Tuesday, June 30, 2015

സ്വര്‍ഗം പരത്തുക എന്ന ക്രൈസ്തവദൌത്യം

(A Sermon for Mission Sunday)

ലോകത്തിന് ജീവനും രക്ഷയും പ്രഖ്യാപിക്കുന്ന വിശുദ്ധ മത്തായി ശ്ലീഹായുടെ സുവിശേഷത്തില്‍ നിന്നു നാം ഇന്ന് ചിന്താവിഷയമാക്കുന്നത് ഒരാള്‍ക്കുള്ള ആഹാരം ഉപയോഗിച്ച് യേശുതമ്പുരാന്‍ ആയിരക്കണക്കിനാളുകള്‍ക്ക് ആഹാരം നല്കിയ സംഭവമാണ്. (മത്താ. 15: 32-39) . Mission Sunday ആയി നാം ആചരിക്കുന്ന ഈ ദിവസം ഇതിന്‍റെ പശ്ചാത്തലത്തില്‍ നമ്മുടെ ദൌത്യത്തെപ്പറ്റി വളരെ ഗൌരവമേറിയ ചില ചോദ്യങ്ങള്‍ നമുക്ക് ചിന്തിക്കേണ്ടതുണ്ട്. എന്താണ് നമ്മുടെ ദൌത്യം? എങ്ങനെ നമുക്ക് അത് നിറവേറ്റാം?


ഇന്നത്തെ കാലത്ത് ഇതുപോലൊരു സംഭവം നടന്നു എന്നു കേട്ടാല്‍ എന്താവും നമ്മുടെ പ്രതികരണം? അത് ഒരു കെട്ടുകഥയാണെന്നേ മിക്കവര്‍ക്കും തോന്നൂ. അങ്ങനെ കരുതിയവര്‍ അന്നുമുണ്ടായിരുന്നു. അങ്ങനെ ആരെങ്കിലും പറയുന്നതു കേട്ടാല്‍ നമുക്ക് അവരോടു നീരസം തോന്നേണ്ടതില്ല. അത് നമ്മുടെ സാമാന്യബുദ്ധിയുടെ വീക്ഷണമാണ്. എന്നാല്‍ ഇതേപ്പറ്റി എഴുതിയിരിക്കുന്ന നാല് സുവിശേഷകരും ഇത് ഒരു കെട്ടുകഥയാണെന്ന് കരുതുന്നില്ല. അവരോടൊപ്പം, ഇത് വാസ്തവത്തില്‍ നടന്ന ഒരു സംഭവമാണെന്ന് വിശ്വസിച്ചുകൊണ്ടു തന്നെ നമുക്ക് അതിനെ അടുത്തു ഒന്നു നോക്കിക്കാണാം.


അത് യഥാര്‍ഥത്തില്‍ നടന്നു എങ്കില്‍ പിന്നെ നമ്മുടെ മനസിലെത്തുന്നത് ഒരു സാമൂഹ്യപ്രവര്‍ത്തകന്‍റെ ചോദ്യമാണ്: ഒരാള്‍ക്ക് കഴിക്കാവുന്ന ആഹാരത്തെ ആയിരക്കണക്കിന് ആളുകള്‍ക്ക് കഴിക്കത്തക്ക വിധത്തില്‍ പെരുപ്പിച്ചത് എന്തു തരം മാജിക് ഉപയോഗിച്ചായിരിക്കും? ആ മാജിക് എന്തായിരുന്നു എന്നു മനസിലാക്കിയാല്‍ ലോകത്തിലെ പട്ടിണിക്ക് അത് ശാശ്വത പരിഹാരമാകുമല്ലോ.


രണ്ടു തവണ മാത്രമേ യേശുതമ്പുരാന്‍ ഇത് ചെയ്തുള്ളൂ. ഒരിക്കല്‍ അഞ്ചപ്പം അയ്യായിരം പേര്‍ക്കും, മറ്റൊരിക്കല്‍ ഏഴപ്പം നാലായിരം പേര്‍ക്കും നല്കി. മറ്റുള്ളവരും തന്‍റെ മാതൃക പിന്തുടര്‍ന്നു ആഹാരം ഇപ്രകാരം പെരുപ്പിച്ചു ലോകത്തിലെ പട്ടിണി പരിഹരിക്കണം എന്നൊന്നും അദ്ദേഹം കരുതിയില്ല. യേശുതമ്പുരാന്‍റെ ശിഷ്യന്മാരാരും ആ മാതൃക പിന്തുടര്‍ന്നതായി നാം കാണുന്നില്ല. ആഹാരം കൃഷിചെയ്തുണ്ടാക്കുന്നതാണ് സാധാരണ മാര്‍ഗം. അത് വിട്ടു, ആഹാരം പെരുപ്പിക്കുന്നത് ഒരു അസ്വാഭികമാര്‍ഗമാണ്.


അങ്ങനെയെങ്കില്‍ എന്തായിരുന്നു അതിന്‍റെ ഉദ്ദേശം? ഇതിനെപ്പറ്റി എഴുതിയ സുവിശേഷകര്‍ ഇത് എങ്ങനെ മനസിലാക്കി?


മോശ ഇസ്രയേല്‍ ജനത്തെ മരുഭൂമിയിലൂടെ കൊണ്ടുപോകുമ്പോള്‍, ഇതുപോലുള്ള ഒരു അസ്വാഭികമാര്‍ഗത്തിലൂടെ ജനത്തിന് ആഹാരം കൊടുത്തു. മന്ന എന്നു അവര്‍ വിളിച്ച ആഹാരം ആകാശത്തുനിന്നു പൊഴിഞ്ഞു. ഈ സംഭവത്തിന് parallel ആയാണ് യേശു എന്ന പുതിയ മോശ ജനത്തിന് പുതിയ മന്ന നല്‍കുന്നതായി സുവിശേഷകന്‍മാര്‍ അവതരിപ്പിക്കുന്നത്. പഴയ ഇസ്രയേല്‍ ദൈവം അവരെ ഏല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ നിന്നു വ്യതിചലിച്ചതുകൊണ്ടു ഒരു പുതിയ ഇസ്രായേലായി ക്രൈസ്തവസഭയെ വിളിച്ചിരിക്കുന്നു എന്നത് സുവിശേഷങ്ങളിലെ അടിസ്ഥാന ചിന്തയാണ്. ക്രൈസ്തവസഭ പുതിയ ഇസ്രായേലാണെങ്കില്‍ യേശുതമ്പുരാന്‍ പുതിയ മോശതന്നെ. അത് തെളിയിക്കാന്‍ സഹായിക്കുന്ന ഒരു സംഭവം എന്ന നിലയിലാവണം സുവിശേഷകര്‍ പ്രാധാന്യത്തോടെ ഇത് അവതരിപ്പിച്ചിരിക്കുന്നത്.


യേശുതമ്പുരാന്‍ അതിനെ അങ്ങനെ കണ്ടുവോ എന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അവിടുന്നു അതിനെ ഒരു ദൃശ്യ ദൃഷ്ടാന്തമായി (acted-out parable) ഉപയോഗിച്ചു എന്നു കരുതാം. യേശുതമ്പുരാന്‍ പഠിപ്പിച്ചത് ഉപമകളും ദൃഷ്ടാന്തകഥകളും ഉപയോഗിച്ചാണ്. പലപ്പോഴും ദൃഷ്ടാന്തകഥകളെ ദൃശ്യരൂപത്തിലാക്കുകയും ചെയ്തു. കേട്ടു മനസിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളെ ഒരു നല്ല അധ്യാപകന്‍ ഒരു visual aid ഉപയോഗിച്ച് മനസിലാക്കിക്കൊടുക്കാന്‍ ശ്രമിക്കും. പട്ടാപ്പകല്‍ ഒരു വിളക്കുമായി നടന്നു ഞാന്‍ ഒരു മനുഷ്യനെ അന്വേഷിക്കുകയാണ് എന്നു പറഞ്ഞ ഡയോജനീസ് എന്ന ഗ്രീക്കു ചിന്തകനെ ഓര്‍ക്കുക. ഒരു നുകവും തോളിലേറ്റി തെരുവിലൂടെ നടന്ന യിരമ്യാ പ്രവാചകനെ ഓര്‍ക്കുക. അതുപോലെ ഫലം കായ്ക്കാത്ത ചെടി നശിപ്പിക്കപ്പെടും എന്ന ദൃഷ്ടാന്തകഥയുടെ ദൃശ്യരൂപമായിട്ടായിരുന്നു യേശുതമ്പുരാന്‍ അത്തിയെ ശപിച്ചത് എന്നു കരുതാം. ഉത്തരവാദിത്ത്വമില്ലാത്ത കൂടിയാന്‍മാരെ പിരിച്ചുവിടുന്നതിന്‍റെ ദൃശ്യരൂപമായിട്ടാവണം യേശുതമ്പുരാന്‍ ദേവാലത്തില്‍ നിന്നു വില്‍പ്പനക്കാരെ പുറത്താക്കിയത്. വെള്ളം വീഞ്ഞാക്കിയത് മനുഷ്യനില്‍ സംഭവിക്കുന്ന പുതുജനനത്തിന്‍റെ ദൃശ്യരൂപമായിട്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് യോഹന്നാന്‍ ശീഹ അവയെ അടയാളങ്ങള്‍ എന്നു വിളിക്കുന്നത്. അതുപോലെ, യേശുതമ്പുരാന്‍ ആയിരക്കണക്കുനാളുകളെ അതിശയകരമായി തീറ്റിയത് ഒരു ഉപമയുടെ ദൃശ്യരൂപമായിട്ടായിരുന്നിരിക്കണം.

ആഹാരവും ജീവനും തമ്മില്‍ ഒരു വലിയ ബന്ധമുണ്ട്. ആഹാരം കഴിക്കാതിരുന്നാല്‍ ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമല്ല. മറ്റൊരു തരം ജീവിതത്തെക്കുറിച്ചും അതിനെ നിലനിര്‍ത്തുന്ന മറ്റൊരുതരം ആഹാരത്തെക്കുറിച്ചും യേശുതമ്പുരാന്‍ പഠിപ്പിച്ചു. കല്ലിനെ അപ്പമാകുവാന്‍ സാത്താന്‍ യേശുതമ്പുരാനെ പരീക്ഷിച്ചപ്പോള്‍ അവിടുന്നു അരുളിച്ചെയ്തു: മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്‍റെ വചനങ്ങള്‍ കൊണ്ടുമാകുന്നു. മറ്റൊരിക്കല്‍ അവിടുന്നു അരുളി: എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്യുന്നതാണ് എന്‍റെ ആഹാരം. ഞാന്‍ ജീവന്‍റെ അപ്പമാകുന്നു എന്നും അവിടുന്നു അരുളിചെയ്തു.


ജീവന്‍ അഥവാ ജീവിതം എന്ന ആശയത്തെക്കുറിക്കുന്നതിന് ഗ്രീക്കില്‍ രണ്ടു പദങ്ങളുണ്ട്: bios, zoe. എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള ജീവനും ജീവിതവുമാണ് bios എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കിയിരുന്നത് എന്നു കരുതാം. എന്നാല്‍ zoe എന്ന പദം സൂചിപ്പിക്കുന്നത് മനുഷ്യനു സാധ്യമായ ഒരു ഉയര്‍ന്ന തലത്തിലുള്ള ജീവിതത്തെക്കുറിച്ചാണ്. നിത്യജീവന്‍ എന്നു പറഞ്ഞിരിക്കുന്നതെല്ലാം zoe എന്ന പദമാണ്. രണ്ടുതരം ജീവന്‍ ഉള്ളതുപോലെ രണ്ടുതരം മരണങ്ങളുമുണ്ട്: Bios അവസാനിക്കുന്നത് സാധാരണ മരണമാണ്. zoe യുടെ അവസാനവും മരണമാണ്.


Bios -നെ നിലനിര്‍ത്തുന്നത് സാധാരണ ആഹാരമാണെങ്കില്‍, zoe -യെ നിലനിര്‍ത്തുന്നത് ദൈവത്തെ അനുസരിക്കുക എന്ന ആഹാരമാണ്. ആഹാരത്തിന്‍റെ അഭാവത്തില്‍ bios നിലനില്‍ക്കുകയില്ല; ദൈവത്തെ അനുസരിക്കാതിരുന്നാല്‍ zoe നിലനില്‍ക്കുകയില്ല.


ആദംഹവ്വമാര്‍ക്ക് ഏദനില്‍ ഉണ്ടായിരുന്നത് zoe ആയിരുന്നു. ദൈവത്തോടുകൂടെയുള്ള സ്വര്‍ഗീയമായ ഒരു ജീവിതമായിരുന്നു അത്. സ്നേഹവും സന്തോഷവും സമാധാനവും മാത്രമുള്ള ഒരു ജീവിതം. അനുസരണക്കേട് കാട്ടിയാല്‍ അവര്‍ക്ക് സംഭവിക്കുമെന്ന് ദൈവം പറഞ്ഞ മരണം zoe യുടെ അവസാനമായിരുന്നു. എന്‍റെ മകന്‍ മരിച്ചവനായിരുന്നു എന്നു മുടിയന്‍ പുത്രന്‍റെ പിതാവ് പറയുന്നതു അവന് bios ഉണ്ടായിരുന്നെങ്കിലും zoe ഇല്ലായിരുന്നു എന്ന അര്‍ഥത്തിലാണ്. അവള്‍ ജീവിച്ചിരിക്കയില്‍ തന്നെ മരിച്ചവള്‍ എന്നു പൌലൊസ് അപ്പൊസ്തോലന്‍ ഒരു സ്ത്രീയെക്കുറിച്ച് ഇതേ അര്‍ഥത്തില്‍ പറഞ്ഞിരിക്കുന്നു.


രണ്ടുതരം പാതകളെക്കുറിച്ച് യേശുതമ്പുരാന്‍ പഠിപ്പിച്ചു: ജീവങ്കലേക്കുള്ളതും നാശത്തിലേക്കുള്ളതും. ദൈവത്തെ അനുസരിച്ചു ജീവിച്ച ആദംഹവ്വമാര്‍ ജീവന്‍റെ പാതയിലായിരുന്നു. എന്നാല്‍ അവര്‍ അനുസരണക്കേട് കാട്ടിയപ്പോള്‍ നാശത്തിന്‍റെ പാതയിലായി. രണ്ടാം ആദമായ യേശുതമ്പുരാനാകട്ടെ മരണത്തോളം അനുസരണമുള്ളവനായി ജീവന്‍റെ പാതയില്‍ തന്നെ നിലനിന്നു. ദൈവേഷ്ടം ചെയ്യുക എന്നതാണു സ്വര്‍ഗീയമായ ജീവിതത്തെ താങ്ങി നിര്‍ത്തുന്ന ആഹാരം. ദൈവേഷ്ടത്തിന്‍റെ മൂര്‍ത്തീഭാവമായിരുന്നു യേശുതമ്പുരാന്‍. ആ അര്‍ഥത്തിലാവണം ഞാന്‍ ജീവന്‍റെ അപ്പമാകുന്നു എന്നു അവിടുന്നു അരുളിച്ചെയ്തതു.


നമ്മുടെ ലോകം നാശത്തിന്‍റെ പാതയിലാണ്. ഇവിടെ bios ഉണ്ടെങ്കിലും zoe വളരെ വിരളമാണ്. ദൈവത്തെ അറിയുന്നവരും അനുസരിക്കുന്നവരും വളരെ ചുരുക്കം. യേശുതമ്പുരാന്‍ സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലെക്കിറങ്ങി വന്നത് സ്വര്‍ഗം ഇവിടെ കൊണ്ടുവരാനായിരുന്നു. സ്വര്‍ഗരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു കൊണ്ട് അവിടുന്നു നാടെങ്ങും സഞ്ചരിച്ചു. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു അരുളിചെയ്തുകൊണ്ടു തന്‍റെ ശിഷ്യരെ അവിടുന്നു നാടെങ്ങും സ്വര്‍ഗത്തിന്‍റെ സുവിശേഷവുമായി അയച്ചു. പോകുന്നിടത്തെല്ലാം സ്വര്‍ഗം പ്രചരിപ്പിക്കുക എന്നതായിരുന്നു അവരുടെ ദൌത്യം.


ആ ദൌത്യം ഏറ്റെടുത്തിരിക്കുന്ന ക്രിസ്തുശിഷ്യരാണ് നാം. സ്വര്‍ഗം പരത്തുകയാണ് നമ്മുടെ ദൌത്യം. നമ്മുടെ ഭവനങ്ങളും, നമ്മുടെ ജോലിസ്ഥലങ്ങളും, നമ്മുടെ നാടും സ്വര്‍ഗമാക്കി മാറ്റാനുള്ള വെല്ലുവിളിയാണ് നാം ഏറ്റെടുത്തിരിക്കുന്നത്. വ്യക്തികളായും സമൂഹമായും നമുക്ക് സ്വര്‍ഗം പ്രചരിപ്പിക്കാം.


ഇക്കാര്യത്തില്‍ നമുക്ക് അഭിമാനിക്കാവുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നമ്മുടെ സഭ ചെയ്തുകൊണ്ടിരിക്കുന്നത്. ഭാഗ്യസ്മരണാര്‍ഹനായ നമ്മുടെ ഒസ്താത്തിയോസ് തിരുമേനി ഇക്കാര്യത്തില്‍ സഭയ്ക്ക് സുധീരമായ നേതൃത്വം നല്‍കുകയുണ്ടായി. സഭയ്ക്ക് ഇപ്പോള്‍ ഒരു മിഷന്‍ ബോര്‍ഡുണ്ട്. അതിന്‍റെ ആഭിമുഖ്യത്തില്‍ സ്വര്‍ഗം പരത്തുന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ നാം നടത്തുന്നുണ്ട്. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ നമുക്കുണ്ട്. അനാഥരെയും ബുദ്ധിമാന്ദ്യമുള്ളവരെയും വുദ്ധരെയും രോഗികളെയും അംഗഹീനരേയും പോറ്റുന്ന ധാരാളം ഇടങ്ങള്‍ നാം നടത്തുന്നുണ്ട്. ഈ പ്രവര്‍ത്തനപരിപാടികളില്‍ നാം സന്തോഷിക്കുകയും അഭിമാനിക്കുകയും ഇതെല്ലാം ചെയ്യുന്നതിന് കൈത്താങ്ങല്‍ നല്കുകയും ചെയ്യണം.

ആളുകളെ മതം മാറ്റുന്നതാണ് ക്രൈസ്തവദൌത്യമെന്ന് കരുതുന്നവരുണ്ട്. ലോകത്തിലുള്ള എല്ലാവരും ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ ലോകം സ്വര്‍ഗമാകുകയില്ല. പൌലൊസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി ഇക്കാര്യത്തില്‍ നമുക്ക് വളരെ വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുകയുണ്ടായി. ലോകത്തില്‍ സ്വര്‍ഗം പരത്തുകയാണ് നമ്മുടെ ദൌത്യം. ജാതിമതവര്‍ഗവര്‍ണവ്യത്യാസങ്ങള്‍ക്കതീതമായ സാഹോദര്യമാണ് നാം ലക്ഷ്യമാക്കുന്നത്. ആരെയും മതം മാറ്റാന്‍ നാം ശ്രമിക്കുന്നില്ല. ക്രിസ്തു ചെയ്തത് നമുക്കും ചെയ്യാം. സ്വര്‍ഗരാജ്യത്തിന്‍റെ സദ്വാര്‍ത്ത നമുക്കും പ്രഖ്യാപിക്കാം.
 
 
 

 
 

No comments: