ആരാധനയിലെ ആവര്‍ത്തനങ്ങള്‍

അടുത്ത കാലത്ത് നമ്മുടെ ഒരു സെമിനാരിയില്‍ ആരാധനയില്‍ സംബന്ധിച്ചപ്പോള്‍ അവിടെ കണ്ട ഒരു കാര്യം എന്നെ വളരെ സന്തോഷിപ്പിച്ചു. ഏഴു നേരത്തെ യാമപ്രാര്‍ഥനകള്‍ മൂന്നു നേരമായാണ്  ഇപ്പോള്‍ ചൊല്ലി വരുന്നത്. പ്രഭാതം, മൂന്നാം മണി, ഉച്ച എന്നീ മൂന്നു നേരത്തെ പ്രാര്‍ഥനകള്‍ ഒന്നിന്  പിറകെ ഒന്നായി ചൊല്ലിയിട്ടാണ് ഞായറാഴ്ച വിശുദ്ധ കുര്‍ബാന തുടങ്ങുന്നത്. നമ്മുടെ ഓരോ  യാമപ്രാര്‍ഥന ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കൌമാ... ചൊല്ലിക്കൊണ്ടാണല്ലോ. പ്രഭാതപ്രാര്‍ഥന അവസാനിക്കുമ്പോള്‍ ഒരു കൌമാ ചൊല്ലും. ഉടനെ തന്നെ മൂന്നാം മണിയുടെ ആരംഭത്തിലുള്ള ഒരു കൌമായും ചൊല്ലും. മൂന്നാം മണിയുടെ പ്രാര്‍ഥന അവസാനിക്കുമ്പോഴും ഇത് പോലെ കൌമാ രണ്ടു പ്രാവശ്യം ചൊല്ലും. ചെറുപ്പകാലം മുതലേ ഞാന്‍ കണ്ടിട്ടുള്ളത് കൌമാ ഇങ്ങനെ ആവര്‍ത്തിച്ചു ചൊല്ലുന്നതാണ്. എന്നാല്‍ ഇതില്‍ നിന്നു വിത്യസ്ഥമായ ഒരു രീതിയാണ് ഞാന്‍ സെമിനാരിയില്‍ കണ്ടത്. രണ്ടു കൌമാ അടുത്തടുത്ത് വരുന്ന ഇടങ്ങളില്‍ രണ്ടാമത്തെ കൌമാ ഉറക്കെ  ചൊല്ലാതെ മൌനമായി മാത്രം ചൊല്ലുന്നതാണ് ഈ പുതിയ രീതി. ഇങ്ങനെ ഒരു മാറ്റം എന്നെ വളരെ  സന്തോഷിപ്പിച്ചു. സഭ മുഴുവനും ഈ മാറ്റം വരും എന്നു പ്രത്യാശിക്കുന്നു.

നിങ്ങള്‍ ജാതികളെപ്പോലെ ജല്‍പ്പനം ചെയ്യരുത് എന്ന കര്‍ത്തൃകല്‍പനയനുസരിച്ച് നമ്മുടെ ആരാധനയില്‍ അര്‍ഥവത്തായ പരിഷ്കാരങ്ങള്‍ നമ്മള്‍ വരുത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ഇതിന്റെ
അര്‍ത്ഥം. സഭയെ സ്നേഹിക്കുന്ന ആരെയും ഇത് സന്തോഷിപ്പിക്കും.

ഒരു പ്രാര്‍ഥന അനേകം തവണ ചുണ്ടില്‍ നിന്നുയരുന്നതില്‍ നിന്നും എത്രയോ നല്ലതാണ് ഒരു  തവണയെങ്കിലും അത് ഹൃദയത്തില്‍ നിന്നുയരുന്നത്! ഒരു കൌമാ ദിവസത്തിലൊരു നേരമെങ്കിലും  ഹൃദയത്തില്‍ നിന്നുയര്‍ന്നാല്‍ അത് പതിനാല് നേരം ചുണ്ടില്‍ നിന്നു മാത്രം ഉയരുന്നതിനെക്കാള്‍  എത്രയോ നല്ലതല്ലേ എന്നു ചിന്തിക്കേണ്ടതാണ്. ദീര്‍ഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്  മനുഷ്യമനസിനില്ല എന്ന കാര്യം നം മറന്നുകൂടാ. ആവശ്യമില്ലാത്ത ആവര്‍ത്തനം ഒഴിവാക്കിയാല്‍  കുറെക്കൂടി അര്‍ഥവത്തായി ആരാധനയില്‍ പങ്കെടുക്കാന്‍ നമുക്ക് സാധിയ്ക്കും.

ഏതാണ്ട് ആറേഴു മണിക്കൂര്‍ നീളുന്ന നമ്മുടെ ദുഖവെള്ളി നമസ്കാരത്തില്‍ ആദിയോടന്തം ഒരു  പോലെ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സാധിക്കുന്ന അധികം പേര്‍ കാണുകയില്ല. നാലു യാമപ്രാര്‍ഥനകളും ഒരു സ്ലീബാനമസ്കാരവുമാണ് ഇത്രയും സമയം കൊണ്ട് നമ്മള്‍ ചൊല്ലുന്നത്. ആവര്‍ത്തിച്ചു ചൊല്ലുന്ന പ്രാര്‍ഥനകളും ഗാനങ്ങളും കഴിവതും ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഉദാഹരണത്തിന് ഓരോ യാമപ്രാര്‍ഥനയുടെ ആരംഭത്തിലും സ്ലീബാനമസ്കാരത്തിന്റെ ആരംഭത്തിലും അന്‍പത്തിഒന്നാം സങ്കീര്‍ത്തനം ചൊല്ലുന്നുണ്ട്. അങ്ങനെ അഞ്ചു പ്രാവശ്യം ഈ സങ്കീര്‍ത്തനം നമ്മള്‍ ആവര്‍ത്തിച്ചു ചൊല്ലുന്നു. ഈ സങ്കീര്‍ത്തനം ഒരു പ്രാവശ്യം മാത്രം മനസിരുത്തി ചൊല്ലിയാല്‍ പോരേ എന്നു ചിന്തിക്കേണ്ടതാണ്. മറ്റു നാലു സ്ഥലങ്ങളില്‍ വേണമെങ്കില്‍ മൌനമായി ചൊല്ലാന്‍ അല്പം സമയം നല്‍കാവുന്നതാണ്. അറുപത്തിമൂന്നാം സങ്കീര്‍ത്തനവും രണ്ടു പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. പ്രാര്‍ഥനകളുടെ ആരംഭത്തിലും അവസാനത്തിലുമായി പത്തു പ്രാവശ്യം കൌമാ ആവര്‍ത്തിക്കുന്നുണ്ട്.

കൂടാതെ നാം ചൊല്ലുന്ന നീണ്ട ഗാനങ്ങളില്‍ ഒരേ ആശയങ്ങള്‍ തന്നെ ആവര്‍ത്തിച്ചിരിക്കുന്നത് കാണാം. അത്കൊണ്ട് പുസ്തകത്തിന്റെ താളുകളില്‍ കാണുന്ന എല്ലാ പ്രാര്‍ഥനകളും ഗാനങ്ങളും  ചൊല്ലിത്തീര്‍ക്കുന്നതിനെക്കാള്‍ പ്രധാനം അതില്‍ കുറെയെങ്കിലും നമ്മുടെ ഹൃദയത്തില്‍  നിന്നുയരുന്നതല്ലേ എന്നു നമ്മള്‍ സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും.

...............................................................................

കൂടുതൽ വിവരങ്ങള്ക്ക് ഈ ലേഖനങ്ങൾ  വായിക്കുക.
By Fr . K .M . George--  Meaningful Liturgy
By Fr. M. K. Kuriakose  - Liturgy Revision   
By John Kunnathu -- Developing A Meaningful Liturgy

Comments

Abu cheriyan said…
മൌനമായിട്ട് കൌമാ ചൊല്ലുന്ന രീതി വര്‍ഷ ങ്ങള്‍ക്ക് മുമ്പ് തന്നെ ആശ്രമങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്.പ്രത്യേകിച്ച് ബഥനി ആശ്രമത്തില്‍.
നമ്മുടെ ആരാധനയുടെ പരാജയം ആയി എനിക്ക് തോന്നുന്നത് വിശ്വാസികള്‍ അര്‍ത്ഥം അറിയാതെ ജല്പനം ചെയ്യുന്നതും അര്‍ത്ഥം മനസിലാക്കാന്‍ ശ്രമിക്കത്തതുമാണ്
Unknown said…
interesting observation. Hope the panel who suppose to look at the service in general would notice this sort of observation for improving our meaningful worship
George Joseph said…
Reciting the KAUMA in silence is what we are doing in our Palarivattom parish, ever since Fr KY Chacko took over the parish. His successor Fr James Varghese too follows the same

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?