ഡേവിഡ് & ഗോലിയാത്ത്

വളരെ അര്‍ഥവത്തും ഹൃദയ സ്പര്ശിയുമായ ഒരു ചലച്ചിത്രം ഈയിടെ കാണുവാനിടയായി-- ഡേവിഡ് & ഗോലിയാത്ത്. ഒരു പുരാണകഥയുടെ സമകാലിക വ്യാഖാനമായി ഇതിനെ കാണാം.

വെറുമൊരു ആട്ടിടയബാലനായിരുന്ന ഡേവിഡ് കവിണയില്‍ കല്ലെറിഞ്ഞു മഹാമല്ലനായിരുന്ന ഗോലിയാത്തിനെ തോല്പ്പിക്കുന്നതാണ് പുരാണ കഥ. ദൈവത്തിലുള്ള അചഞ്ചല വിശ്വാസമാണ് ഡേവിഡിനെ ഇതിനു പ്രാപ്തനാക്കുന്നത്.

ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രവും ഡേവിഡ് തന്നെ. കോട്ടയം ജില്ലയിലെ വാഗമണ്‍ എന്ന മലമ്പ്രദേശത്ത് ഒരു ക്രൈസ്തവ പുരോഹിതനോടൊപ്പം വളരുന്ന ഒരു അനാഥബാലനാണ് ഡേവിഡ്. ഇച്ഹാശക്തി ലവലേശമില്ലാത്ത ഒരു പേടിത്തൊണ്ടനാണ് അവന്‍ . പ്രത്യേകിച്ച് ആള്‍ക്കൂട്ടം അവനില്‍ ഭയമുണ്ടാക്കും. ഭയം വരുമ്പോള്‍ മൂക്കിലൂടെ രക്തം ഒലിക്കുകയും ചെയ്യും. സ്നേഹം, ക്ഷമ, സഹനം, തുടങ്ങിയ ക്രൈസ്തവ മൂല്യങ്ങള്‍ പുരോഹിതനില്‍ നിന്ന് അവന്‍ സ്വായത്തമാക്കുന്നു. ചെറുപ്പത്തില്‍ അസാമാന്യ ബുദ്ധിവൈഭവം പ്രകടമാക്കുന്നുണ്ടെങ്കിലും സ്കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയുന്നില്ല. പിന്നീട് സാങ്കേതിക വിദ്യയില്‍ സാമര്‍ത്ഥ്യം പ്രകടമാക്കുന്നു. സ്വന്തമായി ഒരു ഗീസര്‍ നിര്‌മ്മിക്കുന്നു. അതിനു ശേഷം ഒരു വൈദ്യുതി ജെനറേറ്ററും. തന്റെ എല്ലാമായിരുന്ന പുരോഹിതന്‍ പാമ്പ് കടിയേറ്റു മരിക്കുന്നതോടെ ഡേവിഡിന്റെ ജീവിതം കീഴ്മേല്‍ മറിയുന്നു .

സണ്ണി എന്ന അഭ്യസ്തവിദ്യനായ യുവാവ് ഡേവിഡിനെ കണ്ടെത്തുന്നു. മരിച്ചു പോയ പുരോഹിതന്റെ സ്ഥാനത്തു ദൈവം തന്ന പകരക്കാരനായി ഡേവിഡ് സണ്ണിയെ സ്വീകരിക്കുന്നു എന്നാല് ഡേവിഡിന്റെ സാങ്കേതിക കഴിവുകള് മുതലെടുത്ത്‌ പണവും പ്രശസ്തിയും നേടാനാണ് അയാള്‍ ശ്രമിക്കുന്നത്. ഡേവിഡ് ഉണ്ടാക്കുന്ന വൈദ്യുതി ജെനെരെടര്‍ സണ്ണി സ്വന്തം പേരിലാക്കുന്നു. ഈ ചതി വെളിച്ചത്തു കൊണ്ടു വരാന്‍ ‍ ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു. സണ്ണി തന്നെ ചതിക്കുകയാണെന്നു വ്യക്തമായി അറിഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകരോട് സഹകരിക്കാതെ സണ്ണി നിരപരാധി ആണെന്ന് ഡേവിഡ് വാദിക്കുന്നു. ഇങ്ങനെ സ്നേഹവും ക്ഷമയും കൊണ്ട് സണ്ണി എന്ന ഗോലിയാത്തിനെ ഡേവിഡ് തോല്‍പ്പിക്കുന്നു. തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഒരാളെ മിത്രമാക്കി മാറ്റി ഡേവിഡ് വിജയം വരിക്കുന്നു.

അല്പം വലിച്ചു നീട്ടിയിരിക്കുന്നു എന്നൊരു കുറവ് പ്രത്യക്ഷത്തില്‍ ആര്‍ക്കും കാണാവുന്നതേയുള്ളൂ. അതൊഴിച്ചാല്‍ ആരുടേയും ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു ചലച്ചിത്രമാണ്‌ ഇത് എന്ന് സമ്മതിക്കാതെ വയ്യ. ഇതിലെ ഡേവിഡ് ഏതൊരു പ്രേക്ഷകന്റെയും ഹൃദയത്തില്‍ ഏറെ നാള്‍ ഉണ്ടാവും . പുരാണകഥയുടെ അടിസ്ഥാനത്തില്‍ പറഞ്ഞിരിക്കുമ്പോള്‍ തന്നെ വളരെ സമകാലികമായ മനുഷ്യജീവിതമാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ഒരു ബൈബിള്‍ പുരാണകഥയെ അടിസ്ഥാനമാക്കി സമകാലികജീവിതകഥ പറയുന്ന മറ്റേതെങ്കിലും ചലച്ചിത്രം മലയാളത്തില്‍ ഉണ്ടായതായി എനിക്കറിവില്ല.

മനുഷ്യമൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഇത്തരം ചിത്രങ്ങള്‍ നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ഇതിന്റെ നിര്‍മ്മാതാക്കളും അഭിനയിച്ചവരും മറ്റും അഭിനന്ദനമര്‍ഹിക്കുന്നു. ഇത്തരം ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?