വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രാര്‍ഥന
(അന്‍പുടയോനെ നിന്‍ വാതില്‍ എന്ന രീതിയില്‍ പാടാം)
എന്നുള്ളില്‍ സൃഷ്ടിച്ചാലും
നിര്‍മലമായീടും ഹൃദയം
പുതുതാക്കീടണമേ നാഥാ
സ്ഥിരമായോരാത്മാവിനെയും
എന്നുള്ളം നിര്‍മ്മലമാകാന്‍
ഈസോപ്പായാല്‍ തളിക്കണമേ
വെണ്മ ഹിമത്തെക്കാള്‍ നേടാന്‍
എന്നെക്കഴുകണമേ നന്നായ്
പഠിക്കാന്‍ പുസ്തകം തുറക്കുമ്പോള്‍ പ്രാര്‍ഥിക്കാവുന്ന ഒരു പ്രാര്‍ഥനയാണ് അന്‍പത്തിഒന്നാം സങ്കീര്‍ത്തനത്തിലെ ഈ വരികള്‍. സണ്ടെസ്കൂള്‍ ക്ലാസുകളുടെ തുടക്കത്തിലും ആകാം ഈ പ്രാര്‍ഥന. നന്നായി പഠിക്കണമെങ്കില്‍ ഹൃദയം നിര്‍മലമാകണം. മനസ്സിന് സ്ഥിരതയും വേണം. വല്ലതും "മനസില്‍ ആകണമെങ്കില്‍" മനസ്സ് നിര്‍മലവും, സ്ഥിരവും, ശാന്തവുമായിരുന്നാലേ പറ്റൂ. കലങ്ങി മറിഞ്ഞ് അഴുക്ക് പിടിച്ച് അസ്ഥിരമായിരിക്കുന്ന മനസിലേക്ക് കേള്‍ക്കുന്നതും വായിക്കുന്നതും ഒന്നും കയറുകയില്ല.
കാദീശ് എന്ന സുറിയാനി വാക്കിന് ശുദ്ധം, പരിശുദ്ധം എന്നൊക്കെയാണ് അര്‍ത്ഥം. കൂദാശ എന്നു വച്ചാല്‍ ശുദ്ധീകരിക്കല്‍ എന്നാണ് അര്‍ത്ഥം. മനുഷ്യമനസും ഹൃദയവും ശുദ്ധീകരിക്കലാണ് കൂദാശ. ഹൃദയം വികാരങ്ങളുടെ ഇരിപ്പിടമാണ്; മനസ് ചിന്തകളുടെ ഇരിപ്പിടവും.
ദേഹം ശുദ്ധിയാക്കുന്നതിന് ഒന്നു കുളിച്ചാല്‍ മതി. മുറി ശുദ്ധിയാക്കുന്നതിന് നന്നായി ഒന്നു തൂത്തു തുടച്ചാല്‍ മതി. എന്നാല്‍ മനുഷ്യഹൃദയവും മനസും ശുദ്ധിയാക്കുന്നത് അത്ര എളുപ്പമല്ല. മുടി വെട്ടാന്‍ ഒരു ബാര്‍ബറെ സമീപിക്കുന്നത് പോലെ ഇക്കാര്യത്തിനും അത് ചെയ്യാനാറിയാവുന്ന ഒരാളെ സമീപിച്ചേ മതിയാവൂ. മനുഷ്യ മനസിനെയും ഹൃദയത്തെയും ശുദ്ധീകരിക്കാന്‍ അറിയാവുന്നത് അതിന്‍റെ നിര്‍മാതാവിനു മാത്രമാണു- ദൈവത്തിന്. മൂടി വെട്ടാന്‍ വേണ്ടി കുറച്ചു നേരത്തേക്ക് തല നിശ്ചലമാക്കി പിടിച്ചു കൊടുക്കേണ്ടതുണ്ട്. അതുപോലെ ശുദ്ധിയാക്കാനായി കുറെ നേരത്തേക്ക് നമ്മുടെ മനസ് നിശ്ചലമാക്കി, അതായത് വികാരവിചാരങ്ങളൊന്നുമില്ലാതെ, ദൈവമുന്‍പാകെ സമര്‍പ്പിക്കേണ്ടതുണ്ട്.
മനുഷ്യമനസും ഹൃദയവും ശുദ്ധിയാക്കുന്ന സ്ഥലമാണ് ദേവാലയം. അതുകൊണ്ടാണ് ദേവാലയത്തില്‍ നടക്കുന്ന കര്‍മങ്ങളെ കൂദാശകള്‍ എന്നു വിളിക്കുന്നത്. ദേവാലയത്തില്‍ പോയത് കൊണ്ട് മാത്രം മനസും ഹൃദയവും ശുദ്ധമാവുകയില്ല. ഒരു ബാര്‍ബറുടെ മുമ്പില്‍ ഒരു ശിശു തല നിശ്ചലമാക്കി വയ്ക്കാത്തതു പോലെ, പലര്‍ക്കും മനസ്സ് നിശ്ചലമാക്കി ദൈവമുമ്പാകെ വയ്ക്കാന്‍ പ്രയാസമാണ്. മനസ്സ് നിശ്ചലമാക്കാതെ ദേവാലയത്തിനുള്ളില്‍ സമയം കൊല്ലുന്നവര്‍ക്ക് എന്തെങ്കിലും ശുദ്ധീകരണം ഉണ്ടാകുന്ന കാര്യം സംശയമാണ്.
വെറുതെയല്ല ശുശ്രൂഷകന്‍ ഇടയ്ക്കിടെ സ്തൌമന്‍ കാലോസ് (നില്‍ക്കാം നന്നായ്) എന്നു ഓര്‍മിപ്പിക്കുന്നത്. മനസ്സ് നിശ്ചലമായി നില്‍ക്കണം എന്നാണ് അതിന്റെ അര്‍ത്ഥം. അത് കൂടാതെ നമ്മുടെ ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും ദൈവസന്നിധിയിലായിരിക്കണമെന്ന് വൈദികന്‍ ഓര്‍മിപ്പിക്കുന്നു.
മനുഷ്യന്‍ ഒരു കമ്പ്യൂട്ടര്‍ പോലെയാണ്. ശരീരം hardware -ഉം മനസ്സ് software -ഉം ആണ്. software -നെ വൈറസും മറ്റ് malware -കളും കയറി കമ്പ്യുട്ടറിന്‍റെ പ്രവര്‍ത്തനക്ഷമത നശിപ്പിക്കുന്നത് പോലെ ഭയം, ആകുലത, കുറ്റബോധം, അഹങ്കാരം, അസൂയ തുടങ്ങിയ വൈറസുകള്‍ മനുഷ്യമനസിന്‍റെ പ്രവര്‍ത്തനക്ഷമത നശിപ്പിക്കുന്നു.
ഒരു പറ്റം ആളുകള്‍ ഒരുമിച്ച് നടത്തുന്ന ഒരു ശുദ്ധീകരണ പ്രക്രിയയാണ് കുര്‍ബാന എന്ന കൂദാശ. ഓരോരുത്തരും മനസ്സ് ഏകാഗ്രമാക്കിയെങ്കിലെ അതിന്‍റെ പ്രയോജനമുണ്ടാകൂ. എന്നാല്‍ ഒരാള്‍ മാത്രം ഒരു വൈദികന്‍റെ സഹായത്തോടെ ദൈവസന്നിധിയില്‍ ഹൃദയം തുറക്കുന്ന ഒരു കൂദാശയാണ് കുമ്പസാരം.
പ്രാര്‍ഥനാ വേളയില്‍ കുമ്പിടുന്നത് വളരെ അര്‍ഥവത്തായ ഒരു അനുഷ്ഠാനമാണ്. ശുദ്ധിയാക്കുവാനായി നമ്മുടെ മനസ്സിനേയും ഹൃദയത്തെയും ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്നതിന്റെ പ്രതീകമായി നമുക്ക് അത് മനസിലാക്കാം. തലയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന തലച്ചോറു കൊണ്ടാണല്ലോ നാം ചിന്തിക്കുന്നത്. മറ്റ് ചിന്തകളൊന്നുമില്ലാതെ നമ്മുടെ തല ദൈവസന്നിധിയില്‍ വച്ചുകൊടുക്കുകയാണ് കുമ്പിടുമ്പോള്‍. തല ഹൃദയത്തെക്കാള്‍ താഴെ കൊണ്ടുവരുമ്പോള്‍ തലയിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുമെന്നതിനാല്‍ വളരെ പ്രയോജനകരമായ ഒരു വ്യായാമം കൂടിയാണ് ഇത്.
നന്നായി പഠിക്കാനും ജീവിതവിജയം നേടാനും പ്രവര്‍ത്തനക്ഷമവും ശുദ്ധവും ആയ ഒരു മനസ്സ് വിദ്യാര്‍ഥികള്‍ക്ക് അത്യന്താപേക്ഷിതമാണ്. പതിവായി ദേവാലയത്തില്‍ പോകുകയും അര്‍പ്പണ ബുദ്ധിയോടെ ആരാധനയില്‍ സംബന്ധിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ മുന്നേറുന്നതിന്‍റെ ഒരു കാരണം അതാവാം.
Comments