ആരാധനയും സമാധാനവും

നമ്മുടെ ആരാധനയില്‍ വളരെയേറെ ആവര്‍ത്തിക്കപ്പെടുന്ന ഒരു പദമാണ് സമാധാനം. കലഹത്തിന്‍റെ വിപരീതമായാണ് സമാധാനത്തെ നാം മനസിലാക്കുന്നതു. ബന്ധങ്ങളിലുണ്ടാകുന്ന വിഘടനങ്ങളും പിരിമുറുക്കങ്ങളുമാണ് കലഹങ്ങളുണ്ടാകുന്നത്. മനുഷ്യര്‍ തമ്മിലുള്ള കലഹങ്ങള്‍ മാറി സമാധാനം വരുന്നത് ബന്ധങ്ങള്‍ സുഘടിതമാകുമ്പോഴാണു. സമൂഹങ്ങള്‍ (സമുദായങ്ങള്‍, രാജ്യങ്ങള്‍) തമ്മിലും കലഹങ്ങള്‍ ഉണ്ടാകും. കലഹം രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ അതിനെ യുദ്ധം എന്നു വിളിക്കും. പരസ്പരം കലഹത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ടു കൂട്ടര്‍ കലഹം നിര്‍ത്തി അനുരഞ്ജനത്തിലാകുമ്പോള്‍ അഥവാ നിരപ്പാകുമ്പോള്‍ അവര്‍ക്കിടയില്‍ സമാധാനം ഉണ്ടാകുന്നു.

കലഹം ഉണ്ടാകുന്നതു മനുഷ്യര്‍ തമ്മിലും മനുഷ്യസമൂഹങ്ങള്‍ തമ്മിലും മാത്രമല്ല. മനുഷ്യനും ദൈവവും തമ്മിലുള്ള കലഹത്തെപ്പറ്റി വേദഗ്രന്ഥങ്ങളില്‍ നാം വായിക്കുന്നു. അതിന്‍റെ ഫലമായി മനുഷ്യനും പ്രകൃതിയും തമ്മിലും കലഹം ഉണ്ട്. ഈ രണ്ടു ബന്ധങ്ങളിലും ഉണ്ടായിരിക്കുന്ന കലഹത്തിന് കാരണം മനുഷ്യന്‍റെ ബുദ്ധിശൂന്യതയും നിരുത്തരവാദപരമായ പെരുമാറ്റവുമാണ്.

കലഹം മനുഷ്യന്‍റെ ഉള്ളിലും ഉണ്ടാകും. മനുഷ്യന്‍ ഉണ്ടായിരിക്കുന്നത് വിവിധ ഘടകങ്ങള്‍ ചേര്‍ന്നാണ്. ശരീരവും, മനസ്സും, ആത്മാവും. ശരീരം തന്നെ ഒട്ടേറെ ഘടനകള്‍ (systems) ചേര്‍ന്നാണ് ഉണ്ടായിരിക്കുന്നത്. മനസ്സിനുമുണ്ട് പല ഘടനകള്‍. ഈ വിവിധ ഘടനകള്‍ ഒന്നു ചേര്‍ന്ന് പരസ്പരം സഹകരിച്ചും സഹായിച്ചും പോകാന്‍ പ്രയാസം വരുമ്പോഴെല്ലാം മനുഷ്യന്‍റെ ഉള്ളില്‍ കലഹങ്ങള്‍ ഉണ്ടാകുന്നു. ഈ കലഹങ്ങളുടെ പ്രകടനങ്ങളാണ് ശരീരത്തിന്‍റെയും മനസ്സിന്‍റെയും രോഗങ്ങള്‍. മനസില്‍ കലഹമുണ്ടാകുമ്പോള്‍ മനസമാധാനം നഷ്ടമാകുന്നു.

മനുഷ്യന്‍റെ ഉള്ളില്‍ സമാധാനമുണ്ടാകുമ്പോള്‍ ആരോഗ്യമുണ്ടാകുന്നു. ശരീരമനസ്സുകള്‍ക്ക് ആരോഗ്യമുണ്ടാകുമ്പോള്‍ സമാധാനമുണ്ടാകുന്നു. അതുപോലെ സമാധാനമുള്ള ഒരു സമൂഹം ആരോഗ്യമുള്ള സമൂഹമാണ്. സമാധാനമുള്ള കുടുംബം ആരോഗ്യമുള്ള കുടുംബമാണ്.

എല്ലാ കലഹങ്ങളും മാറി ലോകത്തില്‍ സംപൂര്‍ണ സമാധാനം കൈവരുമ്പോള്‍ ലോകം സ്വര്‍ഗമായി രൂപാന്തരപ്പെടുന്നു. സമ്പൂര്‍ണ സമാധാനം എന്ന അവസ്ഥയുടെ പേരാണ് സ്വര്‍ഗം. സ്വര്‍ഗരാജ്യം ഭൂമിയില്‍ വരിക എന്നു പറഞ്ഞാല്‍ സമ്പൂര്‍ണ സമാധാനം ഭൂമിയില്‍ വരിക എന്നാണ് അര്‍ത്ഥം. ആ അവസ്ഥയുടെ മറ്റൊരു പേരാണ് ഏദന്‍തോട്ടം. ഏദന്‍ തോട്ടത്തില്‍ എല്ലാ ബന്ധങ്ങളും സുഘടിതമാണ്. അവിടെ മനുഷ്യര്‍ തമ്മിലും ദൈവവും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും സമാധാനം പുലരുന്നു. മനുഷ്യരുടെ ഉള്ളിലും സമാധാനമുണ്ട്.

കലഹങ്ങള്‍ മാറി സമാധാനം പുലരുമ്പോള്‍ അവിടെ സന്തോഷവും സ്നേഹവും നീതിയും എല്ലാം ഉണ്ടാകും. അതുകൊണ്ടാണ്. സ്വര്‍ഗരാജ്യം നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും ആണെന്ന് പൌലൊസ് അപ്പൊസ്തോലന്‍ പ്രസ്താവിച്ചത്.

യഹൂദ സമുദായത്തില്‍ ആളുകള്‍ പരസ്പരം അഭിവാദ്യം ചെയ്തിരുന്നത് നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ (ഷാലോം ലിക്കാ) എന്നാണ്. നിങ്ങളുടെ ജീവിതത്തില്‍ സ്വര്‍ഗാനുഭവം ഉണ്ടാകട്ടെ എന്നാണ് അതുകൊണ്ടു അര്‍ഥമാക്കിയിരുന്നത്. എബ്രായ ഭാഷയിലെ ഷാലോം സുറിയാനിയില്‍ ശ്ലോമോ ആയി മാറി. അറബിക് ഭാഷയില്‍ സലാം ആയി.  

നമ്മുടെ ജീവിതത്തില്‍ സമാധാനം (സ്വര്‍ഗാനുഭവം) ഉണ്ടാക്കുന്ന ഒരു പ്രക്രിയ ആണ് നമ്മുടെ ആരാധന. വിശുദ്ധ കുര്‍ബാനയില്‍ ബോധപൂര്‍വം പങ്കെടുക്കുന്നവര്‍ സ്വര്‍ഗാനുഭവത്തോട് കൂടെയാണ് വീടുകളിലേക്ക് മടങ്ങുന്നത്. സമാധാനമില്ലാത്തവരായി ദേവാലയത്തിന്‍റെ പടി കടന്നു അകത്തു പ്രവേശിക്കുന്ന അവര്‍ എല്ലാ കലഹങ്ങളെയും ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്നു. ദൈവമേ അവിടുന്നു പരിശുദ്ധനാകുന്നു, എന്നു ഏറ്റു പറയുകയും ചുങ്കക്കാരനെപ്പോലെ പാപിയായ എന്നോടു കരുണ തോന്നണമേ (കുറിയേലായിസോന്‍) എന്നു അപേക്ഷിക്കുകയും ചെയ്യുമ്പോള്‍ ദൈവവുമായി നിരപ്പാകുന്നു. ഒപ്പം പ്രകൃതിയോടും നിരപ്പാകുന്നു. പരസ്പരം കൈസൂരി കൊടുക്കുമ്പോള്‍ എല്ലാ മനുഷ്യരോടും നിരപ്പാകുന്നു. അതോടൊപ്പം ഉള്ളിലെ കലഹങ്ങളെ നിര്‍മാര്‍ജനം ചെയ്തു മനസമാധാനവും നേടുന്നു. വിശുദ്ധ കുര്‍ബാനയുടെ ഒടുവില്‍ പട്ടക്കാരന്‍ നിങ്ങള്‍ സന്തോഷിച്ചു സംതൃപ്തരായി സമാധാനത്തോടെ പോകുവീന്‍ എന്നു ജനങ്ങളോട് ആശംസിക്കുന്നത് വെറുതെയല്ല. ഇവിടെ നിങ്ങള്‍ പ്രാപിച്ച സ്വര്‍ഗാനുഭവവുമായി നിങ്ങള്‍ ലോകത്തിലേക്കു പോകുവീന്‍ എന്നാണ് ആ ആശസയുടെ അര്‍ത്ഥം. ദേവാലയത്തില്‍ നിന്നു ലോകത്തിലേക്കു പോകുന്നത് ഒരു ദൌത്യം (mission) ഏറ്റെടുത്തു കൊണ്ടാണ്. പോകുന്ന സ്ഥലങ്ങളിലെല്ലാം  സ്വര്‍ഗാനുഭവം പരത്തുക എന്നതാണു ആ ദൌത്യം. അതുകൊണ്ടാവണം സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നു യേശുതമ്പുരാന്‍ അരുളിയത്.  

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം