രക്ഷയുടെ സദ്വാര്‍ത്ത

ദുഖം മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനയാഥാര്‍ഥ്യമാണ്. ജീവിതം വ്യക്തികളുടെയായാലും സമൂഹത്തിന്‍റെയായാലും മനുഷ്യവര്‍ഗത്തിന്‍റേതായാലും ഇത് സത്യമാണ്. ദുഖത്തില്‍ നിന്നു ആര്‍ക്കും മോചനമില്ല. കാരണങ്ങള്‍ പലതാകാം. പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, മനോവൈകല്യങ്ങള്‍, അംഗവൈകല്യങ്ങള്‍ ഇങ്ങനെ നിയന്ത്രണാതീത കാരണങ്ങള്‍ പലതും കാണും. ഇനിയും മനുഷ്യനു നിയന്ത്രണാധീനമായിട്ടില്ലാത്ത രോഗങ്ങള്‍, മാനസികസംഘര്‍ഷങ്ങള്‍, മനുഷ്യബന്ധങ്ങളിലെ പ്രശ്നങ്ങള്‍, വിരസത എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍ ദുഖത്തിന്‍റെ പിന്നിലുണ്ട്. മരണത്തോട് മല്ലടിച്ചാണ് മനുഷ്യന്‍ എപ്പോഴും ജീവിക്കുന്നതു. എത്ര മല്ലടിച്ചാലും ഒടുവില്‍ നിനച്ചിരിക്കാത്ത നേരത്ത് മരണത്തിന് കീഴടങ്ങേണ്ടി വരുന്നു. എങ്കില്‍ എന്തിനാണ് ഇത്ര കഷ്ടപ്പെട്ടു ജീവിക്കുന്നതു? ഈ ചോദ്യം ഉയര്‍ത്തുന്ന അര്‍ഥരാഹിത്യത്തിന്‍റെ വെല്ലുവിളി ജീവിക്കുവാനുള്ള ഇച്ഛാശക്തിയെ കെടുത്തിക്കളയുന്നു.
 
ജീവിക്കുവാനുള്ള ശക്തമായ ആശ ദുഖത്തെയും അര്‍ഥരാഹിത്യത്തെയും അതിജീവിക്കുവാന്‍ ഒരളവു വരെ മനുഷ്യനെ പ്രചോദിപ്പിക്കുന്നു. അര്‍ഥരാഹിത്യത്തിന്‍റെ കൂരിരുട്ടില്‍ ചിലപ്പോള്‍ ചില മഹാത്മാക്കള്‍ ഒരു ദീപം ഉയര്‍ത്തിക്കാട്ടുന്നു. എങ്ങനെ ദുഖത്തെ അതിജീവിക്കാം, എങ്ങനെ ജീവിതത്തിനു അര്‍ത്ഥം കണ്ടെത്താം എന്നീ ചോദ്യങ്ങളുടെ ഉത്തരത്തിന്‍റെ രൂപത്തിലാണ് വെളിച്ചം പ്രത്യക്ഷമാകുന്നത്. അതിന്‍റെ ചുറ്റും ഓടിക്കൂടുന്ന ആളുകള്‍ ദീപം അണഞ്ഞാലും അതിന്‍റെ ഓര്‍മ്മയില്‍ കൂടി നില്ക്കുന്നു. അവര്‍ കണ്ട പ്രകാശം പുനര്‍സൃഷ്ടിക്കാനും അതിന്‍റെ അരണ്ട വെളിച്ചത്തില്‍ ജീവിതത്തിനു അര്‍ത്ഥം കണ്ടെത്താനും ശ്രമിക്കുന്നു. അങ്ങനെയുള്ള ഒരാളെപ്പറ്റി ഒരിക്കല്‍ യേശുതമ്പുരാന്‍ ഇങ്ങനെ അരുളി: യോഹന്നാന്‍ കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു. അതിന്‍റെ പ്രകാശത്തില്‍ അല്‍പ്പകാലം ആഹ്ലാദിക്കുവാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തു. (യോഹ. 5:35)
 
ദുഖമില്ലാത്ത ഒരു ലോകത്തെ സങ്കല്‍പ്പിക്കലാണ് ആദ്യപടി. അതിനെ ഒരു സ്കെയില്‍ ആയി ഉപയോഗിച്ചുകൊണ്ടു നമ്മുടെ ജീവിതത്തിലെ ദുഖത്തിന്‍റെ കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും കണ്ടെത്തുവാന്‍ ശ്രമിക്കലാണ് അടുത്ത പടി. നമ്മുടെ ലോകത്തെ ദുഖമില്ലാത്ത ലോകത്തിന്‍റെ തലത്തിലേക്ക് ഉയര്‍ത്തുവാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടെത്തലാണ് അടുത്ത പടി.
ദുഖമില്ലാത്ത ലോകത്തെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പം ഇന്നുള്ളതുപോലെ യേശുതമ്പുരാന്‍റെ കാലത്തും നിലവിലുണ്ടായിരുന്നു. സ്വര്‍ഗം എന്നാണ് അത് അറിയപ്പെട്ടത്. എന്തുകൊണ്ടാണ് അവിടെ ദുഖമില്ലാത്തത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നിലവിലില്ലായിരുന്നു. അതുകൊണ്ടു എങ്ങനെ ഭൂമിയെ സ്വര്‍ഗസമാനമാക്കാം എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ലായിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് യേശുതമ്പുരാന്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്കി.
അതുകൊണ്ടു ഭൂമിയെ സ്വര്‍ഗമാക്കുവാന്‍ കഴിയുന്ന പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
 
സ്വര്‍ഗത്തില്‍ ദൈവേഷ്ടം നടക്കുന്നു. സ്വര്‍ഗനിവാസികളെല്ലാം ദൈവത്തെ അനുസരിക്കുന്നു. അതുകൊണ്ടാണ് അവിടെ ദുഖമില്ലാത്തത്. ഭൂമിയിലും ദൈവേഷ്ടം നടന്നാല്‍ ഭൂമിയും സ്വര്‍ഗസമാനമാകും. ഇതാണ് യേശുതമ്പുരാന്‍ നിര്‍ദ്ദേശിച്ച പരിഹാരം. ദൈവമേ, അങ്ങയുടെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും നടക്കണമേ എന്നു പ്രാര്‍ഥിക്കുവാന്‍ അവിടുന്നു പഠിപ്പിച്ചു.
സ്വര്‍ഗസ്ഥപിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരാണ് സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നത് എന്നു അവിടുന്നു അരുളി. യേശുവിനെ കര്‍ത്താവേ എന്നു വിളിക്കുന്നത് അതിനു പകരമാവില്ല എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (മത്താ 7:21). സ്വര്‍ഗസ്ഥപിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരാരോ അവരാണ് തന്‍റെ സഹോദരങ്ങള്‍ എന്നും അവിടുന്നു കല്‍പ്പിച്ചു. (മത്താ. 12:50). യേശുവിനെ കര്‍ത്താവ് എന്നും ദൈവം എന്നും വിളിക്കുന്ന ധാരാളം നാമധേയ ക്രിസ്ത്യാനികള്‍ ഇന്നും ഉണ്ട്. എന്നാല്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നതിന് അത് ഒരു മാനദണ്ഡമേ അല്ല എന്നു അവിടുന്നു അരുളിച്ചെയ്തു.
 
സ്വര്‍ഗരാജ്യവും ദൈവരാജ്യവും പര്യായപദങ്ങളാണ്. എവിടെ ദൈവം രാജാവായി അംഗീകരിക്കപ്പെടുമോ അവിടം സ്വര്‍ഗമാണ്. ദൈവത്തെ രാജാവായി അംഗീകരിക്കുക എന്നു പറഞ്ഞാല്‍ ദൈവേഷ്ടം ചെയ്യുക എന്നര്‍ഥം. ഒരു രാജ്യത്തിന് വേണ്ട നിയമങ്ങള്‍ നിര്‍മിക്കുകയും അവ നടപ്പിലാക്കുകയുമാണ് ഒരു രാജാവിന്‍റെ പ്രധാന ചുമതല.
സ്വര്‍ഗത്തിലെ ജീവിതം സ്വര്‍ഗീയജീവിതമാണ്. ജീവന്‍, നിത്യജീവന്‍ എന്നിങ്ങനെ തര്‍ജമ ചെയ്തിരിക്കുന്ന zoe എന്ന ഗ്രീക്കു പദത്തിന്‍റെ അര്ത്ഥം സ്വര്‍ഗീയ ജീവിതം എന്നാകുന്നു. Bios എന്ന ഗ്രീക്കു പദം എല്ലാ ജീവികള്‍ക്കുമുള്ള ജീവന്‍, ജീവിതം എന്നിവയെക്കുറിക്കുന്നതാണ്. നിത്യജീവന്‍ പ്രാപിക്കേണ്ടതിന് എന്തു ചെയ്യണം എന്ന ഒരാളുടെ ചോദ്യത്തിന് മറുപടിയായി യേശുതമ്പുരാന്‍ പറഞ്ഞു: ദൈവകല്‍പനകള്‍ പാലിക്കുക. (മത്താ 18:18).
 
ഈ ആശയം നന്നായി മനസിലാക്കിക്കൊടുക്കുന്നതിന് പലതരം ഉപമകള്‍ അവിടുന്നു ഉപയോഗിക്കുകയുണ്ടായി. സാധാരണ ജീവന്‍ (bios) നിലനിര്‍ത്തുന്നത് സാധാരണ ആഹാരമാണ്. സ്വര്‍ഗീയ ജീവന്‍ (zoe) നിലനിര്‍ത്തുന്നത് ദൈവത്തെ അനുസരിക്കുക എന്ന ആഹാരമാണ്.
എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്യുന്നതാണ് എന്‍റെ ആഹാരം – യേശുതമ്പുരാന്‍ ഒരിക്കല്‍ പറഞ്ഞു. (യോഹ. 4:34). ജീവന്‍ എന്തുമാത്രം ആഹാരത്തെ ആശ്രയിച്ചിരിക്കുന്നുവോ അത്രമാത്രം സ്വര്‍ഗീയജീവന്‍ ദൈവത്തെ അനുസരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. കല്ല് അപ്പമാക്കുവാന്‍ പരീക്ഷിച്ച സാത്താനെ യേശുതമ്പുരാന്‍ മറ്റൊരു ജീവനെക്കുറിച്ചും അതിനെ നിലനിര്‍ത്തുന്ന മറ്റൊരു അപ്പത്തെക്കുറിച്ചും ഓര്‍മിപ്പിച്ചു.
 
ക്രമം ലോകത്തിന്‍റെ നിലനില്‍പ്പിന്‍റെ പരമപ്രധാനമായ വ്യവസ്ഥയാകുന്നു. ക്രമരാഹിത്യം നാശത്തിലേക്ക് നയിക്കുന്നു. ലോകസൃഷ്ടാവ് നിശ്ചയിച്ചിരിക്കുന്ന നിയമങ്ങളാണ് ക്രമത്തെ നിലനിര്‍ത്തുന്നത്. ലോകസൃഷ്ടാവിന്‍റെ നിയമങ്ങള്‍ക്ക് മനുഷ്യന്‍ കീഴ്പ്പെടാത്തതാണ് മനുഷ്യജീവിതത്തെ നരകസമാനമാക്കിയിരിക്കുന്നത്. മനുഷ്യന്‍ മനസോടെ ദൈവനിയമങ്ങള്‍ അനുസരിക്കുമ്പോള്‍ ലോകത്തില്‍ സ്വര്‍ഗസമാനമായ ജീവിതം ഉണ്ടാകും. ദൈവം ലോകത്തിന് ക്രമം നല്‍കുന്ന ചിത്രമാണ് ഉല്‍പത്തി ഒന്നാം അദ്ധ്യായത്തില്‍. മനുഷ്യന്‍ ദൈവനിയമങ്ങള്‍ക്ക് കീഴ്പ്പെടാതെ ക്രമരാഹിത്യം സൃഷ്ടിക്കുകയും ജീവിതത്തെ നരകസമാനമാക്കുകയും ചെയ്യുന്നതിന്‍റെ ചിത്രമാണ് അടുത്ത രണ്ടദ്ധ്യായങ്ങളില്‍.
 
ദൈവനിയമങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല എന്നു യേശുതമ്പുരാന്‍ അനുശാസിക്കുന്നു. ദൈവനിയമങ്ങള്‍ ലംഘിക്കുന്നതിന് നമ്മുടെ ശരീരത്തിലെ ഒരു അവയവം കാരണമാകുന്നെങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളയുന്നതാണ് നല്ലത് എന്നു അവിടുന്നു ഉപദേശിച്ചു. "രണ്ടു കാലുള്ളവനായി നരകത്തില്‍ ഏറിയപ്പെടുന്നതിനെക്കാള്‍ ഒറ്റക്കാലനായി ജീവനില്‍ കടക്കുന്നത് നല്ലത്.” മര്‍ക്കോ. 9:46. ഒരാളെ മഠയാ എന്നും ഭോഷാ എന്നും വിളിക്കുന്നതും അയാളോട് കോപിക്കുന്നതും അയാളെ കൊല്ലുന്നതിന് തുല്യമാണെന്ന് യേശുതമ്പുരാന്‍ പഠിപ്പിച്ചു. (മത്താ 5: 21-24)
 
മനുഷ്യന്‍ എന്തുകൊണ്ട് ദൈവനിയമങ്ങള്‍ക്ക് കീഴ്പ്പെടുന്നില്ല എന്നതാണു അടുത്തതായി ച്ന്താവിഷയമാക്കുന്ന ചോദ്യം. നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു രാജാവു പോലെയാണ് ദൈവം എന്ന തെറ്റിദ്ധാരണയാണ് അതിന്‍റെ പിന്നില്‍. ദൈവം ഒരു പിതാവ് പോലെയാണെന്ന് യേശുതമ്പുരാന്‍ പഠിപ്പിച്ചതിന്‍റെ പ്രസക്തി അതാണ്. ദൈവം ലോകത്തിന് നിയമനിര്‍മ്മാതാവായ രാജാവാണെങ്കിലും മനുഷ്യര്‍ക്ക് അവിടുന്നു പിതാവായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ഈ സങ്കല്‍പ്പം മനസ്സോടെ ദൈവത്തെ അനുസരിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. മുടിയനായ പുത്രന്‍റെ കഥ, പരീശനും ചുങ്കക്കാരനും പ്രാര്‍ഥിക്കുന്ന കഥ ഇങ്ങനെ ഒട്ടേറെ കഥകളിലൂടെ ഇക്കാര്യം യേശുതമ്പുരാന്‍ വിശദമാക്കി.
 
നരകസമാനമായ ജീവിതത്തില്‍ നിന്നു സ്വര്‍ഗീയജീവിതത്തിലേക്കുള്ള മാറ്റം രക്ഷ എന്നു വിളിക്കപ്പെട്ടു. ദൈവത്തിന് കീഴ്പ്പെടാത്ത ക്രമരഹിതമായ ജീവിതത്തില്‍ നിന്നു ദൈവത്തിന് കീഴ്പ്പെടുന്ന ക്രമമുള്ള ജീവിതത്തിലേക്കുള്ള മാറ്റമാണത്. ഇപ്രകാരം സ്വര്‍ഗീയജീവിതത്തിലേക്കുള്ള മാറ്റം മനുഷ്യനു സാധ്യമാണ് എന്ന വാര്‍ത്തയാണ് സദ്വാര്‍ത്ത. പന്നികളോടൊപ്പമുള്ള ജീവിതത്തിന്‍റെ സ്ഥാനത്ത് പിതാവിനോടൊപ്പം സ്വഭവനത്തില്‍ കഴിയുന്ന മുടിയന്‍ പുത്രന്‍റെ ജീവിതമാണ് യേശുതമ്പുരാന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
 
രക്ഷയ്ക്കുള്ള മാര്‍ഗമെന്താണ്? പിതാവിനെക്കുറിച്ചുള്ള ധാരണയില്‍ മാറ്റം വന്നതുകൊണ്ടാണ് മുടിയന്‍ പുത്രന്‍ രക്ഷ പെടുന്നത്. പന്നികളുടെ ആഹാരം പോലും തനിക്ക് തരാത്ത കണ്ണില്‍ ചോരയില്ലാത്ത തന്‍റെ യജമാനനുമായി താരതമ്യപ്പെടുത്തുമ്പോള്‍ തന്‍റെ പിതാവ് എത്ര മഹാമനസ്കനാണെന്ന് അവന്‍ തിരിച്ചറിയുന്നു. ആ തിരിച്ചറിവാണു അവന് രക്ഷക്ക് കാരണമാകുന്നത്.
മനുഷ്യനു ദൈവത്തെക്കുറിച്ച് ഈ തിരിച്ചറിവുണ്ടാകണം. ദൈവമല്ലാതെ നല്ലവന്‍ ആരുമില്ല എന്നു യേശുതമ്പുരാന്‍ ആവര്‍ത്തിച്ചു പറഞ്ഞു. (മര്‍ക്കോ. 10:18). ദൈവം പ്രകാശമാകുന്നു; അവനില്‍ അന്ധകാരത്തിന്‍റെ കണിക പോലുമില്ല എന്നുള്ളത് യേശുക്രിസ്തുവില്‍ നിന്നു കേട്ട സന്ദേശമാകുന്നു എന്നു യോഹന്നാന്‍ ശ്ലീഹാ എഴുതുന്നു. (I യോഹ 1:5) ദൈവം സ്നേഹം തന്നെ എന്നും യോഹന്നാന്‍ ശ്ലീഹാ പ്രഖ്യാപിക്കുന്നു. (4:9) ദൈവമല്ലാതെ നീതിമാന്‍ ആരുമില്ല എന്നു പൌലൊസ് അപ്പൊസ്തോലന്‍ വ്യക്തമാക്കുന്നു. (റോമ 3). ദൈവം പരിശുദ്ധനാകുന്നു എന്ന മാലാഖമാരുടെ പ്രഖ്യാപനം ഇങ്ങനെയാണ് ഏശായാ പ്രവാചകന്‍ മനസിലാക്കുന്നത്. (ഏശായ 6). ദൈവത്തെക്കുറിച്ചുള്ള ഈ വിശ്വാസമാണ് മനുഷ്യനില്‍ മാനസാന്തരമുണ്ടാക്കുന്നത്.
 
തന്‍റെ പിതാവ് നല്ലവനാണെന്നും താന്‍ കുറ്റക്കാരനാണെന്നും സമ്മതിക്കുന്ന പുത്രനോടു പിതാവ് ക്ഷമിക്കുകയും അവനോടു നിരപ്പാകുകയും ചെയ്യുന്നു. എന്നാല്‍ താന്‍ നല്ലവനാണെന്നും പിതാവ് കുറ്റക്കാരനാണെന്നും പറയുന്ന മൂത്ത മകനുമായി പിതാവിന്നു നിരപ്പാകാന്‍ കഴിയുന്നില്ല. വിശ്വാസം മൂലമുള്ള നീതീകരണം എന്നു പൌലൊസ് അപ്പൊസ്തോലന്‍ വിളിക്കുന്നത് ഇതിനെയാണ് (റോമ 3). ആദം എപ്രകാരം ദൈവനിയമങ്ങള്‍ക്ക് കീഴ്പ്പെട്ടില്ല എന്നും രണ്ടാമാദാമായ ക്രിസ്തു എപ്രകാരം മരണത്തോളം ദൈവനിയമങ്ങള്‍ക്ക് കീഴ്പ്പെട്ടു എന്നും അദ്ദേഹം വിശദമാക്കുന്നു. (റോമ 5). യേശുക്രിസ്തു പഠിപ്പിച്ചതും പ്രവര്‍ത്തികമാക്കിയതുമായ ഈ ദൈവവിശ്വാസമാണ് രക്ഷയ്ക്കുള്ള മാര്‍ഗമെന്ന് അദ്ദേഹം പഠിപ്പിച്ചു.
 
സര്‍വജീവജാലങ്ങളെയും പരിപാലിക്കുക എന്ന ചുമതലയാണ് ആദമിനെ ദൈവം ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ആദം ദൈവനിയമങ്ങള്‍ക്ക് കീഴ്പ്പെടാതെ വന്നപ്പോള്‍ ദൈവവുമായുള്ള ശത്രുതയുണ്ടായത് ആദമിനു മാത്രമല്ല, ആദമിന്‍റെ ചുമതലയിലുള്ള സര്‍വസൃഷ്ടിക്കുമാണ്. രണ്ടാമാദമായ ക്രിസ്തു മരണത്തോളം ദൈവനിയമങ്ങള്‍ക്ക് കീഴ്പ്പെട്ടപ്പോള്‍ ദൈവത്തിനും സര്‍വസൃഷ്ടിക്കും ഇടയിലുള്ള ശത്രുതയാണ് നീങ്ങിയത്. (കൊലൊ. 1:19-20)

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും