ശബ്ദസൌന്ദര്യവും അര്‍ഥവ്യക്തതയും കുര്‍ബാനഗാനങ്ങളില്‍

വിശുദ്ധ കുര്‍ബാനയില്‍ നാം ആലപിക്കുന്ന ചില ഗാനങ്ങള്‍ ലളിതമായ സമകാലിക മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുകയാണ് ഇവിടെ. അനേക വര്‍ഷങ്ങളായി അര്‍ത്ഥം  വേണ്ടവണ്ണം മനസ്സിലാക്കാതെയാണ് ഇവയില്‍ പലതും നാം ചൊല്ലിപ്പോന്നത്. അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുമ്പോഴാണു ഇവ നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നതും ആരാധന അര്‍ഥവത്താകുന്നതും. ഈ മൊഴിമാറ്റം കുറ്റമറ്റതാണെന്നോ ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന ഗാനങ്ങളുടെ സ്ഥാനത്ത് ഉപയോഗിക്കപ്പെടുവാന്‍ ഇവ യോഗ്യമാണെന്നോ ഒന്നും ഈ എഴുത്തുകാരന്‍ അവകാശപ്പെടുന്നില്ല. ഇത്തരത്തില്‍ ലളിതമായ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതുകൊണ്ടുള്ള പ്രയോജനം ചൂണ്ടിക്കാണിക്കുക മാത്രമേ ഈ ശ്രമം കൊണ്ട്  ഉദ്ദേശിക്കുന്നുള്ളൂ.  ഈ എഴുത്തുകാരന്റെ ഈ വികലശ്രമം നമ്മുടെ നാട്ടിലുള്ള കഴിവുറ്റ എഴുത്തുകാര്‍ക്ക് പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു. ഇത് സഭയുടെ നേതൃസ്ഥാനത്തു ആരാധനാപരിഷ്കരണത്തിന് ചുമതലപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുമെന്നും പ്രത്യാശിക്കുന്നു.

നിലവിലുള്ള ഗാനങ്ങളില്‍ അര്‍ഥവ്യക്തതയെക്കാളും പ്രാധാന്യം ശബ്ദസൌന്ദര്യത്തിന് നല്കിയിരിക്കുന്നതായി കാണാം. ശബ്ദസൌന്ദര്യത്തിന് അമിതപ്രാധാന്യം നല്കിയിരുന്ന ഒരു കാലത്താണ് ഈ മൊഴിമാറ്റം നടന്നത് എന്നതാണു അതിനു കാരണം. വാക്കുകള്‍ തമ്മിലും വരികള്‍ തമ്മിലും ശബ്ദസാമ്യങ്ങള്‍ വരുത്തുവാന്‍ വേണ്ടി ദ്വീതിയാക്ഷര പ്രാസവും മറ്റും അത്യന്താപേക്ഷിതമായി കരുതപ്പെട്ടിരുന്നു. എന്നാല്‍ നമ്മുടെ കാലത്ത് അര്‍ഥത്തിനാണ് ശബ്ദത്തെക്കാള്‍ പ്രാധാന്യം നല്‍കപ്പെടുന്നത്. ഒരു ഉദാഹരണം നോക്കുക:
മന്നമകള്‍ക്കായി ശ്ലോമോ
വന്നേകി ദൂതവരന്‍
നിന്നോടുകൂടെന്‍ നാഥന്‍
നിന്നില്‍ തന്നുദയമതും

ഈ ഗാനത്തില്‍ ദ്വീതിയാക്ഷര പ്രാസം ഉപയോഗിച്ചിരിക്കുന്നു. എല്ലാ വരികളിലും രണ്ടാമത്തെ ശബ്ദം "ന്ന" എന്നാണ്. ഈ ഗാനത്തെ ഈ എഴുത്തുകാരന്‍ എങ്ങനെ മൊഴിമാറ്റം ചെയ്തിരിക്കുന്നു എന്നു നോക്കുക.
രാജകുമാരിയെ ഗബ്രിയേല്‍
അഭിവാദ്യം ചെയ്താന്‍ 
കര്‍ത്തന്‍ നിന്‍ കൂടെ, നിന്നാല്‍
താന്‍ ജാതം ചെയ്യും

ഇവിടെ ദ്വീതിയാക്ഷര പ്രാസം വേണ്ടെന്ന് വച്ചിരിക്കുന്നതുകൊണ്ടു അര്‍ഥവ്യക്തതയ്ക്ക് പ്രഥമസ്ഥാനം നല്‍കാന്‍ സാധിയ്ക്കുന്നു. മന്നമകള്‍ എന്ന ഉപയോഗത്തിലില്ലാത്ത പ്രയോഗത്തിന്റെ സ്ഥാനത്ത് രാജകുമാരി എന്ന സര്‍വസാധാരണമായ വാക്ക് ഉപയോഗിച്ചിരിക്കുന്നു. ശ്ലോമോ നല്കി എന്നു പറയുന്നതിലും ആര്‍ഥവ്യക്തത അഭിവാദ്യം ചെയ്തു എന്നു പറയുന്നതിനാണ്. നാഥന്‍ നിന്നില്‍ ഉദയം ചെയ്യും എന്ന പ്രയോഗം ആലങ്കാരിക ഭംഗി ഉള്ളതാണ്. എന്നാല്‍ ഈ എഴുത്തുകാരന്‍ നിന്നാല്‍ താന്‍ ജാതം ചെയ്യും എന്ന ലളിതമായ പ്രയോഗം അര്‍ഥവ്യക്തതയ്ക്ക് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നു.
മറ്റൊരു ഉദാഹരണം:
അഖിലജഗല്‍പതിയെ നായക-
നായേറ്റി ഘോഷിച്ച-
ങ്ങതി ബഹുമാനിച്ചു മറിയം
വലുതാം പടവായ് താന്‍

ഈ ഗാനം ഈ എഴുത്തുകാരന്‍ അര്‍ഥവ്യക്തത വരുത്തിക്കൊണ്ട് മൊഴിമാറ്റം ചെയ്തിരിക്കുന്നത് എങ്ങനെ എന്നു നോക്കുക.
അഖിലജഗത്തിന്നും പതിയെ
കൈക്കൊണ്ടാള്‍ മറിയം
തന്നുടെ ജീവിതമാം നൌക
തന്‍ കപ്പിത്താനായ്

ഈ ഉദാഹരണങ്ങള്‍ മാതൃകയാക്കി വായനക്കാരന് മറ്റു ഗാനങ്ങളുടെ രണ്ടു മൊഴിമാറ്റങ്ങളും തമ്മില്‍ താരതമ്യപ്പെടുത്താവുന്നതാണ്. ഇതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ. നിങ്ങളുടെ നിര്‍ദ്ദേശങ്ങളെ ഗൌരവമായി എടുത്തു ഈ ഗാനങ്ങളില്‍ വീണ്ടും അര്‍ഥവത്തായ മാറ്റങ്ങള്‍ വരുത്താന്‍ ഈ എഴുത്തുകാരന് സന്തോഷമേയുള്ളൂ. ഈ മൊഴിമാറ്റം നടത്തുവാന്‍ എനിക്കു സഹായമായ ഒരു ഗ്രന്ഥം  പേരെടുത്ത് പറയുന്നതില്‍ സന്തോഷമുണ്ട്: പ്രൊഫ. എന്‍. ഐ.നൈനാന്‍ രചിച്ച ആരാധനാഗീതസമീക്ഷ എന്ന ഗ്രന്ഥമാണ് അത്.   
  
ഭൂവിലശേഷം

ഭൂലോകമാകെ
ദൈവാത്മപ്രേരിതരായ്
അപ്പോസ്തോലര്‍ പോയ്
ദൈവികരാജ്യം
ആസന്നമിതെന്ന സുവാര്‍ത്ത
പ്രഘോഷിച്ചെങ്ങും
ഈ സദ്-വാര്‍ത്ത കൈക്കോള്‍-
വോര്‍ അനുഗ്രഹീതര്‍
ഘോഷിച്ചാരേവം


പൌലൊസ് ശ്ലീഹാ
താക്കീതായ് ഉര ചെയ്തേവം:


ഞങ്ങള്‍ ഉദ്ഘോഷിച്ച സദ്-വാര്‍ത്തയ്-
ക്കെതിരായ് ഉപദേശിക്കുന്നോര്‍
ദൈവത്തിന്‍ ദൂതന്മാരാകുകിലും
എറ്റീടും സഭയിന്‍ ശാപം


ബഹുവിധമാം ഉപദേശങ്ങള്‍
ഭൂതലമാകെ മുളയ്ക്കുന്നു
ദിവ്യമായീടും സത്യോപദേശം
കൈക്കൊണ്ടീടുന്നോര്‍ ധന്യര്‍


യജമാനന്‍ വരുമന്നേരം
ഉണര്‍ന്നിരുന്നു തന്‍
മുന്തിരിത്തോപ്പില്‍ പണി ചെയ്യും
ദാസര്‍ അതിധന്യര്‍

പകലെല്ലാം തന്‍ കൂടെ പണിതോര്‍-
ക്കവനര കെട്ടി ശുശ്രൂഷിച്ചീടും

താതനൊരുക്കും വിരുന്നൊന്ന്
സുതന്‍ ശുശ്രൂഷിക്കും

പരിശുദ്ധാത്മാവോ മെനയും
മകുടങ്ങളവര്‍ക്കായി
ഹലേലൂയ്യാ
ചൂടും ശിരസ്സിന്‍മേല്‍


ദൈവസുതന്‍മാരായിടുവാന്‍

ദൈവസുതര്‍ നാമായിടുവാന്‍
മാതൃക കാട്ടി പഠിപ്പിച്ച
താതന്മാരെ ഓര്‍ക്കേണം 
പ്രാര്‍ഥനകുര്‍ബാനകളില്‍ നാം 


ശാശ്വതമാം സ്വര്‍ഗരാജ്യത്തില്‍
നീതിജ്ഞന്‍മാര്‍ പരിശുദ്ധര്‍
എന്നിവര്‍ക്കൊപ്പം ദൈവസുതന്‍
ആശ്വാസമവര്‍ക്കേകീടും
 

ധൂപപ്രാര്‍ഥന

ദൈവമാതാവ്

നിന്നാള്‍  സ്തുതിയോട്

കണ്ടാലും രാജകുമാരി
ഹാലേലൂയ്യാ ഉ ഹലേലൂയ്യാ
വലഭാഗെ രാജഭാമിനിയായ്


രാജാവിന്‍ പ്രിയം നേടാന്‍
ഹാലേലൂയ്യാ ഉ ഹലേലൂയ്യാ
മറക്കൂ ഗൃഹവും സ്വജാതിയെയും


ഭക്തര്‍ പുകഴ്ചാ ഭാജനമേ
അങ്ങയിലുരുവാം ഏകസുതന്‍
ഞങ്ങളിലാര്‍ദ്രത തോന്നീടാന്‍
അര്‍ഥിച്ചാലും ഞങ്ങള്‍ക്കായ്


മന്നമകള്‍ക്കായി

രാജകുമാരിയെ ഗബ്രിയേല്‍
അഭിവാദ്യം ചെയ്താന്‍ 
കര്‍ത്തന്‍ നിന്‍ കൂടെ, നിന്നാല്‍
താന്‍ ജാതം ചെയ്യും


അഖിലജഗത്തിന്നും പതിയെ
കൈക്കൊണ്ടാള്‍ മറിയം
തന്നുടെ ജീവിതമാം നൌക
തന്‍ കപ്പിത്താനായ്


മോറാനീശോ കുരിശും

നാഥാ അങ്ങേ കഷ്ടതയിന്‍
കുരിശും മാതൃ പ്രാര്‍ഥനയും
കഷ്ടപ്പാടിന്‍ അടികളെയും
വടികളെയും നീക്കീടേണം.
 

പരിശുദ്ധന്മാര്‍

നയവാന്‍ പനപോലെ

പനപോല്‍ വളരും നീതിമാന്‍ 
ഹാലേലൂയ്യാ ഉ ഹലേലൂയ്യാ
ലബനോനിലെ ദേവതാരു പോല്‍


വാര്‍ദ്ധക്യത്തിലും തളിര്‍ നീട്ടി
ഹാലേലൂയ്യാ ഉ ഹലേലൂയ്യാ
പുഷ്ടിയോടെ ഫലം നല്‍കീടും


ഒരുപോലിങ്ങും

ഭൂസ്വര്‍ഗങ്ങളില്‍ മാര്‍ത്തോമ
അങ്ങേ സ്മൃതി ആഘോഷിപ്പൂ 
പ്രാര്‍ധിച്ചാലും പരിശുദ്ധാ
അങ്ങേ മാനിക്കുന്നോര്‍ക്കായ്
 

പ്രാര്‍ഥനയിന്‍ സമയമിതല്ലോ

പ്രാര്‍ഥനയുടെയീ നേരത്ത് തോമാശ്ലീഹ
ഈ അജഗണത്തിന്നായ് പ്രാര്‍ഥിച്ചാലും
മാധുര്യമാം അങ്ങേ ശ്രുതി ശ്രദ്ധിച്ചീടും
ആടുകളെ മോശെപ്പോല്‍ തൃക്കൈവാഴത്തേണം


അങ്ങേ വിളിച്ച പിതാവിന്നും തോമാശ്ലീഹ
അങ്ങേ സ്മരണയെ മാനിച്ച സുതന്നും സ്തോത്രം
അങ്ങേക്കൊരു മകുടം ചാര്‍ത്തും റൂഹാ വന്ദ്യന്‍
അങ്ങേ പ്രാര്‍ഥന ഞങ്ങള്‍ക്കു തുണയാകേണം
 

പരിശുദ്ധന്മാരെ നിങ്ങള്‍
കര്‍ത്താവോടു പ്രാര്‍ഥിച്ചാലും
കഷ്ടതയിന്‍ അടികളെയും കോ-
പത്തിന്‍ വടികളെയും നീക്കാന്‍


പുരോഹിതന്മാര്‍

ചാര്‍ത്തും നീതിയെ

അണിയും നീതിയെ ശ്രേഷ്ഠാചാര്യന്‍മാരും
മഹിമയെ നീതിമാന്മാരും -- ഹാ -- ഹാ
ദാവീദിനെയോര്‍ത്തവിടുത്തെ മുഖം
അഭിഷിക്തരില്‍ നിന്നും തിരിക്കരുതേ 


നിന്‍മക്കള്‍ പാലിച്ചിടുമെങ്കില്‍ ഹാ- ഹാ
നിയമങ്ങളെയും സാക്ഷ്യങ്ങളെയും


ശുചിയോടു ശുദ്ധ്യാ ശുദ്ധസ്ഥലം
സ്പര്‍ശിച്ചോരാം പാദങ്ങള്‍
സ്പര്‍ശിക്കേണം പറുദീസിന്‍
വാതില്‍ വാനവരോടൊപ്പം


ദൈവം സൃഷ്ടിച്ചാദത്തെ
സ്രഷ്ടാവൊടു തുല്യന്‍ സൃഷ്ടി
താന്‍ മണ്ണാലുരുവാക്കിയതാം
മനുജന്‍ തോട്ടത്തില്‍ക്കൂടെ 
പോയ് വരുന്നത് കണ്ടീശന്‍
കൌതുകപൂര്‍വം വീക്ഷിച്ചാന്‍
മണ്ണിന്നുയര്‍ച്ചയിലാശ്ചര്യം
പൂണ്ടാര്‍ സ്വര്‍ഗീയരീറേര്‍ 


ആദ്യാചാര്യത്വം കൈക്കൊ-
ണ്ടഹരോന്‍ മോശയുമൊന്നിച്ചു
സ്കറിയയ്ക്കതു നല്കി മോശ
സ്കറിയ യോഹന്നാനേകി
യോഹന്നാന്‍ കര്‍ത്താവിന്നും
കര്‍ത്തന്‍ തന്‍ ശിഷ്യന്മാര്‍ക്കും
ശിഷ്യന്മാര്‍ നാനാ ജാതി-
ക്കാര്‍ക്കേകി ആചാര്യത്വം


മുടികള്‍ മുടഞ്ഞോട്ടി
 
മകുടങ്ങള്‍ നിരനിരയായി
ബലിപീഠത്തിലിരിപ്പുണ്ട്  
നിര്‍മലരായ് ശുശ്രൂഷിക്കും
ആചാര്യരെയണിയിപ്പാനായ്


ആചാര്യേശാ മശിഹാ അങ്ങേ ശുശ്രൂഷിക്കും
ആചാര്യര്‍മേല്‍ അനുഗ്രഹമാരി വര്‍ഷിക്കേണം


വാങ്ങിപ്പോയവര്‍

മക്കളിലപ്പന്‍

സുതരോടു താതന്‍ കൃപ ചെയ്-വതു പോലെ
ഹാ-- ഹാ
തന്‍ഭക്തരില്‍ ദൈവം കൃപ ചെയ്യും


പുല്ലിന് തുല്യം നരനുടെ ആയുസ്സ് 
ഹാ-  ഹാ
വയലിലെ പൂച്ചെടി തന്‍ പുഷ്പം പോല്‍


ശരണത്താലേ

അഭയം അങ്ങയിലര്‍പ്പിച്ചു 
നിദ്രയടഞ്ഞ സഹോദരരേ
അങ്ങേ ജീവധ്വനി ജീവി-
പ്പിച്ചേറ്റുക പറുദീസായില്‍


രക്ഷകനെ നിന്‍ ഗാത്രത്തെ

അങ്ങേ വിലയേറിടും രക്തശരീരങ്ങള്‍
കൈക്കൊണ്ടിഹലോകേ നിന്നും വാങ്ങിപ്പോയോര്‍
അത്യാകാംക്ഷയോടങ്ങേയ്ക്കായ് കാത്തിടുമിവരെ
ജീവിപ്പിച്ചണിയിക്കേണം അങ്ങേ ശോഭ


മേഘാരൂഢനായി രാജാധിരാജന്‍
മൃതരെ ജീവിപ്പിപ്പാനെഴുന്നെള്ളീടുന്നു
കാഹളനാദം കേട്ടിട്ടതിവേഗം ഭക്തര്‍
നവവസ്ത്രമണിഞ്ഞതിമോദാല്‍ എതിരേല്‍ക്കുന്നു


മരമതിന്നുയരെ

കര്‍ത്താവേ കുരിശിന്‍മീതെ
കള്ളനു നല്കിയ ദിവ്യവരം
ത്രിത്വത്തെ സ്തുതിച്ചു മൃത-
രായോരും പ്രാപിക്കേണം.


കാഴ്ചയിതില്‍

സന്തോഷിച്ചാലും നാഥാ
ഈ ബലിയില്‍ ഈറയരൊപ്പം
ആശ്വാസം പ്രാപിക്കേണമേ
വാങ്ങിപ്പോയോരാം ഭക്തര്‍


മാതാവു യാചിക്കും

മാതാവിന്നുടെയും ശുദ്ധ-
രുടെയും പ്രാര്‍ധനയാല്‍
മൃതരെയും ഞങ്ങളെയും
അനുഗ്രഹിക്ക.

Comments

Cicily Sunny said…
Thank you, John, for explaining the meaning. Even though it is Malayalam, it is hard to understand. I always wish if it is written in a way people understand.
Cicily Suuny, New York
Dear John:

You are fighting with a giant. Most likely you will be ignored by the authorities.

I personally like the Malayalam Kyomtho and Kurbana songs.

English versification are "terrible".

I don't think children born and raised here will like it for long.
Now they are parotting it.

Good luck in your attempt, which I think, is worthy of listening and discussing

Wish you God's blessings.

Fr. Mathew Chacko, New York
John Kunnathu said…
Dear Mathews Achen, Thank you very much for taking time to read and comment.
If we care for our children, we need to give them the opportunity to pray in a language they understand. We make them parrot prayers, and they leave our community to other communities that make more sense to them.
Let us hope and pray that the church leadership will understand the importance of liturgy revision.
Abu cheriyan said…
പ്രിയ ജോണ്‍ സാര്‍,
താങ്കളുടെ ബ്ലോഗ്‌ വായിച്ചു.നിലവിലുള്ള ഗാനങ്ങള്‍ക്ക് ഉള്ള അര്‍ത്ഥ വ്യക്തത മനസിലാക്കുവാന്‍ വാക്കുകള്‍ പിരിച്ച് മനസിലാക്കെണ്ടതുന്ടെന്നാണ് എന്‍റെ വിശ്വാസം.അത് മനസിലാക്കിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം പുരോഹിതര്‍ക്കെന്ന പോലെ അത്മായര്‍ക്കുമുണ്ടെന്നാണ് എന്‍റെ അഭിപ്രായം.മനസിലാക്കുവാനുള്ള താല്പര്യം ആളുകള്‍ക്കും വേണം.മന്ത്രം അര്‍ത്ഥമറിഞ്ഞു ചൊല്ലേണ്ടതാണ് എന്നാണ് ആചാര്യ മതം.നമ്മുടെ ആരാധന ഗീതങ്ങളും ഒരു തരത്തില്‍ മന്ത്രങ്ങള്‍ ആണല്ലോ.
പിന്നെ താങ്കള്‍ മൊഴി മാറ്റം നടത്തിയ മാന്നമകള്‍ക്കായി എന്ന ഗാനം പ്രാസഭംഗി ഉള്ളത് തന്നെയാണ് എനിക്ക് സ്വികാര്യമായാത്.ഒരു പക്ഷെ പരിചയം കൊണ്ടുള്ള ഇഷ്ടമാകം .
ആശംസകളോടെ
അബുചെറിയാന്‍
Abu cheriyan said…
പ്രിയ ജോണ്‍ സാര്‍ ,
താങ്കളുടെ മരുഭുമിയിലെ ശബ്ദം ബ്ലോഗ്‌ വായിച്ചു.
അര്‍ത്ഥം അറിഞ്ഞ് ചൊല്ലേണ്ടതാണ് പ്രാര്‍ത്ഥനകള്‍ .മന്ത്രം അര്‍ത്ഥം അറിഞ്ഞേ ചൊല്ലാവു എന്നാണ് ആചാര്യ മതം.പക്ഷെ അര്‍ത്ഥമറിയാന്‍ നമുക്കോ പഠിപ്പിക്കുവാന്‍ നമ്മുടെ നേതൃത്വത്തിനോ താല്പര്യമില്ല.അതാണ്‌ നമ്മുടെ പുരാതന സഭ നേരിടുന്ന പ്രതിസന്ധി.
പരിചയം കൊണ്ടുള്ള താല്പര്യം കൊണ്ടാകാം എനിക്ക് നിലവിലുള്ള ഗീതങ്ങള്‍ തന്നെയാണ് ഇഷ്ട്ടം

ആശംസകളോടെ

അബുചെറിയന്‍
John Kunnathu said…
പ്രിയപ്പെട്ട അബു ചെറിയാന്‍
താങ്കളുടെ അഭിപ്രായം ഞാന്‍ വളരെ വില മതിക്കുന്നു. നിലവിലുള്ള ഗാനങ്ങള്‍ എനിക്കും വളരെ ഇഷ്ടമാണ്. അതാണല്ലോ ചെറുപ്പം മുതലേ നമ്മള്‍ ശീലിച്ചിട്ടുള്ളത്. നമുക്കെല്ലാവര്‍ക്കും അവ ഇഷ്ടമായിരിക്കുമ്പോള്‍ തന്നെ ഭൂരിപക്ഷം പേര്‍ക്കും മിക്ക ഗാനങ്ങളും മനസിലാകുന്നില്ല എന്ന പ്രശ്നം അവശേഷിക്കുന്നു. ഞാന്‍ മൊഴിമാറ്റം ചെയ്തതിന് ശബ്ദഭംഗി കുറവാണ്. ശബ്ദഭംഗിക്ക് വേണ്ടി അര്‍ഥവ്യക്തത ബലികഴിക്കരുത് എന്നു കാണിക്കുവാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെയൊരു മൊഴിമാറ്റത്തിന് മുതിര്‍ന്നത്. എന്നാല്‍ ആര്‍ഥവ്യക്തതയോടും ശബ്ദഭംഗിയോടും മൊഴിമാറ്റം ചെയ്യാന്‍ കഴിവുള്ളവര്‍ നമ്മുടെ നാടില്‍ ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് ശബ്ദഭംഗി ഒട്ടു നഷ്ടപ്പെടുത്താതെ അര്ത്ഥം വ്യക്തമാക്കിക്കൊണ്ട് മൊഴിമാറ്റം ചെയ്യാന്‍ കഴിയും.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം