ഹൃദയശുധിയുള്ളവര്‍ ദൈവത്തെ കാണും

ജൂലൈ 1 ഞായറാഴ്ച ഹ്യൂസ്ടന്‍ സെന്റ്‌ മേരിസ് പള്ളിയില്‍ നടത്തിയ ഒരു വേദപഠന ക്ലാസിന്റെ സംഗ്രഹം താഴെ വായിക്കാം. ഏതാണ്ട് 20 മിനിറ്റ് നീണ്ട ക്ലാസ് ഇവിടെ കേള്‍ക്കാം.


 നിങ്ങളുടെ വീട്ടില്‍ വന്ന ഒരതിഥി നിങ്ങളുടെ പ്രതീക്ഷ പോലെ പെരുമാറാതിരുന്നാല്‍  നിങ്ങള്‍ മുഖത്തു നോക്കി അതിഥിയെ ശാസിക്കുമോ? ഈ അതിഥി നിങ്ങള്‍ ആദരിക്കുന്ന ഒരാള്‍ ആണെങ്കില്‍ സ്വപ്നത്തില്‍ പോലും അങ്ങനെ ചെയ്യാന്‍ മുതിരുകയില്ല. എന്നാല്‍ അങ്ങനെയുള്ള ഒരു സംഭവം വേദപുസ്തകത്തിലുണ്ട്. യേശു തമ്പുരാന്‍ ആയിരുന്നു അതിഥി. മാര്ത്തയാണ്  യേശുവിനെ ശാസിക്കാന്‍ ധൈര്യപ്പെട്ട  വീട്ടുകാരി.

 മാര്‍ത്തയുടെ മനസ്സ് കലങ്ങി മറിഞ്ഞിരുന്നു. അതാണ്‌ അത്തരം  വിവേകശൂന്യമായ പെരുമാറ്റം ഉണ്ടാവാന്‍ കാരണം. കലങ്ങി മറിയുന്ന മനസ്സ് കൊടുംകാറ്റ് അടിച്ചു കലങ്ങി  മറിയുന്ന   ഒരു  തടാകം  പോലെയാണ്. ശാന്തമായ  ഒരു മനസ്സിനേ  വിജയകരമായ  ഒരു ജീവിതം  പടുത്തുയര്ത്താനാവു.
"ഹൃദയശുധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും" യേശു പഠിപ്പിച്ചു. നമ്മുടെ പിതാക്കന്മാര്‍ ദൈവത്തെ സൂര്യനോടുപമിച്ചു.   സൂര്യനെ നേരിട്ട് കാണാനാവാത്തത്‌ പോലെ ദൈവത്തെ ആര്‍ക്കും നേരിട്ട് കാണാനാവില്ല. ഒരു പാത്രത്തിലെ തെളിഞ്ഞ ജലത്തില്‍ സൂര്യന്റെ പ്രതിബിംബം കാണുന്നത് പോലെ നമ്മുടെ ഹൃദയത്തിനുള്ളില്‍ നമുക്ക് ദൈവത്തിന്റെ പ്രതിബിംബം കാണാം. കലങ്ങി മറിയുന്ന വെള്ളത്തില്‍ സൂര്യനെ കാണാനാവാത്തത് പോലെ, കലങ്ങി മറിയുന്ന ഹൃദയത്തില്‍   ദൈവത്തെ കാണാനാവില്ല.

രഹസ്യത്തില്‍ കാണുന്ന സ്വര്‍ഗസ്ഥ പിതാവിനോട് പ്രാര്ധിക്കണമെന്നു യേശു പഠിപ്പിച്ചു. ദൈവത്തെ ഹൃദയത്തില്‍ കണ്ടുകൊണ്ട് വേണം പ്രാര്ധിക്കുവാന്‍.

ചിന്താകുലങ്ങള്‍ നിറഞ്ഞ മനസ്സ് മുള്ളുകള്‍ നിറഞ്ഞ ഒരു നിലം പോലെയാണ് എന്ന് യേശു പഠിപ്പിച്ചു.   അങ്ങനെയുള്ള നിലത്തില്‍  ഫലവൃക്ഷങ്ങള്‍ ഉണ്ടാകാത്തത് പോലെ ചിന്താകുലപ്പെടുന്ന ഒരു മനസ്സില്‍ നിന്ന് ഫലകരമായ ഒരു ജീവിതം ഉരുത്തിരിയുകയില്ല.

മനസ്സിനെ ശുധമാക്കുന്നതിനു ബോധപൂര്‍വമായ ശ്രമം ആവശ്യമാണ്‌. ദിവ്യബലിയണയ്ക്കുന്ന പുരോഹിതന്‍ എത്രയോ പ്രാവശ്യം ജനത്തിന്റെ നേരെ തിരിഞ്ഞു നിങ്ങള്‍ക്ക് സമാധാനം എന്ന് ആശംസിക്കുന്നു. "നമ്മുടെ ബോധവും വിചാരവും ഹൃദയവും ദൈവസന്നിധിയില്‍ ആയിരിക്കണം" എന്ന് പുരോഹിതന്‍ പറയുമ്പോള്‍ അത് അങ്ങനെ തന്നെ എന്ന് ജനം ഏറ്റു ചൊല്ലുന്നു. നമ്മുടെ  ആരാധന ഒരു സമൂഹയോഗാഭ്യാസമാണെന്നു   പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടിടുണ്ട്. നമ്മുടെ  പ്രാര്‍ഥനകളും  ആരാധനയുമെല്ലാം നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുന്നതിന് മുഖാന്തിരമാകണം.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?