അബീശഗിന്‍
ഗ്രന്ഥകര്‍ത്താവ് : ബെന്യാമിന്‍
പ്രസാധകര്‍: ഡി. സി. ബുക്സ്
First Edition 2013
പ്രസാധകര്‍: ഡി. സി. ബുക്സ്
First Edition 2013
ബെന്യാമിന്‍
എന്ന അനുഗ്രഹീത എഴുത്തുകാരന്‍റെ
തൂലികയില്‍ നിന്നു നമുക്ക്
ലഭിച്ചിരിക്കുന്ന അതിമനോഹരമായ
ഒരു കഥയാണ് അബീശഗിന്‍.
വിശുദ്ധ
വേദപുസ്തകത്തിലെ രാജാക്കന്മാരുടെ
ഒന്നാം പുസ്തകത്തിലാണ്
അബീശഗിന്‍ പ്രത്യക്ഷപ്പെടുന്നത്.
രാജാക്കന്മാരുടെ
വീരകഥകള്‍ക്കിടയില്‍ വളരെ
അപ്രധാനമായ ഒരു സ്ഥാനമേ
അവള്‍ക്ക് അവിടെ നല്‍കിയിട്ടുള്ളൂ.
രാജാക്കന്മാരുടെയും
പ്രവാചകന്മാരുടെയും
വീരകഥകള്‍ക്കിടയില്‍
അവഗണിക്കപ്പെട്ടുപോയ അവളുടെ
കഥയെ ബെന്യാമിന്‍
ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നു.
അധികാരത്തിന്‍റെ
തേരോട്ടങ്ങള്‍ക്കും
പങ്കുവയ്ക്കലിനും ഇടയില്‍
പിടഞ്ഞുപോയ ഒരു മനസിന്‍റെ
ഉടമയായി അബീശഗിനെ
വരച്ചുകാട്ടിയിരിക്കുന്നു.
പുരാണകഥകളിലെല്ലാം
പെണ്ണിന്‍റെ വിധി സമാനമാണെന്ന്
കണ്ടെത്തുന്ന ഈ എഴുത്തുകാരന്‍
അബീശഗിനെ വിളിക്കുന്നത്
ഇസ്രായേലിലെ വൈശാലി എന്നാണ്.
അബീശഗിനെ
ശൂനേംകാരത്തി എന്നു രാജാക്കന്മാരുടെ
പുസ്തകത്തില്‍ വിളിച്ചിട്ടുണ്ട്.
ഉത്തമഗീതത്തിലെ
നായികയും ശൂനേംകാരത്തി തന്നെ.
അവളെ ഭാര്യയായി
ചോദിച്ചതിന്‍റെ പേരിലാണ്
തന്‍റെ സഹോദരനായ അദോനിയാവിനെ
ശലോമോന്‍ വധിക്കുന്നത്.
ഇതെല്ലാം
കൂട്ടിവായിച്ചാണ് അബീശഗിന്‍
ശലോമോന്‍റെ പ്രേമഭാജനമായിരുന്നു
എന്ന നിഗമനത്തില്‍ എഴുത്തുകാരന്‍
എത്തുന്നത്. എങ്ങനെ
ശലോമോന്‍ അവളെ കണ്ടുമുട്ടി,
എന്തുകൊണ്ട്
അവളെ വിവാഹം കഴിക്കാന്‍
കഴിഞ്ഞില്ല, ഒടുവില്‍
അവള്‍ക്ക് എന്തു സംഭവിച്ചു,
പ്രേമനൈരാശ്യം
എങ്ങനെ ശലോമോന്‍റെ ജീവിതത്തില്‍
പ്രതിഫലിച്ചു എന്നീ
ചോദ്യങ്ങള്‍ക്കെല്ലാം
എഴുത്തുകാരന്‍ ഉത്തരം തേടുന്നു.
വേദപുസ്തകസംസ്കാരത്തെക്കുറിച്ചുള്ള
ആഴമായ അറിവില്‍ നിന്നു
ഉയിര്‍കൊള്ളുന്ന സങ്കല്‍പ്പങ്ങളാണ്
ഇവയ്ക്കെല്ലാം ഉത്തരങ്ങളാകുന്നത്.
ഈ
കഥയുടെ പ്രധാന വിഷയം പ്രണയം
തന്നെ. മഹാരാജാവിന്‍റെ
പ്രണയത്തെക്കുറിച്ച്
തുറന്നെഴുതാന്‍ രാജാവിന്‍റെ
ആസ്ഥാനലേഖകര്‍ക്ക് അനുമതി
ലഭിച്ചുകാണുകയില്ല.
പ്രേമഭാജനത്തെ
സ്വന്തമാക്കാന്‍ വേണ്ടി
തന്‍റെ രാജപദവിപോലും വേണ്ടെന്ന്
വയ്ക്കത്തക്കവണ്ണം തീവ്രമായിരുന്നു
ആ പ്രണയം. എങ്കിലും
വിധി അവരെ ചേര്‍ത്തുവയ്ക്കുന്നില്ല.
അവളിലൂടെ
ലഭിക്കാതെപോയ പ്രണയസാഫല്യം
ശലോമോന്‍ ആയിരക്കണക്കിന്
വെപ്പാട്ടിമാരില്‍ തേടുന്നു.
മഹാഞാനിയായിരുന്ന
ശലോമോന്‍ ശേബാരാജ്ഞി യില്‍
നിന്നു പഠിച്ച ഒരു മഹാജ്ഞാനമാണ്
ഈ കഥയുടെ ക്ലൈമാക്സ്--
ഒരു
സ്ത്രീയോടൊപ്പം ശയിക്കേണ്ടത്
ശരീരം കൊണ്ടല്ല, മനസ്സ്
കൊണ്ടാണ്. ഇത്
പറഞ്ഞുകൊണ്ടാണ് ശ്രീ പി.
സുരേന്ദ്രന്‍
ഈ നോവലിന്‍റെ അവതാരിക
ആരംഭിക്കുന്നത്.
പ്രണയം
മാത്രമല്ല, അധികാരത്തിന്നായുള്ള
തേരോട്ടവും ഈ നോവലിന്‍റെ
വിഷയമാണ്. സഹോദരന്മാര്‍
തമ്മില്‍ രാജാധികാരത്തിനുവേണ്ടി
മത്സരിക്കുന്നു. കലഹം
മൂര്‍ച്ഛിക്കുന്നത് കാമിനി
മൂലം തന്നെ. ശലോമോന്‍റെ
പ്രേമഭാജനമാണെന്നറിഞ്ഞു
കൊണ്ട് അബീശഗിനെ ഭാര്യയാക്കുവാന്‍
അദോനീയാവു കൊതിക്കുന്നു.
ഇതാണ്
അയാളുടെ വധത്തില്‍ കലാശിക്കുന്നത്.
വാര്‍ദ്ധക്യത്തില്‍
മരണത്തോടടുത്ത വേളയിലും
അബീശഗിന്‍റെ ഓര്‍മ ശലോമോന്‍റെ
മനസില്‍ സജീവമാണ്.
വൃദ്ധനായ
ശലോമോന്‍ അനുചരരോടു പറയുന്ന
കഥയുടെ രൂപത്തിലാണ് നോവല്‍
പുരോഗമിക്കുന്നത്.
മഹാരാജാവ്
തന്‍റെ സ്വന്തം പ്രണയകഥ ഇവിടെ
നമ്മോടു പറഞ്ഞു കേള്‍പ്പിക്കുന്നു.
രൂപത്തിലും
ഉള്ളടക്കത്തിലും അതീവ സുന്ദരവും
ഗഹനവുമായ ഒരു കഥ നല്‍കി ശ്രീ
ബെന്യാമിന്‍ നമ്മെ
അനുഗ്രഹിച്ചിരിക്കുന്നു.
വേദപുസ്തകത്തെക്കുറിച്ചും
വേദപുസ്തകത്തിന് ജന്മം നല്കിയ
സംസ്കാരത്തെക്കുറിച്ചും
ഉള്ള ആഴമായ അറിവില്‍ നിന്നേ
ഇങ്ങനെയൊരു കഥ ജന്മമെടുക്കൂ.
വേദപുസ്തകത്തിന്‍റെ
താളുകളില്‍ ഇനിയും മറഞ്ഞുകിടക്കുന്ന
ധാരാളം പേരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍
ശ്രീ ബെന്യാമിന് കഴിയട്ടെ
എന്നു ആശംസിക്കുന്നു.
Comments