ആരാധനയും ദേവാലയവും ലോകവും

വിശുദ്ധ വേദപുസ്തകത്തിന്‍റെ ആദ്യത്തെ രണ്ടു അദ്ധ്യായങ്ങളില്‍ ലോകം തന്നെ ഒരു ദേവാലയമാണ്. ദൈവം മനുഷ്യനോടൊപ്പം  വസിക്കുന്നതായി നാം അവിടെ വായിക്കുന്നു. യാതൊരു തിന്‍മയും ആ ലോകത്തിലില്ല. അവിടെ മനുഷ്യന്‍ ദൈവത്തോടും, പരസ്പരവും, പ്രകൃതിയോടും സമ്പൂര്‍ണ ഐക്യത്തില്‍ ജീവിക്കുന്നു. ലോകം തന്നെ ഒരു ദേവാലയമായതിനാല്‍ അവിടെ ഒരു ദേവാലയം പണിയേണ്ട ആവശ്യമില്ല. ഏദന്‍തോട്ടത്തില്‍ ദേവാലയം ഇല്ല. ഏദന്‍തോട്ടം തന്നെ ഒരു ദേവാലയമാണ്. ജീവിതം തന്നെ ആരാധനയാണ്. അതുകൊണ്ടു പ്രത്യേക ആരാധനയുടെ ആവശ്യമില്ല.

എന്നാല്‍ വേദപുസ്തകത്തിന്‍റെ മൂന്നാം അധ്യായം മുതല്‍ ഇതല്ല സ്ഥിതി. മനുഷ്യന്‍റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന്‍റെ ഫലമായി ലോകം ദേവാലയം അല്ലാതാകുന്നു. ഇതാണ് നമ്മുടെ ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ. നമ്മുടെ ലോകം ഒരു ദേവാലയമല്ല. ദൈവം ഇവിടെ നമ്മോടൊപ്പം വസിക്കുന്നില്ല. നമ്മുടെ ജീവിതം ഒരു ആരാധനയല്ല.

എന്നാല്‍ വേദപുസ്തകത്തിന്‍റെ ഒടുവിലത്തെ രണ്ടു അദ്ധ്യായങ്ങളില്‍ ലോകം പുനസ്ഥാപിക്കപ്പെടുന്നതായി നാം വായിക്കുന്നുണ്ട്. ലോകം വീണ്ടും ഏദന്‍ തോട്ടം പോലെയാകുന്നു.  പുതിയ ആകാശവും പുതിയ ഭൂമിയും അവിടെ പുനസ്ഥാപിക്കപ്പെടുന്നു. വീണ്ടും ദൈവം മനുഷ്യരോടൊത്ത് വസിക്കാന്‍ തുടങ്ങുന്നു. ലോകം വീണ്ടും ദേവാലയമാകുന്നു. അവിടെ ദേവാലയമില്ല (വെളിപാടു 21:22). ഏദന്‍ തോട്ടത്തില്‍ ദേവാലയത്തിന്റെ ആവശ്യമില്ലാതിരുന്നത് പോലെ പുതിയ ലോകത്തിലും ദേവാലയത്തിന്റെ ആവശ്യമില്ല. കാരണം ദൈവം മനുഷ്യരോടൊപ്പം വസിക്കുന്നതിനാല്‍ ലോകം തന്നെ ദേവാലയമാണ്. അങ്ങനെയൊരു ലോകത്തില്‍ ജയില്‍, കോടതി, പോലീസ് ഇവയ്ക്കൊന്നും പ്രസക്തിയോ ആവശ്യമോ ഇല്ലാത്തതുപോലെ, ദേവാലയത്തിനും പ്രസക്തിയോ ആവശ്യമോ ഇല്ലാതെയാകുന്നു.

വേദപുസ്തകത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും നമ്മള്‍ കാണുന്നത് ആദര്‍ശ (ideal) ലോകമാണ്. മനുഷ്യന്‍ ദൈവത്തോടും പ്രകൃതിയോടും പരസ്പരവും സമ്പൂര്‍ണ ഐക്യത്തില്‍ കഴിയുന്ന ലോകമാണ് അത്. ആ ആദര്‍ശലോകത്തില്‍ ദേവാലയത്തിന്റെ ആവശ്യമില്ല. പ്രത്യേക ആരാധനയുടെ ആവശ്യവുമില്ല. മതത്തിന് അവിടെ യാതൊരു പ്രസക്തിയുമില്ല.
എന്നാല്‍ നാം ജീവിക്കുന്ന ഈ യഥാര്‍ത്ഥ ലോകം ആ ആദര്‍ശലോകത്തില്‍ നിന്നു വളരെ അകലെയാണ്. നമ്മുടെ ലോകം ദേവാലയമല്ല. മനുഷ്യന്‍ ദൈവത്തോടും പ്രകൃതിയോടും പരസ്പരവും കലഹത്തിലാണ്. ദൈവം നമ്മോടൊപ്പം വസിക്കുന്നില്ല. അതുകൊണ്ടു ഇവിടെ ദേവാലയത്തിന്റെ ആവശ്യമുണ്ട്. ആരാധനയുടെ ആവശ്യവുമുണ്ട്.

നമ്മുടെ ലോകം ഒരിക്കല്‍ ദേവാലയമായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് നമ്മള്‍.  നമ്മുടെ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ നാം അതീവദുഖിതരാണ്. വീണ്ടും നമ്മുടെ ലോകം ദേവാലയമാകണമെന്ന് നാം ആത്മാര്‍ഥമായി ആശിക്കുന്നു. ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ ഈ വിശ്വാസവും, ഭാവികാലത്തെക്കുറിച്ചുള്ള നമ്മുടെ ഈ പ്രത്യാശയും, വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള നമ്മുടെ ഈ ദുഖവുമാണ് ദേവാലയങ്ങളുടെ നിര്‍മ്മിതിക്ക് നമ്മെ പ്രേരിപ്പിച്ചത്.

നാം ഒരു കെട്ടിടം നിര്‍മിച്ചു അതിനെ ദേവാലയം എന്നു നാമകരണം ചെയ്യുമ്പോള്‍ എന്താണ് നാം ഉദ്ദേശിക്കുന്നത്? നമ്മുടെ ആദര്‍ശലോകത്തിന്‍റെ ഒരു പ്രതീകമായാണ് നാം അതിനെ കാണുന്നത്. മനുഷ്യനു നഷ്ടമായ ആദിയിലെ ലോകം എന്ന ദേവാലയത്തിന്റെ പ്രതീകമാണ് അത്. വീണ്ടും നമ്മുടെ ലോകം എങ്ങനെയായിത്തീരണമെന്നാണോ നാം ആഗ്രഹിക്കുന്നത് ആ ആദര്‍ശലോകത്തിന്റെയും പ്രതീകമാണ് നാം നിര്‍മിക്കുന്ന ദേവാലയം.  നാം ദേവാലയത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ ആദിയിലെ  ആദര്‍ശലോകത്തിലെ ജീവിതം നാം അയവിറക്കുകയും പുനരാവിഷ്കരിക്കുകയും ചെയ്യുന്നു. വീണ്ടും ജീവവൃക്ഷത്തിലെ ഫലം ഭക്ഷിക്കുന്നു. ദൈവത്തോടും പരസ്പരവും പ്രകൃതിയോടും ഉള്ള ഐക്യം പുനസ്ഥാപിക്കുന്നു. സന്തോഷവും സമാധാനവും ഉള്ള ജീവിതം കുറച്ചു നേരത്തെക്കെങ്കിലും നാം രുചിക്കുന്നു. ലോകത്തെ വീണ്ടും ദേവാലയമാക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമമാണ് ഒരു കെട്ടിടത്തെ ദേവാലയം എന്നു നാമകരണം ചെയ്തു അവിടെ ആരാധിക്കുന്നത്. നമ്മുടെ യഥാര്‍ത്ഥ ലോകവും നമ്മുടെ ആദര്‍ശലോകവും തമ്മിലുള്ള വിടവ് കുറക്കുന്നതിനുള്ള ഒരു ശ്രമമാണ് ഇത്.

ദേവാലയവും ആരാധനയും അതില്‍ തന്നെ ഒരു ലക്ഷ്യമല്ല, ഒരു ലക്ഷ്യത്തിലേക്കുള്ള ഒരു മാര്‍ഗം മാത്രമാണു. ലോകത്തെ മുഴുവന്‍ ദേവാലയമാക്കുകയും നമ്മുടെ ജീവിതത്തെത്തന്നെ ആരാധനയാക്കി മാറ്റുകയും ആണ് അതിന്‍റെ ലക്ഷ്യം. ആ മഹത്തായ ലക്ഷ്യം സാധിക്കുന്നതിന് നാം അവലംബിക്കുന്ന ഒരു മാര്‍ഗം മാത്രമാണു നമ്മുടെ ദേവാലയവും അവിടുത്തെ ആരാധനയും. ദേവാലയം, നമ്മുടെ ആരാധന, ഇതിനെ സംബന്ധിക്കുന്ന നമ്മുടെ വിശ്വാസങ്ങള്‍-- ഇതെല്ലാം ചേരുന്നതാണ് നമ്മുടെ മതം. വിവിധ മതങ്ങള്‍ ലോകത്തിലുണ്ട്. ഇവയെല്ലാം നമ്മുടെ യഥാര്‍ത്ഥ ലോകത്തെ നമ്മുടെ ആദര്‍ശലോകത്തോട് അടുപ്പിക്കുവാനുള്ള മനുഷ്യന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ്.     

ലോകത്തെ ഒരു ദേവാലയമാക്കുക എന്ന വ്യക്തമായ ലക്ഷ്യം മുന്നില്‍ കണ്ടു വേണം എല്ലാ മതങ്ങളും പ്രവര്‍ത്തിക്കുവാന്‍. മറ്റ് മതങ്ങളില്‍പ്പെട്ടവരെ തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ലോകം ദേവാലയമാവില്ല. ഇത് മനസിലാക്കി ഓരോ പ്രദേശത്തുമുള്ള വിവിധ മതാനുയായികള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം. ഒരു ഗ്രാമത്തില്‍ ഒരു അലോപ്പതി വൈദ്യനും, ഒരു ഹോമിയോപ്പതി വൈദ്യനും, ഒരു ആയുര്‍വേദ വൈദ്യനും ഉണ്ടെന്ന് സങ്കല്‍പ്പിക്കാം. നാടിനെ രോഗവിമുക്തമാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി അവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, അല്ലാതെ പരസ്പരം ഇല്ലായ്മ ചെയ്യാനായിരിക്കരുത് അവരുടെ ശ്രമം. ഇതുപോലെ നാടിനെ മുഴുവന്‍ ഒരു ഏദന്‍ തോട്ടമാക്കുക എന്ന മഹത്തായ ലക്ഷ്യം നേടുവാന്‍ വേണ്ടിയായിരിക്കണം അന്നാട്ടിലെ മതങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത്.   

ലോകത്തെ ഒരു ഏദന്‍ തോട്ടമാക്കുക എന്ന ലക്ഷ്യമുള്ളത് മതങ്ങള്‍ക്ക് മാത്രമല്ല. ധാരാളം ഭരണകൂടങ്ങള്‍, സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയ്ക്കും ഇങ്ങനെ ഒരു ലക്ഷ്യമുണ്ട്. ലക്ഷ്യം ഒന്നാണെങ്കിലും ആ ലക്ഷ്യം പ്രാപിക്കുന്നതിന് അവ അവലംബിക്കുന്ന മാര്‍ഗങ്ങള്‍ വ്യത്യസ്തമാണെന്ന് മാത്രം. അതുകൊണ്ടു മതങ്ങള്‍ മറ്റ് മതങ്ങളോട് മാത്രമല്ല, സമാനലക്ഷ്യമുള്ള എല്ലാ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളോടും സഹകരിക്കേണ്ടതുണ്ട്. 

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും