കുര്‍ബാനയും കഥകളിയും ദുരന്തനാടകവും തമ്മില്‍ എന്താണ് സാമ്യം? അവ പല കാര്യങ്ങളില്‍ സമാനമാണ്. മറ്റ് ചില കാര്യങ്ങളില്‍ വ്യത്യസ്തവുമാണ്. ഒരു പുരാണകഥ സ്റ്റേജില്‍ ആംഗ്യങ്ങളും മുദ്രകളും ഒക്കെ ഉപയോഗിച്ച് കളിക്കുന്നതാണ് കഥകളി. ഈ കലാരൂപം ആസ്വദിക്കണമെങ്കില്‍ അതിന്റെ പിന്നിലെ കഥ നന്നായി അറിയണം. മാത്രവുമല്ല, നടന്‍ ഉപയോഗിയ്ക്കുന്ന ആംഗ്യങ്ങളുടെയും മുദ്രകളുടെയും ഒക്കെ അര്ത്ഥം അറിയുകയും വേണം. ഇതൊക്കെ അറിയുന്ന ചുരുക്കം സഹൃദയര്‍ക്കെ കഥകളി ആസ്വദിക്കാനാവൂ. ആല്ലാത്തവര്‍ "കഥയറിയാതെ ആട്ടം കണ്ടു" ഒന്നും മനസിലാകാതെ എഴുന്നേറ്റ് പോകേണ്ടി വരും. കുര്‍ബാനയും ഒരു കഥകളിയാണെന്ന് വേണമെങ്കില്‍ പറയാം. ദൈവം മനുഷ്യനായ കഥയാണ് കുര്‍ബാനയുടെ വിഷയം. ഒരാള്‍ കളിച്ചു മറ്റുള്ളവര്‍ കണ്ടുകൊണ്ടിരിക്കുകയല്ല, മറിച്ച് എല്ലാവരും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു കഥകളിയാണ് ഇത്. ആംഗ്യങ്ങളും, മുദ്രകളും മാത്രമല്ല, പല തരം ദൃശ്യങ്ങളും, ശബ്ദങ്ങളും, ഗന്ധങ്ങളും, വസ്തുക്കളും, ഒരുമിച്ച് പ്രതീകങ്ങളായി ഉപയോഗിച്ച് വ്യംഗ്യമായ അര്‍ഥസമുച്ചയത്തെ പ്രകടമാക്കുന്നു കുര്‍ബാനയില്‍. കഥകളി ആസ്വദിക്കുന്നതിനെക്കാള്‍ ദുഷ്കരമാണ് കുര്‍ബാന ആസ്വദിക്കുന...