ആരാധനയും സൃഷ്ടിയും

 ഇതൊരു ചെറിയ വേദപഠനമാണ്. ഉല്‍പത്തി പുസ്തകത്തിലെ ആദ്യഅദ്ധ്യായമാണ് പഠനവിഷയം.. ദൈവം ആദിയില്‍ ആറു ദിവസം കൊണ്ട് ലോകത്തെ സൃഷ്ടിച്ചിട്ടു ഏഴാം ദിവസം വിശ്രമിച്ചതായാണ് നാം അവിടെ വായിക്കുന്നത്.
 

മൂലഭാഷയില്‍ ഇത് പഠിച്ചിട്ടുള്ള വേദപണ്ഡിതര്‍ പറയുന്നതു ഇത് ഒരു ആരാധനാഗീതമാണ് എന്നത്രെ. മൂലഭാഷയായ എബ്രായയില്‍ നിന്നു ഗ്രീക്കിലേക്കും ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും ഒക്കെ മൊഴിമാറ്റം നടത്തിയപ്പോള്‍ പദ്യരൂപത്തിലായിരുന്ന ഈ ആരാധനാഗീതം ഗദ്യരൂപത്തിലായിത്തീര്‍ന്നു. ഒരു ഭാഷയില്‍ നിന്നു മറ്റൊന്നിലേക്ക് പദ്യം പദ്യമായിത്തന്നെ മൊഴിമാറ്റം നടത്തുന്നത് ദുഷ്കരമാണ്. 
 എബ്രായ ഭാഷയില്‍ നിന്നുള്ള പദാനുപദ മൊഴിമാറ്റം ചെയ്തിരിക്കുന്ന Young's Literal Translation എന്ന ഇംഗ്ലീഷ് വേദപുസ്തക പരിഭാഷയില്‍ ഇതിലെ ആദ്യത്തെ അഞ്ചു വാക്യങ്ങള്‍ കൊടുത്തിരിക്കുന്നത് എങ്ങനെയെന്ന് നോക്കുക:
In the beginning of God's preparing the heavens and the earth-
the earth hath existed waste and void,
and darkness [is] on the face of the deep,
and the Spirit of God fluttering on the face of the waters,
and God saith, `Let light be;' and light is.
And God seeth the light that [it is] good,
and God separateth between the light and the darkness,
and God calleth to the light `Day,'
and to the darkness He hath called `Night;'
and there is an evening, and there is a morning -- day one.

പദ്യരൂപത്തില്‍ വലിയ വ്യത്യാസം വരാത്ത വിധത്തിലാണ് ഇത് കൊടുത്തിരിക്കുന്നത്.. മലയാളത്തില്‍ ഈ ഭാഗം പദ്യമാക്കിയാല്‍ എങ്ങനെ ഇരിക്കും എന്നു നോക്കാം:
ഭൂവാനങ്ങള്‍ തയാറാക്കുവാന്‍ സര്‍വേശന്‍
ആരംഭമിട്ടപ്പോളാദിയിങ്കല്‍
പാഴായിശൂന്യമായിരുന്നു ഭൂതലം
അന്ധകാരാവൃതമാഴമുഖം
ദൈവത്തിന്നാത്മാവൊരു പക്ഷി പോലവേ
വെള്ളത്തിന്മീതെ ചിറകടിച്ചു
ഉണ്ടാക ജ്യോതിസ്സ് എന്ന് സര്‍വേശ്വരന്‍
ചൊല്ലിയ മാത്രയില്‍ ജ്യോതിസ്സുണ്ടായ്
നല്ലത് ജ്യോതിസ്സ് എന്ന് കണ്ടീശ്വരന്‍
ഇരുളില്‍ നിന്നും അത് വേര്‍പിരിച്ചു.
പേരിട്ടവയ്ക്ക് രാവെന്നും പകലെന്നും
സന്ധ്യയായ് ഉഷസുമായ്, ഒന്നാം ദിനം!

യഹൂദന്മാര്‍ ആരാധിക്കാന്‍ ഒരുമിച്ച് കൂടിയിരുന്നത് ശബത്ത് (ശനി) നാളിലായിരുന്നു. അന്നാണ് അവര്‍ ഈ ഗാനം ആലപിച്ചിരുന്നത് എന്ന് വേണം കരുതാന്‍. കാരണം ഇത് ശബത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഒരു ഗീതമാണ്. 
 അവരുടേത് ഒരു കാര്‍ഷികസാംസ്കാരമായിരുന്നു. സമൂഹത്തിലെ ഭൂരിഭാഗം ആളുകളും അവരുടെ ഭൂരിഭാഗം  സമയവും ചെയ്തിരുന്നത് കൃഷിയായിരുന്നു. അതുകൊണ്ടു അവര്‍ ലോകത്തെ കണ്ടത് ഒരു വലിയ കൃഷിത്തോട്ടമായാണ്. ദൈവത്തെ കൃഷിക്കാരനായും. പാഴും ശൂന്യവുമായിക്കിടക്കുന്ന കൃഷിഭൂമിയെ ആറ് ദിവസത്തെ അധ്വാനത്തിന്‍റെ ഫലമായി ദൈവം മനോഹരമായ ഒരു കൃഷിത്തോട്ടമാക്കി മാറ്റുന്ന കഥയാണ് വേദപുസ്തകത്തിന്‍റെ ആദ്യ അദ്ധ്യായത്തിലെ സൃഷ്ടി സങ്കീര്‍ത്തനത്തിന്‍റെ വിഷയം. ദൈവം എന്ന മഹാ കര്‍ഷകന്‍ ആറ് ദിവസം പാടത്ത് ജോലിചെയ്ത ശേഷം ഏഴാം നാള്‍ വിശ്രമിച്ചു. അതുകൊണ്ടു കര്‍ഷകരായ നാം ആറ് നാള്‍ പാടത്ത് അദ്ധ്വാനിച്ച ശേഷം ഈ ഏഴാം നാള്‍ ഇവിടെ ദേവാലയത്തില്‍ ഒരുമിച്ച് കൂടി നമ്മുടെ സൃഷ്ടാവും ദൈവവുമായ മഹാകര്‍ഷകനെ മഹത്വപ്പെടുത്തുന്നു. ശബത്ത് നാളിന്‍റെ പ്രാധാന്യം ഏറ്റവും വെളിവാക്കുന്ന ഈ ആരാധനാഗീതം അവര്‍ ശബത്തുനാളില്‍ ആലപിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഗീതമായിരുന്നു എന്ന് വേണം കരുതാന്‍. 
 ലോകം ഒരു കൃഷിത്തോട്ടം പോലെയാണ് എന്ന് പറയുന്നതു ഒരു കാവ്യലോകവീക്ഷണമാണ്. ദൈവം അതിന്‍റെ കൃഷിക്കാരനും മനുഷ്യനുള്‍പ്പടെ എല്ലാ ജീവജാലങ്ങളും ദൈവത്തിന്‍റെ കൃഷിയുമാണ്. മനുഷ്യന്‍ ദൈവത്തിന്‍റെ കൃഷി ആയിരിക്കുമ്പോള്‍ തന്നെ അദൃശ്യനായ ദൈവത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ദൃശ്യനായ കൃഷിക്കാരനായും മനുഷ്യന്‍ വര്‍ത്തിക്കുന്നു. ഇങ്ങനെ ദൈവവും മനുഷ്യനും ലോകവും ജീവജാലങ്ങളും തമ്മിലുള്ള പരസ്പരബന്ധം വെളിവാക്കുവാന്‍ ഇത്തരം ഒരു കാവ്യലോകവീക്ഷണത്തിന് കഴിയും. 
 മറ്റൊരു കാവ്യലോകവീക്ഷണം ഈ സങ്കീര്‍ത്തനത്തില്‍ വ്യംഗ്യമായി കിടപ്പുണ്ട്. ലോകം ഒരു മഹാരാജ്യവും ദൈവം അതിന്‍റെ മഹാരാജാവുമാണ്. രാജ്യങ്ങളും സാമ്രാജ്യങ്ങളും അന്ന് ധാരാളം ഉണ്ടായിരുന്നു. അതുകൊണ്ടു ലോകത്തെയാകെ ഒരൊറ്റ രാജ്യമായി സങ്കല്‍പ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ലോകത്തിന്‍റെ ഭരണകര്‍ത്താവ് എന്ന നിലയില്‍ ലോകത്തിന്‍റെ നിയമങ്ങള്‍ നിര്‍മിക്കുന്നതും അവ നടപ്പാക്കുന്നതും ദൈവം തന്നെ. ഒറ്റയ്ക്കല്ല ഒരു രാജാവു ഭരിക്കുന്നത്; വിശ്വസ്തരായ ചിലരെ തന്നെ സഹായിക്കുവാന്‍ നിയമിച്ചു കൊണ്ടാണ്. തന്‍റെ സഹായികളായി ദൈവം ചിലരെ നിയമിക്കുന്നതായി ഈ സങ്കീര്‍ത്തനത്തില്‍ നാം കാണുന്നു. സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുക മാതമല്ല, പകലും രാവും വാഴുവാനുള്ള അധികാരം അവക്ക് നല്‍കി അവരെ തന്‍റെ സഹായികളായി നിയമിക്കുകയാണ് ദൈവം ചെയ്യുന്നത്. അതുപോലെ മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ച ശേഷം സര്‍വ ജീവജാലങ്ങളെയും വാഴുവാനുള്ള അധികാരം നല്‍കി അവരെ തന്‍റെ സഹായികളായി ദൈവം നിയമിക്കുന്നു. ദൈവവും ലോകവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍റെ മറ്റൊരു വശമാണ് ഈ കാവ്യലോകവീക്ഷണം വെളിവാക്കുന്നത്. 
 അക്കാലത്തെ ശാസ്ത്രലോകവീക്ഷണവും ഈ സങ്കീര്‍ത്തനത്തില്‍ വ്യംഗ്യമായി കിടപ്പുണ്ട്.. ഏതാണ് ഏറ്റവും അടിസ്ഥാനപരമായ വസ്തു എന്നത് അന്നത്തെ ശാസ്ത്രലോകം ചോദിച്ചിരുന്ന ഒരു ചോദ്യമാണ്. അക്കാലത്ത് ശാസ്ത്രം (science) തത്ത്വചിന്ത (philosophy) യുടെ ഒരു ഭാഗമായിരുന്നു. അതുകൊണ്ടു തത്ത്വചിന്തകര്‍ ശാസ്ത്രജ്ഞന്‍മാരും ആയിരുന്നു. ലോകത്തിന്‍റെ ഏറ്റവും അടിസ്ഥാന വസ്തു വെള്ളമാണ് എന്ന് താലിസ് (Thales) എന്ന ഗ്രീക്കു ചിന്തകന്‍ കരുതിയിരുന്നു. Anaximenes എന്ന ചിന്തകന്‍  അടിസ്ഥാനവസ്തുവായി കണ്ടത് വായുവിനെയാണ്. മറ്റ് ചിലര്‍ മണ്ണിനെയാണ്. വേദപുസ്തകത്തിന്‍റെ ആദ്യ അദ്ധ്യായത്തിലെ ഒന്നാം നാളിലെ സൃഷ്ടി ആരംഭിക്കുമ്പോള്‍ അവിടെ മണ്ണുണ്ട്, അതിന്‍റെ മീതെ ജലവുമുണ്ട്. അതിന്‍റെ മീതെ പരിവര്‍ത്തിച്ചു കൊണ്ടിരുന്ന ദൈവാത്മാവ് പ്രത്യക്ഷത്തില്‍ വായു (atmos) ആയിരിക്കാന്‍ ഇടയുണ്ട്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഇവയെ എന്തില്‍ നിന്നു സൃഷ്ടിച്ചു എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. ഒരുപക്ഷേ അഗ്നിയില്‍ നിന്നാകാം.. ആറ് ദിവസത്തെ സൃഷ്ടിയില്‍ മണ്ണ്, ജലം, വായു, അഗ്നി എന്നീ ചതുര്‍ഭൂതങ്ങള്‍ ഉള്‍പ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.. ഈ അടിസ്ഥാനവസ്തുക്കളെ വിഘടിച്ചും സംയോജിപ്പിച്ചും ഒക്കെയാണ് ദൈവം ലോകത്തിലെ സര്‍വചരാചരങ്ങളെയും സൃഷ്ടിക്കുന്നത്.
 അതുപോലെ ലളിതമായ ജീവജാലങ്ങളിലാരംഭിച്ചു കൂടുതല്‍ സങ്കീര്‍ണമായ ജീവജാലങ്ങള്‍ ഉണ്ടായതാണ് എന്ന ചിന്തയും അക്കാലത്തെ ഗ്രീക്കു ചിന്തയുടെ ഭാഗമായിരുന്നു. ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന Anaximander എന്ന ചിന്തകന്‍ അങ്ങനെ വിശ്വസിച്ചിരുന്നു.. ഈ സങ്കീര്‍ത്തനത്തില്‍ ആദ്യമുണ്ടാകുന്നതായി പറഞ്ഞിരിക്കുന്ന ജീവികള്‍ സസ്യങ്ങളാണ്. അതിനു ശേഷം ജലജീവികളും, പറവകളും, ഇഴജന്തുക്കളും, കന്നുകാലികളും, ഏറ്റവും ഒടുവില്‍ ഏറ്റവും സങ്കീര്‍ണ ജീവിയായ മനുഷ്യനും ഉണ്ടാകുന്നു.
 നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാനും യുക്തിചിന്ത കൊണ്ട് ഗ്രഹിക്കാനും കഴിയുന്ന കാര്യങ്ങള്‍ മാത്രമാണു ശാസ്ത്രത്തിന്റെ വിഷയം. അതുകൊണ്ടു ശാസ്ത്രലോകവീക്ഷണം  ലോകത്തിന്‍റെ കാണപ്പെടുന്ന ഭാഗത്തെക്കുറിച്ച് മാത്രമാണു. അതുകൊണ്ടാണ് കാണപ്പെടാത്ത ഭാഗത്തെകൂടി ഉള്‍പ്പെടുത്തി ഒരു കാവ്യലോകവീക്ഷണം ആവശ്യമായിരിക്കുന്നത്.. ഈ സങ്കീര്‍ത്തനം രചിച്ച നമ്മുടെ പൂര്‍വികര്‍ക്ക് ഇക്കാര്യം നന്നായി അറിയാമായിരുന്നു. അന്ന് നിലവിലിരുന്ന ശാസ്ത്രലോകവീക്ഷണം  അതില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടു തൃപ്തരാകാതെ, അതിന്‍റെ മേല്‍ രണ്ടു കാവ്യലോകവീക്ഷണങ്ങള്‍  അവര്‍ ഉപയോഗിച്ചിരിക്കുന്നു. 

 ഇന്നത്തെ നമ്മുടെ ശാസ്ത്രലോകവീക്ഷണം അവരുടേതിനേക്കാള്‍ വളരെ ഉയരത്തിലാണ്. എന്നാല്‍ കാവ്യലോകവീക്ഷണത്തിന്‍റെ  കാര്യത്തില്‍ നാം അവരെക്കാള്‍ വളരെ താഴെയാണ്. മനുഷ്യവര്‍ഗത്തിന്‍റെ ജീവിതത്തെ മൊത്തമായി സ്വാധീനിക്കുകയും നയിക്കുകയും ഒക്കെ ചെയ്യുന്ന ശക്തമായ ഒരു കാവ്യലോകവീക്ഷണം ഇന്ന് നമുക്കില്ല. അങ്ങനെയൊന്ന് നമ്മുടെ കാലഘട്ടത്തില്‍ ഉരുത്തിരുയുമെന്ന് നമുക്ക് പ്രത്യാശിക്കാം. അങ്ങനെയൊരു കാവ്യലോകവീക്ഷണം ഉണ്ടാകുമ്പോഴേ ഉല്പത്തിയിലെ സൃഷ്ടിസങ്കീര്‍ത്തനത്തിന് സമാനമായ ഒരു സങ്കീര്‍ത്തനം നമ്മുടെ കാലഘട്ടത്തിനനുസൃതമായി  നമുക്ക് രചിക്കാനാവൂ.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?