എന്തുണ്ട് വിശേഷം പീലാത്തോസേ?

സക്കറിയ എന്ന പ്രശസ്ത എഴുത്തുകാരന്‍ രചിച്ചു 1997 ല്‍ DC Books പ്രകാശനം ചെയ്ത ഒരു ചെറു നോവലാണ് ഇത്.  യേശുവിനെ വധശിക്ഷക്ക് വിധിക്കാനുണ്ടായ സാഹചര്യം ന്യായാധിപനായിരുന്ന പീലാത്തൊസിന്‍റെ കാഴ്ചപ്പാടിലൂടെ കാണുകയാണ് ഇതില്‍. തന്റെ ഒരു സുഹൃത്തുമായി പീലാത്തൊസ് നടത്തുന്ന കത്തിടപാടുകളുടെ രൂപത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്.

ബാല്യകാല സുഹൃത്തായ ആന്‍റോണിയോസില്‍ നിന്നും പീലാത്തൊസിന് ഒരു കത്തു ലഭിക്കുന്നു. യേശുവിന്റെ കുരിശുമരണം നടന്ന ആഴ്ചയിലായിരുന്നു അത്. അതിന്റെ മറുപടിക്കത്തില്‍ പീലാത്തൊസ് തന്റെ ഉള്ളം തുറക്കുന്നു. യേശുവിനെ തൂക്കാന്‍ വിധിക്കാന്‍ താന്‍ നിര്‍ബന്ധിതനായ സാഹചര്യം സവിസ്തരം പ്രതിപാദിക്കുന്നു. റോമിലും താന്‍ ഗവര്‍ണറായിരുന്ന യഹൂദ പ്രവിശ്യയിലും നിലവിലിരുന്ന രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലം വിവരിച്ചിരിക്കുന്നു. അതോടൊപ്പം തന്റെ ജീവിതവീക്ഷണവും വ്യക്തമാക്കിയിരിക്കുന്നു. ഇടയ്ക്കു ഒരു അദ്ധ്യായത്തില്‍ പീലാത്തൊസിന്‍റെ സ്റ്റെനോഗ്രാഫറായ റൂത്തിന്റെ കണ്ണുകളിലൂടെ പീലാത്തൊസിന്‍റെ വ്യക്തിത്വത്തിന്റെ ഒരു വീക്ഷണം വായനക്കാരന് ലഭിക്കുന്നു. രൂത്തും, പീലാത്തൊസിന്‍റെ ഭാര്യ ജൂലിയയും, മഗ്നലന മറിയയും ഉള്‍പ്പെട്ട ഒരു കൂട്ടം സ്ത്രീകള്‍ ഉയര്‍ത്തെഴുന്നേറ്റ യേശുവിനെ കാണാമെന്നുള്ള പ്രതീക്ഷയില്‍ ഒരു വഴിയിലൂടെ നടക്കുന്നു. ഒടുവില്‍ കണ്ടു മുട്ടുകയും ചെയ്യുന്നു.

യേശുവിന്റെ വ്യക്തിത്വത്തെ പല ആളുകളുടെ കണ്ണുകളിലൂടെ കാണാനുള്ള ഒരു ശ്രമം ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നു. യേശുവിനെ കുരിശിക്കുക എന്നു അലറിവിളിക്കുന്ന യഹൂദ പ്രമാണിമാര്‍, യേശുവിനെ അടുത്തു അറിയാന്‍ ജിജ്ഞാസ പൂണ്ട പീലാത്തൊസ്, യേശുവിനെ അടുത്തു അറിഞ്ഞു ആരാധിക്കുന്ന രൂത്തും ജൂലിയയും മറിയയും -- ഇവരുടെയെല്ലാം കാണുകളിലൂടെ വായനക്കാരന്‍ യേശുവിനെ കാണുന്നു. ഒടുവില്‍ ഉയര്‍ത്തെഴുന്നേറ്റ യേശു സ്വയം നോക്കിക്കാണുന്നു.

അനിതരസാധാരണമായ ഒരു വേദവ്യാഖ്യാനമാണ് സക്കറിയ ഈ ചെറു നോവലില്‍ നിര്‍വഹിച്ചിരിക്കുന്നത്. സങ്കല്‍പ്പത്തിന്റെ ചിറകുകളില്‍ യേശുവിന്റെ കാലത്തെത്തി അവിടെയുള്ള ചില ആളുകളുടെ ഉള്ളില്‍ കടന്നു അവരുടെ കണ്ണുകളിലൂടെ യേശുവിനെ നോക്കിക്കാണുക എന്നതാണ് സക്കറിയ ഉപയോഗിച്ചിരിക്കുന്ന മാര്‍ഗം. താന്‍ എങ്ങനെ യേശുവിനെ കാണുന്നു എന്നു എഴുത്തുകാരന്‍ തുറന്നു പറയുന്നില്ലെങ്കിലും അത് വായനക്കാരന് കുറേയൊക്കെ ഊഹിക്കാവുന്നതേയുള്ളൂ. ഈ വ്യത്യസ്ഥ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി സ്വന്തമായ ഒരു കാഴ്ചപ്പാട് രൂപീകരിക്കുവാന്‍ വായനക്കാരനെ എഴുത്തുകാരന്‍ സഹായിക്കുന്നു.
 

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും