ആരാധനയുടെ അര്‍ഥവും പ്രസക്തിയും

ദൈവവും മനുഷ്യനും തമ്മില്‍ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്ന ആദര്‍ശബന്ധത്തിന്‍റെ പ്രതീകാവിഷ്കാരമാണ് ദേവാലയവും അവിടുത്തെ ആരാധനയും. ദൈവവും നമുക്ക് ദൈവവുമായുള്ള ബന്ധവും ഒക്കെ മനുഷ്യനു വസ്തുനിഷ്ഠമായി കണ്ടറിയാവുന്ന കാര്യങ്ങളല്ല. അതുകൊണ്ടു അവയെക്കുറിച്ചുള്ള ചിന്തകളും സങ്കല്‍പ്പങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്നത് ഉപമകളും പ്രതീകങ്ങളും ഉപയോഗിച്ച് മാത്രമാണ്.

 
നമ്മുടെ ലോകം ഇപ്പോള്‍ ഒരു ദേവാലയമല്ല. ദൈവത്തെ ഒരു അന്ധവിശ്വാസമായി പുറത്തു തള്ളിയിരിക്കുന്നു. തിന്‍മയും കപടതയും ഇവിടെ കൊടികുത്തി വാഴുന്നു. ഇത് മനസിലാക്കുന്ന ആളുകള്‍, ഈ അവസ്ഥ മാറി ലോകം അതിന്‍റെ ആദര്‍ശ അവസ്ഥയിലേക്ക് തിരികെ വരണം എന്നു ആഗ്രഹിക്കുന്നു. ആദര്‍ശലോകത്തെ യാതൊരു തിന്‍മയും കപടതയും ഇല്ലാത്ത ഒരു ലോകമായി അവര്‍ സങ്കല്‍പ്പിക്കുന്നു. ഒന്നുകില്‍ അതിനെ പരലോകമായി-- സ്വര്‍ഗം, പറുദീസ-- കാണുന്നു. അല്ലെങ്കില്‍ മറ്റൊരു കാലത്ത്-- ആദിയിലും അന്ത്യത്തിലും-- അതിനെ കാണുന്നു. ഏദന്‍തോട്ടവും വെളിപ്പാടു പുസ്തകത്തിലെ പുതിയ ഭൂമിയും അത്തരം ആദര്‍ശലോകങ്ങളാണ്.

 
നമ്മുടെ ലോകത്തെ അളക്കാനുള്ള ഒരു അളവുകോലാണ് നാം സങ്കല്‍പ്പിക്കുന്ന ആദര്‍ശലോകം. മാത്രവുമല്ല, അതിനെ ഒരു ലക്ഷ്യമായി വച്ചു കൊണ്ട് നമ്മുടെ ലോകത്തെ പരിവര്‍ത്തനത്തിന് വിധേയമാക്കാനുള്ള ഒരു ശക്തമായ മാര്‍ഗവുമാണത്. അങ്ങനെ ഒരു ആദര്‍ശലക്ഷ്യത്തിന്‍റെ അഭാവത്തില്‍ ലോകത്തിന്‍റെ പരിവര്‍ത്തനത്തിന് ദിശാബോധമുണ്ടാവില്ല. സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ദൈവേഷ്ടം നടക്കുന്ന ഒരു വ്യവസ്ഥിതിയാണ് യേശുതമ്പുരാന്‍ ആദര്‍ശലക്ഷ്യമായി അവതരിപ്പിച്ചത്. അങ്ങനെ ഒരു ലോകത്തിന് വേണ്ടി ആഗ്രഹിക്കുവാനും പ്രാര്‍ഥിക്കുവാനും യേശുതമ്പുരാന്‍ പഠിപ്പിച്ചു.

 
മറ്റൊരു സ്ഥലത്തോ സമയത്തോ ഉള്ള ഒരു ആദര്‍ശലോകം ഒരു സങ്കല്‍പ്പമായി മനുഷ്യമനസിനുള്ളില്‍ രൂപമെടുക്കുന്നത് ആദ്യപടിയാണ്. അതിനു പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിഷയമായ ഒരു മൂര്‍ത്തരൂപം നല്‍കുന്നതാണ് അടുത്ത പടി. എങ്കിലേ അത് നമ്മുടെ ഉപബോധമനസിനെ ശക്തമായി സ്വാധീനിക്കുന്ന ഒരു ചാലകശക്തിയാകൂ. അതുകൊണ്ടാണ് നാം ഒരു കെട്ടിടം നിര്‍മ്മിച്ചു അതിനെ ദേവാലയം എന്നു വിളിക്കുന്നത്. നമ്മുടെ സങ്കല്‍പ്പത്തിലുള്ള അദൃശ്യമായ ആദര്‍ശലോകത്തിന്‍റെ ദൃശ്യമായ ആവിഷ്കാരമാണ് അത്. അത് അതില്‍ തന്നെ ദേവാലയമല്ല, മറിച്ച് നമ്മുടെ സങ്കല്‍പ്പത്തിലുള്ള ആദര്‍ശലോകം എന്ന ദേവാലയത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ ദേവാലയത്തെ സ്വര്‍ഗമായും ഏദന്‍തോട്ടമായും ഒക്കെ നാം കാണുന്നത് അതുകൊണ്ടാണ്. നമ്മുടെ ലോകത്തെ ഒരു ദേവാലയമാക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഏതൊരു മനുഷ്യനിര്‍മിതദേവാലയത്തിന്‍റെയും ലക്ഷ്യം.

 
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രതീകാവിഷ്കാരം കാലദേശമനുസരിച്ച് വളരെ വ്യത്യസ്തമായ രൂപങ്ങള്‍ എടുക്കുന്നു. വിവിധ മതങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും ഈ ബന്ധത്തെ സങ്കല്‍പ്പിക്കുന്നതും ആവിഷ്കരിക്കുന്നതും വളരെ വ്യത്യസ്തമായ വിധത്തിലാണ്. കുരുടന്മാര്‍ ആനയെ സങ്കല്‍പ്പിച്ചതുപോലെയാണിത്. തങ്ങളുടെ സങ്കല്‍പം മാത്രമാണു സത്യം എന്ന അവകാശവാദം മതഭ്രാന്താണ്. തങ്ങളുടേത് ഒരു സങ്കല്‍പ്പമാണെന്ന് തിരിച്ചറിഞ്ഞു മറ്റുള്ളവരില്‍ നിന്നു കേള്‍ക്കാനും പഠിക്കാനുമുള്ള സന്മനസ്സ് എല്ലാവര്‍ക്കുമുണ്ടാകുകയാണ് ആവശ്യം. എല്ലാ മതങ്ങളും അവയുടെ അവാന്തരവിഭാഗങ്ങളും നിര്‍മിച്ചിരിക്കുന്ന ദേവാലയങ്ങള്‍ ആദര്‍ശലോകത്തിന്‍റെ പ്രതീകങ്ങളാണ്.

 
പക്വതയാര്‍ജിച്ച മനസുകള്‍ക്കേ ഒരു ദേവാലയത്തെ ഇപ്രകാരം ആദര്‍ശലോകത്തിന്‍റെ പ്രതീകമായി കാണാനാവൂ. ഏതൊരു ദേവാലയത്തെയും, അത് ഏത് മതവിഭാഗത്തില്‍ പെട്ടതായാലും, ആദര്‍ശലോകത്തിന്‍റെ പ്രതീകമായി കാണാന്‍ അവര്‍ക്ക് കഴിയുന്നു. അപക്വമനസുകള്‍ ദേവാലയത്തെ കാണുന്നത് ആക്ഷരീകമായി ദൈവത്തിന്‍റെ പ്രത്യേക സാന്നിധ്യമുള്ള സ്ഥലം എന്ന നിലയിലാവും. സ്വന്തം മതവിഭാഗത്തിന്‍റെ ദേവാലയങ്ങളെ മാത്രമേ അവര്‍ അങ്ങനെ കാണൂ. മറ്റ് മതവിഭാഗങ്ങളുടെ ദേവാലയങ്ങളില്‍ ദൈവസാന്നിധ്യമുണ്ടെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. പൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാലടി ശിവശങ്കര ക്ഷേത്രത്തിന്‍റെ മുമ്പില്‍ തൊഴുകൈകളുമായി നില്‍ക്കുന്ന ചിത്രം അക്കാലത്ത് വിവാദവിഷയമായിരുന്നു. ക്രിസ്ത്യന്‍ ദേവാലയത്തെയെന്നപോലെ ഒരു ഹൈന്ദവദേവാലയത്തെയും മാനിക്കുവാന്‍ അദ്ദേഹത്തിന്‍റെ പക്വമനസിന് കഴിഞ്ഞിരുന്നു.

 
യേശുതമ്പുരാനും ശമര്യസ്ത്രീയും തമ്മിലുള്ള വ്യത്യാസമതാണ്. രണ്ടു മതവിഭാഗങ്ങളുടെ ദേവാലയങ്ങളില്‍ ഏതാണ് യഥാര്‍ത്ഥദേവാലയം എന്ന ചോദ്യം ആ സ്ത്രീയെ ചിന്താക്കുഴപ്പത്തിലാക്കുന്നു. ആദര്‍ശലോകം എന്ന യഥാര്‍ത്ഥ ദേവാലയത്തിന്‍റെ പ്രതീകങ്ങളാണ് അവ രണ്ടും എന്നതായിരുന്നിരിക്കണം യേശുതമ്പുരാന്‍റെ വീക്ഷണം. ശമര്യസ്ത്രീയുടെ അപക്വമനസാണ് എക്കാലത്തും ലോകമെങ്ങുമുള്ള മിക്ക മതവിശ്വാസികള്‍ക്കും ഉണ്ടായിട്ടുള്ളത്. അവരവരുടെ മതവിശ്വാസത്തെ സത്യവിശ്വാസമായും അവരവരുടെ ദേവാലയങ്ങളെ യഥാര്‍ത്ഥ ദേവാലയങ്ങളായും കാണുന്ന മതഭ്രാന്ത് അപക്വമനസിന്‍റെ ഉപരിപ്ലവ വീക്ഷണമാണ്. ഇന്ന് മനുഷ്യവര്‍ഗത്തെയാകെ കൊടുംഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് അത്തരം ഉപരിപ്ലവവീക്ഷണത്തിന്‍റെ ദുഷ്ഫലമാണ്. ഇസ്ലാം മതം മാത്രമാണ് സത്യമതമെന്നുള്ള ധാരണയാണ് ഇസ്ലാമിക് സ്റ്റേയ്റ്റിന്‍റെ അടിസ്ഥാനം. മുസ്ലീങ്ങള്‍ മാത്രമുള്ള ഒരു ലോകം ഉണ്ടാകുകയാണ് അവരുടെ ലക്ഷ്യം. ഇസ്ലാമിക മതഭ്രാന്തിന്‍റെ മറുമരുന്ന് ക്രിസ്ത്യന്‍ മതഭ്രാന്തല്ല. യഥാര്‍ത്ഥ ദൈവാലയത്തിന്‍റെ പ്രതീകങ്ങളാണ് മനുഷ്യനിര്‍മിതദേവാലയങ്ങളെന്ന യേശുതമ്പുരാന്‍റെ പക്വവീക്ഷണത്തിലേക്ക് ക്രിസ്തുമതവിശ്വാസികളും ലോകത്തിലെ എല്ലാ ആളുകളും വളരുകയാണ് പ്രശ്നത്തിന് പരിഹാരം.

 
ക്രിസ്തുമതവിശ്വാസികള്‍ ദേവാലയത്തില്‍ ഒന്നിച്ചുകൂടി ചെയ്യുന്നതാണ് ആരാധന എന്നു എല്ലാവരും സമ്മതിക്കും. എന്നാല്‍ ആരാധനയുടെ അര്‍ഥത്തെ സംബന്ധിച്ചു കിഴക്കും പടിഞ്ഞാറുമുള്ള ധാരണകള്‍ പകലും രാവും പോലെ വ്യത്യസ്തങ്ങളാണ്. മുകളില്‍ വിവരിച്ചത് കിഴക്കന്‍ ക്രൈസ്തവലോകത്തിന്‍റെ കാഴ്ചപ്പാടാണ്.

 
കിഴക്കന്‍ ക്രൈസ്തവലോകത്തെ സംബന്ധിച്ചടത്തോളം മനുഷ്യനു ദൈവവുമായുള്ള ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് ദേവാലയവും ആരാധനയും. ദൈവവുമായി സൌഹൃദത്തില്‍ കഴിയുന്ന മനുഷ്യന്‍റെ ആദര്‍ശജീവിതം എന്ന യഥാര്‍ത്ഥ ആരാധനയുടെ ഒരു പ്രതീകമാണ് ദേവാലയത്തിലെ ആരാധന. ലോകമാണ് യഥാര്‍ത്ഥ ദേവാലയം. സര്‍വസൃഷ്ടികളുമാണ് യഥാര്‍ത്ഥ ആരാധകസമൂഹം. ലോകമാകുന്ന ദേവാലയത്തില്‍ സര്‍വസൃഷ്ടികളും ദൈവത്തെ മഹത്വപ്പെടുത്തുന്നതിന്‍റെ പ്രതീകം എന്ന നിലയിലല്ലാതെ ദേവാലയത്തിലെ ആരാധന അതില്‍ തന്നെ ആരാധനയല്ല. ദൈവസന്നിധിയില്‍ സര്‍വസൃഷ്ടിയെയും പ്രതിനിധാനം ചെയ്യുന്ന ക്രിസ്തു എന്ന യഥാര്‍ത്ഥ പുരോഹിതന്‍റെ പ്രതീകം എന്ന നിലയിലല്ലാതെ ഒരു വൈദികനും തന്നില്‍ തന്നെ പുരോഹിതനല്ല. അപ്പവീഞ്ഞുകള്‍ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങള്‍ അഥവാ ക്രിസ്തു തന്നെയാകുന്നു. സഭ ക്രിസ്തുവിന്‍റെ പ്രതീകമല്ല, മറിച്ച് അദൃശ്യനായ ക്രിസ്തുവിനെ ലോകത്തില്‍ പ്രകടമാക്കുന്ന ദൃശ്യമായ ശരീരമാണ്.

 
പൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അദ്ദേഹത്തിന്‍റെ Joy of Freedom എന്ന കൃതിയില്‍ കിഴക്കന്‍ ക്രൈസ്തവവീക്ഷണം വിശദീകരിച്ചിട്ടുണ്ട്. ദൈവവുമായി സൌഹൃദത്തില്‍ കഴിയുന്ന ജീവിതമാണ് മനുഷ്യനു സ്വാതന്ത്ര്യം എന്നു അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ആ സ്വാതന്ത്രത്തിന്‍റെ (Freedom) ഫലമായുണ്ടാകുന്ന മഹാസന്തോഷമാണ് (Joy) ആരാധനയ്ക്ക് പ്രേരകമാകുന്നത്.

 
പാശ്ചാത്യക്രൈസ്തവലോകത്തിന് ഇതില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഒരു സങ്കല്‍പ്പമാണ് ആരാധനയെക്കുറിച്ചുള്ളത്. അതിന്‍റെ വീക്ഷണത്തില്‍ ഒരു ദേവാലയവും അവിടെ നടക്കുന്ന ആരാധനയും പ്രതീകങ്ങളല്ല. ഒരു ദേവാലയം അതില്‍ തന്നെ ദേവാലയമാണ്; അവിടെ നടക്കുന്ന ആരാധന അതില്‍ തന്നെ ആരാധനയുമാണ്. അവിടുത്തെ പുരോഹിതന്‍ ബലിയര്‍പ്പിക്കുന്ന ഒരു യഥാര്‍ത്ഥ പുരോഹിതന്‍ തന്നെ; ക്രിസ്തു എന്ന മഹാപുരോഹിതന്‍റെ പ്രതീകമല്ല. പുരോഹിതന്‍ അര്‍പ്പിക്കുന്നത് ഒരു യഥാര്‍ത്ഥ ബലിയാകുന്നു. പുരോഹിതന്‍ ചില വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ ബലിവസ്തു ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നു. റോമിലെ പോപ്പ് ക്രിസ്തുവിന്‍റെ പ്രതീകമല്ല, സ്വര്‍ഗീയരാജാവായ ക്രിസ്തുവിന്‍റെ പ്രതിപുരുഷനായി (vicar) ലോകത്തെ ഭരിക്കുന്നയാളാണ്. പോപ്പിന്‍റെ പ്രതിപുരുഷന്‍മാരാണ് കര്‍ദിനാളന്‍മാരും ബിഷപ്പുമാരും. ബിഷപ്പുമാരുടെ പ്രതിപുരുഷന്മാരാണ് പുരോഹിതര്‍. ജനത്തിന് ഇവരില്‍ക്കൂടിയല്ലാതെ ക്രിസ്തുവുമായി നേരിട്ടു ബന്ധപ്പെടാനാവില്ല. ഈ കാഴ്ചപ്പാട് പൌരോഹിത്യമേധാവിത്വത്തെ ഊട്ടിവളത്തുന്നു.

 
പാശ്ചാത്യക്രൈസ്തവലോകത്തിലെ ദുഷിച്ച പൌരോഹിത്യമേധാവിത്വത്തോട് പ്രതികരിച്ച നവീകരണപ്രസ്ഥാനത്തിന് പൌരോഹിത്യമേധാവിത്വത്തിന്‍റെ പിറകില്‍ കിടക്കുന്ന ആക്ഷരീകമായ സങ്കല്‍പ്പങ്ങളെ വേണ്ടവണം മനസിലാക്കാനോ തിരുത്താനോ കഴിഞ്ഞില്ല. നവീകരണപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് കിഴക്കന്‍ ക്രൈസ്തവ സങ്കല്‍പ്പങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ നവീകരണം കുറെക്കൂടി ഫലവത്തായേനെ. നവീകരണസഭകളും കത്തോലിക്കാസഭയെപ്പോലെ ആക്ഷരീകസങ്കല്‍പ്പങ്ങളുമായി ഇന്നും കഴിയുന്നു.
 
 
 
 
 

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം