ആരാധനയുടെ ജീവിതവീക്ഷണം

മനുഷ്യജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ വീക്ഷണത്തെയാണ് ഇവിടെ ജീവിതവീക്ഷണം എന്നു വിളിക്കുന്നത്. ലോകസങ്കല്‍പ്പം, ദൈവസങ്കല്‍പ്പം, മനുഷ്യസങ്കല്‍പ്പം ഇവയെല്ലാം ജീവിതവീക്ഷണത്തിന്‍റെ ഭാഗങ്ങളാണ്. ഒരു മനുഷ്യസമൂഹം അതിന്‍റെ ജീവിതം കെട്ടിയുയര്‍ത്തുന്നതു ജീവിതവീക്ഷണം എന്ന അടിസ്ഥാനത്തിന്മേലാണ്. ജീവിതവീക്ഷണം പാറ പോലെ ഉറപ്പുള്ളതായാല്‍ ജീവിതവും ഉറപ്പുള്ളതാകും. എന്നാല്‍ ജീവിതവീക്ഷണം മണല്‍ പോലെ ഉറപ്പില്ലാത്തതായാല്‍ ജീവിതവും ഉറപ്പില്ലാത്തതാകും. ഇന്നത്തെ മനുഷ്യസംസ്കാരം മണല്‍ പോലെ ഉറപ്പില്ലാത്ത ഒരു ജീവിതവീക്ഷണത്തിന്‍റെ മേലാണ് നില്‍ക്കുന്നത്. തിന്‍റെ സ്ഥാനത്ത് പാറപോലെ ഉറപ്പുള്ള ഒരു ജീവിതവീക്ഷണം വായനക്കാര്‍ക്ക് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

ഇന്നത്തെ ജീവിതവീക്ഷണം

ഇന്ന് പ്രചാരത്തിലുള്ള ജീവിതവീക്ഷണം വളരെ ഉപരിപ്ലവമായ (superficial) ചില സങ്കല്‍പ്പങ്ങള്‍ ചേര്‍ന്നുള്ളതാണ്. അതിന്‍റെ ലോകസങ്കല്‍പ്പവും ദൈവസങ്കല്‍പ്പവും മനുഷ്യസങ്കല്‍പ്പവും അതിനോടു ബന്ധപ്പെട്ട മറ്റ് സങ്കല്‍പ്പങ്ങളും ഉപരിപ്ലവമാണ്.

അറിവു നേടുന്നതിനെക്കുറിച്ചുള്ള ഉപരിപ്ലവമായ സങ്കല്‍പ്പം പ്രധാനമായും രണ്ടു തരത്തിലുണ്ട്. ആത്യന്തികയാഥാര്‍ഥ്യം പോലും മനുഷ്യനു പ്രാപ്യമാണ് എന്ന വിശ്വാസമാണ് ഒന്ന്. ലോകത്തിലെ വിവിധ മതവിഭാഗങ്ങളില്‍ ഇങ്ങനെ വിശ്വസിക്കുന്നവരാണ് അധികം. തങ്ങളുടെ കൈവശമാണ് ആത്യന്തിക സത്യം എന്നു ഓരോ കൂട്ടരും അവകാശപ്പെടുന്നു. മനുഷ്യന്‍റെ ബുദ്ധിശക്തിക്ക് ആത്യന്തികയാഥാര്‍ഥ്യം കണ്ടെത്താനുള്ള കഴിവ് ഉണ്ട് എന്ന സങ്കല്‍പ്പമാണ് രണ്ടാമത്തേത്. ശാസ്ത്രത്തിന്‍റെ കഴിവിനെക്കുറിച്ചുള്ള അതിരുകടന്ന ബോധ്യമാണ് ഇത്.

ഉപരിപ്ലവമായ ലോകസങ്കല്‍പ്പങ്ങള്‍ രണ്ടു തരമുണ്ട്. നാം കാണുന്ന ഭൌതിക ലോകം കൂടാതെ ഇതിന് സമാന്തരമായി മറ്റൊരു ആത്മീക ലോകം കൂടി ഉണ്ട് എന്ന സങ്കല്‍പ്പമാണ് ഒന്ന്. നമ്മുടെ അഞ്ചു ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയുന്ന ഈ ഭൌതിക ലോകം മാത്രമേ ഉള്ളൂ എന്ന സങ്കല്‍പമാണു മറ്റൊന്ന്. ലോകത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കുമുള്ളത് ഇവ രണ്ടില്‍ ഏതെങ്കിലും ഒരു സങ്കല്‍പ്പമാണ്.

ഈ രണ്ടു ലോകസങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കി രണ്ടു തരം ഉപരിപ്ലവമായ ദൈവസങ്കല്‍പ്പങ്ങളുണ്ട്. ആത്മീകലോകത്ത് ജീവിക്കുന്ന ഒരു ആത്മീകജീവിയായി ദൈവത്തെ സങ്കല്‍പ്പിക്കുന്നതാണ് ഒന്ന്. അങ്ങനെ ഒരു ദൈവം ഇല്ല എന്നതാണു വളരെ പ്രബലമായ മറ്റൊരു സങ്കല്‍പ്പം.

മനുഷ്യന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള ഉപരിപ്ലവമായ വീക്ഷണപ്രകാരം ലോകത്തില്‍ നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ട്. മനുഷ്യവ്യക്തികള്‍ അവര്‍ കാണപ്പെടുന്നതുപോലെ പരസ്പരം പറയത്തക്ക ബന്ധമൊന്നുമില്ലാതെ ജീവിക്കുന്നു എന്നതാണു മറ്റൊരു വീക്ഷണം.

മരണത്തെക്കുറിച്ചും രണ്ടു ഉപരിപ്ലവസങ്കല്‍പ്പങ്ങളുണ്ട്. മരിക്കുമ്പോള്‍ മനുഷ്യനിലെ ആത്മാവു ശരീരവും ഇഹലോകവും വിട്ടു പരലോകത്തേക്ക് പോകും എന്നതാണു ഒന്നു. മരണത്തോടെ മനുഷ്യന്‍ ഇല്ലാതാകുന്നു എന്നതാണു മറ്റൊന്ന്.

രക്ഷയെക്കുറിച്ച് രണ്ടു ഉപരിപ്ലവ സങ്കല്‍പ്പങ്ങളുണ്ട്. മരണശേഷം മനുഷ്യന്‍റെ ആത്മാവു സ്വര്‍ഗം എന്ന സുഖാനുഭവങ്ങള്‍ മാത്രമുള്ള പരലോകഭാഗത്തേക്ക് പോകുന്നതാണ് രക്ഷ എന്ന സങ്കല്‍പ്പമാണ് ഒന്ന്. ഇതുപോലെയുള്ള അന്ധവിശ്വാസങ്ങളില്‍ നിന്നു സമ്പൂര്‍ണമായി മുക്തിനേടുന്നതാണ് യഥാര്‍ത്ഥ രക്ഷ എന്ന സങ്കല്‍പ്പമാണ് മറ്റൊന്നു.

ഈ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം പൊതുവായ സ്വഭാവവിശേഷം ഇവയെല്ലാം വളരെ ഉപരിപ്ലവങ്ങളാണ് എന്നുള്ളതാണ്. ആഴമായ നിരീക്ഷണമോ ചിന്തയോ ഒന്നും ഈ സങ്കല്‍പ്പങ്ങളുടെ പിറകില്‍ ഇല്ല. ഇവയുടെ അടിസ്ഥാനത്തില്‍ ഉറപ്പുള്ളതും അര്‍ഥവത്തും ആയ മനുഷ്യജീവിതം സാധ്യമല്ല. ഈ സങ്കല്‍പ്പങ്ങളിന്മേല്‍ പണിതുയര്‍ത്തുന്ന ജീവിതങ്ങള്‍ മണലിന്‍മേല്‍ പണിയുന്ന കെട്ടിടം പോലെ നശ്വരമായിരിക്കും. ഒരു ചെറിയ കാറ്റ് മതിയാവും അതിനെ തകര്‍ക്കുവാന്‍. ഇന്നത്തെ നമ്മുടെ മനുഷ്യസംസ്കാരം ഈ ഉപരിപ്ലവങ്ങളായ സങ്കല്‍പ്പങ്ങളുടെ മേലാണ് നില്‍ക്കുന്നത്.

നിലവിലിരിക്കുന്ന ജീവിതവീക്ഷണം ഉപരിപ്ലവമായിരിക്കുന്നത് പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്, വസ്തുതയും വിശ്വാസവും വേര്‍തിരിച്ചു കാണുന്നില്ല.. വിശ്വാസങ്ങളെ വിശ്വാസങ്ങളായി മനസിലാക്കാതെ വസ്തുതകളായി കണക്കാക്കുന്നത് ലോകസമാധാനത്തിന്‍റെ ഏറ്റവും വലിയ ഭീഷണി ആണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല.. രണ്ട്, ആലങ്കാരികഭാഷയെ ആക്ഷരീകഭാഷയില്‍ നിന്നു വേര്‍തിരിച്ചു കാണുന്നില്ല.. ആലങ്കാരികഭാഷയെ അങ്ങനെ തന്നെ കാണാതെ ആക്ഷരികമായി കാണുന്നതും സമാധാനത്തിന്‍റെ മറ്റൊരു ശത്രുവാണ്.

ആരാധനയുടെ ജീവിതവീക്ഷണം

ആഴമുള്ള ജീവിതവീക്ഷണത്തിന്‍റെ ഉദാഹരണമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് ആദിമ ക്രൈസ്തവ സഭ വികസിപ്പിച്ചെടുത്ത ഒരു ജീവിതവീക്ഷണമാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ഒരു ജീവിതരീതി വികസിപ്പിച്ചെടുത്തു. അവരുടെ ജീവിതവീക്ഷണത്തിന്‍റെ പ്രകടനവും പ്രതിഫലനവുമായിരുന്നു അവര്‍ നിര്‍മ്മിച്ച ദേവാലയങ്ങളും അവയില്‍ അവര്‍ നടത്തിയിരുന്ന ആരാധനയും. അവരുടെ ജീവിതവീക്ഷണത്തെയും അതിന്‍റെ പ്രകടനമായിരുന്ന അവരുടെ ആരാധനയെയും അടുത്തു നിന്നു ഒന്ന് നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.

മരിച്ചു മണ്ണടിയുന്ന ഒരു മഹാവൃക്ഷം അതിന്‍റെ ജീവന്‍ അതിന്‍റെ വിത്തുകളില്‍ ഒളിപ്പിക്കുന്നതുപോലെ, ഒരു മഹാമനുഷ്യസംസ്കാരം മണ്ണടിയുന്നത് അതിന്‍റെ ജീവന്‍ ചില സാഹിത്യ-കലാസൃഷ്ടികളാകുന്ന വിത്തുകളില്‍ ഒളിച്ചുവച്ചിട്ടാണ്. ആദിമനൂറ്റാണ്ടുകളില്‍ വളര്‍ന്നുപന്തലിച്ച ക്രൈസ്തവസംസ്കാരം എന്ന മഹാവൃക്ഷം മണ്‍മറയുന്നതിനു മുമ്പ് അതിന്‍റെ ജീവന്‍ ഒളിപ്പിച്ചു വച്ചത് പ്രധാനമായും പില്‍ക്കാലത്ത് തിരുവെഴുത്തുകളായി മാനിക്കപ്പെട്ട സാഹിത്യകൃതികളിലും ആരാധന എന്ന നടന-സംഗീത-സാഹിത്യ കലാരൂപത്തിലും അത്രേ. ഈ അമൂല്യമായ വിത്തുകള്‍ നശിച്ചുപോകാതെ സംരക്ഷിച്ച ക്രൈസ്തവസഭകള്‍ അഭിന്ദനം അര്‍ഹിക്കുന്നു. ഈ വിത്തുകളെ അറയില്‍ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുന്നതിന് പകരം വീണ്ടും നല്ല നിലത്തു വിതക്കാമെങ്കില്‍ അവ വളര്‍ന്ന് ഒരു പുതിയ സംസ്കാരമായി പന്തലിക്കുവാന്‍ ഇടയാകും. അത് എങ്ങനെ സാധിയ്ക്കും എന്ന അന്വേഷണമാണ് ഇവിടെ നടത്തുന്നത്. 

ക്രൈസ്തവീക്ഷണപ്രകാരം എല്ലാം അറിയുന്നതു ദൈവത്തിന് മാത്രമാണു. അതുകൊണ്ടു ആത്യന്തികസത്യം തങ്ങളുടെ പക്കല്‍ ഉണ്ട് എന്നു ആര്‍ക്കും അവകാശപ്പെടാന്‍ സാധ്യമല്ല. പരിമിതമായ കഴിവുകള്‍ ഉള്ള നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി വരുന്ന വിവരങ്ങള്‍ പരിമിത കഴിവുകള്‍ ഉള്ള നമ്മുടെ മനസ്സ് കൊണ്ട് മനസിലാക്കുന്ന അറിവാണു നമുക്കുള്ളത്. അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി നമുക്ക് വിശ്വാസങ്ങളേ ഉള്ളൂ. അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ആലങ്കാരിക ഭാഷ മാത്രമേ ഉപയോഗിക്കാനാവൂ.

ക്രൈസ്തവവീക്ഷണപ്രകാരം ലോകം ഒന്നേയുള്ളൂ, എന്നാല്‍ അതിനു കാണപ്പെടുന്ന ഭാഗം കൂടാതെ കാണപ്പെടാത്ത ഒരു ഭാഗം കൂടെയുണ്ട്. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയമായ ലോകമേ ഉള്ളൂ എന്ന ധാരണക്ക് യാതൊരു അടിസ്ഥാനവുമില്ല.

ക്രൈസ്തവീക്ഷണപ്രകാരം സകലത്തിനും കാരണഭൂതമായ യഥാര്‍ഥ്യത്തെയാണ് ദൈവം എന്നു വിളിക്കുന്നതു. അവിടുന്നു സ്ഥലകാലപരിമിതികള്‍ക്ക് പുറത്താണ്. അവിടുത്തെക്കുറിച്ച് മനുഷ്യനു യാതൊന്നും അറിയാന്‍ സാധ്യമല്ല. അവിടുത്തെക്കുറിച്ച് നമുക്ക് വിശ്വാസങ്ങളേ ഉള്ളൂ. അവിടുത്തെക്കുറിച്ച് ആലങ്കാരിക ഭാഷ ഉപയോഗിച്ച് മാത്രമേ സംസാരിക്കാനാവൂ.

ക്രൈസ്തവവീക്ഷണത്തില്‍ ദൈവത്തെക്കുറിച്ച് എന്നു തോന്നുന്ന പ്രസ്താവനകള്‍ ഉപയോഗിച്ചാണ് പലപ്പോഴും മനുഷ്യനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഉദാഹരണത്തിന്, ദൈവം പരിശുദ്ധനാകുന്നു എന്ന പ്രസ്താവനയുടെ അര്‍ത്ഥം മനുഷ്യരാരും പരിശുദ്ധരല്ല എന്നാകുന്നു. ആരും പരിശുദ്ധരല്ലാത്തത് കൊണ്ട് ആര്‍ക്കും സ്വയം നീതീകരിക്കാനോ മറ്റുള്ളവരെ കുറ്റപ്പെടുത്താനോ അവകാശമില്ല. ക്ഷമിച്ചും ക്ഷമ ചോദിച്ചും കൊണ്ട് ദൈവത്തിന്‍റെ പരിശുദ്ധി ലക്ഷ്യമാക്കി ജീവിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്.

ദൈവം സര്‍വശക്തനാകുന്നു എന്ന പ്രസ്താവനയുടെ അര്‍ത്ഥം മനുഷ്യരുടെ കൂട്ടത്തില്‍ എല്ലാ കഴിവുകളും തികഞ്ഞവരായി ആരും ഇല്ല എന്നാകുന്നു. അങ്ങനെയെങ്കില്‍ ഒരു ശരീരത്തിലെ അവയവങ്ങള്‍ പോലെ പരസ്പരം ആശ്രയിച്ച് ഒരു സമൂഹശരീരത്തിന്‍റെ ഭാഗമായി ജീവിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. വ്യക്തികളായി കാണപ്പെടുന്നെങ്കിലും വാസ്തവത്തില്‍ ഒരു മഹാജീവിയുടെ കോശങ്ങളാണ് മനുഷ്യര്‍.

മനുഷ്യനെ സജീവരാക്കുന്നത് ദൈവത്തിന്‍റെ ജീവനാകയാല്‍ ജനിമൃതികള്‍ മനുഷ്യന്‍റെ ആരംഭമോ അവസാനമോ ആകുവാന്‍ സാധ്യമല്ല.

എല്ലാ തലത്തിലുമുള്ള ബന്ധങ്ങള്‍ സുദൃഢം ആയി പരിപാലിക്കുന്നതാണ് മനുഷ്യവ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ലോകത്തിനും രക്ഷ. വിഘടിതമായ ബന്ധങ്ങളാണ് അസ്തിത്വപ്രശ്നങ്ങള്‍ക്കെല്ലാം കാരണം.

ഇവിടെ ചുരുക്കത്തില്‍ വിവരിച്ചത് പാറപോലെ ഉറപ്പുള്ള ഒരു ജീവിതവീക്ഷണമാണ്. അതിന്മേല്‍ ബലവത്തായ ഒരു മനുഷ്യസംസ്കാരം പണിതുയര്‍ത്താം.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം