ഉറപ്പുള്ള അടിസ്ഥാനശിലകള്‍

രണ്ടുതരം കെട്ടിടങ്ങളെക്കുറിച്ച് ഒരിക്കല്‍ യേശുതമ്പുരാന്‍ പഠിപ്പിക്കുകയുണ്ടായി. പുറമെ നിന്നു നോക്കിയാല്‍ ഒരുപോലെ കാണപ്പെടുന്ന രണ്ടു കെട്ടിടങ്ങളില്‍ ഒന്നു കൊടുങ്കാറ്റും പേമാരിയും വന്നപ്പോള്‍ ഒഴുകിപ്പോയി. അതിന്‍റെ അടിസ്ഥാനം വെറും മണ്ണിന്‍മേലായിരുന്നു. മറ്റേ കെട്ടിടം അവിടെത്തന്നെയുണ്ടായിരുന്നു. കാരണം അതിനു പാറകൊണ്ടുള്ള അടിസ്ഥാനമുണ്ടായിരുന്നു. ഈ കഥയിലെ കെട്ടിടങ്ങളും അവയുടെ അടിസ്ഥാനവും എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?

നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു എന്ന യേശുതമ്പുരാന്‍റെ ചോദ്യത്തിന് പത്രൊസ് ഇങ്ങനെ പ്രതിവചിച്ചു: അവിടുന്നു ക്രിസ്തുവാകുന്നു. യേശുതമ്പുരാന്‍ അതിനു ഇങ്ങനെ പ്രതിവചിച്ചു: ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും. യേശുതമ്പുരാന്‍ ക്രിസ്തു ആകുന്നു എന്ന പത്രൊസിന്‍റെ ധാരണയെയാണ് യേശുതമ്പുരാന്‍ പാറ എന്നു വിളിക്കുന്നത്. ഈ ധാരണയിന്‍മേലാണ് സഭ എന്ന കെട്ടിടം പണിയപ്പെടുന്നത് എന്ന് അവിടുന്ന് അരുളിച്ചെയ്തു.


ജീവിതം എന്ന കെട്ടിടം, അത് ഒരു വ്യക്തിയുടേതായാലും സമൂഹത്തിന്‍റേതായാലും, അടിസ്ഥാനപ്പെട്ടിരിക്കുന്നത് ധാരണകളിന്മേലാണ്. ധാരണകള്‍ ബലവത്താണെങ്കില്‍ ജീവിതവും ബലവത്തായിരിക്കും. ധാരണകള്‍ ബലഹീനമാണെങ്കില്‍ ജീവിതവും ബലഹീനമായിരിക്കും. നമ്മുടെയൊക്കെ വ്യക്തിജീവിതങ്ങള്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളിന്മേലാണ്. നമ്മുടെ സമൂഹത്തിന്‍റെയും, രാഷ്ട്രത്തിന്‍റെയും, മനുഷ്യവര്‍ഗത്തിന്‍റെയും ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് ധാരണകളിന്മേല്‍ തന്നെ. പരീശന്മാര്‍ രൂപം നല്‍കിയ ധാരണകളാണ് അന്ന് യഹൂദജനജീവിതത്തിനു അടിസ്ഥാനമായി ഉണ്ടായിരുന്നതെന്ന് യേശുതമ്പുരാന്‍ അറിഞ്ഞിരുന്നു. അതിന്‍റെ സ്ഥാനത്ത് പാറപോലെയുള്ള ധാരണകള്‍ സ്ഥാപിക്കാനായിരുന്നു യേശുതമ്പുരാന്‍ ശ്രമിച്ചത്. (മത്താ 5:20). പരീശന്മാരുടെ യീസ്റ്റിന്‍റെ സ്ഥാനത്ത് ദൈവരാജ്യത്തിന്‍റെ യീസ്റ്റ് പരക്കണം എന്നു അദ്ദേഹം ആഗ്രഹിച്ചു. മാവിനെ മുഴുവന്‍ പുളിപ്പിക്കാന്‍ ശക്തമായ യീസ്റ്റിനോടും യേശുതമ്പുരാന്‍ ധാരണകളെ ഉപമിച്ചു.


എന്താണ് ധാരണകളെ ബലവത്തും ബലഹീനവും ആക്കുന്നത്? ബലവത്തായ ധാരണകളെ അല്ലാത്തവയില്‍ നിന്നു എങ്ങനെ തിരിച്ചറിയാം? ധാരണകള്‍ വസ്തുതകളോ വിശ്വാസങ്ങളോ ആകാം. വസ്തുതകള്‍ തെളിവുകളിന്മേലാണ് നില്‍ക്കുന്നത്. എന്നാല്‍ വിശ്വാസങ്ങളെ അവ വിശ്വസിക്കുന്നവരാണ് താങ്ങി നിര്‍ത്തുന്നത്. ഒരു വിശ്വാസം വിശ്വസിക്കാന്‍ ആളുകളില്ലാതായാല്‍ പിന്നെ ആ വിശ്വാസത്തിന്നു നിലനില്‍പ്പില്ല. അങ്ങനെ നോക്കുമ്പോള്‍ വിശ്വാസങ്ങളെക്കാള്‍ ബലവത്താണ് വസ്തുതകള്‍ എന്നു നിസ്സംശയം പറയാം.


ഒരു കാര്യത്തെപ്പറ്റി വസ്തുതകള്‍ ലഭ്യമല്ലാത്തപ്പോള്‍ അതേപ്പറ്റി വിശ്വസിക്കയല്ലാതെ തരമില്ല. എന്തുകൊണ്ടാണ് നാം ജീവിക്കുന്നത്, എന്തിനുവേണ്ടിയാണ് നാം ജീവിക്കുന്നത്, എങ്ങനെ വേണം ജീവിക്കുവാന്‍ തുടങ്ങി ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വസ്തുതകളുടെ രൂപത്തിലല്ല, വിശ്വാസങ്ങളുടെ രൂപത്തിലാണ് നാം കണ്ടെത്തുന്നത്. ശാസ്ത്രത്തില്‍ theory , hypothesis എന്നൊക്കെ പറയുന്നതു ഈ അര്‍ഥത്തിലാണ്. ലഭ്യമായ തെളിവുകളും, വിവരങ്ങളും പരിശോധിച്ചതിന്‍റെ വെളിച്ചത്തിലാണ് അത്തരം ഒരു വിശ്വാസം രൂപീകരിക്കുന്നത്. വസ്തുതകള്‍ ലഭ്യമാകുമെങ്കില്‍ അവ കണ്ടെത്താനുള്ള ചവിട്ടുപടിയാണ് ഇങ്ങനെയുള്ള വിശ്വാസം. വ്യക്തമായ ഉദ്ദേശമുള്ള ഇത്തരം വിശ്വാസത്തെ നമുക്ക് ശരിയായ വിശ്വാസം എന്നു വിളിക്കാം. അതിനെക്കാള്‍ മെച്ചപ്പെട്ട ഒരു വിശ്വാസം ഉണ്ടാകുമ്പോഴോ അതിന്‍റെ സ്ഥാനത്ത് ഒരു വസ്തുത ലഭ്യമാകുമ്പോഴോ മാത്രം സ്ഥാനഭ്രംശം സംഭവിക്കുന്ന ഇത്തരം വിശ്വാസങ്ങളും ഉറപ്പുള്ളവയാണ്.

എന്നാല്‍ ഒരു കാര്യത്തെപ്പറ്റി ലഭ്യമായ തെളിവുകളും വിവരങ്ങളും വേണ്ടവണ്ണം പരിശോധിക്കാതെ തിടുക്കത്തില്‍ എടുത്തുചാടി കൈക്കൊള്ളുന്ന വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങള്‍ എന്ന് വിളിക്കേണ്ടി വരും. ഇത്തരം വിശ്വാസങ്ങള്‍ ബലമില്ലാത്തവയാണ്. അവയുടെ മേല്‍ പണിയുന്ന ജീവിതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നടിയാം.


വിശ്വാസങ്ങളെ സത്യം അസത്യം എന്ന് തിരിക്കാനാവില്ല, എന്നാല്‍ അവയെ ഗുണകരം, ദോഷകരം, നിരുപദ്രവകരം എന്നു തിരിക്കാം. മനുഷ്യനു നന്മ വരുത്തുന്ന വിശ്വാസങ്ങളെ നാം പ്രോല്‍സാഹിപ്പിക്കണം. തിന്മ വരുത്തുന്നവയെ തിരസ്കരിക്കണം. നിരുപദ്രവകരമായവയെ അവഗണിക്കാം.


പൂര്‍വികരില്‍ നിന്നു ലഭിച്ചിരിക്കുന്ന നിയമങ്ങളെയും അനുഷ്ഠാനങ്ങളെയും ആക്ഷരീകമായി പിന്തുടരുന്ന രീതി അവയ്ക്കു ഉപോദ്ബലകമായ ധാരണകളെ ബലഹീനമാക്കും. ശബത്ത് പാലിക്കണം എന്ന നിയമം ഉദാഹരണമായെടുക്കാം. ആ നിയമത്തിന്‍റെ ഉദ്ദേശമെന്തെന്ന് ചിന്തിക്കാതെ അതിനെ അക്ഷരാര്‍ഥത്തില്‍ പാലിക്കുവാനും നടപ്പാക്കുവാനും അക്കാലത്തെ പരീശന്മാര്‍ ശുഷ്കാന്തി കാണിച്ചിരുന്നു. നെല്‍ക്കതിര്‍ പറിച്ചു വായിലിട്ടാല്‍ അത് കൊയ്യുന്നതിന് തുല്യമായിപ്പോകുമെന്നും അത് ശബത്ത് ലംഘനമാകുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. യേശുതമ്പുരാന്‍ ശബത്ത് നാളില്‍ രോഗികളെ സൌഖ്യമാക്കുന്നത് ശബത്ത് ലംഘനമായി അവര്‍ കണ്ടിരുന്നു.


ഒരാള്‍ കുരുടനായി ജനിക്കുന്നത് അയാളുടെ പൂര്‍വികരുടെ പാപത്തിന്‍റെ ഫലമായാണ് എന്നു പരീശന്മാര്‍ വിശ്വസിച്ചിരുന്നു. യേശുതമ്പുരാന്‍ ഇതിനെ അന്ധവിശ്വാസങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി പുറന്തള്ളി. (യോഹ 9:3) . ഇത് വേണ്ടവണം ചിന്തിക്കാതെ എടുത്തുചാടി രൂപീകരിച്ച ഒരു theory ആയിരുന്നു. ഇതിന് വേണ്ടത്ര ന്യായീകരണം ഉണ്ടായിരുന്നില്ല. മാത്രമല്ല, അങ്ങനെയുള്ളവരെ വളരെ വേദനിപ്പിക്കുന്നതും അവരെ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുത്തുന്നതും ആയിരുന്നു.

പ്രധാനം അപ്രധാനം എന്നിങ്ങനെ കാര്യങ്ങളെ വേര്‍തിരിച്ചു കാണാനുള്ള കഴിവില്ലായ്മ നിമിത്തം പലപ്പോഴും പരീശന്മാര്‍ അപ്രധാനകാര്യങ്ങളെ പ്രധാനകാര്യങ്ങളായി കണ്ടിരുന്നതിന്‍റെ ഫലമായി പ്രധാനകാര്യങ്ങള്‍ അവഗണിക്കപ്പെട്ടിരുന്നു. കൊതുകിനെ അരിച്ചെടുക്കുന്നു എന്നാല്‍ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു എന്നു അതിനെക്കുറിച്ച് യേശുതമ്പുരാന്‍ പറഞ്ഞു.

ചെയ്യേണ്ടകാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതിന് പകരം അവ ചെയ്യുന്നു എന്നു ആളുകളെ ബോധിപ്പിക്കുവാന്‍ വേണ്ടി ചെയ്യുന്നത് പരീശന്മാരുടെ ജീവിതത്തിന്‍റെ പൊള്ളത്തരമായിരുന്നു. വെള്ളതേച്ച ശവക്കല്ലറയോടാണ് അവരുടെ ജീവിതത്തെ യേശുതമ്പുരാന്‍ ഉപമിച്ചത്.


ഇത്തരം ബലഹീനങ്ങളും വികലങ്ങളുമായ ധാരണകളുടെയും കാഴ്ചപ്പാടുകളുടെയും മുകളിലാണ് തന്‍റെ സമുദായം നിലകൊള്ളുന്നതെന്ന് യേശുതമ്പുരാന്‍ തിരിച്ചറിഞ്ഞു. അതിനു അധികം ആയുസില്ല എന്നു മനസിലാക്കിയിട്ടു അതിനെയോര്‍ത്ത് അവിടുന്നു വിലപിച്ചു. (മത്താ 23: 37-38). നശിച്ചുകൊണ്ടിരിക്കുന്ന ആ ജീവിതരീതിയുടെ സ്ഥാനത്ത് ഒരു പുതിയ ജീവിതരീതി സ്ഥാപിക്കുവാന്‍ അവിടുന്നു ശ്രമിച്ചു. അതിനെ സ്വര്‍ഗരാജ്യം അഥവാ ദൈവരാജ്യം എന്നു അവിടുന്നു നാമകരണം ചെയ്തു. അതിന്‍റെ അടിസ്ഥാനമായി ബലവത്തായ ധാരണകള്‍ അവിടുന്നു മനുഷ്യഹൃദയങ്ങളില്‍ പാകി. അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു സ്ഥാനവും അവിടുത്തെ ധാരണകളില്‍ ഇല്ലായിരുന്നു. പ്രധാനമായവയെ അപ്രധാനമായവില്‍ നിന്നു വേര്‍തിരിച്ചു കണ്ടു. കപടതയ്ക്ക് യാതൊരു സ്ഥാനവും നല്‍കിയില്ല.


ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നതും വളരെ ബലഹീനങ്ങളായ ധാരണകളിന്മേലാണ്. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന ഒരു നാഗരികതയാണ് നാം കെട്ടി ഉയര്‍ത്തിയിരിക്കുന്നത്. ഇതിന്‍റെ സ്ഥാനത്ത് ഉറപ്പുള്ള ഒരു നാഗരികത വേണമെങ്കില്‍ ബലവത്തായ ധാരണകളിന്മേല്‍ വേണം അത് പണിതുയര്‍ത്തുവാന്‍. യേശുതമ്പുരാന്‍ അന്ന് നല്‍കിയ ബലവത്തായ ധാരണകള്‍ എന്തെല്ലാമായിരുന്നു എന്നു കണ്ടെത്തിയാല്‍ അവയെ നമ്മുടെ കാലഘട്ടത്തിന് അനുയോജ്യമായ വിധത്തില്‍ മൊഴിമാറ്റം ചെയ്യുവാന്‍ നമുക്ക് കഴിഞ്ഞേക്കും.
 
 

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും