മനസ്സൊന്നു തുറക്കാം

ഫ്രഞ്ച് സാഹിത്യകാരനായ മോപ്പസാങ്ങിന്‍റെ പ്രസിദ്ധമായ ഒരു കഥയുണ്ട്.
 
മാല എന്നാണ് അതിന്‍റെ പേര്. വിവാഹം നടന്നിട്ട് അധികം ആയിട്ടില്ലാത്ത യുവദമ്പതിമാരാണ് അതിലെ കഥാപാത്രങ്ങള്‍. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ആ യുവതി തന്‍റെ കൂട്ടുകാരിയോട് ഒരു സ്വര്‍ണമാല കടം വാങ്ങി കഴുത്തിലണിയുന്നു. പാര്‍ട്ടിയൊക്കെ കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ആ മാല കഴുത്തിലില്ലെന്ന് മനസിലാക്കുന്നു. തിരികെ ഓടിപ്പോയി അന്വേഷിക്കാവുന്നിടത്തെല്ലാം മാല തിരയുന്നു. പിറ്റെന്നു രാവിലെ അതുപോലെ ഒരു മാലയന്വേഷിച്ചു ആ സ്ഥലത്തെ കടകളായ കടകളെല്ലാം കയറിയിറങ്ങുന്നു. ഒടുവില്‍ അതുപോലെ ഒന്നു കണ്ടെത്തുന്നു. വില അതിഭീമം. എന്തൊക്കെയോ ഈട് വച്ച് അതിനു വേണ്ട തുക ബാങ്കില്‍ നിന്നു കടമെടുത്തു ആ മാല വാങ്ങി കൂട്ടുകാരിക്ക് തിരികെ നല്കുന്നു. സംഭവിച്ചതൊന്നും അറിയാതെ ആ കൂട്ടുകാരി മാല തിരികെ വാങ്ങുന്നു. കടമെടുത്ത പണം തിരികെ അടയ്ക്കാന്‍ വേണ്ടി രണ്ടുപേരും ദിവസവും അധികസമയം ജോലിചെയ്യുന്നു. ഏതാണ്ട് പത്തു വര്‍ഷം കൊണ്ട് അത് തിരികെ അടയ്ക്കുന്നു. അവരുടെ കഠിനാധ്വാനം മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തെ സാരമായി ബാധിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം മാല കടം വാങ്ങിയ സുഹൃത്തിനെ വീണ്ടും കാണാനിടയാകുന്നു. ക്ഷീണിതയായ യുവതിയെ തിരിച്ചറിയാന്‍ പോലും ആ സുഹൃത്തിന് കഴിഞ്ഞില്ല. ഇതെന്തു സംഭവിച്ചു എന്നു ആശ്ചര്യത്തോടെ അന്വേഷിച്ചപ്പോള്‍ യുവതി ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചു. “അയ്യോ!" ആ സുഹൃത്ത് നിലവിളിച്ചു കൊണ്ട് പറഞ്ഞു. "ആ മാല സ്വര്‍ണമല്ലായിരുന്നു. അത് വെറും ഇമിറ്റേഷന്‍ ആയിരുന്നു”.


ഈ കഥ കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്നത് ഇതാണ്: ആ മാലയെക്കുറിച്ചുള്ള സത്യം അവര്‍ അറിഞ്ഞിരുന്നെങ്കില്‍ ദീര്‍ഘവര്‍ഷങ്ങള്‍ അവര്‍ അനുഭവിച്ച ദുഖവും വിഷമങ്ങളും ഒഴിവാക്കാന്‍ ആവുമായിരുന്നു. ഇത് ജീവിതത്തെ സംബന്ധിച്ച ഒരു പൊതുതത്വമായി എടുക്കാം. നാം അനുഭവിക്കുന്ന മിക്ക വിഷമങ്ങള്‍ക്കും കാരണം ചില സത്യങ്ങള്‍ നാം അറിയാതെ പോകുന്നതാണ്. സത്യം എന്ന് നാം ധരിച്ചിരിക്കുന്ന പല കാര്യങ്ങളും അസത്യമാകാന്‍ സാധ്യതയുണ്ട് എന്ന് നാം തിരിച്ചറിയണം. നമ്മുടെ ജീവിതത്തെക്കുറിച്ച് നമുക്ക് ഇപ്പോഴുള്ള പല ധാരണകളും സത്യമാകണമെന്നില്ല. മനുഷ്യനെക്കുറിച്ചും, നമ്മുടെ ലോകത്തെക്കുറിച്ചും, ദൈവത്തെക്കുറിച്ചും നമുക്കുള്ള ധാരണകള്‍ യാഥാര്‍ഥ്യത്തില്‍ നിന്നു വളരെ അകലെയാണെന്ന് വരാം. നാമറിയുന്ന പലതു അസത്യമാകാമെന്ന് സമ്മതിക്കാനുള്ള തുറന്ന മനസ്സ് നമ്മുടെ ഏറ്റവും വലിയ കൈമുതലാണ്. തങ്ങള്‍ക്കറിയാവുന്നതൊക്കെ സത്യമാണ് എന്ന അന്ധമായ വിശ്വാസം അടഞ്ഞ മനസ്സിന്‍റെ ലക്ഷണമാണ്.

സോക്രട്ടീസിനെക്കുറിച്ച് പ്രസിദ്ധമായ ഒരു കഥയുണ്ട്. താങ്കള്‍ ലോകത്തിലേക്കും വിജ്ഞാനിയാണ് എന്ന് ഒരു ക്ഷേത്രത്തിലെ ഭാവി പ്രവചിക്കുന്ന ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു. അവള്‍ പറഞ്ഞത് തെറ്റാണെന്നു തെളിയിക്കുവാന്‍ തന്നെക്കാള്‍ അറിവുള്ള ഒരാളെത്തേടി അദ്ദേഹം നാടെങ്ങും യാത്ര ചെയ്തു. ഒടുവില്‍ തിരിച്ചെത്തി തന്‍റെ പരാജയം സമ്മതിച്ചു. അദ്ദേഹം പറഞ്ഞു: സമ്മതിച്ചിരിക്കുന്നു. ഞാന്‍ തന്നെയാണ് ലോകത്തിലേക്കും വിജ്ഞാനി. വിജ്ഞാനികളെന്ന് അവകാശപ്പെടുന്ന ധാരാളം പേരെ ഞാന്‍ കണ്ടു മുട്ടി. ചില ചോദ്യങ്ങള്‍ അവരോടു ചോദിച്ചപ്പോള്‍ അവര്‍ക്ക് വാസ്തവത്തില്‍ അറിവില്ലെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ അറിവില്ലെന്ന കാര്യം അവര്‍ക്കറിഞ്ഞുകൂടാ. എനിക്കും അറിവില്ല. എന്നാല്‍ എനിക്കറിവില്ലെന്ന കാര്യം എനിക്കറിയാം. അതുകൊണ്ടു ഞാന്‍ തന്നെയാണ് ലോകത്തിലേക്കും വിജ്ഞാനി.


താന്‍ അവരെപ്പോലെ ഒരു വിജ്ഞാനിയല്ലെന്നും ഒരു വിജ്ഞാനസ്നേഹി മാത്രമാണെന്നും അദ്ദേഹം താഴ്മയോടെ സമ്മതിച്ചു. അങ്ങനെയാണ് philosopher എന്ന വാക്ക് പ്രചാരത്തിലായത്. (philos = സ്നേഹം, sophia = ജ്ഞാനം)


മഹാത്മാഗാന്ധി സ്വയം വിളിച്ചത് ഒരു സത്യാന്വേഷി എന്നായിരുന്നു. സത്യം തങ്ങളുടെ പോക്കറ്റിലാണെന്ന് അന്ധമായി വിശ്വസിച്ചിരുന്ന ധാരാളം പേരെ തന്‍റെ ചുറ്റുപാടും അദ്ദേഹം കണ്ടു. ഈ അന്ധവിശ്വാസത്തിന്‍റെ പേരില്‍ മനുഷ്യര്‍ കലഹിക്കുന്നതും കൊല്ലുന്നതും രക്തസാക്ഷികളാകുന്നതും വേദനയോടെ അദ്ദേഹം നോക്കിക്കണ്ടു. ഈ സാഹചര്യത്തിലാണ് തന്‍റെ പക്കല്‍ സത്യം ഇല്ലെന്നും താന്‍ ഒരു സത്യാന്വേഷി മാത്രമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. എല്ലാമതങ്ങളിലുമുള്ള നന്മകളെ അദ്ദേഹം കണ്ടറിഞ്ഞിരുന്നു. തന്‍റെ മേശപ്പുറത്ത് ഭഗവദ്ഗീതയും ഖുറാനും ബൈബിളും വച്ചിരുന്നു. എല്ലാ മതാചാര്യന്‍മാരേയും അദ്ദേഹം ആദരിച്ചിരുന്നു. എന്നാല്‍ താന്‍ ജനിച്ചുവളര്‍ന്ന സമുദായം ഉപേക്ഷിച്ചു മറ്റൊന്നിലേക്കും ചേരുവാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ഒരു ക്രിസ്ത്യാനിയാകുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച ക്രിസ്ത്യന്‍ മിഷനറി സുഹൃത്തുക്കളോട് അദ്ദേഹം ചോദിച്ചു: എന്‍റെ സ്വന്തം സമുദായം വിട്ടു ഒരു ക്രിസ്ത്യാനിയാകുവാന്‍ ഞാന്‍ തീരുമാനിക്കുന്നു എന്ന് വയ്ക്കുക. നിങ്ങളുടെ നൂറുകണക്കായ ക്രിസ്തീയസഭകളില്‍ ഏതിലാണ് ഞാന്‍ ചേരേണ്ടത്? ഈ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ലായിരുന്നു.


മനസ്സ് തുറന്നു തന്നെ സൂക്ഷിച്ചാല്‍ പുതിയ പുതിയ അവബോധങ്ങള്‍ നമുക്ക് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കും. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ദിവസവും അറിഞ്ഞുകൊണ്ടിരിക്കും. അതിന്‍റെ അര്‍ത്ഥം സമ്പൂര്‍ണമായ അറിവ് ആര്‍ക്കും ഇല്ല എന്നാണ്. എല്ലാം അറിയുന്നതു ദൈവത്തിന് മാത്രം എന്ന് പറയുന്നതിന്‍റെ അര്‍ത്ഥം അതാണ്. നമുക്കറിഞ്ഞുകൂടാത്ത പലകാര്യങ്ങളും നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് അറിയാമായിരിക്കും എന്ന് നാം ഓര്‍ക്കണം. സത്യമെന്ന് നാം വിശ്വസിച്ചിരിക്കുന്ന പല അറിവുകളും അബദ്ധങ്ങളാകാനുള്ള സാധ്യതയും വിസ്മരിച്ചുകൂടാ.

ആത്യന്തികമായ അറിവ് ദൈവത്തിന് മാത്രമാണെങ്കില്‍, നമുക്കുള്ളത് ആപേക്ഷികമായ അറിവാണ്. നിങ്ങള്‍ സത്യം അറിയുകയും അത് നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്ന് യേശുതമ്പുരാന്‍ പറഞ്ഞത് നാം ആത്യന്തികസത്യം അറിയും എന്ന അര്‍ഥത്തിലല്ല. ഇപ്പോള്‍ മനസിലുള്ള അബദ്ധമായ ഒരു ധാരണയുടെ സ്ഥാനത്ത് സത്യമായ ധാരണ വരും എന്നെ അതിനു അര്‍ഥമുള്ളൂ. തന്‍റെ പക്കല്‍ നിന്നു നഷ്ടപ്പെട്ടത് ഒരു സ്വര്‍ണ്ണമാലയാണെന്ന അബദ്ധധാരണ നിമിത്തമാണ് ആ യുവദമ്പതിമാര്‍ക്ക് ഒട്ടേറെ ദുഖിക്കേണ്ടി വന്നത്. അത് ഒരു ഇമിറ്റേഷന്‍ ആണെന്ന സത്യം അറിഞ്ഞിരുന്നെങ്കില്‍ ആ വിഷമങ്ങളില്‍ നിന്നു രക്ഷ നേടാമായിരുന്നു.


നമ്മെ ഒട്ടേറെ വേദനകളിലും വിഷമങ്ങളിലും തളച്ചിട്ടിരിക്കുന്നത് നമ്മുടെ അബദ്ധധാരകളാണ്. അങ്ങനെയുള്ള ചില ധാരണകളെ തിരുത്തുകയാണ് ഇവിടെ നമ്മുടെ ലക്ഷ്യം.
 

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും