ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നമുക്ക് ഒരു മാതൃകാപുരുഷന്‍

നീലിമംഗലം സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് പള്ളിയിലെ ആദ്ധ്യാത്മിക സംഘടനകളുടെ  വാര്‍ഷികത്തില്‍ 2013 ഫെബ്രുവരി 10 നു ചെയ്ത പ്രഭാഷണത്തിന്റെ ചുരുക്കം,

നമ്മുടെ ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം കൊണ്ടാടുന്ന ഈ വേളയില്‍ നമ്മുടെ ജീവിതത്തില്‍ ഇവയുടെ പ്രസക്തിയെ സംബന്ധിക്കുന്ന ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ഈ സമയം ഉപയോഗിച്ച് കൊള്ളട്ടെ. ഇവിടുത്തെ സണ്ടേസ്കൂള്‍ വിദ്യാര്‍ദ്ധികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഈ  ദേവാലയത്തിന്റെ നടത്തിപ്പുകാര്‍ക്കും മാതൃകയാക്കാവുന്ന ചിലരെ ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്താം.

ഇരുപതാം നൂറ്റാണ്ട് ലോകമഹായുദ്ധങ്ങളുടെ നൂറ്റാണ്ടായിരുന്നു. മുപ്പതുകളിലും നാല്‍പതുകളിലുമായി രണ്ടു മഹായുദ്ധങ്ങള്‍ക്ക് ലോകം സാക്ഷിയായി. അതിനു ശേഷമുള്ള നാല് പതിറ്റാണ്ടുകള്‍ ശീതയുദ്ധത്തിന്റെ കാലമായിരുന്നു. ‍ രണ്ടു സാമ്രാജ്യശക്തികള്‍ മദയാനകളെപ്പോലെ കൊമ്പ് കോര്‍ത്തപ്പോള്‍ ലോകം ഭയന്നു വിറച്ചു. ലോകത്തെ അനേക തവണ നശിപ്പിക്കാന്‍ കെല്‍പ്പുള്ള അണ്വായുധങ്ങള്‍ ഇരുകൂട്ടരും സമാഹരിച്ചു. ഭൂമിയിലെ സര്‍വജീവജാലങ്ങളെയും ഭസ്മീകരിക്കാന്‍ കഴിയുന്ന ഒരു മൂന്നാം ലോകമഹായുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മനുഷ്യവര്‍ഗതെയാകെ ഭയചകിതരാക്കി. വെളിപാട് പുസ്തകത്തില്‍ വിവരിക്കുന്ന മഹാദുരിതവും സരവനാശവും അടുത്തു എന്ന് ധാരാളം പേര്‍ വിശ്വസിച്ചു. ചുരുക്കി പറഞ്ഞാല്‍ മനുഷ്യവര്‍ഗമാകെ മരണനിഴലിന്‍ താഴ്വരയിലായിരുന്നു ഈ നാല്പതു വര്‍ഷക്കാലം .

എന്നാല്‍ തൊണ്ണൂറുകളുടെ ആരംഭത്തോടെ ഈ സ്ഥിതിയില്‍ മാറ്റം വന്നു തുടങ്ങി. അത്തരം ഭയത്തില്‍ നിന്ന് ഇന്ന് നാം വിമോചിതരായിരിക്കുന്നു. ഒരു മൂന്നാം ലോകമഹായുദ്ധത്തെ സംബന്ധിക്കുന്ന ഭയം ഇന്ന് നമ്മെ അലട്ടുന്നില്ല.
എന്താണ് ഈ മാറ്റത്തിന് കാരണമായി തീര്‍ന്നത്? അമേരിക്കയും റഷ്യയും മദയാനകളെ പോലെ കൊമ്പ് കോര്‍ത്ത്‌ നിന്നപ്പോള്‍ ധൈര്യം കൈവിടാതെ സമാധാനം പുലരുന്ന ഒരു ലോകം സ്വപ്നം കാണുകയും അതിനായി അഹോരാത്രം അദ്ധ്വാനിക്കയും ചെയ്ത ഒട്ടേറെ സംഘടനകളും വ്യക്തികളും ഉണ്ടായിരുന്നു. അവരുടെ ശ്രമത്തിന്റെ ഫലമായാണ്‌ ലോകം ചാമ്പലായി പോകാതെ ഇന്നും നിലനില്‍ക്കുന്നത്.

ക്രൈസ്തവസഭകളുടെ ലോകകൌണ്‍സില്‍ സമാധാനത്തിനു വേണ്ടി ശ്രമിച്ച ഒരു സംഘടനയാണ്. ആ സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ട് സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഒരു ഭാരതീയനാണ്. അമേരിക്കയുടെയും റഷ്യയുടെയും പ്രതിനിധികളെ ഒന്നിച്ചുകൂട്ടി യുദ്ധമവസാനിപ്പിക്കുവാനുള്ള കരാര്‍ ഉണ്ടാക്കുന്നതിന്  മാധ്യസ്ഥം വഹിക്കുവാന്‍ ഈ ഭാരതീയനുമുണ്ടായിരുന്നു.  1979-ല് ലോകത്തിലെ ആണവശാസ്ത്രജ്ഞ്ന്മാരെ അമേരിക്കയിലെ ഒരു യൂനിവേര്സിടിയില്‍ ഒരുമിച്ചു വിളിച്ചുകൂട്ടി അണ്വായുധങ്ങള്‍ നിര്മിക്കുന്നതിനായി അവരുടെ അറിവും കഴിവും ഉപയോഗിക്കുന്നത് ബുദ്ധിമോശമാണെന്ന് ഈ ഭാരതീയന്‍ അവരെ ബോധ്യപ്പെടുത്തി.

ഇന്ന് നമ്മളൊക്കെ ജീവനോടിരിക്കുന്നതിനു നാം ഈ ഭാരതീയനോട് കടപ്പെട്ടിരിക്കുന്നില്ലേ? ആരായിരുന്നു ആ ഭാരതീയന്‍? അദ്ദേഹം ഒരു മലയാളി ആയിരുന്നു --  നമ്മുടെ പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത.

ഇത് ഈ മഹാമനുഷ്യന്‍ ചെയ്ത പല കാര്യങ്ങളില് ഒന്ന് മാത്രമാണ് . ലോകത്തിലെ വിവിധ മതങ്ങള്‍ തമ്മിലും വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലും ഉള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ചെയ്ത പരിശ്രമങ്ങളുടെ ഗുണഫലങ്ങള്‍ ഇന്ന് ലോകം അനുഭവിക്കുന്നു. വൈദികസെമിനാരിയുടെ പ്രധാന അദ്ധ്യാപകന്‍ എന്ന നിലയില്‍ ദൈവവിജ്ഞാനീയ വിദ്യാഭ്യാസത്തിനും, ഡല്‍ഹിയുടെ മെത്രാപ്പോലീത്ത എന്ന നിലയില്‍ സഭയ്ക്കും രാഷ്ട്രത്തിനും നല്‍കിയ സംഭാവനകള്‍ വേറെ.

ഇതൊക്കെ ഓര്‍ക്കുമ്പോള്‍ നമ്മില്‍ ചിലരെങ്കിലും ചോദിച്ചു പോകുന്ന ഒരു ചോദ്യമുണ്ട്.  ഒരു സ്കൂള്‍ അദ്ധ്യാപകന്റെ മകനായി പിറന്ന തൃപ്പൂണിത്തുറക്കാരന്‍ വര്‍ഗീസ്‌ ലോകമെങ്ങും ആദരിക്കപ്പെട്ട ഒരു മഹാമനുഷ്യനായി വളര്ന്നതെങ്ങനെ? അംബരചുംബിയെപ്പോലെ ഉയര്‍ന്ന ആ ജീവിതത്തിന്റെ അടിസ്ഥാനശിലകള്‍ എവിടെയായിരുന്നു. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ കണ്ടെത്താം.  
തന്റെ കുടുംബത്തിലെ ചിട്ടയായ ജീവിതവും, പതിവായി പോയിരുന്ന ദേവാലയത്തിലെ ആരാധനാ ജീവിതവും അവിടുത്തെ സണ്ടേസ്കൂള്‍ അദ്ധ്യയനവുമൊക്കെയാണ് ആ മഹാജീവിതത്തിനു അടിസ്ഥാനമായത് എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. അന്ന് അദ്ദേഹത്തിന്‍റെ സണ്ടേസ്കൂള്‍  അദ്ധ്യാപകനായിരുന്ന പുന്നച്ചാലില്‍ ചാക്കോമാസ്റ്റരെ അദ്ദേഹം നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

കുഞ്ഞുങ്ങളെ, നിങ്ങളെപ്പോലെ പതിവായി ദേവാലയത്തില്‍ പോകുകയും സണ്ടേസ്കൂള്‍ പഠിക്കുകയും ചെയ്ത ഒരു ബാലനാണ് ഒരു ലോകനേതാവായി വളര്‍ന്നത്‌. അതുപോലെ മഹത്തായ ഒരു ജീവിതം കെട്ടിയുയര്‍ത്താന്‍ ഈ ദേവാലയവും സണ്ടേസ്കൂളും നിങ്ങള്ക്ക് അടിസ്ഥാനശിലകളായി തീരണം. നിങ്ങളൊക്കെ നമ്മുടെ നാടിനും ലോകത്തിനും നേതൃത്വം നല്‍കുന്ന  നല്ല നേതാക്കളായി തീരട്ടെ എന്ന്  ആശംസിക്കുന്നു.

അന്ന് തന്റെ ക്ലാസില്‍ ഇരുന്ന വര്‍ഗീസ്‌ എന്ന ബാലന്‍ ഒരു ലോകനേതാവായി ഉയരുമെന്ന് പുന്നച്ചാലില്‍ ചാക്കോ മാസ്റെര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നോ?  ചാക്കൊമാസ്റര്‍ ഒരു ലോക നേതാവായില്ലായിരിക്കാം. എന്നാല്‍ ഒരു ലോകനേതാവിനെ വളര്‍ത്തിയെടുക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രിയപ്പെട്ട സണ്ടേസ്കൂള്‍ അധ്യാപകരെ, ഇന്ന്  നിങ്ങളുടെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങള്‍ നാളെ നമ്മുടെ നാടിന്റെ നേതാക്കളാകേണ്ടവരാണ്.   അവരിലൊരാള്‍ തന്റെ ആത്മകഥയില്‍ നിങ്ങളുടെ പേര് ഉള്‍പ്പെടുത്തുന്നത് നിങ്ങള്ക്ക് സങ്കല്‍പ്പിക്കാമോ?

ദേവാലയ ജീവിതവും സണ്ടേസ്കൂള്‍ അധ്യയനവും ഒക്കെ തന്റെ ജീവിതത്തിനു അടിസ്ഥാന ശിലകളായിത്തീര്‍ന്നെങ്കിലും തന്റെ ഉയര്ച്ചക്ക് ഏറ്റവും പ്രധാന കാരണമായി ഗ്രിഗോറിയോസ് തിരുമേനി കാണുന്നത് സ്വന്തം അമ്മയെ തന്നെയാണ്‍. തന്റെ പിതാവിനെക്കുറിച്ചു അഭിമാനവും  സ്നേഹവും ഉണ്ടായിരുന്നെങ്കിലും തന്റെ അമ്മയെ അദ്ദേഹം കണ്ടത് കാണപ്പെട്ട ദൈവമായിട്ടാണ്. ക്രിസ്തീയ ജീവിതത്തിന്റെ  ബാലപാഠങ്ങള്‍  തന്റെ അമ്മയില്‍ നിന്നുമാണ് പഠിച്ചതെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. പ്രിയപ്പെട്ട അമ്മമാരെ, നിങ്ങളുടെ മക്കള്‍ നിങ്ങളെകുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ?

ഈ ദേവാലയത്തിന്റെ നടത്തിപ്പുകാര്‍ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്. നീലിമംഗലത്തെ ഈ ഓര്‍ത്തഡോക്സ് പള്ളി അധികമൊന്നും  അറിയപ്പെടാത്ത ഒരു ചെറിയ ദേവാലയമായിരിക്കാം. എന്നാല്‍ നാളെ നമ്മുടെ ലോകത്തിന്റെ, രാഷ്ട്രത്തിന്റെ, സഭയുടെ  നേതൃനിരയിലേക്ക്  വരുന്ന ഒരാള്‍ തന്നെ താനാക്കി ഉയര്‍ത്തിയത്‌ ഈ ദേവാലയമാണെന്ന് പറയാനിടയായാല്‍ അത് ഈ  ദേവാലയത്തിന്  എത്ര വലിയ  ബഹുമതിയായിരിക്കും.

പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, വര്‍ഗീസ്‌ എന്ന ആ ബാലന്‍ നിങ്ങള്‍ക്ക് ഒരു മാതൃക ആവട്ടെ. വര്‍ഗീസിനെപ്പോലെ ആത്മാര്‍ഥതയോടും സമര്‍പ്പണത്തോടും നിഷ്ഠയോടും കൂടെ പഠിക്കുവാനും വളരുവാനും നിങ്ങള്‍ക്കിടയാകട്ടെ. പ്രിയപ്പെട്ട സണ്ടേസ്കൂള്‍ അദ്ധ്യാപകരെ, പുന്നച്ചാലില്‍ ചാക്കൊമാസ്റ്റെര്‌ നിങ്ങള്‍ക്ക് മാതൃക ആവട്ടെ. അറിവും ആത്മാര്‍ഥതയും ഉള്ള അദ്ധ്യാപകന്‍ എന്ന് നിങ്ങളെക്കുറിച്ച് പറയാന്‍ ഇട വരട്ടെ. പ്രിയപ്പെട്ട മാതാപിതാക്കളെ  ഗ്രിഗോറിയോസ് തിരുമേനിയുടെ  അമ്മ നിങ്ങള്‍ക്ക് മാതൃകയാവട്ടെ. കാണപ്പെട്ട ദൈവങ്ങള്‍ എന്ന് നിങ്ങളെക്കുറിച്ച് നിങ്ങളുടെ മക്കള്‍ പറയാന്‍ ഇട വരട്ടെ.  ഈ ദേവാലയത്തിന്റെ ചുമതലക്കാരെ,   ഗ്രിഗോറിയോസ് തിരുമേനിയുടെ ദേവാലയം നമുക്ക് ഒരു മാതൃകയാവട്ടെ. ഈ ദേവാലയം തങ്ങളുടെ ജീവിതത്തിന്‍ അടിസ്ഥാനമായി  എന്ന് ഈ കുഞ്ഞുങ്ങള്‍ പറയാനിടവരട്ടെ.

ദൈവം നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ! 

Comments

Fr. John Thomas, New York said…
Dear loving Kunnathu
Thanks for sharing your thoughts.
Each of us may remember our Sunday School teachers. I cannot forget Padipurackal Easow, who was my Sunday School teacher and he had a dream on me to be an achen. Even my parents (or me ) thought of like that when he told it once. I went to work in Grindlays Bank - in Bangalore and then in Gulf with promotion. Ofcourse the MGOCSM conferences developed his insight in me to be an achen.
Thanks.
Lovingly
Fr.John Thomas
New York

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം