കര്‍ത്താവേ കൃപ ചെയ്യണമേ
സുറിയാനി ക്രിസ്ത്യാനികള്‍ ദിവസവും ഉറങ്ങുന്നതിന് മുമ്പായി ആലപിക്കുന്ന ഒരു ധ്യാനകീര്‍ത്തനമാണ് ഞാനിവിടെ ലളിതമായ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുന്നത്. മനസിലാക്കാന്‍ പ്രയാസമുള്ള പല വാക്കുകളും പ്രയോഗങ്ങളും ഇതില്‍ ഒഴിവാക്കിയിരിക്കുന്നു. ഇപ്പോള്‍ ചൊല്ലുന്ന ഗാനത്തിന്റെ സ്ഥാനത്ത് ഈ ഗാനം ചൊല്ലണം എന്നു ഉദ്ദേശിച്ചല്ല ഇത് എഴുതിയത്. ഇതുപോലെ നമ്മുടെ ഗാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സാധിയ്ക്കും എന്നു കാണിക്കുക മാത്രമാണു എന്റെ ഉദ്ദേശം. ഇതിനേക്കാള്‍ ലളിതസുന്ദരമായ മലയാളത്തില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഇത് ഒരു പ്രചോദനമാകണം എന്നു ആഗ്രഹിക്കുന്നു.
നാഥാ കൃപ ചെയ്തീടണമേ
നാഥാ കൃപ ചെയ്തീടണമേ
കേട്ടിട്ടീ യാചന ശബ്ദം
തിരുസന്നിധിയിങ്കല്‍ നിന്നും
അലിവുമനുഗ്രഹവും നല്ക.
നിദ്ര വെടിഞ്ഞുണര്‍വോടെ നാ-
ഥാ തവ സന്നിധെയെത്താനും
തിന്മയശേഷം തീണ്ടാതെ
വീണ്ടുമുറങ്ങാനും കൃപ ചെയ്.
പാപം ഞാനുണര്‍വില്‍ ചെയ്കില്‍
നാഥാ ക്ഷമയരുളീടേണം;
പാപം നിദ്രയില്‍ ഞാന്‍ ചെയ്കില്‍
നാഥാ മോചനമരുളേണം.
താവക വിജയസ്ലീബായാല്‍
എകീടണമേ സുഖനിദ്ര;
മായാക്കാഴ്ചകളില്‍ നിന്നും
കാത്തീടണമേ അന്‍പോടെ.
ഞങ്ങളുറങ്ങും നേരത്ത്
പൈശാചികമാം ചിന്തകളും
ദുഷ്ടവികാരങ്ങളുമേതും
മനസ്സില്‍ വാഴരുതേ നാഥാ.
ദേഹം സംരക്ഷിച്ചീടാന്‍
താവക ദൂതരെ വിട്ടാലും;
ദുര്‍മോഹങ്ങളില്‍ വീഴാതെ
ദേഹിയെയും കാത്തീടണമേ.
ഉള്ളില്‍ വാസം ചെയ്തീടും
താവകമെയ്യും രക്തമതും
ദേഹീദേഹങ്ങളെ നന്നായ്
കാത്തീടണമേ ഈ രാവില്‍
തവ പ്രതിബിംബങ്ങള്‍ ഞങ്ങള്‍-
ക്കേകണമേ തവ സ്വാതന്ത്ര്യം;
താവക കരവിരുതാമടിയാ-
രേക്കാക്കണമേ തൃക്കൈകള്‍.
ഏറ്റം ബലമുള്ളൊരു കോട്ട
പോലാകേണം തവ കരുണ;
സുരഭിലധൂപത്തെപ്പോലെന്‍
ശയനത്തെ കൈക്കൊള്ളണമേ.
തവ മാതാവിന്‍ പ്രാര്‍ഥനയാ-
ലെന്നോടടുക്കരുതേ ദുഷ്ഠന്‍;
താവകയാത്മ ബലിയാലേ
കാക്കുക സാത്താനില്‍ നിന്നും.
തവ വാഗ്ദാനം പോലെന്നും
ക്രൂശാല്‍ കാക്കണമടിയാരേ;
ഉണരുമ്പോഴങ്ങേ വാഴ്ത്താന്‍
കാക്കുകയടിയാരെ അന്‍പാല്‍.
തിരുഹിതമെന്തെന്നറിവാനും
അത് ദിനവും പാലിപ്പാനും
ശാന്തി നിറഞ്ഞൊരു സന്ധ്യയതും
രാവും ഞങ്ങള്‍ക്കേകണമേ.
ഈ രാവിങ്കല്‍ ശാന്തിയോടെ
തിരുസവിധത്തിലുറങ്ങാനും
തിരുഹിതമെങ്കില്‍ പുലര്‍കാലേ
സ്തുതി പാടീടാനും കൃപ ചെയ്.
പ്രഭ തന്നെയങ്ങ് നാഥാ
പ്രഭയില്‍ വാസം ചെയ്യുന്നു;
പ്രഭയിന്‍ മക്കള്‍ തിരുമുമ്പില്‍
അങ്ങയെയാരാധിക്കുന്നു.
പ്രഭയില്‍ വാസം ചെയ്തീടും
രക്ഷകനാമീശോ സ്തോത്രം;
ഇഹപരലോകങ്ങളിലെല്ലാം
തവ കൃപ ഞങ്ങള്‍ക്കേകണമേ.
സ്വര്‍ഗോന്നതികളിലീറേന്മാര്‍
അനവരതം സ്തുതി പാടുംപോല്‍
പാപികളാം മാനവര്‍ ഞങ്ങള്‍
തവ സ്തുതിഗീതികള്‍ പാടുന്നു.
പിതൃസുതപരിശുദ്ധാത്മാവാം
ത്രിയേകന്‍ നാഥാ സ്തോത്രം;
സ്തോത്രം സ്തോത്രം കര്‍ത്താവേ
ആയിരമായിരമായ് സ്തോത്രം.
പ്രാര്‍ഥന കേട്ടീടും നാഥാ,
യാചന നല്‍കീടും നാഥാ,
അടിയാരുടെ പ്രാര്‍ഥന കേട്ടു
യാചനകള്‍ നല്‍കീടണമേ.
Comments