സ്വര്‍ഗരാജ്യത്തിലെ സാമ്പത്തികവ്യവസ്ഥിതി

യേശുതമ്പുരാന്‍റെ പഠിപ്പിക്കല്‍ ശ്രദ്ധിച്ച് പഠിക്കുമ്പോള്‍ നമുക്ക് മനസിലാകും സ്വര്‍ഗരാജ്യത്തിന് നമ്മുടേതില്‍ നിന്നു തികച്ചും വ്യത്യസ്ഥമായ ഒരു സാമ്പത്തികവ്യവസ്ഥിതിയുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവിടെ ദരിദ്രര്‍ മാത്രമേയുള്ളൂ എന്നതാണ്. ധനവാന്‍മാര്‍ക്ക് അവിടെ പ്രവേശനമില്ല. ഒട്ടകത്തിന് സൂചിക്കുഴയിലൂടെ കടക്കാനാവാത്തതുപോലെ ധനവാന് സ്വര്‍ഗരാജ്യത്തില്‍ കടക്കാനാവില്ല. ദരിദ്രരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം നിങ്ങളുടേത് എന്നു യേശുതമ്പുരാന്‍ ശിഷ്യരെ നോക്കി പറഞ്ഞു.



ലാസര്‍ സ്വര്‍ഗത്തിലും ധനവാന്‍ പാതാളത്തിലും പോകുന്ന കഥ ഇതിന് അടിസ്ഥാനമായി എടുക്കാം. എന്നാല്‍ ലാസര്‍ ഇരിക്കുന്നത് അബ്രാഹാമിന്‍റെ മടിയിലാണ്. അബ്രഹാം ദരിദ്രനായിരുന്നോ? ധാരാളം ആടുമാടുകളും മറ്റും ഉണ്ടായിരുന്ന അബ്രാഹാമിനെ ഒരു ദരിദ്രനായല്ല വേദപുസ്തകത്തില്‍ നാം കാണുന്നത്. യേശുതമ്പുരാന്‍റെ പഠിപ്പിക്കല്‍ ശരിയാവണമെങ്കില്‍ അബ്രഹാം ഒരു ദരിദ്രനായിരുന്നു എന്നു സ്ഥാപിക്കേണ്ടി വരും.



ധനവാന്‍, ദരിദ്രന്‍ എന്നീ വാക്കുകള്‍ കൊണ്ട് എന്താണ് നാം അര്‍ഥമാക്കുന്നത്? കൃത്യമായ ഒരു മാനദണ്ഡം അക്കാര്യത്തില്‍ ഇല്ല എന്നതാണു സത്യം. ആപേക്ഷികമാണ് ആ പദങ്ങള്‍. ഒരു ലക്ഷം രൂപ സ്വത്തായുള്ള ഒരാളിന്‍റെ കണ്ണില്‍ പത്തു ലക്ഷം രൂപ സ്വത്തുള്ളയാള്‍ ധനവാനാണ്. എന്നാല്‍ നൂറു ലക്ഷം സ്വത്തുള്ളയാളുമായി താരതമ്യം ചെയ്തു താന്‍ ഒരു ദരിദ്രനാണെന്ന് പത്തു ലക്ഷക്കാരന്‍ കരുതും. അങ്ങനെ ഒരാള്‍ തന്നെ ധനവാനും ദരിദ്രനും ആകും.



യേശുതമ്പുരാന്‍ എങ്ങനെയാണ് ഈ വാക്കുകള്‍ മനസിലാക്കിയത് എന്നു നോക്കാം. ദൈവമാണ് വാസ്തവത്തില്‍ എല്ലാ സ്വത്തിന്‍റെയും ഉടമ. മനുഷ്യരെ തല്‍ക്കാലത്തേക്ക് കാര്യവിചാരകരായി നിയമിക്കുന്നു എന്നല്ലാതെ ആര്‍ക്കും സ്വത്തിന്‍റെ ഉടമസ്ഥാവകാശം ദൈവം നല്‍കുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ധനവാന്മാരായി മനുഷ്യരില്‍ ആരുമില്ല. എല്ലാവരും ദരിദ്രരാണ്.



എന്നാല്‍ എല്ലാവര്‍ക്കും ഈ അറിവില്ല. മിക്കവരും ധരിച്ചിരിക്കുന്നത് അവര്‍ സ്വത്തിന്‍റെ ഉടമകളാണെന്നാണ്. അങ്ങനെയുള്ളവര്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ സ്ഥാനമില്ല. തങ്ങള്‍ ദരിദ്രരാണ് എന്നു ബോധ്യമുള്ളവര്‍ മാത്രമേ സ്വര്‍ഗരാജ്യത്തിലുള്ളൂ. അങ്ങനെയുള്ളവരെ ഉദ്ദേശിച്ചാവണം മത്തായി ശ്ലീഹാ ആത്മാവില്‍ ദരിദ്രര്‍ എന്നു പറഞ്ഞത്.



അബ്രഹാം, ഇയ്യോബ് തുടങ്ങിയവരുടെ പക്കല്‍ ധാരാളം സ്വത്തുണ്ടായിരുന്നു. എന്നാല്‍ അവര്‍ ആത്മാവില്‍ ദരിദ്രരായിരുന്നു. ഉള്ളതെല്ലാം തങ്ങളുടെ സ്വന്തമെന്ന് അവര്‍ കരുതിയില്ല. ധാരാളം സ്വത്തുള്ളവരെയല്ല യേശുതമ്പുരാന്‍ ധനവാന്‍മാര്‍ എന്നു വിളിക്കുന്നത്. ഉള്ളതൊക്കെ തങ്ങളുടെ സന്തമാണ് എന്നു കരുതുന്നവരെയാണ്.



ലോകമെങ്ങുമുള്ള ക്രൈസ്തവസന്യാസത്വത്തിന്‍റെ മൂന്നു വ്രതങ്ങളിലൊന്ന് ദാരിദ്ര്യമാണ്. എന്നാല്‍ ഒരു സന്യാസാശ്രമത്തിലോ മഠത്തിലോ ചെന്നാല്‍ അവിടെ ദാരിദ്ര്യമൊന്നും കാണാന്‍ കഴിയുകയില്ല. എല്ലാവരും സുഭിക്ഷമായി ആഹാരം കഴിക്കുന്നതും നന്നായി വേഷവിധാനം ചെയ്തിരിക്കുന്നതും നല്ല കെട്ടിടത്തില്‍ താമസിക്കുന്നതും കാണാം. അപ്പോള്‍ എന്താണ് അവരുടെ ദാരിദ്ര്യം? ആര്‍ക്കും സ്വന്തമായി സ്വത്തില്ല എന്നതാണ് അവിടുത്തെ ദാരിദ്ര്യം. എല്ലാം പൊതുവകയാണ്. ഇതാണ് സ്വര്‍ഗരാജ്യത്തിന്‍റെ സാമ്പത്തികവ്യവസ്ഥിതി.



എല്ലാവര്‍ക്കും ഒരുപോലെയല്ല സ്വത്ത് കൈകാര്യം ചെയ്യാന്‍ ദൈവം നല്‍കുന്നത്. ഒരു പ്രഭു തന്‍റെ മൂന്നു ദാസരുടെ കയ്യില്‍ താലന്തുകള്‍ ഏല്‍പ്പിക്കുന്ന കഥയില്‍ ഇക്കാര്യം വ്യക്തമാണ്. അവര്‍ ദൈവം നല്‍കുന്ന സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വത്ത് ഏല്‍പ്പിക്കുകയോ ഏല്‍പ്പിക്കാതിരിക്കുകയോ ചെയ്യുന്നു. അല്‍പത്തില്‍ വിശ്വസ്തന്‍ അധികത്തില്‍ വിശ്വസ്തന്‍ എന്നതാണ് ഇവിടെ പ്രയോഗിക്കുന്ന തത്ത്വം. അഞ്ചു താലന്തു കിട്ടിയവന്‍ അത് വ്യാപാരം ചെയ്തു പത്താക്കുന്നു. വിശ്വസ്തന്‍ എന്നു കണ്ടു അയാളെ പത്തു പട്ടണങ്ങളുടെ കാര്യവിചാരകത്വം ഏല്‍പ്പിക്കുന്നു. ഒരു താലന്തു കിട്ടിയവന്‍ അത് അതുപോലെ വച്ചിരുന്നതല്ലാതെ അതുകൊണ്ടു ഒന്നും ചെയ്തില്ല. അയാള്‍ക്ക് അതും നഷ്ടപ്പെടുന്നു.



ഒരു താലന്തു കിട്ടിയവന്‍ ഒരുപക്ഷേ മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തിക്കാണും. മറ്റുള്ളവര്‍ക്ക് നല്‍കിയതിനെക്കാള്‍ കുറഞ്ഞ തുക എന്തുകൊണ്ട് തനിക്ക് നല്കി എന്നു അവന്‍ പരാതി പറഞ്ഞു കാണും. ഈ നെഗറ്റീവ് ആയ മനോഭാവം നിരുത്തരവാദപരമായ പെരുമാറ്റത്തിലേക്ക് അവനെ നയിക്കുന്നു.



ഓരോരുത്തര്‍ക്കും അവരുടെ ആവശ്യമനുസരിച്ച് എന്നൊരു തത്വമുണ്ട്. എല്ലാ മനുഷ്യര്‍ക്കും അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയണം. കഴിക്കാന്‍ ആഹാരവും ഉടുക്കാന്‍ വസ്ത്രവും കിടക്കാന്‍ ഒരിടവും ഇല്ലാഞ്ഞാല്‍ ജീവിതം തന്നെ അസാധ്യമാകും. അത്തരം ദാരിദ്ര്യത്തിലേക്ക് മനുഷ്യനെ തള്ളിത്താഴ്ത്തുന്ന ഒരു സാമ്പത്തികവ്യവസ്ഥിതി ഒരു സമൂഹത്തിനും നല്ലതല്ല. അതുകൊണ്ടു എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ട് എന്നു ഉറപ്പ് വരുത്തുന്നത് ഏതൊരു സമൂഹത്തിന്‍റെയും ചുമതലയാണ്.



ഒരു ശരീരവും അതിന്‍റെ അവയവങ്ങളും പോലെയാണ് ഒരു സമൂഹവും അതിന്‍റെ അംഗങ്ങളായ വ്യക്തികളും എന്നു കരുതാവുന്നതാണ്. എല്ലാ അവയവങ്ങള്‍ക്കും വേണ്ട ഊര്‍ജം രക്തത്തിലൂടെ എല്ലായിടത്തും എപ്പോഴും എത്തുന്നുണ്ട്. അതിനു പകരമായി ഓരോ അവയവവും അതിനാല്‍ കഴിയുന്ന സേവനം ശരീരത്തിന്‍റെ പൊതുനന്മയ്ക്കായി ചെയ്യുന്നുണ്ട്. അതുപോലെ എല്ലാവരും സമൂഹത്തിന്‍റെ പൊതുനന്‍മക്കായി തങ്ങളാല്‍ ആവുന്നത് ചെയ്യാന്‍ ഉത്തരവാദപ്പെട്ടവരാണ്. മറ്റുള്ളവരെ സേവിക്കാതെ മറ്റുള്ളവരുടെ സേവനം പറ്റുന്നവര്‍ പരാശ്രയജീവികളാണ് (parasites). നമുക്ക് വേണ്ടത് പരസ്പരാശ്രയമാണ്. പരാശ്രയം ഒരു സമൂഹത്തിനും നല്ലതല്ല.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും