Friday, October 4, 2013

പ്രാര്‍ത്ഥന ഹൃദയത്തില്‍ നിന്നുയരണമെങ്കില്‍

ഹൃദയത്തില്‍ നിന്നുയര്‍ന്നാലെ പ്രാര്‍ഥന പ്രാര്‍ഥനയാകൂ. ചൊല്ലുന്ന പ്രാര്‍ഥനയുടെ അര്‍ത്ഥം മനസ്സിലാകാതെ അത് ഹൃദയത്തില്‍ നിന്നുയരുന്നതെങ്ങനെ? പ്രാര്‍ഥന ഹൃദയത്തില്‍ നിന്നുയരുന്നതിന് പകരം ഒരു അധര വ്യായാമമായി അധഃപ്പതിക്കാതിരിക്കണമെങ്കില്‍ സമകാലിക ഭാഷയിലേക്ക് നിരന്തരം മൊഴിമാറ്റം നടന്നുകൊണ്ടിരിക്കണം. സുറിയാനി ക്രിസ്ത്യാനികള്‍ പതിവായി ചൊല്ലുന്ന ചില പ്രാര്‍ഥനകള്‍ അര്‍ത്ഥം വ്യക്തമാകത്തക്ക വിധത്തില്‍ സമകാലിക മലയാളത്തിലേക്കു മൊഴിമാറ്റം നടത്താനുള്ള ഒരു ശ്രമമാണ് ഇവിടെ ഞാന്‍ നടത്തുന്നത്. ഇന്നത്തെ മലയാളികള്‍ നൂറു വര്‍ഷത്തിന് മുമ്പുള്ള മലയാളത്തില്‍ പ്രാര്‍ഥിച്ച് സ്വയം ശിക്ഷിക്കേണ്ടതില്ല. ഇങ്ങനെ ഒരു സാധ്യതയെക്കുറിച്ചുള്ള ഒരു ബോധവല്‍ക്കരണം മാത്രമാണു എന്റെ ലക്ഷ്യം. ഇതിനേക്കാള്‍ വളരെ ലളിതവും സുന്ദരവുമായ ഭാഷയില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയുള്ളവര്‍ക്ക് എന്റെ ഈ ശ്രമം ഒരു പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു. 

അനുഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നവനെ

അനുഗ്രഹീതനായ കര്‍ത്താവേ പുനരുഥാനനാളില്‍ അങ്ങയുടെ സൃഷ്ടിയെ അവിടുന്നു പുതുതാക്കണമേ. അങ്ങയില്‍ ആശ്രയം വച്ച് നിദ്രപ്രാപിച്ചു അങ്ങയുടെ പുനരാഗമനത്തിനായി കാത്തിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരെ അവിടുന്നു ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ. അബ്രഹാം, ഇസഹാക്, യാക്കോബ് എന്നിവരുടെ മടിയില്‍ അവര്‍ക്ക് സ്ഥാനം നല്‍കണമേ. ഒരിക്കല്‍ വന്നവനും, ഇനിയും വരുവാനിരിക്കുന്നവനും വാങ്ങിപ്പോയവരെ ഉയര്‍പ്പിക്കുന്നവനും ആയ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍ എന്നു സജീവരും വാങ്ങിപ്പോയവരും ഒരുമിച്ച് ഉച്ചത്തില്‍ ഘോഷിക്കുമാറാകണമേ. 

മോറാനേശുമശിഹാ നിന്‍റെ കരുണയുടെ വാതില്‍

യേശുതമ്പുരാനെ, അങ്ങയുടെ കാരുണ്യത്തിന്‍റെ കവാടം ഞങ്ങളുടെ മുമ്പാകെ അടയ്ക്കപ്പെടരുതേ. മഹാപാപികളെന്ന് സമ്മതിക്കുന്ന ഞങ്ങളോടു അങ്ങേയ്ക്ക് കരുണയുണ്ടാകണമേ. കര്‍ത്താവേ അങ്ങയുടെ മരണത്താല്‍ ഞങ്ങളെ മരണമില്ലാത്തവരാക്കുവാന്‍ അങ്ങയുടെ മഹാസ്നേഹം ഞങ്ങളുടെ അടുക്കലേക്ക് അങ്ങയെ ഇറക്കിക്കൊണ്ടുവന്നുവല്ലോ. ഞങ്ങളോടു കരുണയുണ്ടാകണമേ

കരുണയുള്ള ദൈവമേ

കാരുണ്യവാനായ കര്‍ത്താവേ അങ്ങയുടെ കവാടത്തില്‍ ഞങ്ങളുടെ അപേക്ഷയുടെ ശബ്ദം മുട്ടിവിളിക്കുന്നു. അങ്ങയെ ആരാധിക്കുന്ന ഞങ്ങളുടെ ആവശ്യങ്ങളെ അവിടുന്നു നിറവേറ്റണമേ. ബലഹീനരായ ഞങ്ങള്‍ സഹായത്തിനായി കേഴുന്നു. നല്ലവനായ കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ ശ്രവിച്ചു ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമേ.

മഹോന്നതന്‍റെ മറവിലിരിക്കുന്ന

മഹോന്നതന്‍റെ വലഭാഗെ ഉപവിഷ്ടനായിരിക്കുന്ന ഞങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ കാരുണ്യത്തിന്‍റെ ചിറകുകളാല്‍ ഞങ്ങളെ മറയ്ക്കേണമേ. സര്‍വവും ശ്രവിക്കുന്ന കര്‍ത്താവേ, കാരുണ്യത്തോടെ ഞങ്ങളുടെ അപേക്ഷയും അവിടുന്നു ശ്രവിക്കേണമേ. മഹാരാജാവും ഞങ്ങളുടെ രക്ഷകനുമായ മശിഹാതമ്പുരാനെ, ശാന്തി നിറഞ്ഞ സന്ധ്യയും അനുഗ്രഹീതമായ രാവും ഞങ്ങള്‍ക്കു നല്കിയാലും. അങ്ങയുടെ മുഖത്തേക്ക് കണ്ണിമയ്ക്കാതെ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കുകയും ഇരുലോകങ്ങളിലും ഞങ്ങളോടു കാരുണ കാട്ടുകയും ചെയ്യേണമേ. അങ്ങയുടെ കരുണ ഞങ്ങളെ സംരക്ഷിക്കുകയും അങ്ങയുടെ കൃപ ഞങ്ങളെ വഴി കാട്ടുകയും ചെയ്യേണമേ. ഞങ്ങളുടെ ആയുഷ്കാലം മുഴുവനും അങ്ങയുടെ വലംകൈ ഞങ്ങളെ സംരക്ഷിക്കണമേ. അങ്ങയുടെ ദിവ്യമായ സമാധാനം ഞങ്ങളില്‍ വാഴണമേ. അപേക്ഷിക്കുന്ന ഏവര്‍ക്കും അവിടുന്നു തുണയും രക്ഷയും ആയിരിക്കണമേ. അങ്ങയുടെ മാതാവിന്‍റെയും അങ്ങയുടെ പരിശുദ്ധന്മാരുടെയും പ്രാര്‍ഥന കേട്ടു ഞങ്ങളുടെ കടങ്ങള്‍ പരിഹരിച്ച്, ഞങ്ങളോടു കരുണ കാട്ടേണമേ.  

ശുദ്ധമുള്ള ബാവ

പരിശുദ്ധപിതാവേ അങ്ങയുടെ പരിശുദ്ധനാമത്താല്‍ ഞങ്ങളെ കാക്കണമേ. രക്ഷിതാവായ പുത്രാ അങ്ങയുടെ വിജയസ്ലീബായാല്‍ ഞങ്ങളെ സംരക്ഷിക്കണമേ. പരിശുദ്ധാത്മാവേ അവിടുന്നു വസിക്കുന്ന ആലയങ്ങളായി ഞങ്ങളെ പണിയണമേ. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ എല്ലായ്പ്പോഴും അങ്ങയുടെ ദിവ്യമായ ചിറകുകളുടെ സംരക്ഷണത്തില്‍ ഞങ്ങളെ കാത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ.

ഉറക്കമില്ലാത്ത ഉണര്‍വുള്ളവനായ

ഒരിയ്ക്കലും ഉറങ്ങാതെ സദാ ഉണര്‍ന്നിരിക്കുന്ന ഞങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ ഉണര്‍വിനെ മഹത്വപ്പെടുത്തുവാനായി പാപനിദ്രയില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തണമേ. സ്വതവേ ജീവനുള്ളവനാകയാല്‍ മരണമില്ലാത്ത ഞങ്ങളുടെ കര്‍ത്താവേ, മരണത്തിന് അടിമപ്പെട്ടു പോകാതെ അങ്ങയുടെ ജീവന്‍ സദാ ഞങ്ങളെ സജീവരായി സൂക്ഷിക്കണമേ. ഭൂസ്വര്‍ഗങ്ങളില്‍ സദാ സ്തുതിക്കപ്പെടുന്ന പിതൃപുത്രപരിശുദ്ധാത്മാവേ, അങ്ങയെ അനവരതം വാഴ്ത്തുന്ന സ്വര്‍ഗീയ മാലാഖമാരോടൊന്നിച്ച് വിശുദ്ധിയോടെ അങ്ങയെ പാടിപ്പുകഴ്ത്തുവാന്‍ ഞങ്ങളെയും യോഗ്യരാക്കണമേ.

No comments: