ആരാണ് ക്രിസ്ത്യാനി?

എത്യോപ്യയിലായിരുന്നപ്പോള്‍, എന്നോടു "നിങ്ങള്‍ ക്രിസ്ത്യാനിയാണോ" എന്നു ഒരാള്‍ ചോദിച്ചതു ഓര്‍ക്കുന്നു. അതേ എന്നു ഞാന്‍ മറുപടി പറഞ്ഞെങ്കിലും, പിന്നീട് എനിക്കു മനസിലായി അയാള്‍ ആ വാക്കുപയോഗിച്ചത് വളരെ പരിമിതമായ ഒരര്‍ത്ഥത്തിലാണെന്ന്. വേദപുസ്തകം അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് വിശ്വസിക്കുന്നവരും പുതുതായി ജനിച്ചവര്‍ എന്നു സ്വയം വിളിക്കുന്നവരുമായ ക്രിസ്ത്യാനികളെയാണ് ആ പദം കൊണ്ട് അയാള്‍ അര്‍ഥമാക്കിയത്. കത്തോലിക്കര്‍, ഓര്‍ത്തോഡോക്സുകാര്‍, മറ്റ് പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാര്‍ ഇവരൊന്നും ക്രിസ്ത്യാനികളല്ലെന്നായിരുന്നു അയാള്‍ ധരിച്ചിരുന്നത്. പിന്നീട് അമേരിക്കയിലും അങ്ങനെയുള്ളവരെ കാണാനിടയായിട്ടുണ്ട്.

അന്ത്യോക്യയില്‍ വച്ചാണ് ആദ്യമായി ക്രിസ്തുശിഷ്യര്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന് പേരുണ്ടായത്. (അപ്പോ. 11: 26). കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളായി ആ പദം ലോകമെങ്ങും ഉപയോഗിക്കപ്പെട്ടെങ്കിലും എല്ലാവരും ഒരേ അര്‍ഥമല്ല ആ പദത്തിന് നല്‍കിയത്. ക്രിസ്ത്യാനിയെന്ന് ഒരാള്‍ സ്വയം വിശേഷിപ്പിക്കുമ്പോള്‍ സാധാരണ ഗതിയില്‍ അയാള്‍ സ്വയം ഒരു വിഭാഗത്തില്‍ പെടുത്തുകയാണ് ചെയ്യുന്നത്. ആ വിഭാഗത്തില്‍ പെടാത്ത ആരാണ് അയാളുടെ ലോകത്തിലുള്ളത് എന്നു കണ്ടെത്തിയാല്‍ ക്രിസ്ത്യാനി എന്ന പദം കൊണ്ട് എന്താണ് അയാള്‍ ഉദ്ദേശിക്കുന്നതെന്ന് അറിയാം.

ഒന്നാം നൂറ്റാണ്ടില്‍ എബ്രായ മതവിശ്വാസികള്‍ രണ്ടായി പിരിഞ്ഞു: അവരുടെയിടയില്‍ ജീവിച്ചിരുന്ന യേശു അവര്‍ കാത്തിരുന്ന മശിഹായാണ് എന്നു വിശ്വസിച്ചവരും, അങ്ങനെ വിശ്വസിക്കാത്തവരും. വിശ്വസിച്ചവര്‍ ക്രിസ്ത്യാനികള്‍ എന്നും വിശ്വസിക്കാത്തവര്‍ യഹൂദരെന്നും അറിയപ്പെട്ടു. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈ വ്യത്യാസം നന്നായി കാണാം. ചില ദശാബ്ദങ്ങള്‍ക്കകം അവര്‍ രണ്ട് മതങ്ങളായി പിരിഞ്ഞു-- ക്രിസ്തുമതം, യഹൂദമതം. ആ സാഹചര്യത്തില്‍ ഒരാള്‍ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞാല്‍ അര്‍ത്ഥം അയാള്‍ യഹൂദനല്ല എന്നാണ്.

ചില നൂറ്റാണ്ടുകള്‍ക്കകം ക്രിസ്തുമതം റോമാസാമ്രാജ്യത്തിലെ രാജമതമാകുകയും യഹൂദമതം അവഗണിക്കപ്പെടുകയും ചെയ്തു. അന്ന് റോമാസാമ്രാജ്യത്തില്‍ പ്രബലമായിരുന്ന paganism എന്നു അറിയപ്പെട്ടിരുന്ന മതത്തിന്‍റെ സ്ഥാനത്താണ് ക്രിസ്തുമതം രാജമതമായി മാറിയത്. അവിടെ ഒരാള്‍ ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെട്ടാല്‍ അര്‍ത്ഥം അയാള്‍ pagan അല്ല എന്നാണ്.

ചില നൂറ്റാണ്ടുകള്‍ക്കകം ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ഇസ്ലാം മതം പ്രബലമാകാന്‍ തുടങ്ങി. ഇസ്ലാം ഭൂരിപക്ഷമുള്ള ഒരു നാട്ടില്‍ ഒരു ക്രിസ്ത്യാനി എന്നാല്‍ അര്‍ത്ഥം അയാള്‍ മുസ്ലീം അല്ല എന്നാണ്. വിവിധ മതവിശ്വാസികള്‍ പാര്‍ക്കുന്ന ഇന്ത്യയെപ്പോലൊരു നാട്ടില്‍ ക്രിസ്ത്യാനി എന്നാല്‍ അര്‍ത്ഥം അയാള്‍ ഹിന്ദുവോ മുസ്ലീമോ സിക്കുകാരനോ ഒന്നും അല്ല എന്നാണ്.

മതം എന്ന വാക്കിന് അഭിപ്രായം എന്നാണ് അര്‍ത്ഥം. ഒരാളുടെ ഒരു വിശ്വാസത്തിന്‍റെ പ്രകടനമാണ് അയാളുടെ അഭിപ്രായം. ഒരു മതത്തിന്‍റെ ആരംഭദശയില്‍ ആളുകളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ ഒത്തുചേരുന്നത്. എന്നാല്‍ അവരുടെ അടുത്ത തലമുറ അതേ വിശ്വാസം ഉള്ളവരാവണമെന്നില്ല. ജന്മം കൊണ്ട് അവര്‍ ആ മതത്തിന്‍റെ അംഗങ്ങളായി തുടരും. അങ്ങനെ ഒരു മതം തുടങ്ങുന്നത് മതമായാണെങ്കിലും, ക്രമേണ അത് ഒരു ജാതിയായി തീരുന്നു. ജാതി എന്താണെന്ന് ചോദിച്ചാലും മതമെന്താണെന്ന് ചോദിച്ചാലും എന്‍റെ ഉത്തരം ഒന്നു തന്നെ: ക്രിസ്ത്യാനി. ഞാന്‍ എന്തുകൊണ്ടാണ് ഒരു ക്രിസ്ത്യാനി ആയിരിക്കുന്നത് എന്നു ആരെങ്കിലും എന്നോടു ചോദിച്ചാല്‍ എന്‍റെ ഉത്തരം ഇതാണ്: എന്‍റെ മാതാപിതാക്കള്‍ ക്രിസ്ത്യാനികളാണ്. അതുകൊണ്ടു ഞാനും ഒരു ക്രിസ്ത്യാനിയാണ്. എന്‍റെ മാതാപിതാക്കള്‍ ഹിന്ദുക്കളായിരുന്നെങ്കില്‍ ഞാനും ഒരു ഹിന്ദുവായേനെ. വാസ്തവത്തില്‍ ഇന്ന് ലോകത്തിലുള്ള 99% ആളുകള്‍ക്കും ഇങ്ങനെയൊരുത്തരമാവും പറയാനുണ്ടാവുക. ചുരുക്കം ചിലര്‍ മാത്രമാണു അവരുടെ സ്വന്തമതം വിട്ടു മറ്റൊരു മതത്തില്‍ ചേരുന്നത്.

ജന്മം കൊണ്ട് ക്രിസ്ത്യാനിയായ ഞാന്‍ സ്വായത്തമാക്കിയിരിക്കുന്നത് ക്രിസ്തുമതത്തിന്‍റെ വിശ്വാസാചാരങ്ങള്‍ മാത്രമല്ല. മറ്റ് മതങ്ങളില്‍ പെട്ടവരുമായി ഞാന്‍ ദിവസവും ഇടപഴകുന്നതുകൊണ്ടു അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും അറിയാതെ ഞാന്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഇത് എല്ലാവരുടെ ജീവിതത്തിലും സംഭവിക്കും. നമ്മുടെ മതാചാര്യന്‍മാരെല്ലാം പൌരാണികകാലത്ത് ജീവിച്ചിരുന്നവരാണ്. അവരുടെ ചിന്തകള്‍ മനുഷ്യകുടുംബത്തെയാകെ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണമായി യേശുക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ ക്രിസ്ത്യാനികളെ മാത്രമല്ല, മറ്റുള്ളവരെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. മുഹമ്മദ് നബിയുടെ ഉപദേശങ്ങള്‍ മുസ്ലീങ്ങളെ മാത്രമല്ല, എല്ലാവരെയും സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മതാചാര്യന്മാരും അവരുടെ ഉപദേശങ്ങളും മനുഷ്യവര്‍ഗത്തിന്‍റെ പൊതുസ്വത്തായി കരുതുന്നതാണ് അഭികാമ്യം.

100% ക്രിസ്ത്യാനിയായ ഒരാള്‍ ഇന്നത്തെ ലോകത്തില്‍ ഉണ്ടാകാന്‍ സാധ്യമല്ല. കാരണം എല്ലാവരെയും എല്ലാ മതാചാര്യന്‍മാരുടെ ഉപദേശങ്ങളും സ്വാധീനിക്കും. ഇത് തിരിച്ചറിഞ്ഞതു കൊണ്ടാണ് മഹാത്മാഗാന്ധി തന്‍റെ മേശപ്പുറത്ത് ഭഗവദ് ഗീതയും ഖുറാനും, ബൈബിളും വച്ചിരുന്നതും അവ പാരായണം ചെയ്തിരുന്നതും. അദ്ദേഹം ഒരേ സമയത്ത് ഒരു ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും ആയിരുന്നു. എന്നാല്‍ ജന്മം കൊണ്ട് അദ്ദേഹം ഒരു ഹിന്ദുവായിരുന്നു. വാസ്തവത്തില്‍ ജന്മം കൊണ്ട് മനുഷ്യര്‍ ഏത് സമുദായത്തില്‍ ആയാലും ഒരേ സമയത്ത് അവര്‍ എല്ലാ മതങ്ങളുടെയും സ്വാധീനവലയത്തില്‍ പെട്ടിട്ടുണ്ട്.

മിക്കവരും അവര്‍ ജനിച്ചു വളരുന്ന രാജ്യത്തിലെ പൌരന്മാരാണ്. ചുരുക്കം ചിലര്‍ മാത്രമാണു സ്വന്തരാജ്യത്തിന്‍റെ പൌരത്വം വിട്ടു മറ്റൊരു രാജ്യത്തിന്‍റെ പൌരത്വം സ്വീകരിക്കുന്നത്. അതുപോലെയാണ് സമുദായത്തിന്‍റെ കാര്യവും. 99% ആളുകളും അവര്‍ ജനിച്ചു വളരുന്ന സമുദായങ്ങളുടെ അംഗങ്ങളാണ്. ചുരുക്കം ചിലര്‍ പലകാരണങ്ങളാല്‍ മറ്റൊരു സമുദായത്തിലേക്ക് മാറാറുണ്ട്. ഒരാളുടെ ജന്‍മമാണ് അയാളുടെ പൌരത്വവും സമുദായ അംഗത്വവും തീരുമാനിക്കുന്നത്. ഒരാള്‍ അയാളുടെ രാജ്യത്തിലോ സമുദായത്തിലോ ജനിക്കുന്നത് അയാളുടെ കുറ്റമല്ല. മനുഷ്യര്‍ ഏത് രാജ്യത്തിലെ പൌരന്മാരായാലും ഏത് സമുദായക്കാരായാലും അവര്‍ അടിസ്ഥാനപരമായി മനുഷ്യകുടുംബത്തിലെ അംഗങ്ങളാണ് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ.

ഏത് സമുദായത്തില്‍ പെട്ടവരായാലും എല്ലാ മതാചാര്യന്‍മാരില്‍ നിന്നും പഠിക്കാനുള്ള തുറന്ന മനസ്സ് നമുക്കുണ്ടാകണം. ക്രിസ്തുമതത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ക്രിസ്തുവിനെ മനസിലാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം മുഹമ്മദ് നബിയെയും, ശ്രീ ശങ്കരാചാര്യരെയും, ശ്രീ നാരായണ ഗുരുവിനെയും, ശ്രീ ബുദ്ധനെയും, ഗുരു നനാക്കിനെയും മാനിക്കുകയും അവരെ മനസിലാക്കാന്‍ ശ്രമിക്കുകയും വേണം. ക്രിസ്ത്യന്‍ വേദപുസ്തകം വായിച്ചു ഗ്രഹിക്കുന്നതിനോടൊപ്പം മറ്റ് മതഗ്രന്ഥങ്ങളും മനസിലാക്കുവാന്‍ ഞാന്‍ സന്മനസ്സു കാണിക്കണം. ക്രിസ്ത്യന്‍ ദേവാലയത്തില്‍ പോകുന്നതോടൊപ്പം, മറ്റ് ദേവാലയങ്ങളെ മാനിക്കുകയും, അവിടങ്ങളില്‍ പോകുന്നവരെ ആദരിക്കുകയും വേണം.

നമ്മുടെ കാലത്ത് ഇന്‍ഡ്യയില്‍ ജീവിച്ചിരുന്ന പൌലൊസ് മാര്‍ ഗ്രിഗോറിയോസ് എന്ന ക്രിസ്ത്യന്‍ ബിഷപ്പ് ഇക്കാര്യത്തില്‍ നമുക്ക് മാതൃകയാവണം. വിശുദ്ധരായ മനുഷ്യരെ, അവര്‍ ഏത് മതത്തില്‍ പെട്ടവരായിരുന്നാലും, അദ്ദേഹം ആദരിച്ചിരുന്നു. എല്ലാ മതങ്ങളെക്കുറിച്ചും അവയുടെ ഉപദേശങ്ങളെക്കുറിച്ചും പഠിക്കുവാന്‍ അദ്ദേഹം എപ്പോഴും ഒരുക്കമായിരുന്നു. ഒരിക്കല്‍ അദ്ദേഹം കാലടി ശിവശങ്കര ക്ഷേത്രത്തിന്‍റെ മുമ്പില്‍ ഭക്തിപൂര്‍വം കൂപ്പുകൈകളുമായി നില്‍ക്കുന്ന ഒരു ചിത്രം പത്രത്തില്‍ വരികയും അത് ഇടുങ്ങിയ മനസ്സുള്ള ഒട്ടനവധി ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്തു.

ബുദ്ധമതാചാര്യനായ ദലായ്ലാമായും ഇക്കാര്യത്തില്‍ നമുക്ക് മാതൃകയാകണം. ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ മതങ്ങളെയും മതാചാര്യന്‍മാരേയും അദ്ദേഹം മാനിക്കുന്നു. ഒരിക്കല്‍ തിരുവനന്തപുരത്തെ ശ്രീ പദ്ഭനാഭസ്വാമി ക്ഷേത്രത്തില്‍ വരാനാഗ്രഹിച്ച അദ്ദേഹത്തെ ക്ഷേത്രത്തിന്‍റെ ചുമതലക്കാര്‍ തടഞ്ഞതായുള്ള ഒരു വാര്‍ത്ത പത്രത്തില്‍ വായിക്കാനിടയായിട്ടുണ്ട്. അദ്ദേഹം ഒരു ഹിന്ദുവല്ലാത്തതിന്‍റെ പേരിലാണ് അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചത്. മനുഷ്യനെ മനുഷ്യനായി കാണാത്ത ദേവാലയത്തെ വിളിക്കേണ്ടത് ദേവാലയമെന്നല്ല, കള്ളന്മാരുടെ ഗുഹയെന്നാണ്എന്ന യേശുക്രിസ്തുവിന്‍റെ പ്രസ്താവന ഓര്‍ക്കാം.

ജനീവയില്‍ ലോകസഭാകൌണ്‍സിലിന്‍റെ ആസ്ഥാനത്ത് നടത്തിയ ഒരു പ്രഭാഷണത്തില്‍ പൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ ഇപ്രകാരം പ്രസ്താവിച്ചു: "ഇന്‍ഡ്യയില്‍ ക്രിസ്ത്യാനി എന്ന പേരിനു അര്‍ഹനായ ഒരാളെ മാത്രമേ എനിക്കറിയാവൂ; അത് ഒരു അക്രൈസ്തവനാണ്.” ആരെയും ചിന്തിപ്പിക്കുന്നതാണ് ഈ പ്രസ്താവന. മഹാത്മാഗാന്ധിയെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ജന്മം കൊണ്ട് ഗാന്ധി ക്രിസ്ത്യാനിയല്ലായിരുന്നു. എന്നാല്‍ അദ്ദേഹം ക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ സ്വായത്തമാക്കുകയും തന്‍റെ ജീവിതത്തില്‍ ക്രിസ്തുവിനെ മാതൃകയാക്കുകയും ചെയ്തു. ഇന്‍ഡ്യയിലെ ഒരു ക്രിസ്ത്യന്‍ ബിഷപ്പാണ് ഈ പ്രസ്താവന നടത്തുന്നത് എന്നോര്‍ക്കണം. താന്‍ പോലും ക്രിസ്ത്യാനി എന്ന പേരിനു അര്‍ഹനാണെന്ന് അദ്ദേഹം ചിന്തിക്കുന്നില്ല. ഗാന്ധി എപ്രകാരം ക്രിസ്തുവിനെ മാതൃകയാക്കി എന്നു വിശദമാക്കുവാന്‍ വേണ്ടി അദ്ദേഹം പറഞ്ഞു: “ഹിന്ദു-മുസ്ലീം ലഹള നടക്കുമ്പോള്‍ ഗാന്ധി ഹിന്ദുക്കളെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: നോക്കൂ ഞാനൊരു മുസ്ലീമാണ്. നിങ്ങള്ക്ക് വേണമെങ്കില്‍ എന്നോ കൊന്നോളൂ! പകരം എന്‍റെ സഹോദരങ്ങളെ വെറുതെ വിടൂ. അതുപോലെ മുസ്ലീങ്ങളെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: നോക്കൂ, ഞാനൊരു ഹിന്ദുവാണ്; നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കൊന്നോളൂ, പകരം എന്‍റെ സഹോദരങ്ങളെ വെറുതെ വിടൂ!”

നമ്മുടെ ചോദ്യത്തിലേക്ക് മടങ്ങി വരാം: ആരാണ് ക്രിസ്ത്യാനി? നിങ്ങള്‍ ഏത് സമുദായത്തില്‍ ജനിച്ചതായിക്കോട്ടെ. ജന്മം കൊണ്ട് നിങ്ങള്‍ ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനിയോ ആയിക്കോട്ടെ. നിങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ മനസുണ്ടാകുമെങ്കില്‍, ക്രിസ്തുവിനെപ്പോലെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാമെങ്കില്‍ നിങ്ങള്‍ ക്രിസ്ത്യാനിയാണ്.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും