മനസ്സൊന്നു തിരിക്കാം

പുതുതായെന്തും മനുഷ്യമനസ്സ് സ്വീകരിക്കുന്നത് ബോധമനസ്സ് കൊണ്ടാണ്. ഒരു പുതിയ ആശയം സ്വീകരിക്കുന്നതും ബോധമനസ്സ് കൊണ്ടാണ്. ആ ആശയത്തെ പരിചയപ്പെട്ടു കഴിയുമ്പോള്‍ അത് ഉപബോധമനസ്സ് ഏറ്റെടുക്കുന്നു. അപ്പോഴാണ് ആ ആശയം സ്വന്തമായിത്തീരുന്നതും അതിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ ജീവിതം വ്യത്യാസപ്പെടുന്നതും. നിങ്ങള്‍ വീട്ടിന്‍റെ വരാന്തയില്‍ ഇരിക്കുമ്പോള്‍ ചിലര്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്നു എന്നു സങ്കല്‍പ്പിക്കുക. ചിലര്‍ പതിവായി വരുന്നവരാണ്. പാല് കൊണ്ട് വരുന്നയാള്‍, പത്രം കൊണ്ട് വരുന്നയാള്‍ എന്നിങ്ങനെ. എന്നാല്‍ ഒരാള്‍ പതിവായി വരുന്നയാളല്ല. നിങ്ങള്‍ക്ക് ഒരേ സമയം എല്ലാവരെയും ശ്രദ്ധിക്കാന്‍ സാധിക്കില്ല. അതുകൊണ്ടു പരിചിതരായ ആളുകളെ ഉപബോധമനസ്സിന് വിട്ടുകൊടുത്തിട്ട് ബോധമനസ്സ് പുതിയ ആളെ ശ്രദ്ധിക്കുന്നു. പുതിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുകയാണ് ബോധമനസ്സിന്‍റെ രീതി. ബോധമനസ്സിനെ പ്രോഗ്രാം ചെയ്തിരിക്കുന്നത് അങ്ങനെയാണ്.

കുഞ്ഞിനു അമ്മ സ്പൂണ്‍ കൊണ്ട് ആഹാരം കോരിക്കൊടുക്കുന്നു എന്നു സങ്കല്‍പ്പിക്കുക. സ്പൂണിന്‍റെ നേരെ വായ് തിരിക്കുകയും വായ് തുറക്കുകയും ചെയ്താലേ ആഹാരം വായ്ക്കുള്ളില്‍ പോകൂ. മനുഷ്യമനസ്സ് അതുപോലെയാണ്. ഒരു പുതിയ ആശയത്തിന്‍റെ നേരെ തിരിഞ്ഞു ശ്രദ്ധിക്കുകയും മനസ്സ് തുറക്കുകയും ചെയ്താലേ ആ ആശയം മനസ്സില്‍ ആകൂ. ഒരു ആശയം പരിചിതമാണെന്ന് തോന്നിയാല്‍ അങ്ങോട്ട് ശ്രദ്ധ തിരിക്കുകയില്ല, ആശയം പുതുതല്ലെന്ന് തോന്നിയാല്‍ മനസ്സ് തുറക്കുകയുമില്ല.

ഉപബോധമനസ്സ് യാന്ത്രികമാണ്. പരിചമുള്ള കാര്യങ്ങള്‍ പതിവുള്ളപോലെ യാന്ത്രികമായി ചെയ്യുന്നതാണ് അതിന്‍റെ രീതി. ഒരു പുതിയ കാര്യം മനസിലാക്കാനോ ചെയ്യാനോ ഉള്ള കഴിവ് അതിനില്ല. ദേവാലയത്തിലെ നമ്മുടെ ആരാധന യാന്ത്രികമായിപ്പോകുന്നതില്‍ അതിശയമില്ല. ഒരേ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും പതിവായി പതിവായ വിധത്തില്‍ ചൊല്ലുമ്പോള്‍ ബോധമനസ്സിന് അതില്‍ എന്തെങ്കിലും പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. അതുകൊണ്ടാണ് അനേക തവണ ശുശ്രൂഷകന്‍ നന്നായി ശ്രദ്ധാപൂര്‍വം നില്‍ക്കണമെന്ന് നിര്‍ദേശം നല്‍കുന്നത്. എന്നാല്‍ പതിവായി കേള്‍ക്കുന്ന ആ നിര്‍ദേശവും ബോധമനസ്സ് ശ്രദ്ധിക്കുന്നില്ല.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ അദ്ധ്യാപകനെ ശ്രദ്ധിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഒരേ അദ്ധ്യാപകന്‍ ഒരേ വിഷയം ഒരേ സമയത്ത് ഒരേ വിധത്തില്‍ പഠിപ്പിക്കുമ്പോള്‍ അദ്ധ്യാപകന്‍ നല്‍കുന്ന പുതിയ അറിവില്‍ വേണ്ടവണം ശ്രദ്ധിക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയാതെ പോകുന്നു. പതിവായി ഇടവകജനത്തോട് പതിവുള്ള രീതിയില്‍ പതിവ് വിഷയങ്ങള്‍ പ്രസംഗിക്കുന്ന ഒരു വൈദികനെ ശ്രദ്ധിക്കുവാന്‍ ജനത്തിന് വളരെ പ്രയാസമാണ്. അദ്ധ്യാപകര്‍ക്കും വൈദികര്‍ക്കും ഇത് ഒരു വെല്ലുവിളിയാണ്. കേള്‍വിക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും പുതിയ വിവരങ്ങളും ആശയങ്ങളും അവരുടെ മനസില്‍ നിക്ഷേപിക്കാനും കഴിയുന്നില്ലെങ്കില്‍ അവരുടെ പഠിപ്പിക്കലും പ്രസംഗവും വ്യര്‍ഥമാകും.

യേശുതമ്പുരാന്‍ ഈ വെല്ലുവിളി എങ്ങനെ നേരിട്ടു എന്ന് മനസ്സിലാക്കുന്നത് ഇന്നത്തെ വൈദികര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയോജനപ്പെടും. വിതക്കുന്നവന്‍റെ ഉപമ എന്ന പ്രസിദ്ധമായ കഥയില്‍ യേശുതമ്പുരാന്‍ ഈ പ്രശ്നത്തെ അപഗ്രഥിക്കുന്നുണ്ട്. ഒരേ കര്‍ഷകന്‍ ഒരേതരം വിത്ത് വിതയ്ക്കുന്നു; എന്നാല്‍ അവ വീഴുന്നത് പലതരം നിലങ്ങളിലാണ്. ചില പുതിയ ചിന്തകള്‍ മനുഷ്യമനസ്സുകളില്‍ പാകാന്‍ ശ്രമിക്കുന്ന ഒരു കര്‍ഷകനായാണ് യേശുതമ്പുരാന്‍ സ്വയം കണ്ടത്. മനുഷ്യമനസ്സുകള്‍ പലതരമുണ്ട്. ചിലത് പാറപോലെയാണ്. എല്ലാം അറിയാം എന്നാണവരുടെ ഭാവം. പുതുതായി ഒരു ആശയത്തിനും അവരുടെ മനസിലേക്ക് പ്രവേശനമില്ല. ചില മനസ്സുകള്‍ നിറയെ ഭയങ്ങളും വ്യാകുലതകളുമാകുന്ന മുള്ളുകളാണ്. അങ്ങനെയുള്ള മനസ്സുകളില്‍ വല്ല ആശയവും വീണാലും അവയ്ക്കു അധികം ആയുസ്സുണ്ടാവില്ല. കുറച്ചു മനസ്സുകള്‍ നല്ല നിലം പോലെയാണ്. അവ പുതിയ ആശയങ്ങളെ സസന്തോഷം സ്വീകരിക്കുകയും, അവ അവിടെ വളര്‍ന്ന് വരികയും ചെയ്യുന്നു.

ഒരു പുതിയ ആശയം മനുഷ്യമനസ്സുകള്‍ സ്വീകരിക്കാതിരിക്കുന്നതിന് രണ്ടു കാരണങ്ങള്‍ യേശുതമ്പുരാന്‍ തിരിച്ചറിഞ്ഞു എന്ന് കരുതാം. ഒന്ന്, ആ ആശയം തീരെ പരിചിതമല്ല. രണ്ട്, ആ ആശയം വളരെ പരിചിതമാണ്.

തീരെ പരിചിതമല്ലാത്ത ഒരാശയം ഉള്‍ക്കൊള്ളുവാന്‍ മനുഷ്യമനസ്സിനാവില്ല. നിലവിലുള്ള എന്തെങ്കിലും അറിവിനോടു ബന്ധപ്പെടുത്തി മാത്രമേ പുതുതായി എന്തെങ്കിലും പഠിക്കുവാന്‍ മനുഷ്യമനസ്സിന് സാധിക്കൂ. ഇത് മനസ്സിലാക്കിയിട്ടാണ് യേശുതമ്പുരാന്‍ ഉപമകളും ദൃഷ്ടാന്തകഥകളും ഉപയോഗിച്ചത്. സ്വര്‍ഗരാജ്യത്തെ കടുകുമണിയോടും, യീസ്റ്റിനോടും, മീന്‍വലയോടും മറ്റും ഉപമിച്ചത് അതുകൊണ്ടാണ്.

വളരെ പരിചിതമായ ഒരു വിഷയം പരിചയമുള്ള ഒരാളില്‍ നിന്നു പരിചിതമായ വിധത്തില്‍ കേള്‍ക്കുമ്പോള്‍ അത് ശ്രധിക്കാന്‍ പ്രയാസമാണ്. ബോധമനസ്സ് അത് ഉപബോധമനസ്സിന് വിട്ടുകൊടുക്കും. ഈ പ്രശ്നത്തെ യേശുതമ്പുരാന്‍ അതിജീവിച്ചത് കേള്‍വിക്കാര്‍ക്ക് ഒരു ഷോക്ക് (ഞെട്ടല്‍) നല്‍കിക്കൊണ്ടാണ്. സാധാരണ കാര്യങ്ങള്‍ കേട്ടു തഴമ്പിച്ച അവരുടെ കാതുകളില്‍ ചിലപ്പോള്‍ യേശുതമ്പുരാന്‍റെ അസാധാരണ വാക്കുകള്‍ വന്നലച്ചു. സാധാരണ കാഴ്ചകള്‍ കണ്ടു തഴമ്പിച്ച അവരുടെ കണ്ണുകള്‍ക്ക് യേശുതമ്പുരാന്‍ ചില അസാധാരണ കാഴ്ചകള്‍ കാണിച്ചുകൊടുത്തു. ഈ അസാധാരണ കേഴ്വികളും കാഴ്ചകളും അവരുടെ ശ്രദ്ധ പിടിച്ചെടുത്തു. പാറ പോലെയുള്ള അവരുടെ മനസ്സുകളില്‍ അവ ഒരു വിടവുണ്ടാക്കി.

എന്‍റെ രക്തം കുടിക്കുന്നവര്‍ക്ക് ജീവനുണ്ടാകും എന്ന് യേശുതമ്പുരാന്‍ പറഞ്ഞത് കേള്‍വിക്കാര്‍ക്ക് വല്ലാത്ത ഒരു ഷോക്ക് ഉണ്ടാക്കിയെന്ന് യോഹന്നാന്‍ ശീഹാ എഴുതുന്നു. ഇത് കഠിനമായ വാക്ക് എന്ന് അവരില്‍ ചിലര്‍ പറഞ്ഞു. ചിലര്‍ യേശുവിനെ വിട്ടുപോകുകയും ചെയ്തു. (യോഹ 6) രക്തം കുടിക്കുക എന്നത് യഹൂദര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്ന ഒരു കാര്യമായിരുന്നില്ല. ജീവന്‍റെ ഇരിപ്പിടം രക്തമാകയാല്‍ രക്തം കളഞ്ഞിട്ടു മാത്രമേ മാസം ഭക്ഷിക്കാവൂ എന്ന് ന്യായപ്രമാണത്തില്‍ കര്‍ശനമായി പറഞ്ഞിട്ടുണ്ട്. (ലേവ്യ 17). ഗോതമ്പിനോടൊപ്പം കളയും വളരാന്‍ അനുവദിക്കുന്ന കര്‍ഷകന്‍, പതിനൊന്നാം മണിക്ക് ജോലിക്കെത്തിയ ആള്‍ക്കും രാവിലെ വന്ന ആളെപ്പോലെ ശമ്പളം നല്‍കുന്ന യജമാനന്‍, മുറിവേറ്റുകിടക്കുന്ന സ്വജാതിക്കാരനെ കണ്ടിട്ടു മാറിക്കടന്നുപോകുന്ന പുരോഹിതന്‍-– ഈ അസാധാരണ കഥകളെല്ലാം ജനഹൃദയങ്ങളെ ഞെട്ടിച്ചു. യേശുതമ്പുരാന്‍ പറഞ്ഞ മറ്റ് ഉപമകള്‍ ഇത്രയും ഷോക്ക് ഉണ്ടാക്കുന്നതല്ലെങ്കിലും അവ അസാധാരണമായിരുന്നു.

യേശുതമ്പുരാന്‍റെ വാക്കുകള്‍ മാത്രമല്ല, ചില പ്രവര്‍ത്തികളും ഞെട്ടലുണ്ടാക്കുന്നവയായിരുന്നു. ഒരു വൃക്ഷത്തെ ശപിച്ചതും, വെള്ളം വീഞ്ഞാക്കിയതും ഒരാള്‍ക്കുള്ള ആഹാരം കൊണ്ട് ആയിരക്കണക്കിനാളുകള്‍ക്ക് ആഹാരം നല്‍കിയതും മരിച്ചവരെ ഉയര്‍പ്പിച്ചതും മറ്റും കാഴ്ചക്കാര്‍ക്ക് ഞെട്ടലുണ്ടാക്കി. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതും, ദേവാലയത്തില്‍ നിന്നു കച്ചവടക്കാരെ പുറത്താക്കിയതും അത്തരം സംഭവങ്ങളായിരുന്നു. ഈ സംഭവങ്ങള്‍ ഉണ്ടാക്കുന്ന ഞെട്ടലിലൂടെ ചില നവാശയങ്ങള്‍ മനുഷ്യരുടെ മനസ്സുകളില്‍ സന്നിവേശിപ്പിക്കാനാണ് അവിടുന്നു ശ്രമിച്ചത്.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും