മോശയുടെ ജീവിതം

സഖേര്‍ എന്ന അനുഗ്രഹീതനായ എഴുത്തുകാരന്‍ മലയാളത്തിനു മൊഴിമാറ്റി സമ്മാനിച്ച നിസ്സയിലെ ഗ്രിഗോറിയോസ് രചിച്ച "മോശയുടെ ജീവിതം" എന്ന മഹാഗ്രന്ഥത്തിന്റെ ഒരു ആസ്വാദനം 

"സഹോദരാ, നീ ദൈവത്തിന്റെ സ്നേഹിതനാവുക! ഇതാണ് ആത്യന്തിക പൂര്‍ണ്ണത. തിന്മ വിട്ടു നന്മ ചെയ്യുന്നത് ശിക്ഷ ഭയന്നാകരുത്. പ്രതിഫലത്തിനു വേണ്ടിയുള്ള അനുഷ്ഠാനവുമാകരുത് നിന്റെ നന്മ പ്രവര്‍ത്തികള്‍. ദൈവവുമായുള്ള നിന്റെ ബന്ധം ഒരു വ്യാപാരബന്ധമോ ഉടമ്പടിയോ ആകരുത്."  ഇങ്ങനെയാണ് നിസ്സായിലെ ഗ്രിഗോറിയോസ് തന്റെ "മോശയുടെ ജീവിതം" എന്ന ഗ്രന്ഥം ഉപസംഹരിക്കുന്നത്.

ഈ മഹദ് ഗ്രന്ഥത്തിന്റെ ഒരു മലയാള തര്‍ജമ വായിക്കുവാന്‍ ഈ എഴുത്തുകാരന് ഭാഗ്യമുണ്ടായി. സഖേര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സഖറിയാ നൈനാന്‍ എന്ന വന്ദ്യ വൈദികനാണ് തര്‍ജമ നിര്‍വഹിച്ചിരിക്കുന്നത്. കോട്ടയത്തെ M. O. C. Publications പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന് ഫാദര്‍ കെ. എം. ജോര്‍ജ് അതിപ്രൌഢമായ അവതാരിക രചിച്ചിരിക്കുന്നു. ഏതാണ്ട് പതിനഞ്ചു നൂറ്റാണ്ടുകള്‍ക്കപ്പുറം കപ്പദോക്യ (ഇന്നത്തെ ടര്‍ക്കി) യിലെ നിസ്സായില്‍ ജീവിച്ചിരുന്ന അതിഭക്തനും മഹാപണ്ഡിതനുമായിരുന്ന ഗ്രിഗോറിയോസ് എന്ന മഹാമനുഷ്യന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത അത്യുല്‍കൃഷ്ടവും അതിസുന്ദരവുമായ ഒരു രചനയാണ് മോശയുടെ ജീവിതം. ഗ്രീക്കില്‍ രചിക്കപ്പെട്ട ഗ്രന്ഥം ഇംഗ്ലീഷ് വഴി മലയാളത്തിലെത്തിയിരിക്കുന്നു. ഈ മഹദ് ഗ്രന്ഥം തന്റെ ദൈവദത്തമായ സുന്ദരഭാഷാശൈലിയിലൂടെ മൊഴിമാറ്റം നടത്തി സഖേര്‍ കൈരളിയെ അനുഗ്രഹിച്ചിരിക്കുന്നു; കൂടുതല്‍ സമ്പന്നമാക്കുകയും ചെയ്തിരിക്കുന്നു. 

മുകളില്‍ കൊടുത്തിരിക്കുന്ന ഉദ്ധരണി ഈ ഗ്രന്ഥത്തിന്റെ ഒരു സംഗ്രഹമാണ്. ദൈവവുമായി അടുത്ത സ്നേഹബന്ധം സ്ഥാപിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നന്മ മാത്രം ചെയ്യുന്ന ഒരു ജീവിതം കെട്ടിപ്പടുക്കണമെന്നും. മാര്‍ ഗ്രിഗോറിയോസ് നമ്മെ ഉപദേശിക്കുന്നു. നന്മ ചെയ്യുന്നത് ശിക്ഷയെ ഭയന്നാകരുത്, പ്രതിഫലം മോഹിച്ചുമാകരുത്. ഒരു വ്യാപാരബന്ധമോ ഉടമ്പടി ബന്ധമോ ഒന്നും അല്ല, സ്നേഹബന്ധം ആണ് ദൈവവുമായി നമുക്ക് വേണ്ടത് എന്നു എത്രയും വ്യക്തമായി അദ്ദേഹം പ്രസ്താവിക്കുന്നു. മുടിയനായ പുത്രനെ ഒടുവില്‍ നാം കാണുന്നത് തന്റെ പിതാവിനോടുള്ള സ്നേഹബന്ധത്തിലാണ്. എന്നാല്‍ അവന്റെ ജേഷ്ടനു പിതാവിനോടുള്ളതു സ്നേഹബന്ധമല്ല. അത് ഒരു ഉടമ്പടിബന്ധം പോലെ പ്രതിഫലം മോഹിച്ചുള്ളതാണ്. ദൈവത്തോടുള്ള മനുഷ്യന്റെ ബന്ധം സ്നേഹബന്ധമായി മാറണമെന്നുള്ളതായിരുന്നു യേശുതമ്പുരാന്‍റെ ഉപദേശത്തിന്റെ കാതല്‍.

മോശയുടെ ജീവിതകഥയിലൂടെയാണ് മാര്‍ ഗ്രിഗോറിയോസ് ഈ വിഷയം വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. മോശയുടെ ജീവിതകഥ പുരോഗമിക്കുന്നത് അദ്ദേഹത്തിന് ദൈവത്തോടുള്ള സ്നേഹബന്ധം പുരോഗമിച്ചുകൊണ്ടാണ്. ദൈവത്തെ അറിയണമെന്നും കാണണമെന്നും ഉള്ള അത്യുല്‍ക്കടമായ വാഞ്ഛ മോശയെ മുന്നോട്ട് നയിക്കുന്നു. "ഒരു കാര്യം മാത്രം ഞാന്‍ ആഗ്രഹിക്കുന്നു, അങ്ങയുടെ സൌന്ദര്യം കാണുവാന്‍!" എന്ന സങ്കീര്‍ത്തനക്കാരന്‍റെ അഭിലാഷം മോശയുടെ ഹൃദയത്തില്‍ നിന്നും ഉയരുന്നു. 

പ്രധാനമായും മൂന്ന് ദൈവദര്‍ശനങ്ങളാണ് മോശക്ക് ലഭിക്കുന്നത്. മുള്‍മരം എരിയാതെ എരിതീ തന്‍ നടുവിലാണ് ആദ്യം ദൈവം പ്രത്യക്ഷനാകുന്നത്. ആടുമാടുകളുമായി, പ്രകൃതിയോട് ഇണങ്ങി, സമാധാനവും ഏകാഗ്രതയുമുള്ള മനസ്സ് രൂപപ്പെടുത്തിയിരുന്ന മോശയ്ക്കാണ് ദൈവം തേജസ്സില്‍ പ്രത്യക്ഷനാകുന്നത്. ഈ ദര്ശനം സാധാരണക്കാരില്‍ നിന്നും ഉയര്ന്ന ഒരു തലത്തിലേക്ക് മോശയെ ഉയര്‍ത്തുന്നു.  തന്റെ ജനത്തിന്റെ പ്രതിനിധിയായി ഫറവോയുടെ മുന്നിലെത്താനുള്ള ആത്മധൈര്യം മോശയ്ക്ക് കരഗതമാകുന്നു.

തന്റെ ജനത്തെ നയിച്ചുകൊണ്ടു ഈജിപ്റ്റില്‍ നിന്നു വരുന്ന വഴിക്കു സീനായ് പര്‍വതത്തില്‍ വച്ച് മോശക്ക് വീണ്ടും ദൈവദര്‍ശനമുണ്ടാകുന്നു. എന്നാല്‍ ആദ്യത്തേതില്‍ നിന്നും വിഭിന്നമായി ഇത്തവണ ദൈവം പ്രത്യക്ഷമാകുന്നത് കൂരിരുളിലാണ്. ആത്മജ്ഞാനത്തിന്റെ അടുത്ത പടിയിലേക്കാണ് ഈ ദര്ശനം മോശയെ ഉയര്‍ത്തുന്നത്. ദൈവത്തിന്റെ ഉണ്മ മനുഷ്യബുദ്ധിക്കെന്നല്ല സൃഷ്ടമായ ഒരു ബുദ്ധിക്കും പ്രാപ്യമല്ല. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ എല്ലാ സങ്കല്‍പ്പങ്ങളെയും മറികടക്കുന്നതാണ് യഥാര്‍ത്ഥ ദൈവം എന്ന തിരിച്ചറിയലിലേക്ക് മോശ നയിക്കപ്പെടുന്നു. 

അതു കൊണ്ടും തൃപ്തിപ്പെടാതെ വീണ്ടും മോശ ദൈവദര്‍ശനത്തിനായി വാഞ്ഛിക്കുന്നു. ആത്മജ്ഞാനത്തിന്റെ അത്യുന്നതങ്ങളിലേക്ക് മോശ ഉയര്‍ത്തപ്പെടുന്നു. ഒരു പാറയുടെ വിടവില്‍ മോശ നില്‍ക്കുമ്പോള്‍ ദൈവതേജസ് കടന്നു പോകുന്നു. ദൈവകരം മോശയെ പൊതിഞ്ഞിരുന്നതിനാല്‍ കടന്നു പോയ ദൈവത്തിന്റെ പിന്‍ഭാഗം മാത്രം മോശ കാണുന്നു. ദൈവത്തെ അനുഗമിക്കുന്ന ഒരാള്‍ കാണുന്നത് ദൈവത്തിന്റെ പിന്‍ഭാഗമാണ്. എന്നാല്‍ ദൈവത്തിന് എതിരെ വരുന്ന ഒരാളാണ് ദൈവത്തിന്റെ മുഖം കാണുന്നത്. ദൈവത്തെ അനുഗമിക്കുക എന്നാല്‍ നന്‍മയുടെ പാതയില്‍ ചരിക്കുക എന്നു അര്‍ഥമാക്കാം. ദൈവത്തിന് എതിരെ വരുക എന്നാല്‍ തിന്മയുടെ പാതയില്‍ ചരിക്കുകയാണ്.

മോശയുടെ ജീവിതകഥയിലൂടെ ഗ്രന്ഥകര്‍ത്താവ് വെളിവാക്കുന്നത് തന്റെ സ്വന്തം ജീവിതയാത്രയാണെന്ന് അനുമാനിക്കാം. മോശയ്ക്കുണ്ടായ ദൈവദര്‍ശനങ്ങള്‍ സ്വജീവിതത്തിലും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരാള്‍ക്കേ ഇത്ര വ്യക്തതയോടെ അതെപ്പറ്റി പ്രതിപാദിക്കാനാവൂ. ദൈവത്തോടുള്ള സ്നേഹബന്ധത്തിന്റെ രുചി അറിഞ്ഞ ഒരു പരിശുദ്ധനേ അതിന്റെ മാഹാത്മ്യത്തെ പുകഴ്ത്താനാവൂ. ജീവിതവിശുദ്ധിയോടൊപ്പം അഗാധമായ വേദപാണ്ഡിത്യം കരഗതമായിട്ടുള്ള ഒരാളായിരുന്നു ഗ്രന്ഥകര്‍ത്താവ്. തന്റെ ആശയങ്ങളെ സാധൂകരിക്കുവാന്‍ വേണ്ടി പ്രസക്തമായ വേദഭാഗങ്ങള്‍ അനായാസം ഉദ്ധരിച്ചിരിക്കുന്നതില്‍ നിന്നും ഇത് മനസിലാക്കാം. നിരന്തര ധ്യാനം കൊണ്ട് നിര്‍മലമായ ഒരു മനസിനേ ഇത്രയും ഉദാത്തമായ ചിന്തകള്‍ അടുക്കി വച്ച് ഒരു ഗ്രന്ഥം രചിക്കാനാവു.

വേദപുസ്തകം വ്യാഖാനിക്കുമ്പോള്‍ ആക്ഷരികതയുടെ തലം പിന്നിലുപേക്ഷിച്ചു, ആലങ്കാരികതയുടെ ചിറകുകളിന്മേല്‍ അനായാസം പറന്നുയരുന്ന ഗ്രന്ഥകര്‍ത്താവിന്റെ അതുല്യപാടവം നമ്മെ ആശ്ചര്യപ്പെടുത്തുന്നു. ആക്ഷരീകതയുടെ തലം പലപ്പോഴും യുക്തിരഹിതമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടു ആലങ്കാരികതയുടെ യുക്തിഭദ്രതയിലേക്ക് ഗ്രന്ഥകര്‍ത്താവ് നമ്മെ നയിക്കുന്നു.

മഹാപരിശുദ്ധനും മഹാപണ്ഡിതനുമായ ഒരാളിന്റെ നിര്‍മലമായ മനസില്‍ നിന്നും രൂപം കൊണ്ട അത്യുദാത്തമായ ഒരു സാഹിത്യകൃതിയാണ് "മോശയുടെ ജീവിതം." വിലമതിക്കാനാവാത്ത ഈ മാണിക്യം മലയാളത്തില്‍ ലഭ്യമാക്കിയ സഖേര്‍ മലയാളികളുടെയെല്ലാം അഭിനന്ദനവും കൃതജ്ഞ്ഞതയും അര്‍ഹിക്കുന്നു.  ഇനിയും ഇതുപോലെ ഒട്ടേറെ മാണിക്യങ്ങള്‍ മലയാളത്തിന് സമ്മാനിക്കുവാന്‍ അദേഹത്തിന്റെ കരങ്ങളെ സര്‍വേശ്വരന്‍ ശക്തിപ്പെടുത്തട്ടെ എന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. 

Comments

Unknown said…
Zakker Achan is our Church Vicar
Fr. Zachariah Ninan Chirathilattu said…
Thank you for your great support..pray for me.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം