരാകരിച്ചു. എന്നാല്‍ മനുഷ്യന്‍റെ ക്രമത്തോടും ആരോഗ്യത്തോടുമുള്ള നിലനില്‍പ്പിനാവശ്യമായ ധാര്‍മിക നിയമങ്ങള്‍ അക്ഷരം പ്രതി പാലിക്കണമെന്ന് യേശു പ്രബോധിപ്പിച്ചു. അത്തരമൊരു നിയമം ലംഘിക്കുന്നതിലും നല്ലത് അതിനു കാരണമാകുന്ന ശരീരഭാഗം (കണ്ണു, കയ്യ്) വെട്ടി എറിഞ്ഞു കളയുന്നതാണ് എന്നു അവിടുന്നു പഠിപ്പിച്ചു. ന്യായപ്രമാണം ആക്ഷരികമായി അനുഷ്ഠിക്കുന്നവരല്ല, ക്രിസ്തുവിന്‍റെ മാര്‍ഗം പിന്തുടരുന്നവരാണ് ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നത് എന്നു പൌലൊസ് അപ്പൊസ്തോലന്‍ റോമര്‍ക്കും ഗലാത്യര്‍ക്കും എഴുതിയത് ഈ അര്‍ഥത്തില്‍ മനസിലാക്കാം.

ഒരു സമൂഹത്തില്‍ നിലവിലിരിക്കുന്ന എല്ലാ നിയമമങ്ങളും കണ്ണുമടച്ച് അനുസരിക്കുന്നത് ദൈവേഷ്ടമാകണമെന്നില്ല. മനുഷ്യസമൂഹത്തിന്‍റെ ക്രമത്തോടും ആരോഗ്യത്തോടുമുള്ള നിലനില്‍പ്പിന് കാരണമാകുന്ന നിയമങ്ങള്‍ ദൈവനിയമങ്ങളായിത്തന്നെ സ്വീകരിക്കണം. എന്നാല്‍ മനുഷ്യസമൂഹത്തിന്‍റെ നിലനില്‍പ്പിന് ദോഷം ചെയ്യുന്ന നിയമങ്ങളെ ദൈവനിയമങ്ങളായി സ്വീകരിച്ചുകൂടാ; അവയെ നിരാകരിക്കണം. എല്ലാവരും ന്യായപ്രമാണം പാലിക്കുമ്പോള്‍ ദൈവരാജ്യം സംസ്ഥാപിതമാകും എന്നാണ് യേശുവിന്‍റെ കാലത്തെ മതനേതൃത്വം പഠിപ്പിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി എല്ലാവരും ദൈവേഷ്ടം പാലിക്കുമ്പോള്‍ ദൈവരാജ്യം സ്ഥാപിതമാകും എന്നാണ് യേശുതമ്പുരാന്‍ പഠിപ്പിച്ചത്. നിലവിലിരുന്ന ന്യായപ്രമാണത്തിലെ അനുഷ്ഠാനനിയമങ്ങള്‍ ദൈവേഷ്ടമല്ല എന്ന തിരിച്ചറിവായിരുന്നു അതിന്‍റെ കാരണം. യേശുവിന്‍റെ മാതൃക പിന്തുടര്‍ന്നാണ് ഇന്‍ഡ്യയില്‍ മഹാത്മാഗാന്ധിയും അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും സൌത്ത് ആഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയും മറ്റും നിലവിലിരുന്ന മനുഷ്യത്വരഹിതമായ നിയമങ്ങളെ നിരാകരിച്ചതും ലംഘിച്ചതും.



Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും