കുര്‍ബാനയും കഥകളിയും ദുരന്തനാടകവും

കുര്‍ബാനയും കഥകളിയും ദുരന്തനാടകവും തമ്മില്‍ എന്താണ് സാമ്യം? അവ പല കാര്യങ്ങളില്‍ സമാനമാണ്. മറ്റ് ചില കാര്യങ്ങളില്‍ വ്യത്യസ്തവുമാണ്.

ഒരു പുരാണകഥ സ്റ്റേജില്‍ ആംഗ്യങ്ങളും മുദ്രകളും ഒക്കെ ഉപയോഗിച്ച് കളിക്കുന്നതാണ് കഥകളി. ഈ കലാരൂപം ആസ്വദിക്കണമെങ്കില്‍ അതിന്റെ പിന്നിലെ കഥ നന്നായി അറിയണം. മാത്രവുമല്ല, നടന്‍ ഉപയോഗിയ്ക്കുന്ന ആംഗ്യങ്ങളുടെയും മുദ്രകളുടെയും ഒക്കെ അര്ത്ഥം അറിയുകയും വേണം. ഇതൊക്കെ അറിയുന്ന ചുരുക്കം സഹൃദയര്‍ക്കെ കഥകളി ആസ്വദിക്കാനാവൂ. ആല്ലാത്തവര്‍ "കഥയറിയാതെ ആട്ടം കണ്ടു" ഒന്നും മനസിലാകാതെ എഴുന്നേറ്റ് പോകേണ്ടി വരും.

കുര്‍ബാനയും ഒരു കഥകളിയാണെന്ന് വേണമെങ്കില്‍ പറയാം. ദൈവം മനുഷ്യനായ കഥയാണ് കുര്‍ബാനയുടെ വിഷയം. ഒരാള്‍  കളിച്ചു മറ്റുള്ളവര്‍ കണ്ടുകൊണ്ടിരിക്കുകയല്ല, മറിച്ച് എല്ലാവരും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു കഥകളിയാണ് ഇത്. ആംഗ്യങ്ങളും, മുദ്രകളും മാത്രമല്ല, പല തരം ദൃശ്യങ്ങളും, ശബ്ദങ്ങളും, ഗന്ധങ്ങളും, വസ്തുക്കളും, ഒരുമിച്ച് പ്രതീകങ്ങളായി ഉപയോഗിച്ച് വ്യംഗ്യമായ അര്‍ഥസമുച്ചയത്തെ പ്രകടമാക്കുന്നു കുര്‍ബാനയില്‍.  കഥകളി ആസ്വദിക്കുന്നതിനെക്കാള്‍ ദുഷ്കരമാണ് കുര്‍ബാന ആസ്വദിക്കുന്നത്. കഥയറിഞ്ഞാല്‍ മാത്രം പോരാ, അര്‍ഥസമുച്ചയത്തെ പ്രകടമാക്കുന്ന പ്രതീകങ്ങളുടെ  അര്ത്ഥം അറിയുകയും വേണം. നിര്‍ഭാഗ്യവശാല്‍ മിക്കവര്‍ക്കും ഈ പ്രതീകങ്ങളും അവയുടെ അര്‍ഥതലങ്ങളും അറിഞ്ഞുകൂടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടു മിക്കവരും  "കഥയറിയാതെ ആട്ടം കണ്ടു" ഒന്നും മനസിലാകാതെ ആഴ്ചതോറും കുര്‍ബാന കണ്ടു മടങ്ങുന്നു. 


എന്നാല്‍ കഥകളി പോലെ കണ്ടു രസിക്കാനുള്ള ഒരു കളിയല്ല കുര്‍ബാന. അഞ്ചു ഇന്ദ്രിയങ്ങള്‍ കൊണ്ട് മാത്രം കാണുന്ന ഈ ലോകമാണ് ആത്യന്തിക സത്യം എന്നു വിശ്വസിക്കാന്‍ കൂട്ടാക്കാതെ ആറാമത്തെ ഒരിന്ദ്രിയം (ഉള്‍ക്കണ്ണുകള്‍) കൊണ്ട് കാണപ്പെടാത്ത ലോകഭാഗത്തെകൂടി കണ്ടു മിഥ്യയില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്കുയരാനുള്ള ഒരു ശ്രമായി കുര്‍ബാനയെ കാണാം. സങ്കല്‍പ്പത്തിന്‍റെ ചിറകുകളിലേറി യേശുതമ്പുരാന്‍ ജീവിച്ച പലസ്തീന്‍ നാട്ടിലേക്കും മാലാഖമാര്‍ക്കൊപ്പം ദൈവസന്നിധിയിലേക്കും നാം പറന്നുയരുന്നു. കാണപ്പെടുന്ന ലോകം മാത്രമല്ല കാണപ്പെടാത്ത ലോകവും നാം ദർശിക്കുന്നു.  ജീവിച്ചിരിക്കുന്നവരെ  മാത്രമല്ല വാങ്ങിപ്പോയവരെയും ഇനി ജീവിക്കാനിരിക്കുന്നവരേയും ഉൾകണ്ണുകൾ  കൊണ്ട് നാം കാണുന്നു.  ഇങ്ങനെ ബോധപൂര്‍വം കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ക്ക് പാപികളെ പരിശുദ്ധരാക്കുന്ന മഹാവിശുദ്ധ കര്‍മ്മമായി അത് അനുഭവപ്പെടുന്നു. അല്ലാത്തവര്‍ക്ക് അത് അതീവ വിരസമായ, സമയം കൊല്ലിയായ ഒരു കര്‍മാനുഷ്ഠാനമായി അനുഭവപ്പെടുന്നു.

പാശ്ചാത്യലോകത്ത് നാടകം എന്ന കലാരൂപം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് പ്രാചീന ഗ്രീസിലാണ്. അതിന്റെ സ്വാധീനത്തിലാണ് പില്‍കാലത്ത് ഭാരതത്തില്‍ കാളിദാസന്‍ നാടകം രചിച്ചതെന്ന് പറയപ്പെടുന്നു. യവന നാട്ടില്‍ നിന്നു വന്നത് എന്ന അര്‍ഥത്തിലാവണം യവനിക എന്ന പദം ഉപയോഗിക്കപ്പെട്ടത്. പില്‍ക്കാലത്ത് ഇംഗ്ലീഷില്‍ മഹാനാടകങ്ങള്‍ രചിച്ച ഷേക്സ്പിയറും ഗ്രീക്കു നാടകങ്ങളെ അനുകരിക്കുകയായിരുന്നു. പ്രാചീന ഗ്രീസിലെ ഏറ്റവും പ്രശസ്തനായ നാടകകൃത്ത് സോഫോക്‍ലിസ് ആണ്. അദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകം ഈഡിപ്പസ് രാജാവു ആണ്. അത്യുന്നതങ്ങളില്‍ നിന്നു
ഈഡിപ്പസ് രാജാവ്
അത്യാഗാധത്തിലേക്ക് പതിക്കുന്ന ഈഡിപ്പസ് രാജാവിന്റെ കഥ കരളലിയിക്കുന്നതാണ്.  തന്‍റേതല്ലാത്ത കുറ്റത്തിന്‍റെ ഉത്തരവാദിത്വം സ്വയം ചുമലിലേറ്റി ഈഡിപ്പസ് രാജാവു സ്വയം അന്ധനാക്കുകയും നാടു കടത്തുകയും ചെയ്യുന്നു. ഈ നാടകം കണ്ടിട്ടു ചഞ്ചലഹൃദയരായല്ലാതെ ആര്‍ക്കും നാടകശാല വിട്ടുപോകാനാവില്ല. ഇതുപോലുള്ള മഹാദുരന്തനാടകങ്ങളെ ഉദ്ദേശിച്ചാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത് നാടകത്തിന്‍റെ ഉദ്ദേശം ഹൃദയശുദ്ധീകരണം (khatharsis) ആണെന്ന്.  ഇതുപോലുള്ള ദുരന്തനാടകങ്ങളെ അനുകരിച്ചാണ് ഷേക്സ്പിയര്‍ അദേഹത്തിന്റെ മഹാദുരന്ത നാടകങ്ങള്‍ (കിങ് ലിയര്‍, ഒഥെല്ലോ, ഹാംലെറ്റ്, മക്‍ബെത്ത്) രചിച്ചത്.   

കുര്‍ബാനയും ഒരു ദുരന്തനാടകമാണെന്ന് പറയാം. തന്‍റേതല്ലാത്ത കുറ്റത്തിന്‍റെ ഉത്തരവാദിത്വം സ്വയം തോളിലേറ്റി അത്യുന്നതത്തില്‍ നിന്നും അത്യാഗാധത്തിലേക്ക് സ്വമനസാലെ പതിക്കുന്ന പ്രപഞ്ചരാജാവിന്‍റെ കഥയാണ് കുര്‍ബാനയുടെ വിഷയം. ത്രികാലങ്ങളും ത്രിലോകങ്ങളും പങ്കെടുക്കുന്ന ഈ മഹാ ദുരന്തനാടകം  സത്യദർശനമേകുന്ന ഒരു ജനാലയാണ്. ബോധപൂര്‍വം ഇതില്‍ പങ്കെടുക്കുന്ന ആരുടേയും ഹൃദയം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം