യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ പൊതുവായ ലോകവീക്ഷണം

ഇന്ന് ലോകത്തിലുള്ള ജനങ്ങളില്‍ പകുതിയില്‍ കൂടുതലും യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളില്‍ പെടുന്നവരാണ്. സെമിറ്റിക് മതങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ഈ മതങ്ങളുടെ വേരുകള്‍ തേടിപ്പോകുമ്പോള്‍ നാം മനസിലാക്കുന്നത് ഇവയ്ക്ക് പൊതുഉത്ഭവസ്ഥാനമായി ഒരു സംസ്കാരമുണ്ടായിരുന്നു എന്നാണ്. AD 70-ല്‍ യെരൂശലേം ദേവാലയം നശിപ്പിക്കപ്പെട്ടപ്പോള്‍ ആ പൊതുസംസ്കാരം മണ്ണടിഞ്ഞു. ആ എബ്രായസംസ്കാരത്തിന്‍റെ മൂന്നു ഉപനദികളാണ് ഇന്നത്തെ യഹൂദമതവും, ക്രിസ്തുമതവും, ഇസ്ലാം മതവും. അവ്യ്ക്ക് പൊതുവായുള്ള ജീവിതവീക്ഷണവും ലോകസങ്കല്‍പവും ആണ് ഇവിടെ അന്വേഷിക്കുന്നത്. ആ പൊതുസംസ്കാരത്തിന്‍റെ പ്രകടനമായ എബ്രായവേദപുസ്തകത്തില്‍ ഈ മൂന്നു മതങ്ങള്‍ക്കും പൊതുവായ അടിസ്ഥാനസങ്കല്‍പ്പങ്ങള്‍ കണ്ടെത്താവുന്നതാണ്. ഇന്ന് ഈ മതങ്ങളുടെ അനുയായികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും പരസ്പരം സഹകരിച്ചു മുന്നോട്ട് പോകുന്നതിനും പൊതുവായ സങ്കല്‍പ്പങ്ങളുടെ കണ്ടെത്തലുകള്‍ സഹായകമാകും.

വിവിധ മതങ്ങളുടെ വിശ്വാസങ്ങളെപ്പറ്റിയുള്ള വിചിന്തങ്ങളില്‍ സാധാരണ ഉയര്‍ന്നു വരാറുള്ള ചോദ്യം അവ തമ്മിലുള്ള വ്യത്യാസം എന്താണ് എന്നുള്ളതാകുന്നു. വ്യത്യാസങ്ങളെ ഊതിവീര്‍പ്പിച്ചു കണ്ടതിന്‍റെ ഫലമായി സമാനതയെപ്പറ്റിയുള്ള ബോധ്യം നമുക്ക് നഷ്ടമായിപ്പോയിരിക്കുന്നു. ഇവിടെ വ്യത്യാസമല്ല, സമാനതയാണ് ചിന്താവിഷയം.

ദൈവം, ലോകം, മനുഷ്യന്‍, ഇവ മൂന്നും തമ്മിലുള്ള ബന്ധം–- ഇവയാണ് ഏറ്റവും അടിസ്ഥാനപരമായി നാം ചിന്താവിഷയമാക്കേണ്ട സങ്കല്‍പ്പങ്ങള്‍. ലോകമാണ് ആദ്യം നമുക്ക് ചിന്താവിഷയമാക്കേണ്ടത്. അതിനോടുള്ള ബന്ധത്തിലാണ് ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മനസിലാക്കാന്‍ കഴിയുന്നത്. മനുഷ്യന്‍ ലോകത്തിന്‍റെ ഭാഗമാണ്. ലോകത്തിന്‍റെ സ്രഷ്ടാവും പരിപാലകനും ലോകത്തെക്കുറിച്ച് എല്ലാമറിയാവുന്ന ആളുമാണ് ദൈവം. ലോകവുമായുള്ള ബന്ധത്തില്‍ ദൈവത്തെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുമെങ്കിലും കൂടുതലൊന്നും ദൈവത്തെക്കുറിച്ച് അറിഞ്ഞുകൂടാ. ഉപമകളും പ്രതീകങ്ങളും ഉപയോഗിച്ച് മാത്രമേ ദൈവത്തെക്കുറിച്ചും ദൈവവും ലോകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചിന്തിക്കാനും സംസാരിക്കുവാനും സാധിക്കൂ.

എബ്രായവേദപുസ്തകത്തിലെ ആദ്യപുസ്തത്തിലെ ആദ്യ അദ്ധ്യായത്തിലെ സൃഷ്ടിസങ്കീര്‍ത്തനത്തില്‍ എബ്രായ ലോകവീക്ഷണം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പാഴായും ശൂന്യമായും കിടക്കുന്ന ഒരു പാടം പോലെയുള്ള ലോകത്തെ ദൈവം എന്ന കൃഷിക്കാരന്‍ ആറ് ദിവസം കൊണ്ട് അതിമനോഹരമായ ഒരു കൃഷിത്തോട്ടമാക്കി മാറ്റുന്നതാണ് ഈ സങ്കീര്‍ത്തനത്തിന്‍റെ വിഷയം. ആറു ദിവസത്തെ അധ്വാനത്തിന് ശേഷം എല്ലാ എബ്രായ കൃഷിക്കാരും ചെയ്തിരുന്നത് പോലെ, ദൈവം ഏഴാം ദിവസം വിശ്രമിക്കുന്നു. ജോലികളില്‍ നിന്നൊഴിഞ്ഞു ഒന്നിച്ചു കൂടാനും സര്‍വേശ്വരനെ സ്തുതിക്കുവാനും എബ്രായര്‍ വേര്‍തിരിച്ചിരുന്ന ദിവസമായിരുന്നു ഏഴാം ദിവസം. ഏഴാം ദിവസത്തിന്‍റെ മഹത്വത്തെക്കുറിച്ചുള്ള ഈ സങ്കീര്‍ത്തനം ഏഴാം നാളില്‍ അവര്‍ ഒന്നിച്ചു കൂടിയിരുന്നപ്പോള്‍ പതിവായി ആലപിച്ചിരുന്നു എന്നു കരുതണം.

എന്നാണ് ഈ സങ്കീര്‍ത്തനം രൂപമെടുത്തത് എന്നു കൃത്യമായി പറയാന്‍ കഴിയുകയില്ല. ലോകത്തെക്കുറിച്ചുള്ള അക്കാലത്തെ ശാസ്ത്രത്തിന്‍റെ നിഗമനങ്ങള്‍ ഇതിലെ ലോകവീക്ഷണത്തിന് അടിസ്ഥാനമായി സ്വീകരിച്ചിട്ടുണ്ടെന്ന് കാണാം. ലോകം മുഴുവന്‍ ഉണ്ടായിരിക്കുന്നത് ചില അടിസ്ഥാനവസ്തുക്കളുടെ സങ്കലനത്തില്‍ നിന്നാണ് എന്ന സങ്കല്‍പ്പം അന്നത്തെ ശാസ്ത്രചിന്തയുടെ ഭാഗമാണ്. മണ്ണ്, വെള്ളം, വായു എന്നീ അടിസ്ഥാന വസ്തുക്കള്‍ ഈ സങ്കീര്‍ത്തനത്തില്‍ നാം കാണുന്നുണ്ട്. ഇവയൊന്നും ആറു ദിവസത്തെ സൃഷ്ടിയുടെ ഭാഗമല്ല. മാത്രമല്ല, ഇവയെല്ലാം ഒന്നാം ദിവസത്തെ സൃഷ്ടിക്കു മുമ്പായി അവിടെയുണ്ടുതാനും. ഒന്നാം ദിവസത്തെ സൃഷ്ടിയായ പ്രകാശം, നാലാം ദിവസത്തെ സൃഷ്ടിയായ സൂര്യചന്ദ്രനക്ഷത്രാദികള്‍ എന്നിവയൊഴിച്ചു എല്ലാം ഈ അടിസ്ഥാന വസ്തുക്കളില്‍ നിന്നാണ് ഉണ്ടാകുന്നത്.

ക്രമരഹിതമായി നിലനില്‍ക്കുന്ന അടിസ്ഥാനവസ്തുക്കളെ ക്രമപ്പെടുത്തുന്നതിനെയാണ് ഇവിടെ സൃഷ്ടി എന്നു വിളിച്ചിരിക്കുന്നത്. ഒന്നാം ദിവസം പ്രകാശം സൃഷ്ടിക്കുകയും പ്രകാശത്തിനും ഇരുളിനും പ്രത്യേകം സമയം നിശ്ചയിക്കുകയും ചെയ്യുന്നു. പ്രകാശവും ഇരുളം പരസ്പരം വിപരീതങ്ങളായ സംഗതികളാണ്. എന്നാല്‍ അവയ്ക്കു രണ്ടിനും പരസ്പരം ഇല്ലായ്മ ചെയ്യാതെ നിലനില്‍ക്കത്തക്ക ഒരു ക്രമവും നിയമവുമാണ് സൃഷ്ടികര്‍ത്താവ് സംവിധാനം ചെയ്യുന്നത്. പ്രകാശമുള്ളപ്പോള്‍ ഇരുളോ ഇരുളുള്ളപ്പോള്‍ പ്രകാശമോ വരാന്‍ പാടില്ല. പ്രകാശം വരേണ്ട സമയം പകല്‍ എന്നും ഇരുള്‍ വരേണ്ട സമയം രാത്രി എന്നും നിശ്ചയിക്കുന്നു.

സൃഷ്ടികര്‍ത്താവ് സര്‍വസൃഷ്ടിക്കും വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്നു, അവ സൃഷ്ടികള്‍ കൃത്യമായി പാലിക്കുകയും വേണം. രണ്ടാം ദിവസം വെള്ളത്തെ മുകളിലും താഴെയുമായി തിരിച്ചു ഇടയ്ക്കു ആകാശവിതാനം സൃഷ്ടിക്കുന്നു. നീലാകാശം നീലസമുദ്രത്തിന്‍റെ തുടര്‍ച്ചയായി കരുതപ്പെട്ടിരുന്നു മുകളിലുള്ള വെള്ളവും താഴെയുള്ള വെള്ളവും കൃത്യമായി അതതിന്‍റെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നതുകൊണ്ടു ഇടയ്ക്കു നാമീക്കാണുന്ന സ്ഥലം ഉണ്ടാകുവാന്‍ ഇടയായി. മൂന്നാം ദിവസം കര തെളിഞ്ഞു വരത്തക്കവണ്ണം താഴെയുള്ള വെള്ളത്തെ ഒരുമിച്ച് കടലായും കായലായും കൂട്ടുന്നു. വെള്ളത്തിന് പ്രത്യേകം സ്ഥലം നിശ്ചയിച്ചു നല്കുന്നു. തെളിഞ്ഞുവന്ന കരയില്‍ ചെടികള്‍ മുളപ്പിക്കുന്നു. നാലാം ദിവസം സൂര്യചന്ദ്രനക്ഷത്രാദികളെ സൃഷ്ടിക്കുന്നു. പകലിന്‍റെ ചുമതല സൂര്യനെ ഏല്‍പ്പിക്കുന്നു, രാതിയുടെ ചുമതല ചന്ദ്രനെയും.

അഞ്ചാം ദിവസം വെള്ളത്തിലും വായുവിലും നിവസിക്കുന്ന ജീവികളെ സൃഷ്ടിക്കുന്നു. ആറാം ദിവസം കരജീവികളെ സൃഷ്ടിക്കുന്നു. ഒടുവിലായി സ്രഷ്ടാവ് തന്‍റെ സ്വന്തം സദൃശത്തില്‍ മനുഷ്യനെ സൃഷ്ടിക്കുന്നു. തന്‍റെ പ്രതിനിധിയായി സര്‍വ ജീവജാലങ്ങളെയും പരിപാലിക്കേണ്ട ചുമതല മനുഷ്യനെ ഏല്‍പ്പിക്കുന്നു. മനുഷ്യനും മൃഗങ്ങള്‍ക്കും പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും സസ്യങ്ങളെ ഭോജിക്കുവാന്‍ അനുമതിയും നല്‍കുന്നു.

എണ്ണമറ്റ ഭാഗങ്ങള്‍ ചേര്‍ന്ന ഒന്നാണ് ലോകം. ഇവയില്‍ പലതും പരസ്പരം ചേര്‍ന്നുപോകാത്തതാണ്. ഉദാഹരണത്തിന് ഇരുട്ടും വെളിച്ചവും, കടലും കരയും. ഇവയ്ക്കൊക്കെ പല സമയവും സ്ഥലവും നിയമിച്ചു ഏകലോകത്തിന്‍റെ ഭാഗമാക്കി സൃഷ്ടികര്‍ത്താവ് നിലനിര്‍ത്തിയിരിക്കുന്നു. എല്ലാ ഭാഗങ്ങള്‍ക്കും രണ്ടു തരം ബന്ധങ്ങളുണ്ട്. ഓരോ ഭാഗത്തിനും അതിനോടടുത്ത ഭാഗങ്ങളുമായി ബന്ധമുണ്ട്. ഓരോ ഭാഗത്തിനും അത് ഏതിന്‍റെ ഭാഗമാണോ അതിനോടും ബന്ധമുണ്ട്. ഉദാഹരണത്തിന്, ഒരു ചെടിയിലെ ഇലയ്ക്ക് ചുറ്റുമുള്ള മറ്റ് ഇലകളുമായി ഒരു ബന്ധമുണ്ട്. ആ ഇലയ്ക്ക് അത് എന്തിന്‍റെ ഭാഗമായിരിക്കുന്നുവോ ആ ചെടിയോട് മറ്റൊരു തരം ബന്ധമുണ്ട്.

എല്ലാ ബന്ധങ്ങളും അടിസ്ഥാനപ്പെട്ടിരിക്കുന്നത് നിയമങ്ങളുടെ മേലാണ്. നിയമങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ബന്ധങ്ങള്‍ക്ക് നിലനില്‍പ്പില്ല. ബന്ധങ്ങള്‍ നിലനില്‍ക്കാതിരുന്നാല്‍ ലോകം ക്രമരാഹിത്യത്തിലേക്ക് മടങ്ങും. ലോകം നശിക്കും.

ഒരു രാജ്യം നിലനില്‍ക്കണമെങ്കില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. നിയമങ്ങള്‍ നിര്‍മിക്കുന്നതും നടപ്പാക്കുന്നതും രാജാവിന്‍റെ ചുമതലയാണ്. ലോകം എന്ന മഹാരാജ്യം നിലനില്‍ക്കണമെങ്കിലും നിയമങ്ങള്‍ പാലിക്കപ്പെടണം. നിയമങ്ങള്‍ നിര്‍മിക്കുന്നതും നടപ്പാക്കുന്നതും ലോകമഹാരാജാവായ ദൈവമാകുന്നു. ഈ ചിന്ത വളരെ വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട് ഈ സങ്കീര്‍ത്തനത്തില്‍:

ആദിത്യചന്ദ്രന്‍മാരേ തന്നെ സ്തുതിപ്പിന്‍, പ്രകാശമുള്ള സകല നക്ഷത്രങ്ങളുമെ തന്നെ സ്തുതിപ്പിന്‍. ...... എന്തെന്നാല്‍ താന്‍ അരുളിച്ചെയ്തു, അവ ഉണ്ടായി; താന്‍ കല്‍പ്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു. താന്‍ എന്നേയ്ക്കുമായി അവയെ സ്ഥിരപ്പെടുത്തി, താന്‍ ഒരു നിയമം നിശ്ചയിച്ചു. അതഴിയുന്നതുമല്ല.. സങ്കീ. 148: 3-6

"അവ എപ്പോഴും അനുസരിക്കേണ്ടതായ നിയമങ്ങള്‍ ദൈവം അവയ്ക്കു നല്കി" എന്നാണ് ഒരു ഇംഗ്ലീഷ് തര്‍ജമയില്‍ ആറാം വാക്യം കൊടുത്തിരിക്കുന്നത്.

ദൈവത്തെ രാജാവായി സങ്കല്‍പ്പിക്കുന്നതിന്‍റെ പ്രസക്തി ഇതാണ്. രാജാവിനെപ്പോലെ ദൈവം നിയമങ്ങള്‍ നിര്‍മിക്കുന്നു. നിയമങ്ങള്‍ നടപ്പാക്കുന്നതിന് രാജാവു തന്‍റെ കീഴില്‍ വിവിധ സ്ഥാനികളെ ഏര്‍പ്പെടുത്താറുണ്ട്. അതുപോലെ നാം പഠനവിഷയമാക്കുന്ന സൃഷ്ടിസങ്കീര്‍ത്തനത്തില്‍ ദൈവം സൂര്യചന്ദ്രന്മാരെയും മനുഷ്യനെയും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നു.

നീ ഭൂമിയെ സൃഷ്ടിച്ചു അതിനെ സ്ഥാപിച്ചു. ഇന്നേ ദിവസം വരെയും അവ നിന്‍റെ ചട്ടങ്ങളിന്‍ പ്രകാരം നിലനില്‍ക്കുന്നു. എന്തെന്നാല്‍ സകലവും നിന്‍റെ ദാസന്‍മാരല്ലോ. സങ്കീ 119: 90-91.

ലോകത്തിലുള്ളത് സകലവും ദൈവത്തെ അക്ഷരം പ്രതി അനുസരിക്കേണ്ടതാകുന്നു എന്നു കവി ഇവിടെ നമ്മെ ഓര്‍മിപ്പിക്കുന്നു. ദൈവം വച്ചിരിക്കുന്ന ചട്ടങ്ങള്‍ പാലിക്കേണ്ടത് നമ്മുടെ നിലനില്‍പ്പിന് തന്നെ ആവശ്യമാകുന്നു.

ലോകത്തിന്‍റെ നിലനില്‍പ്പിനാധാരമായിരിക്കുന്ന ദൈവിക നിയമസംഹിതയെ ന്യായപ്രമാണം എന്നാണ് മലയാളത്തില്‍ വിളിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ആകാശവും ഭൂമിയും മാറിപ്പോയാലും ന്യായപ്രമാണം മാറുകയില്ല എന്നു യേശുതമ്പുരാന്‍ പറഞ്ഞത്. ഒരു പ്രത്യേക മനുഷ്യസമൂഹത്തിന്‍റെ നിയമസംഹിത എന്ന പരിമിതമായ അര്‍ഥത്തിലും ന്യായപ്രമാണം എന്ന വാക്കുപയോഗിച്ചിട്ടുണ്ട്. മോശ യഹൂദജനതയ്ക്ക് നല്കിയ നിയമസംഹിത അടങ്ങിയിരിക്കുന്ന പുസ്തകങ്ങളെയും ന്യായപ്രമാണം എന്നാണ് വിളിച്ചിരിക്കുന്നത്. ദൈവികനിയമസംഹിതയെ ഗ്രീക്കില്‍ സോഫിയ (ദൈവികജ്ഞാനം) എന്നും ലോഗോസ് എന്നും വിളിച്ചിട്ടുണ്ട്. ദൈവേഷ്ടം എന്നാണ് യേശുതമ്പുരാന്‍ ദൈവികനിയമസംഹിതയെ വിളിക്കുന്നത്. ദൈവേഷ്ടം ചെയ്യുന്നത് തന്‍റെ ആഹാരമാണെന്നും ദൈവേഷ്ടം ചെയ്യുന്നവരാണ് തനിക്ക് വേണ്ടപ്പെട്ടവരെന്നും യേശുതമ്പുരാന്‍ പറഞ്ഞിട്ടുണ്ട്.

ദൈവനിയമങ്ങളോടുള്ള ബന്ധത്തില്‍ മനുഷ്യന്‍ മറ്റ് എല്ലാറ്റില്‍ നിന്നും വ്യത്യസ്തനാണ്. ദൈവികനിയമങ്ങള്‍ അതേപടി യാന്ത്രികമായി അനുസരിക്കുവാനാണ് മറ്റെല്ലാ ജീവജാലങ്ങളെയും പ്രോഗ്രാം ചെയ്തിരിക്കുന്നത്. എന്നാല്‍ യാന്ത്രികമായി അനുസരിക്കുവാനല്ല, മനസോടെ അനുസരിക്കുവാനാണ് മനുഷ്യനെ പ്രോഗ്രാം ചെയ്തിരിക്കുന്നത്. യോനപ്രവാചകന്‍റെ കഥയില്‍ ഇത് വ്യക്തമാണ്. കാറ്റ്, മല്‍സ്യം, പുഴു, തുടങ്ങി പലതിനോടും ദൈവം കല്‍പ്പിക്കുന്നു, അത് അങ്ങനെ സംഭവിക്കുന്നു. യോനാ മാത്രം ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നു. ദൈവം ക്ഷമയോടെ യോനയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നു.

സര്‍വസൃഷ്ടിയും ദൈവത്തിന്‍റെ ദാസന്മാരാകുന്നു, എന്നാല്‍ മനുഷ്യനാകട്ടെ ദൈവത്തിന്‍റെ പുത്രനാകുന്നു എന്നു പറയുന്നതിന്‍റെ അര്‍ഥമിതാകുന്നു. അനുസരണക്കേട് കാണിക്കാനുള്ള സ്വാതന്ത്ര്യം ദാസര്‍ക്കില്ല, എന്നാല്‍ മക്കള്‍ക്കുണ്ട്. മനസോടെ ദൈവികനിയമങ്ങള്‍ അനുസരിക്കുവാനാണ് മനുഷ്യനെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്.

സൃഷ്ടിസങ്കീര്‍ത്തനത്തിന് തൊട്ട് പിന്നാലേ എബ്രായവേദപുസ്തകത്തില്‍ കൊടുത്തിരിക്കുന്നത് ആദിമനുഷ്യര്‍ ദൈവികനിയമങ്ങള്‍ ലംഘിച്ച കഥയാണ്. ആദാമും ഹവ്വയും ദൈവകല്‍പന ലംഘിക്കുന്നു. അതിനെപ്പറ്റി അവരോടു ചോദിക്കുമ്പോള്‍ അവര്‍ തെറ്റ് സമ്മതിക്കുന്നില്ല. പകരം അവര്‍ ദൈവത്തെ കുറ്റപ്പെടുത്തുന്നു. പരസ്പരവും കുറ്റപ്പെടുത്തുന്നു.

നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു രാജാവായി ദൈവത്തെ കണ്ടാല്‍ മനുഷ്യനു മനസോടെ ദൈവത്തെ അനുസരിക്കാനാവില്ല. സ്നേഹവാനായ ഒരു പിതാവായി ദൈവത്തെ കാണുമ്പോള്‍ മനുഷ്യനു മനസോടെ ദൈവത്തെ അനുസരിക്കാന്‍ കഴിയുന്നു.

യിരമ്യാപ്രവാചകന്‍ ഈ വ്യത്യാസം നന്നായി മനസിലാക്കിയിരുന്നു. കല്‍പലകകളില്‍ എഴുതപ്പെട്ടിരുന്ന പഴയ ദൈവനിയമങ്ങളുടെ സ്ഥാനത്ത് മനുഷ്യഹൃദയത്തിനുള്ളില്‍ എഴുതപ്പെടുന്ന പുതിയ ദൈവനിയമങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞു. പുറത്തു നിന്നു വരുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നവയാണ്. ഉള്ളില്‍ത്തന്നെയുള്ള നിയമങ്ങള്‍ സ്വമനസാലെ പാലിക്കപ്പെടും. യിര 31:33.

നാം അങ്ങോട്ട് വെറുത്താല്‍ പോലും നമ്മെ സ്നേഹിക്കുന്ന സ്നേഹനിധിയായ പിതാവാണ് ദൈവം എന്നു യേശുതമ്പുരാന്‍ പഠിപ്പിച്ചു. ദൈവത്തെ അങ്ങനെ കണ്ടാല്‍ ദൈവികനിയമങ്ങള്‍ ആരും മനസോടെ പാലിക്കും. ദൈവത്തെ പൂര്‍ണഹൃദയത്തോടെയും സഹജീവികളെ നമ്മെപ്പോലെയും സ്നേഹിക്കുന്നതാണ് ദൈവികനിയമങ്ങളുടെ സാരാശം എന്നു അവിടുന്നു പഠിപ്പിച്ചു.

ഇവിടെപ്പറഞ്ഞ കാര്യങ്ങളെ ചുരുക്കിപ്പറയാം. ക്രമം ആണ് ലോകത്തിന്‍റെ മുഖമുദ്ര. ക്രമരാഹിത്യം ലോകത്തിന്‍റെ നാശത്തിന് കാരണമാകും. ക്രമം നിലനിക്കണമെങ്കില്‍ ബന്ധങ്ങള്‍ പരിപാലിക്കപ്പെടണം. ബന്ധങ്ങള്‍ പരിപാലിക്കപ്പെടണമെങ്കില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. നിയമങ്ങള്‍ യാന്ത്രികമായി അനുസരിക്കുവാനല്ല, മനസോടെ അനുസരിക്കുവാനാണ് മനുഷ്യനെ പ്രോഗ്രാം ചെയ്തിരിക്കുന്നത്. അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയമങ്ങള്‍ ധിക്കരിക്കുന്നതാണ് മനുഷ്യന്‍റെ സ്വഭാവം. സ്വമനസാലെ നിയമങ്ങള്‍ അനുസരിക്കുന്ന പക്വതയിലേക്ക് മനുഷ്യന്‍ വളരണം. നിയമങ്ങളുടെ ഉറവിടമായ ദൈവം അവ അടിച്ചേല്‍പ്പിക്കുന്ന ഒരു രാജാവിനെപ്പോലെയല്ല, മറിച്ച് സ്നേഹപൂര്‍വം നിര്‍ബന്ധിക്കുന്ന ഒരു പിതാവിനെപ്പോലെയാണെന്ന ഉള്‍ക്കാഴ്ചയുടെ പ്രസക്തി അവിടെയാണ്.

ലോകത്തിലെ മൂന്നു പ്രധാനമതങ്ങള്‍ക്ക് യോജിക്കാവുന്ന ഒരു ലോകവീക്ഷണമാണ് മുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും വലിയ ഒരു മേഖലയില്‍ നമുക്ക് യോജിക്കാനാവുമെങ്കില്‍ നമുക്ക് തമ്മിലുള്ള വ്യത്യാസങ്ങള്‍ എത്ര നിസാരമാണെന്ന് നമുക്ക് ബോധ്യപ്പെടും. നമുക്ക് തമ്മിലുള്ള വ്യത്യാസങ്ങളില്‍ നിന്നു സമാനതകളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള വിവേകവും സന്‍മനസും പക്വതയും എല്ലാവര്‍ക്കും ഉണ്ടാകുമെന്ന് ആശിക്കാം.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം