പൌലൊസ് മാര്‍ ഗ്രിഗോറിയോസിന്‍റെ ദൈവ-ലോക-മനുഷ്യ ദര്‍ശനം
ഒരു പുതിയ നാഗരികതയുടെ അടിസ്ഥാനശിലകള്‍
ഇംഗ്ലീഷിലെ civilization എന്ന പദം മലയാളത്തില്‍ നാഗരികത എന്നും സംസ്കാരം എന്നും തര്‍ജമ ചെയ്യാറുണ്ട്. ഒരു മനുഷ്യസമൂഹം വികസിപ്പിച്ചെടുത്ത് തുടര്‍ന്നു പോകുന്ന ജീവിതരീതി എന്നാണ് ആ പദം കൊണ്ട് അര്‍ഥമാക്കുന്നത്.
ജനിച്ചു വികസിച്ചു മരിക്കുന്ന നാഗരികതകളിലൂടെയാണ് മനുഷ്യവര്‍ഗം മുന്നോട്ട് ഗമിക്കുന്നത്. ഒരു നാഗരികത മരിച്ചു മണ്ണടിയുമ്പോള്‍ അതിന്‍റെ സ്ഥാനത്ത് മറ്റൊന്നുണ്ടാകണം. ഒരു നാഗരികതയുടെ അടിസ്ഥാനം ജീര്‍ണിക്കുമ്പോഴാണ് അത് മണ്ണടിയുന്നത്. അതിന്‍റെ സ്ഥാനത്ത് ബലവത്തായ പുതിയ ഒരു അടിസ്ഥാനവുമായി പുതിയ ഒരു നാഗരികത ഉണ്ടാകണം. ഒരു മനുഷ്യസമൂഹം ജീവിക്കുന്ന വിധമാണ് നാഗരികത. ജീവിതത്തെ സംബന്ധിച്ചു ആ സമൂഹത്തിനുള്ള ധാരണകളാണ് അവരുടെ നാഗരികതയുടെ അടിസ്ഥാനം. ബലവത്തായ ധാരണകളുടെ മേല്‍ ബലവത്തായ ഒരു നാഗരികത പടുത്തുയര്‍ത്താം. ധാരണകള്‍ ബലഹീനങ്ങളാകുമ്പോള്‍ നാഗരികത തകര്‍ന്നടിയും.
യേശുതമ്പുരാന്‍ പറഞ്ഞ രണ്ടു കെട്ടിടങ്ങളുടെ കഥ ഇതിന്നുദാഹരണമാണ്. കൊടുങ്കാറ്റുകളെയും പേമാരികളെയും അതിജീവിക്കണമെങ്കില്‍ ഒരു കെട്ടിടത്തിന്‍റെ അടിസ്ഥാനം പാറമേലായിരിക്കണം. മണലിന്‍മേല്‍ നില്‍ക്കുന്ന വീട് ഒരു ചെറിയ കാറ്റടിച്ചാല്‍ പോലും തകര്‍ന്നു വീഴും. പരീശന്മാരുടെയും മറ്റും ബലഹീനങ്ങളായ ധാരണകളിന്മേലായിരുന്നു അന്നത്തെ യഹൂദജനതയുടെ നാഗരികത. അതിനു അധികം ആയുസില്ല എന്നു കണ്ട യേശുതമ്പുരാന്‍ അതിന്‍റെ സ്ഥാനത്ത് ഒരു ബലവത്തായ നാഗരികത പടുത്തുയര്‍ത്തുവാന്‍ വേണ്ടി ബലവത്തായ ധാരണകള്‍ അടിസ്ഥാനമായി ഇട്ടു.
മൂന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്പില്‍ മുളച്ചു ലോകമാകെ പടര്‍ന്ന് പന്തലിച്ചിരിക്കുന്ന ഇന്നത്തെ നമ്മുടെ പാശ്ചാത്യനാഗരികത അടിസ്ഥാനപ്പെട്ടിരിക്കുന്നത് ബലഹീനങ്ങളായ ധാരണകളിന്‍മേലായതുകൊണ്ട് അതിനു ഇനി അധികം ആയുസില്ല. അതിന്‍റെ സ്ഥാനത്ത് ബലവത്തായ ഒരു പുതിയ നഗരികതയ്ക്കു അടിസ്ഥാനമിടേണ്ടതു ബലവത്തായ ധാരണകള്‍ കൊണ്ടാണ്. പൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1992- ല്‍ അദ്ദേഹത്തിന്‍റെ സപ്തതി ആഘോഷിക്കുന്ന വേളയില്‍ ഇപ്രകാരം പ്രസ്താവിച്ചു:
നമ്മുടെ ഇന്നത്തെ സംസ്കാരം പാശ്ചാത്യസംസ്കാരത്തില്‍ നിന്നും ഉരുത്തിരിഞ്ഞിട്ടുള്ള ഒരു സംസ്കാരമാണ്. ......... നമുക്ക് ഒരു പുതിയ മാനുഷിക സംസ്കാരത്തിന് അടിത്തറ കെട്ടി ഉയര്‍ത്തണം. (New Vision New Humanity p.36—39)
ജീവിതത്തെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്ക് നാം കണ്ടെത്തുന്ന ഉത്തരങ്ങളാണ് പുതിയ നാഗരികതയ്ക്കു അടിസ്ഥാനമാകുന്ന ബലവത്തായ ധാരണകള്‍. നാം ജീവിക്കുന്നതെന്തിന്? എങ്ങനെ ജീവിക്കണം? എവിടെയാണ് നാം ജീവിക്കുന്നതു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ ആദ്യം വേണ്ടത് ലോകം, ദൈവം, മനുഷ്യന്‍ തുടങ്ങിയ അടിസ്ഥാന പദപ്രയോഗങ്ങള്‍ കൊണ്ട് നാം എന്താണ് അര്‍ഥമാക്കുന്നതെന്ന് വ്യക്തമാക്കുകയാണ്.
ദൈവം, മനുഷ്യന്‍, ലോകം, എന്നീ മൂന്നു യാഥാര്‍ഥ്യങ്ങളെ എങ്ങിനെ മനസിലാക്കാം? അവയെ തമ്മില്‍ എങ്ങിനെ ബന്ധിപ്പിക്കാം? ആ ബന്ധത്തിന്‍റെ അര്‍ഥങ്ങള്‍ നമ്മുടെ ഇന്നത്തെ ജീവിതത്തിനു പ്രസക്തമാകുംവിധം എങ്ങനെ വ്യാഖ്യാനിക്കാം? -– ഇതായിരുന്നു പൌലൊസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ പ്രധാന ധൈഷണികാന്വേഷണം. (ഫാ. കെ. എം. ജോര്‍ജ്. ഈശ്വരന്‍, മനുഷ്യന്‍, പ്രപഞ്ചം. P. 5)
ഇന്നത്തെ നമ്മുടെ നാഗരികതയുടെ അടിസ്ഥാനശിലകള്‍ (ധാരണകള്‍) എത്രത്തോളം ബലവത്താണെന്ന് പരിശോധിക്കുകയും ബലമില്ലാത്തവയുടെ സ്ഥാനത്ത് ബലവത്തായവ നിര്‍ദ്ദേശിക്കുകയുമാണ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ചെയ്തത്.
ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യന്‍ വികസിപ്പിച്ചെടുക്കുന്ന ജീവിതരീതികളിലൂടെയാണ് ഭൂമിയില്‍ മനുഷ്യജീവിതം പുരോഗമിക്കുന്നത്. ജീവിതരീതി അടിസ്ഥാനപ്പെട്ടിരിക്കുന്നത് ജീവിതത്തെ സംബന്ധിക്കുന്ന ധാരണകളിന്മേലാണ്. എങ്ങനെ ജീവിക്കണം എന്ന ചോദ്യത്തിന്‍റെ ഉത്തരം അടിസ്ഥാനപ്പെട്ടിരിക്കുന്നത് ജീവിതം എന്താണെന്നും എന്തിനാണെന്നും ഉള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളിന്മേലാണ്. ഭൂമിയില്‍ മനുഷ്യജീവിതം തുടര്‍ന്നു പോകണമെങ്കില്‍ ജീവിതത്തെ സംബന്ധിക്കുന്ന ശരിയായ ധാരണകള്‍ ആവശ്യമാണ്.
അടിസ്ഥാനധാരണകള്‍
ജീവിതത്തെ സംബന്ധിക്കുന്ന നമ്മുടെ അറിവുകളെ അഥവാ ധാരണകളെ അടിസ്ഥാനപ്പെടുത്തിയാണ് നാം ജീവിക്കുന്നത്. നാം ചിന്തിക്കുന്നതും സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അവയുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ അടിസ്ഥാനധാരണകള്‍ മാറിയാല്‍ അതനുസരിച്ച് ജീവിതം മുഴുവന്‍ മാറും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിലെന്ന പോലെ ഒരു സമൂഹത്തിന്‍റെ ജീവിതത്തിലും സത്യമാണ്. മനുഷ്യവര്‍ഗത്തിന്‍റെ ജീവിതം തന്നെ ഒരു ധാരണാസമുച്ചയത്തിന്‍റെ മേലാണ് നില്‍ക്കുന്നത്. അതിനെ worldview (ലോകവീക്ഷണം) എന്നു വിളിക്കാറുണ്ട്. ജീവിതവീക്ഷണം എന്നു വിളിക്കുന്നതാവും കൂടുതല്‍ അനുയോജ്യം. ഒരു ലോകവീക്ഷണം മാറി അതിന്‍റെ സ്ഥാനത്ത് മറ്റൊന്നു വരുന്നതിന് paradigm shift എന്നു വിളിക്കാറുണ്ട്.
നമ്മുടെ അടിസ്ഥാനധാരണകളെ അടുത്തു നോക്കിക്കാണുമ്പോള്‍ അവയെക്കുറിച്ച് വിലപ്പെട്ട പല അറിവുകളും നമുക്ക് ലഭിക്കുന്നു. നമ്മുടെ മനസിലെത്തുന്ന ഏതൊരു കഷണം അറിവിനെ സംബന്ധിച്ചും നമുക്ക് ഏറ്റവും ആദ്യം അറിയേണ്ടത് അതു എത്രത്തോളം വിശ്വാസയോഗ്യമാണെന്നാണ്. തെളിവുകളുടെ പിന്‍ബലത്തോടെ സ്വയം നില്‍ക്കുന്ന ധാരണകളെ വസ്തുതകള്‍ എന്നു വിളിക്കാം. തെളിവുകളെ അടിസ്ഥാനമാക്കിയാണ് വസ്തുതകള്‍ നില്‍ക്കുന്നത്. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണ് എന്ന അറിവ് ഒരു വസ്തുതയാണ്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു മാറിനിന്നു നോക്കിയാല്‍ ഭൂമി ഉരുണ്ടിരിക്കുന്നത് ആര്‍ക്കും കാണാം.
തെളിവുകളുടെ പിന്‍ബലമില്ലാത്ത അറിവുകളെ വിശ്വാസം എന്നാണു വിളിക്കുക. ഒരു വിശ്വാസത്തെ താങ്ങിനിര്‍ത്തുന്നത് തെളിവുകളല്ല, ആ വിശ്വാസം പുലര്‍ത്തുന്ന ആളുകളാണ്. തെളിവുകള്‍ ഉണ്ടായിട്ടും അവയെ അവഗണിക്കുക, അഥവാ തെളിവുകള്‍ കണ്ടെത്താമെന്നിരിക്കിലും അതു ചെയ്യാതിരിക്കുക-- അങ്ങനെയുള്ള വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങള്‍ എന്നു വിളിക്കാം. ഉദാഹരണത്തിന് ഭൂമി പരന്നതാണ് എന്നു ഇക്കാലത്ത് ചിലര്‍ വിശ്വസിക്കുന്നെങ്കില്‍ അതിനെ അന്ധവിശ്വാസം എന്നു വിളിക്കാം. എന്നാല്‍ എല്ലാ വിശ്വാസങ്ങളും അന്ധമല്ല. യാതൊരു തെളിവുകളും ലഭ്യമല്ലാത്ത ചില വിശ്വാസങ്ങളുണ്ട്. ഉദാഹരണത്തിന്, ദൈവത്തെ സംബന്ധിക്കുന്ന വിശ്വാസങ്ങള്‍ക്ക് യാതൊരു തെളിവുകളും ലഭ്യമല്ല. തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കാഞ്ഞിട്ടോ തെളിവുകള്‍ അവഗണിക്കുന്നത് കൊണ്ടോ അല്ല, തെളിവുകള്‍ ലഭ്യമല്ലാത്തത് കൊണ്ട് മാത്രമാണു അവ വിശ്വാസങ്ങള്‍ ആയിരിക്കുന്നത്. ഇംഗ്ലീഷില്‍ theory അഥവാ hypothesis എന്നൊക്കെ പറയുന്നതു ഏതാണ്ട് ഈ അര്‍ഥത്തിലാണ്. നമുക്ക് അതിനെ നേരായ വിശ്വാസം എന്നു വിളിക്കാം.
തെളിവുകള്‍ ലഭ്യമല്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഒരു ധാരണ വിശ്വാസമാകുന്നത്. അതുകൊണ്ടു ഒരു വിശ്വാസത്തെ സത്യം എന്നോ അസത്യം എന്നോ തിരിക്കാനാവില്ല. വേണമെങ്കില്‍ ദോഷകരം, ഗുണകരം, നിരുപദ്രവകരം എന്നിങ്ങനെ തിരിക്കാം. മനുഷ്യനു നന്‍മയുണ്ടാക്കുന്ന വിശ്വാസങ്ങളെ നമുക്ക് താങ്ങി നിര്‍ത്താം, തിന്‍മയുണ്ടാക്കുന്ന വിശ്വാസങ്ങളെ കൈവെടിയാം, നിരുപദ്രവകരങ്ങളായ വിശ്വാസങ്ങളെ നമുക്ക് അവഗണിക്കാം. എല്ലാ വിശ്വാസങ്ങളെയും എല്ലാവരും ഒരുപോലെയല്ല കാണുന്നത്. ചിലര്‍ ഗുണകരം എന്നു കാണുന്ന വിശ്വാസങ്ങള്‍ മറ്റ് ചിലര്‍ ദോഷകരം എന്നു കാണുന്നു. ഉദാഹരണത്തിന്, ദൈവം ഉണ്ട് എന്ന വിശ്വാസം ഗുണകരമാണെന്ന് ചിലര്‍ മനസിലാക്കുന്നു. മറ്റ് ചിലരാകട്ടെ ആ വിശ്വാസം ദോഷകരമാണെന്ന് ചിന്തിക്കുന്നു.
നമ്മുടെ ഒരു കഷണം അറിവിനെ ഭാഷയിലൂടെ പ്രകടിപ്പിക്കുമ്പോള്‍ അതിനെ ഒരു പ്രസ്താവന (statement) എന്നു വിളിക്കാം. തെളിവുകളുടെ പിന്‍ബലമുള്ള പ്രസ്താവന ഒരു വസ്തുതയാണ് (fact). തെളിവുകളുടെ പിന്‍ബലമില്ലാത്തത് വിശ്വാസം (belief) അഥവാ അഭിപ്രായം (opinion) ആണ്. തെളിവുകള്‍ ലഭ്യമല്ലാത്ത വിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നത് പ്രതീകങ്ങളും ഉപമകളും ഒക്കെ ഉപയോഗിച്ചാണ്.
ചുരുക്കത്തില്‍, ജീവിതത്തെ സംബന്ധിക്കുന്ന ഒരു ധാരണയെ നാം നോക്കിക്കാണുന്നത് ഈ ചോദ്യങ്ങള്‍ മനസില്‍ വച്ച് കൊണ്ടാണ്: അതു ഒരു വസ്തുതയാണോ അതോ വിശ്വാസമാണോ? അതു ഒരു അന്ധവിശ്വാസമാണോ അതോ നേരായ വിശ്വാസമാണോ? അതു ഗുണകരമോ, ദോഷകരമോ, അതോ നിരുപദ്രവകരമോ? അതു പ്രകടിപ്പിച്ചിരിക്കുന്നത് പ്രതീകങ്ങളും ഉപമകളും ഉപയോഗിച്ചാണോ?
ദൈവസങ്കല്‍പ്പം
ഏതൊരു നാഗരികതയുടെയും അടിസ്ഥാനശിലകളില്‍ പരമപ്രധാനമായ ഒന്നാണ് ദൈവസങ്കല്‍പം. നിലവിലിരിക്കുന്ന നമ്മുടെ ദൈവസങ്കല്‍പ്പങ്ങളെ നമുക്ക് പരിശോധിക്കാം.
നമുക്കറിഞ്ഞുകൂടാത്തതെല്ലാം അറിയുന്നയാള്‍, നമുക്ക് കഴിയാത്തതെല്ലാം കഴിയുന്നയാള്‍ എന്നീ അവ്യക്തമായ ചില ധാരണകള്‍ക്കപ്പുറം നമുക്ക് ദൈവത്തെക്കുറിച്ച് യാതൊന്നും അറിഞ്ഞുകൂടാ. കാരണം നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് ദൈവത്തെ അറിയുവാന്‍ ആവില്ല. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന സുവിശേഷകന്‍റെ സാക്ഷ്യം ശ്രദ്ധിയ്ക്കുക. നമ്മുടെ ചിന്താശക്തിയും ദൈവത്തിലെത്തുവാന്‍ പ്രാപ്തമല്ല. അതുകൊണ്ടു ദൈവത്തെക്കുറിച്ച് യാതൊരു വസ്തുതകളും ലഭ്യമല്ല. ദൈവത്തെക്കുറിച്ച് നമുക്ക് വിശ്വാസങ്ങളേ ഉള്ളൂ.
സൃഷ്ടിയിലൂടെ സ്രഷ്ടാവിനെ അറിയാന്‍ കഴിയും എന്നായിരുന്നു പൌരാണിക യവനചിന്ത. പല പ്രോട്ടസ്റ്റന്‍റ് സഭകളും ക്രിസ്തുവിലൂടെ ദൈവത്തെ സമ്പൂര്‍ണമായി നമുക്ക് അറിയാന്‍ കഴിയും എന്നാണ് കരുതുന്നത്. എന്നാല്‍ സ്രഷ്ടാവിനെ മനസിലാക്കുവാന്‍ ഒരു സൃഷ്ടമനസിനും സാധ്യമല്ല എന്നാണ് നിസ്സായിലെ ഗ്രിഗോറിയോസിനൊപ്പം പൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ഉറച്ച നിലപാട്. (ഈശ്വരന്‍, മനുഷ്യന്‍, പ്രപഞ്ചം p. 21-25)
ദൈവത്തെക്കുറിച്ച് നാം ചെയ്യുന്ന പ്രസ്താവനകള്‍ പലപ്പോഴും ദൈവമല്ലാത്തതിനെക്കുറിച്ചുള്ള ഒരു വിപരീതപ്രസ്താവനയാണ്. “ഗ്രീക്കു ഭാഷയില്‍ ഇതിനെ apophatic theology എന്നു പേര് പറയും. Apophasis എന്നു വച്ചാല്‍ നിഷേധാത്മകമായ തലകുലുക്കമാണ്.” (മാര്‍ ഗ്രിഗോറിയോസ്. ഈശ്വരന്‍, മനുഷ്യന്‍, പ്രപഞ്ചം. P. 21). ഉദാഹരണത്തിന്, ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്ന ചോദ്യത്തിന് ‘ദൈവത്തിനറിയാം’ എന്ന ഉത്തരം സ്വാഭാവികമാണ്. ദൈവത്തെക്കുറിച്ചുള്ളതാണ് എന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ഈ പ്രസ്താവനയ്ക്ക് ‘ആര്‍ക്കുമറിയില്ല’ എന്നേ അര്‍ഥമുള്ളു.
ലോകസങ്കല്‍പ്പം
നമ്മുടെ അഞ്ചു ഇന്ദ്രിയങ്ങള്‍ക്കും ലോകം വിഷയമാകുന്നു. അതുകൊണ്ടു ലോകത്തെ അറിയുവാന്‍ നമുക്ക് സാധിയ്ക്കുന്നു. എന്നാല്‍ നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതമായ കഴിവ് കൊണ്ട് ലോകത്തെ പരിമിതമായേ നമുക്ക് അറിയുവാന്‍ കഴിയൂ. ടെലസ്കോപ്, മൈക്രോസ്കോപ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ട് നമ്മുടെ ഇന്ദ്രിയങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ലോകത്തെ കുറെക്കൂടി ആഴത്തിലും പരപ്പിലും വീക്ഷിക്കുവാന്‍ നമുക്ക് കഴിയുന്നു. എങ്കിലും മനുഷ്യമനസിന് ഉള്‍ക്കൊള്ളാനാവാത്തവിധം സ്ഥലവും കാലവും (space-time) അന്തമില്ലാതെ നീളുന്നതായി നമുക്ക് അനുഭവപ്പെടുന്നു.
നാം ലോകത്തിന്‍റെ ഒരു ഭാഗമായി ലോകത്തിനുള്ളില്‍ ജീവിക്കുന്നതു കൊണ്ട് ലോകത്തിന്‍റെ ഉള്ളില്‍ നിന്നു മാത്രമേ നമുക്ക് ലോകത്തെ നോക്കിക്കാണാനാവൂ. ഒരിയ്ക്കലും ലോകത്തിന്‍റെ പുറത്തു പോയി ലോകത്തെ വസ്തുനിഷ്ഠമായി വീക്ഷിക്കുവാന്‍ നമുക്ക് സാധിക്കുന്നില്ല. ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറയുന്നു:
We are part of the universe. We cannot stand above it to get a bird's eye-view. We can transcend it in our minds, but never completely. For our minds are also conditioned by many limits. (Take A Look At Our World: A partial perception of some aspects of the world today)
ലോകത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് ഭാഗികമായതുകൊണ്ടാണ് ലോകത്തെ നമുക്ക് സങ്കല്‍പ്പിക്കേണ്ടതായി വരുന്നത്. ലോകത്തെ അതിന്‍റെ ഉള്ളില്‍ നിന്നു കണ്ടറിയുന്നതിന്‍റെ വെളിച്ചത്തില്‍ ലോകത്തെ വെളിയില്‍ നിന്നു കണ്ടാല്‍ എങ്ങനെയിരിക്കും എന്നു സങ്കല്‍പ്പിക്കാന്‍ നമ്മുടെ കവികള്‍ ശ്രമിച്ചിട്ടുണ്ട്. ലോകം ഒരു ഇരുനിലക്കെട്ടിടം പോലെയാണെന്ന് നമ്മുടെ പൂര്‍വികര്‍ സങ്കല്‍പ്പിച്ചിട്ടുണ്ട്. മനുഷ്യരും മൃഗങ്ങളുമൊക്കെ താഴത്തെ നിലയിലും ദൈവവും മാലാഖമാരും ഒക്കെ മുകളിലത്തെ നിലയിലും.
ക്രിസ്തുവര്‍ഷത്തിന്‍റെ ആരംഭമായപ്പോഴേക്കും ആകാശത്തിലെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഒക്കെ സസൂക്ഷ്മം നിരീക്ഷിച്ചു ലഭിച്ച അറിവും പഞ്ചഭൂതങ്ങളെപ്പറ്റിയുള്ള അറിവും ചേര്‍ത്തു വളരെ മെച്ചപ്പെട്ട ഒരു ലോകസങ്കല്‍പ്പം രൂപമെടുത്തു— ഭൌമകേന്ദ്രലോകവീക്ഷണം. അതനുസരിച്ച് ലോകത്തിന്‍റെ കേന്ദ്രം ഭൂമി എന്ന ഗോളമാണ്. ഏറ്റവും ഭാരമുള്ള വസ്തുവായ മണ്ണ് കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണ് ഭൂമി കേന്ദ്രത്തില്‍. അതിലും ഭാരം കുറഞ്ഞ വെള്ളം ഭൂമിക്ക് മുകളില്‍ സമുദ്രമായി കിടക്കുന്നു. അതിലും ഭാരം കുറഞ്ഞ വായു അതിനും മുകളില്‍. അതിലും ഭാരം കുറഞ്ഞ അഗ്നി വായുവിനും മുകളിലേക്കു അതിശീഘ്രം ഗമിക്കുന്നു. നക്ഷത്രങ്ങളുടെ സ്ഥലം അവിടെയാണ്. ഏറ്റവും മുകളിലുള്ളത് ആത്മാവിന്‍റെ മണ്ഡലമാണ്. ദൈവം, മാലാഖമാര്‍ എന്നീ ആത്മജീവികളുടെ സ്ഥലമാണ് അവിടം.
നാം ഇക്കാണുന്ന ലോകം കൂടാതെ ഒരു ആത്മലോകം ഉണ്ട് എന്ന വീക്ഷണം ഈ രണ്ടു സങ്കല്‍പ്പങ്ങളിലും ഉണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടു മൂന്നു നൂറ്റാണ്ടുകളായി ഈ വീക്ഷണം നഷ്ടപ്പെട്ടിരിക്കുന്നു. അതനുസരിച്ച് നാം നേരിട്ടറിയുന്ന ലോകമല്ലാതെ കാണപ്പെടാത്ത ഒരു ലോകമില്ല. ഈ വീക്ഷണം ശാസ്ത്രീയം എന്ന നിലയില്‍ മാനിക്കപ്പെട്ടു. ഭൌതികവാദം, യുക്തിവാദം, നിരീശ്വരവാദം തുടങ്ങിയവയുടെ പിന്‍ബലവും ആ വീക്ഷണത്തിനുണ്ടായി. ഇന്ന് ലോകത്തില്‍ ഏറ്റവും പ്രബലമായ ലോകസങ്കല്‍പ്പം ഇതാണെന്ന് പറയാം.
തുറന്ന മനസോടെ സത്യം അന്വേഷിച്ച ശാസ്ത്രജ്ഞ്ര്‍ക്കും തത്ത്വചിന്തകര്‍ക്കും ഈ സങ്കല്‍പ്പത്തിന്‍റെ പൊള്ളത്തരം പകല്‍ പോലെ വ്യക്തമായിരുന്നു. നമ്മുടെ ലോകത്തില്‍ നിന്നു അന്യമായ ഒരു ആത്മലോകമുണ്ട് എന്ന സങ്കല്‍പ്പം ഒരു വിശ്വാസമായിരിക്കുന്നതുപോലെ, നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമായ ലോകമേയുള്ളൂ എന്നതും ഒരു വിശ്വാസമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് പരിമിതമായ കഴിവേ ഉള്ളൂ എന്നതിന്‍റെ അടിസ്ഥാനത്തില്‍ ലോകം കാണപ്പെടുന്നതിനെക്കാള്‍ വലുതാണെന്ന് തുറന്ന മനസുള്ള ആരും സമ്മതിക്കും.
തുറന്ന മനസോടെ ഈ വിഷയത്തെ സമീപിച്ച പൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നിസായിലെ ഗ്രിഗോറിയോസ് എന്ന ഭക്തനും പണ്ഡിതനുമായിരുന്ന സഭാപിതാവിന്‍റെ ചിന്ത മാര്‍ഗദര്‍ശകമായി കണ്ടെത്തി. സ്ഥലകാലപരിമിതികള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ഒരു പ്രക്രിയയാണ് ലോകം എന്നു നാലാം നൂറ്റാണ്ടില്‍ തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു. അതിനു കാണപ്പെടുന്ന ഭാഗം കൂടാതെ കാണപ്പെടാത്ത ഒരു ഭാഗം കൂടിയുണ്ടെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. ഗ്രിഗോറിയോസ് തിരുമേനി എഴുതുന്നു:
....a tradition which refers to the universe as a double reality— part intelligible, part sensible………… Its intelligible nature is incorporeal, impalpable, formless; its sensible nature is the contrary. Although it is made up of opposites like fire and water, the universe remains a harmonious whole. (Human Presence P. 64)
ശ്രീ ജോയ്സ് തോട്ടയ്ക്കാടും ശ്രീ ജോണ്‍സണ്‍ ജേക്കബും ചേര്‍ന്ന് ഗ്രിഗോറിയോസ് തിരുമേനിയുമായി നടത്തിയ അഭിമുഖസംഭാഷണത്തില്‍ ഒരു ചോദ്യവും ഉത്തരവും ഇങ്ങനെയായിരുന്നു:
ചോദ്യം: “സ്വര്‍ഗത്തെക്കുറിച്ച് തിരുമേനിയുടെ മനസിലാക്കല്‍ എങ്ങനെയാണ്?”
ഉത്തരം: “പിതാക്കന്മാര്‍ അക്കാര്യത്തില്‍ വളരെ വ്യക്തതയുള്ളവരാണ്. അഞ്ചു ഇന്ദ്രിയങ്ങള്‍ക്ക് അനുഭൂതമാകുന്ന യാഥാര്‍ഥ്യത്തിന് അപ്പുറത്തുള്ള യാഥാര്‍ഥ്യം. അത് ഇവിടെത്തന്നെയാകാം.” (പൌലൊസ് മാര്‍ ഗ്രിഗോറിയോസ് സംവദിക്കുന്നു. P18.)
നമ്മുടെ ലോകസങ്കല്‍പ്പത്തെപ്പറ്റി മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചുരുക്കിപ്പറയാം:
ലോകത്തെക്കുറിച്ച് രണ്ടു തരം വികലമായ സങ്കല്‍പ്പങ്ങള്‍ നിലവിലുണ്ട്.
1. പരലോകപ്രധാന ലോകസങ്കല്‍പ്പം. ഇഹലോകം, പരലോകം ഇങ്ങനെ രണ്ടു ലോകങ്ങളുണ്ട്. ഇഹലോകം താല്‍കാലികവും പരലോകം നിത്യവുമാണ്. ഇഹലോകം വിട്ടു പരലോകത്തേക്ക് പോകുന്നതാണ് രക്ഷ.
ഒരു പരലോകം ഉണ്ടെന്നുള്ള സങ്കല്‍പ്പത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് രണ്ടാമത്തെ സങ്കല്‍പ്പം രൂപമെടുക്കുന്നത്.
2. ഇഹലോകമാത്രലോകസങ്കല്‍പ്പം. ഇഹലോകം മാത്രമേ ഉള്ളൂ. പരലോകം എന്നൊന്ന് ഇല്ല.
നാം ഈ കാണുന്ന ലോകത്തിനപ്പുറം ഒന്നും ഇല്ല എന്ന ധാരണ ആദ്യത്തേത് പോലെ തന്നെ അടിസ്ഥാനമില്ലാത്തതാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് മൂന്നാമത്തെ സങ്കല്‍പ്പം ഉടലെടുക്കുന്നത്.
3. ഒരു ലോകമേ ഉള്ളൂ, എന്നാല്‍ അതിനു ദൃശ്യമായ ഭാഗം കൂടാതെ അദൃശ്യമായ ഒരു ഭാഗം കൂടിയുണ്ട്. നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതി കാരണം ലോകത്തിന്‍റെ ഒരു ഭാഗം മാത്രമേ ഇന്ദ്രിയങ്ങള്‍ക്ക് വിഷയമാകുന്നുള്ളു. ഈ ലോകസങ്കല്‍പ്പത്തെ ദൃശ്യാദൃശ്യ ലോകസങ്കല്‍പ്പം എന്നു നമുക്ക് വിളിക്കാം.
ദൈവവും ലോകവും തമ്മിലുള്ള ബന്ധം
ദൈവത്തെക്കുറിച്ച് നമുക്ക് യാതൊന്നും അറിഞ്ഞുകൂടാ. എന്നാല്‍ ലോകത്തെക്കുറിച്ച് നമുക്ക് ഭാഗികമായ അറിവുണ്ട്. ലോകത്തെക്കുറിച്ചുള്ള അറിവിന്‍റെ വെളിച്ചത്തില്‍ ദൈവത്തെക്കുറിച്ചും ദൈവവും ലോകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചില നിഗമനങ്ങളില്‍ എത്താന്‍ കഴിയും. അറിയാവുന്ന കാര്യങ്ങളുടെ വെളിച്ചത്തില്‍ അറിഞ്ഞുകൂടാത്തവ കണ്ടെത്തുന്ന കണക്കിലെ (mathematics) വിദ്യ പോലെയാണ് ഇത്. x + 1 = 3 എന്ന സമവാക്യത്തില്‍ x -ന്‍റെ വില അറിഞ്ഞുകൂടാ. അത് കണ്ടെത്തുന്നതു, വില അറിയാവുന്ന 1, 3 എന്നീ ഘടകങ്ങളുമായുള്ള ബന്ധത്തിന്‍റെ വെളിച്ചത്തിലാണ്. +, = എന്നീ ചിഹ്നങ്ങള്‍ സമവാക്യത്തിലെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള ബന്ധം വെളിവാക്കുന്നു.
X (ദൈവം), ലോകം എന്നീ രണ്ടു ഘടകങ്ങള്‍ മാത്രമേ നമ്മുടെ formula യില്‍ ഉള്ളൂ. അവ രണ്ടും തമ്മില്‍ ഉണ്ടാകാവുന്ന ബന്ധം വ്യക്തമാക്കുന്ന അഞ്ചു formula കള്‍ നമുക്ക് ഇവിടെ കാണാം.
1. ലോകം is a superset of X or X is a subset of ലോകം
ദൈവം ലോകത്തിനുള്ളില്‍.
a. ലോകം എന്ന മഹാരാജ്യത്തിലെ രാജാവാണ് ദൈവം,
b. ലോകം എന്ന ശരീരത്തിനുള്ളിലെ ആത്മാവാണ് ദൈവം.
2. ലോകം + X = (ലോകം + X)
ലോകവും ദൈവവും കുശവനും കുടവും പോലെ രണ്ടായി നിലനില്‍ക്കുന്നു.
3. ലോകം + X = ലോകം (X = 0) ലോകം മാത്രമേ ഉള്ളൂ, ദൈവം ഇല്ല.
4. ലോകം = X ലോകം തന്നെയാണ് ദൈവം.
ലോകം എന്ന മഹാരാജ്യത്തിലെ രാജാവാണ് ദൈവം എന്ന ഒന്നാമത്തെ ധാരണയാണ് മതവിശ്വാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ളത്. ലോകം എന്ന ശരീരത്തിനുള്ളിലെ ആത്മാവാണ് ദൈവം എന്ന ധാരണ പ്രാചീന യവന സംസ്കാരത്തില്‍ ഉണ്ടായിരുന്നതാണ്. ലോകവും ദൈവവും രണ്ടായി നിലനില്‍ക്കുന്നു എന്ന രണ്ടാമത്തെ ധാരണയും മതവിശ്വാസികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. അതിനെപ്പറ്റി ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഇങ്ങനെ എഴുതുന്നു: ദൈവവും ലോകവും രണ്ടു വ്യത്യസ്ഥ സംഗതികളാണെങ്കില്‍ ദൈവവും ലോകവും കൂടി ചേരുന്നതെന്തൊ അത് ദൈവത്തെക്കാള്‍ വലുതാവുമല്ലോ! (An Eastern Orthodox Perspective Of Nature, Man, and God). എന്നാല്‍ ഇന്ന് ലോകത്തില്‍ ഏറ്റവും പ്രബലമായ ധാരണ മൂന്നാമത്തേതാണ്— ദൈവം ഇല്ലെന്ന ധാരണ. ലോകത്തെത്തന്നെ സമ്പൂര്‍ണമായി കാണാനും അറിയാനും കഴിവില്ലാത്ത മനുഷ്യന്‍ ദൈവമില്ല എന്നു അവകാശപ്പെടുന്നത് എങ്ങനെ? ദൈവം മാത്രമേ ഉള്ളൂ, ലോകം ഉണ്ട് എന്നത് ഒരു വെറും തോന്നലാണ് എന്നത് ശങ്കരാചാര്യരുടെ വേദാന്തചിന്തയാണ്. അങ്ങനെ വരുമ്പോള്‍ നാമീക്കാണുന്ന ലോകം ദൈവം തന്നെയാണെന്ന് വരുന്നു. ഈ നാലു formula കളും വികലമാണ് എന്ന തിരിച്ചറിവില്‍ നിന്നു അഞ്ചാമത് ഒരു formula ഉടലെടുക്കുന്നു.
5. ലോകം is a subset of X or X is a superset of ലോകം
ലോകം ദൈവത്തിനുള്ളില്‍
ലോകം സ്ഥലകാല പരിമിതികള്‍ക്കുള്ളിലാണ്, അതുകൊണ്ടു അതു സദാ മാറിക്കൊണ്ടിരിക്കുന്നു. ദൈവമാകട്ടെ ആ പരിമിതികള്‍ക്ക് പുറത്താണ്, അതുകൊണ്ടു ദൈവം മാറ്റമില്ലാത്തവനായിരിക്കുന്നു. സ്ഥലകാലങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ലോകം മാറ്റമില്ലാത്ത ദൈവത്തിനുള്ളിലാകുന്നു. ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍, ദൈവമല്ലാതെ ഒന്നും നിലനില്‍ക്കുന്നില്ല. ലോകത്തിന്‍റെ കാഴ്ചപ്പാടില്‍ ലോകവും ദൈവവും നിലനില്‍ക്കുന്നു. ഈ വ്യത്യസ്ത കാഴ്ചപ്പാടുകളെപ്പറ്റി ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഇങ്ങനെ എഴുതുന്നു:
From our side, there is a diastema or gap between the universe and God, but from God’s side there is none. (An Eastern Orthodox Perspective of Nature, Man, And God)
ദൈവത്തില്‍ നിന്നു സദാ പുറപ്പെടുന്ന ഊര്‍ജം (energia) ദൈവത്തില്‍ നിന്നു ഉദ്ഭവിച്ച നിയമങ്ങളുടെ (ദൈവേച്ഛയുടെ) അടിസ്ഥാനത്തില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയമാകുന്ന മൂര്‍ത്തരൂപം എടുക്കുന്നതാണ് ലോകം എന്ന പ്രക്രിയ. നിസ്സായിലെ ഗ്രിഗോറിയോസിന്‍റെ ചിന്ത വ്യാഖ്യാനിച്ചു കൊണ്ട് പൌലൊസ് മാര്‍ ഗ്രിഗോറിയോസ് ഇപ്രകാരം എഴുതുന്നു:
This is also Gregory’s explanation for the constitution of matter: it is God’s will, His energy, made palpable to our senses. … The existence of all that is created is contingent upon the will of God. ….While His ousia remains transcendent, His energia is the whole principle of existence— the immanent, existence-giving, constitutive, teleological principle of the universe. (The Human Presence (1987) Amity House. P. 62)
The uncreated force-field which we Christians call the Triune God is the fundamental reality from which all created reality flows and on which everything else is dependent. We say that it is God Who, without Himself being caused, is the cause and ground of all. He not only ‘called’ the creation into being from non-being; He directs its movement forward to its fulfillment, gives the energy for that forward movement, and takes the universe to its goal. Without the guiding and sustaining force-field of the energeia of God, nothing can exist. (Take A Look At Our World: A partial perception of some aspects of the world today)
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനു പിന്നില്‍ മാറ്റമില്ലാത്തതായി എന്തുണ്ട് എന്നു അന്വേഷിക്കുമ്പോള്‍ ലോകം പ്രവര്‍ത്തിക്കുന്നത് മാറ്റമില്ലാത്ത നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നു കണ്ടെത്താം. ലോകസ്രഷ്ടാവ് തന്നെയാവണം നിയമങ്ങളുടെ ഉറവിടവും. ന്യായപ്രമാണം അഥവാ നിയമം എന്നു എബ്രായ പഴയനിയമത്തിലും, ലോഗോസ് എന്നു ഗ്രീക്കിലും അറിയപ്പെട്ടിരുന്ന മാറ്റമില്ലാത്ത നിയമസംഹിതയെ യേശുതമ്പുരാനെപ്പോലെ നിസ്സയിലെ ഗ്രിഗോറിയോസും ദൈവഹിതം (will of God) എന്നാണ് വിളിച്ചത്.
ലോകം പ്രവര്‍ത്തിക്കുന്നതിന് നിയമം മാത്രം പോര. അതിനു നിലയ്ക്കാത്ത ഒരു ശക്തി/ഊര്‍ജപ്രവാഹം (energia) ഉണ്ടായെ തീരു. ഇതിന്‍റെ ഉറവിടവും സ്രഷ്ടാവ് തന്നെയാവണം.
അങ്ങനെ മാറുന്ന ലോകത്തിന്‍റെ പിന്നില്‍ മാറ്റമില്ലാത്ത മൂന്നു കാര്യങ്ങള്‍ ഉണ്ട് . 1. നിയമസംഹിത അഥവാ ദൈവേഷ്ടം (will of God) 2. നിലക്കാത്ത ഊര്‍ജപ്രവാഹം (energia) 3. ഇവ രണ്ടിന്‍റെയും ഉറവിടമായ ദൈവികസത്ത (ousia of God).
ഊര്‍ജം നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവഹിക്കുന്നത് ഭാഗികമായി നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയീഭവിക്കുന്നു. അതിനെ നാം ലോകം എന്നു വിളിക്കുന്നു.
ദൈവത്തില്‍ നിന്നന്യമായ ഒരു യാഥാര്‍ഥ്യമല്ല ലോകം. ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഇപ്രകാരം പറയുന്നു:
ഈശ്വരനും മനുഷ്യനും പ്രപഞ്ചവും മൂന്നും മൂന്നാണ് എന്നുള്ള ചിന്താഗതിക്കാണ് പാശ്ചാത്യരാജ്യങ്ങളില്‍ പ്രാബല്യമുള്ളത്. അങ്ങനെ മൂന്നായിരിക്കാന്‍ സാധ്യമല്ല. .... മനുഷ്യനെക്കൂടി ഉള്‍പ്പെടുന്ന പ്രപഞ്ചത്തിന് ഈശ്വരന് പുറത്തു സ്വതന്ത്രമായി നില്‍ക്കുവാന്‍ വേറെ ഒരിടത്തും സ്ഥലമില്ല. (പൌലൊസ് മാര്‍ ഗ്രിഗോറിയോസ് സംവദിക്കുന്നു. P. 22)
ഭൂമിയെ ഒരു ജീവിയായി കാണുന്ന ജെയിംസ് ലവ്ലോക്കിന്‍റെ കാഴ്ചപ്പാട് സമ്മതിക്കുന്നതോടൊപ്പം, പ്രപഞ്ചത്തെ മുഴുവന്‍ ഒരു ജീവിയായി കാണാന്‍ കഴിയണം എന്നും ഗ്രിഗോറിയോസ് തിരുമേനി ഓര്‍മിപ്പിക്കുന്നു. അതോടൊപ്പം പ്രപഞ്ചത്തെ ഈശ്വരനില്‍ നിന്നു അന്യമായി കാണാനാവില്ലെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു. (The Unity Of The Grand Continuum)
മനുഷ്യസങ്കല്‍പ്പം
മനുഷ്യനെക്കുറിച്ചുള്ള അഞ്ച് അടിസ്ഥാനചോദ്യങ്ങള്‍ക്കാണ് നാമിവിടെ ഉത്തരം തേടുന്നത്.
1. മനുഷ്യന്‍ ഉണ്ടായിരിക്കുന്നത് എന്തെല്ലാം ചേര്‍ന്നാണ്?
2. മനുഷ്യവ്യക്തിയും മനുഷ്യസമൂഹവും തമ്മിലുള്ള ബന്ധമെന്താണ്?
3. മനുഷ്യന്‍ ലോകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
4. മനുഷ്യന്‍ ദൈവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
5. മനുഷ്യന്‍റെ അടിസ്ഥാനസ്വഭാവമെന്താണ്?

പരലോകപ്രധാനലോകവീക്ഷണം പുലര്‍ത്തുന്നവര്‍ മനുഷ്യനെ കാണുന്നത് പ്രധാനമായും രണ്ടു വ്യത്യസ്ത ഭാഗങ്ങളുടെ സങ്കലനമായാണ്— ശരീരത്തിന്‍റെയും ആത്മാവിന്‍റെയും. ശരീരം ഇഹലോകത്തെപ്പോലെ താല്‍ക്കാലികമാണ്; ആത്മാവു പരലോകത്തെപ്പോലെ നിത്യമാണ്. ആത്മാവിന്‍റെ ഒരു തടവറയാണ് ശരീരം. ശരീരമാണ് തിന്‍മയിലേക്ക് പോകുന്നത്. അതുകൊണ്ട് ശരീരത്തില്‍ നിന്നാണ് ആത്മാവിന് മോചനം വേണ്ടത്. ശരീരത്തില്‍ നിന്നു വേര്‍പെടുമ്പോള്‍ ആത്മാവു പരലോകത്തേക്ക് പോകുന്നു. ശരീരത്തിനു ആത്മാവിന്‍റെ ഒരു വാസസ്ഥലം അഥവാ വാഹനം എന്ന പ്രാധാന്യമേയുള്ളൂ. ശരീരത്തെ ക്ഷീണിപ്പിക്കുമ്പോള്‍ ആത്മാവു ബലപ്പെടുന്നു എന്ന ധാരണ ഇതിനെ അടിസ്ഥാനമാക്കിയാണ്. ആത്മാവിനെ ബലപ്പെടുത്തുവാന്‍ ശരീരത്തെ അവഗണിക്കുകയും ക്ഷീണിപ്പിക്കുകയും പീഢിപ്പിക്കുകയും ഒക്കെ ചെയ്യണമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ആത്മാവു എന്ന പദത്തിനു പകരം ദേഹി എന്ന പദം ഉപയോഗിച്ചാല്‍ ഈ സങ്കല്‍പ്പത്തെ ദേഹിപ്രധാനമനുഷ്യസങ്കല്‍പ്പം എന്നു നമുക്ക് വിളിക്കാം.
ഇഹലോകമാത്രലോകസങ്കല്‍പം പുലര്‍ത്തുന്നവരുടെ വീക്ഷണത്തില്‍ മനുഷ്യനു ശരീരം മാത്രമേ ഉള്ളൂ, ആത്മാവില്ല. മനസ് പോലുമില്ല. ഇംഗ്ലീഷ് ഭാഷയില്‍ mind എന്ന വാക്ക് ഉപയോഗിച്ചിരുന്ന സ്ഥാനത്തൊക്കെ brain എന്ന വാക്കാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. ഇതിനെ ദേഹമാത്രമനുഷ്യസങ്കല്‍പ്പം എന്നു വിളിക്കാം.
ഈ രണ്ടു സങ്കല്‍പ്പങ്ങളും വികലമാണെന്ന തിരിച്ചറിവില്‍ നിന്നാണ് മൂന്നാമത് ഒരു മനുഷ്യസങ്കല്‍പ്പത്തിലേക്ക് നാം നീങ്ങുന്നത്. രണ്ടു ലോകങ്ങളുണ്ട് എന്ന വിശ്വാസത്തിന്നു അടിസ്ഥാനമില്ലാത്തത് പോലെ മനുഷ്യനില്‍ രണ്ടു ഭാഗങ്ങളുണ്ട് എന്ന വിശ്വാസത്തിനും അടിസ്ഥാനമില്ല. മനുഷ്യനെന്നാല്‍ ശരീരം മാത്രമാണു എന്ന വിശ്വാസത്തിനും അടിസ്ഥാനമില്ല. നമ്മുടെ ഇന്ദ്രിയങ്ങളുടെ കഴിവുകള്‍ പരിമിതമാണ് എന്ന കാരണത്തിന്‍റെ അടിസ്ഥാനത്തില്‍ മനുഷ്യനില്‍ കാണപ്പെടുന്ന ഭാഗത്തോടൊപ്പം കാണപ്പെടാത്ത ഒരു ഭാഗം കൂടെയുണ്ട് എന്ന ധാരണ യുക്തിഭദ്രമാണ്. നിസായിലെ ഗ്രിഗോറിയോസിന്‍റെ ചിന്ത വ്യാഖ്യാനിച്ചുകൊണ്ടു ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഇങ്ങനെ എഴുതുന്നു:
Seeking to explain this human role, Gregory cites a tradition which refers to the universe as a double reality— part intelligible, part sensible, with conflicting qualities and characteristics. ……… In the same fashion, human nature is a harmonious combination of the sensible and the intelligible. (Human Presence p. 64)
ഒരു കാന്തത്തിന് അദൃശ്യമായ ഒരു കാന്തികമണ്ഡലം ഉള്ളതുപോലെ മനുഷ്യനു അദൃശ്യമായ ഒരു ഊര്‍ജമണ്ഡലം ഉണ്ടെന്ന് സങ്കല്‍പ്പിക്കാവുന്നതാണ്. ഇതിനെ ദൃശ്യാദൃശ്യമനുഷ്യസങ്കല്‍പ്പം എന്നു വിളിക്കാം. ഇതിനെപ്പറ്റി ഗ്രിഗോറിയോസ് തിരുമേനി പറയുന്നു:
A human being is not simply put together with three components called body, mind and Spirit, but is himself or herself a force-field which interacts with other force-fields. But so are animals, plants, all living things. The development of Kirlian photography in the Soviet-Union and ongoing research in what they call 'Bioplasmic Energy‘ in the Soviet Union, has made it possible to perceive that there is in each living being a field of energy which grows and develops and changes in interaction with other force-fields in the universe. The genes and chromosomes direct this energy in a particular direction of growth, but not the only determinant. The whole environment, with various known and unknown force-fields, interacts with the force-field of each unit in it. These force-fields and their mutual interaction are not completely predetermined. The forces which we call consciousness and will are also components of this system of interaction of force-fields. (Take A Look At Our World: A partial perception of some aspects of the world today)
ഇങ്ങനെ മൂന്നു വ്യത്യസ്ത ലോകവീക്ഷങ്ങള്‍ക്കനുസൃതമായി മൂന്ന് വ്യത്യസ്ത മനുഷ്യവീക്ഷണങ്ങളുണ്ട്.
പരലോകപ്രധാന ലോകവീക്ഷണം----- ദേഹിപ്രധാന മനുഷ്യവീക്ഷണം
ഇഹലോകമാത്ര ലോകവീക്ഷണം ----- ദേഹമാത്ര മനുഷ്യവീക്ഷണം
ദൃശ്യാദൃശ്യ ലോകവീക്ഷണം ----- ദൃശ്യാദൃശ്യ മനുഷ്യവീക്ഷണം

ശരീരം എന്ന വാഹനത്തിന്‍റെ ഉള്ളിലിരിക്കുന്ന ആത്മാവാണ് മനുഷ്യനെങ്കില്‍ മനുഷ്യന്‍ ഒറ്റയാനാണ്. മനുഷ്യന്‍ ശരീരം മാത്രമാണെന്ന് സങ്കല്‍പ്പിച്ചാലും മനുഷ്യന്‍ ഒറ്റയാനാണ്. എന്നാല്‍ ചുറ്റും ഊര്‍ജവലയമുള്ള മനുഷ്യന്‍ ഒറ്റയാനല്ല. മനുഷ്യസമൂഹം എന്ന വലിയ ജീവിയുടെ ശരീരത്തിലെ കോശങ്ങള്‍ പോലെ പരസ്പരം ആശ്രയിച്ചും സഹായിച്ചുമാണ് മനുഷ്യവ്യക്തികള്‍ ജീവിക്കുന്നത്. സഭ ഒരു ശരീരം പോലെയാണെന്നും സഭയുടെ അംഗങ്ങള്‍ ആ ശരീരത്തിലെ അവയവങ്ങള്‍ പോലെയുമാണെന്ന് പൌലൊസ് അപ്പൊസ്തോലന്‍ പഠിപ്പിച്ചത് ഓര്‍ക്കുക. ഒരു നെറ്റുവര്‍ക്കിന്‍റെ ഭാഗമായ കംപ്യൂട്ടറുകളെ പോലെയാണ് സമൂഹത്തിലെ മനുഷ്യര്‍ എന്നും സങ്കല്‍പ്പിക്കാം.

മനുഷ്യനു ലോകവുമായുള്ളത് ശത്രുതയാണ് എന്ന വികലധാരണക്കു വളരെ പ്രചാരമുണ്ട്. അതനുസരിച്ച് ഇഹലോകം മനുഷ്യാത്മാവിന്‍റെ തടവറയാണ്. ഇഹലോകം നശിപ്പിക്കപ്പെടുന്നതിനു മുമ്പ് അതില്‍ നിന്നു രക്ഷപെട്ടു നമ്മുടെ ആത്മാവു പരലോകത്തേക്ക് ഗമിക്കണം. മനുഷ്യനൊഴികെ ലോകത്തിലുള്ള പക്ഷിമൃഗാദികള്‍ക്കും സസ്യജാലങ്ങള്‍ക്കും ആത്മാവില്ല. നശിപ്പിക്കപ്പെടാനുള്ള ഈ ലോകത്തെ നാം സംരക്ഷിക്കേണ്ട ആവശ്യമില്ല.
ദേഹിമാത്രമനുഷ്യവീക്ഷണം പുലര്‍ത്തുന്നവരെ സംബന്ധിച്ചടത്തോളം മരണത്തോടെ അവസാനിക്കുന്നതാണ് മനുഷ്യജീവിതം. ജീവിക്കുന്ന കാലത്തോളം പരമാവധി ഭൂമിയിലെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ജീവിച്ച് മരിക്കുക എന്നതില്‍ കവിഞ്ഞു ജീവിതത്തിനു പറയത്തക്ക ലക്ഷ്യമൊന്നുമില്ല. ലോകത്തെ സംരക്ഷിക്കാനുള്ള കടപ്പാട് മനുഷ്യര്‍ക്കില്ല.
ഭൌമകേന്ദ്രലോകവീക്ഷണം പുലര്‍ത്തിയിരുന്നവര്‍ ലോകത്തെ macrocosm എന്നും മനുഷ്യനെ microcosm എന്നും വിളിച്ചിരുന്നു. ലോകം പോലെ തന്നെ മനുഷ്യനും പഞ്ചഭൂതങ്ങളാലാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എന്ന ധാരണയായിരുന്നു അതിന്‍റെ പിന്നില്‍. മണ്ണ്, വെള്ളം, വായു, അഗ്നി, ആത്മാവു ഇവയെല്ലാം മനുഷ്യനില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെട്ടു. മനുഷ്യന്‍ മരിക്കുമ്പോള്‍ ഇവയെല്ലാം തിരികെ ലോകത്തിന്‍റെ ഭാഗമായി മാറും എന്നും വിശ്വസിക്കപ്പെട്ടു.
ദൃശ്യാദൃശ്യമനുഷ്യസങ്കല്‍പ്പം പുലര്‍ത്തുന്നവരെ സംബന്ധിച്ചടത്തോളം മനുഷ്യന്‍ ലോകത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ഭൂമിയെ ഒരു ജീവിയായി സങ്കല്‍പ്പിക്കാമെങ്കില്‍ അതിന്‍റെ തലച്ചോറാണ് മനുഷ്യവര്‍ഗം. തലച്ചോറിനെ ശരീരത്തിലെ മറ്റവയവങ്ങള്‍ സംരക്ഷിക്കുകയും പോറ്റിപ്പുലര്‍ത്തുകയും ചെയ്യുന്നത് പോലെ മനുഷ്യനെ സസ്യജാലങ്ങളും പക്ഷിമൃഗാദികളും പോറ്റിപ്പുലര്‍ത്തുന്നു. പകരം അവയെ സംരക്ഷിക്കാനുള്ള ചുമതല മനുഷ്യനുണ്ട്.

മനുഷ്യന് ലോകത്തിന്‍റെ ഭാഗവും ലോകം ദൈവത്തിന്‍റെ ഭാഗവും ആണെങ്കില്‍, ലോകത്തിന് ദൈവത്തോടുള്ള അതേ ബന്ധമാണ് മനുഷ്യനും ദൈവത്തോടുള്ളത് എന്നു വാദിക്കാം. ദൈവത്തില്‍ നിന്നു പുറപ്പെടുന്ന ദിവ്യോര്‍ജം ദൈവികനിയമങ്ങളനുസരിച്ച് രൂപമെടുക്കുന്നതാണ് ലോകത്തെപ്പോലെ മനുഷ്യനും. ദൈവികനിയമങ്ങള്‍ അനുസരിച്ചു മാത്രമേ മനുഷ്യനുള്‍പ്പടെ ലോകത്തിനും അതിലുള്ള സകലത്തിനും നിലനില്‍പ്പുള്ളൂ. എന്നാല്‍ ഇക്കാര്യത്തില്‍ മനുഷ്യന്‍റെ പ്രോഗ്രാമില്‍ ഒരു ചെറിയ മാറ്റമുണ്ട്. ദൈവികനിയമങ്ങളെ യാതൊരു വ്യവസ്ഥയും കൂടാതെ സമ്പൂര്‍ണമായി അനുസരിക്കത്തവിധമാണ് മനുഷ്യനൊഴികെയുള്ള സകലത്തെയും പ്രോഗ്രാം ചെയ്തിരിക്കുന്നത്. എന്നാല്‍ ദൈവികനിയമങ്ങളെ അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യത്തോടെയാണ് മനുഷ്യനെ പ്രോഗ്രാം ചെയ്തിരിക്കുന്നത്. ദൈവിക നിയമങ്ങളെ അറിഞ്ഞു ബോധപൂര്‍വം സ്വമനസാലെ അവയെ അനുസരിക്കത്തക്കവിധം മനുഷ്യന്‍ പക്വത നേടണമെന്നതാണ് മനുഷ്യനെക്കുറിച്ചുള്ള പ്രതീക്ഷ. ഈ സ്വാതന്ത്രമുള്ളതുകൊണ്ടാവണം മനുഷ്യര്‍ ദൈവമക്കള്‍ എന്നു വിളിക്കപ്പെടുന്നത്. മനുഷ്യന് ദൈവസാദൃശ്യം ഉണ്ട് എന്നു പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ഥവും ഇങ്ങനെ മനസിലാക്കുവാനാകും. മറ്റ് ജീവജാലങ്ങള്‍ക്ക് ഈ സ്വാതന്ത്ര്യം ഇല്ലാത്തതുകൊണ്ടു അവ ദൈവദാസന്‍മാരാണ്. ദൈവഹിതത്തിന് സമ്പൂര്‍ണമായി കീഴ്പ്പെടുന്നതാണ് നന്മ. കീഴ്പ്പെടാത്തത് തിന്‍മയും. ഗ്രിഗോറിയോസ് തിരുമേനി എഴുതുന്നു:
Precisely because man is the image of God, freedom is the very essence of his being. He was offered every occasion to participate in and create the good. But he was under no compulsion to do so. Only by his voluntary choice of goodness could he become sovereign and free. (Human Presence. Amity House. P. 64)
5. മനുഷ്യന്‍റെ അടിസ്ഥാനസ്വഭാവമെന്താണ്?
മനുഷ്യന്‍റെ അടിസ്ഥാനസ്വഭാവം നന്മയോ തിന്മയോ? ഈ ചോദ്യത്തിന് വ്യത്യസ്തമായ മൂന്ന് ഉത്തരങ്ങള്‍ നിലവിലുണ്ട്. നന്മ എന്നു കരുതുന്നവരുണ്ട്, തിന്മ എന്നു കരുതുന്നവരുണ്ട്, ഇവ രണ്ടിനും ഇടയിലാണെന്ന് കരുതുന്നവരുമുണ്ട്. മനുഷ്യന്‍റെ അടിസ്ഥാനസ്വഭാവം തിന്മയാണെന്ന് അഗസ്തീനോസ് ചിന്തിച്ചു. അതിനോടെതിര്‍ത്തു, മനുഷ്യന്‍റെ അടിസ്ഥാനസ്വഭാവം നന്മയാണെന്ന് പെലേജിയസ് വാദിച്ചു. എന്നാല്‍ കപ്പദോക്യന്‍ പിതാക്കന്മാരാകട്ടെ മനുഷ്യന്‍ ഇവയ്ക്കു രണ്ടിനും ഇടയിലാണെന്ന നിലപാടില്‍ ഉറച്ചു നിന്നു. ബോധപൂര്‍വം ദൈവത്തോട് ചേര്‍ന്നുനിന്നു, ദൈവഹിതം അനുസരിച്ചു ജീവിച്ചാല്‍ മനുഷ്യന്‍ നന്മയിലേക്ക് വളരും. അല്ലാഞ്ഞാല്‍ കൂടുതല്‍ കൂടുതല്‍ തിന്മയിലേക്ക് അധഃപതിക്കും. നന്മയിലേക്ക് വളരുന്നതിനെയാണ് ദൈവീകരണം (theosis) എന്നു പിതാക്കന്മാര്‍ വിളിച്ചത്. ഗ്രിഗോറിയോസ് തിരുമേനി എഴുതുന്നു:
As a mediator between God and His creation, man has also been placed between good and evil. This is an inescapable part of being able to mediate in true freedom. (Human Presence P. 64)
------------------------------------------------------------------------------------------------------------------
Presented at the Gregorian Study meeting in Kottayam in April and May 2015 by John D. Kunnathu

Comments
Thank you very much .
Peter G Paulose