Tuesday, December 27, 2011

അനുഭവിച്ചീടുന്നോര്‍ക്കായി അനുഷ്ടിക്കുന്നീ കുര്‍ബാന

കുര്ബാനയ്ക്കൊടുവില്‍ ധാരാളം ആളുകള്‍ കുര്‍ബാന ഭക്ഷിക്കുവാന്‍ മുന്നോട്ടു വരുന്ന കാഴ്ച ഇന്ന് മിക്ക പള്ളികളിലും സാധാരണയാണ്. ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. മിക്കപ്പോഴും കുര്‍ബാന അര്‍പ്പിക്കുന്ന പുരോഹിതന്‍ മാത്രം കുര്‍ബാന ഭക്ഷിക്കുകയായിരുന്നു പതിവ്. വിരലില്‍ എണ്ണാവുന്ന കുറേപ്പേര്‍, മിക്കപ്പോഴും പ്രായമായ കുറെ സ്ത്രീകള്‍, കുര്‍ബാന ഭക്ഷിച്ചെന്നു വരും. ആഴ്ച തോറും കുര്‍ബാനയില്‍ സംബന്ധിച്ച് മടങ്ങുന്ന വിശ്വാസികള്‍ കുര്‍ബാന ഭക്ഷിക്കുന്നത് വര്‍ഷത്തില്‍ ഒരിക്കലാണ് -- പെസഹാ പെരുനാളില്‍.

കുര്‍ബാന ഭക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് കരുതപ്പെട്ടിരുന്നില്ല എന്നതാണ് അതിന്റെ ഒരു കാരണം. "അനുഭവിച്ചീടുന്നോര്‍ക്കായി അനുഷ്ടിക്കുന്നീ കുര്‍ബാന" എന്ന ആശയം ഇന്നത്തെപ്പോലെ അന്ന് പ്രബലമായിരുന്നില്ല. കുര്‍ബാനയില്‍ സംബന്ധിച്ചിട്ടു ഭക്ഷിക്കാതെ പോയാല്‍ അത് ഒരു വിരുന്നു ഒരുക്കിയിട്ടു കഴിക്കാതെ പോകുന്നത് പോലെയാണ് എന്ന ആശയം ഇന്ന് ശക്തമായിട്ടുണ്ട്.

മറ്റൊരു കാരണം പ്രായോഗിക ബുദ്ധിമുട്ടാണ്. കുര്‍ബാന ഭക്ഷിക്കുന്നതിനുള്ള ഒരുക്കമാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്‌. അന്ന് രാവിലെ ഒന്നും കഴിക്കാതെ ഉപവാസത്തോടെ ശരീരത്തെ ഒരുക്കണം. പുരോഹിതന്റെ മുമ്പില്‍ കുമ്പസാരിച്ചു മനസിനെയും ഒരുക്കണം. ഉപവസിച്ചു കൊണ്ട് കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ എത്തുക എന്നുള്ളത് അത്ര വലിയ ബുധിമുട്ടൊന്നുമല്ല എന്ന് സമ്മതിച്ചാല്‍ തന്നെ ആഴ്ച തോറും എല്ലാവരും കുമ്പസാരിക്കുക എന്നത് പ്രായോഗിക വൈഷമ്യം ഉണ്ടാക്കുന്നതാണ്. ഒരാളെ കുമ്പസാരിപ്പിക്കുവാന്‍ 5 മിനിട്ട് എടുത്താല്‍ 100 പേര്‍ക്ക് 500 മിനിട്ട് (8 മണിക്കൂര്‍) വേണ്ടി വരും. അങ്ങനെയാണ് കുമ്പസാരത്തിനു ഒരു ഹൃസ്വരൂപം പ്രചാരത്തിലായത്-- ഹൂസോയോ പ്രാപിക്കല്‍.

കുമ്പസാരിക്കുന്നതിനു പുരോഹിതന്റെ മുമ്പില്‍ മുട്ടുകുത്തണം. ചെയ്തു പോയ പാപങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷനായ പുരോഹിതനോട് ഏറ്റുപറയണം. ഒടുവില്‍ നെറ്റിയില്‍ കുരിശു വരച്ചു പുരോഹിതന്‍ പാപമോചനപ്രാര്‍ഥന ചൊല്ലുന്നു. ഇതിന്റെ ഒരു ഹൃസ്വരൂപമായി ഹൂസോയോ പ്രാപിക്കല്‍ പ്രചാരത്തിലായിട്ടുണ്ട്. . പുരോഹിതന്റെ മുമ്പില്‍ മുട്ടുകുത്തേണ്ട, നിന്നാല്‍ മതി. അറിവോടെ എന്തെങ്കിലും പാപം ചെയ്തതായി ഓര്‍ക്കുന്നില്ല എന്നുള്ളപ്പോള്‍ അറിയാതെ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനായി പുരോഹിതന്‍ നെറ്റിയില്‍ കുരിശു വരച്ചു പാപമോചനപ്രാര്‍ഥന ചൊല്ലുന്നു. ഹൂസോയോ എന്ന വാക്കിനു പാപമോചനം എന്നര്‍ഥം.

ഈ ഹൃസ്വരൂപത്തിന് പല സൌകര്യങ്ങളുമുണ്ട്. സമയം കുറച്ചുമതി എന്നതാണ് ഏറ്റവും വലിയ സൗകര്യം. കുമ്പസാരത്തിനു 5 മിനിട്ട് വേണമെങ്കില്‍ ഇതിനു ഒരു മിനിട്ട് മതി. ഒരു പുരോഹിതന്റെ മുമ്പില്‍ മനസ് തുറക്കുവാന്‍ പലര്‍ക്കും പല കാരണങ്ങളാല്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ളവര്‍ക്ക് അതിനു നിര്ബ്ബന്ധിക്കപ്പെടാതെ ദൈവത്തോട് നേരിട്ട് പാപങ്ങള്‍ ഏറ്റു പറഞ്ഞു പാപമോചനം പ്രാപിക്കുവാനും ഇത് അവസരം നല്‍കുന്നു.

കുമ്പസാരം ആവശ്യമില്ലാത്തതുകൊണ്ടോ അപ്രധാനമായതുകൊണ്ടോ ആണ് അതിന്റെ സ്ഥാനത്ത് ഒരു ഹൃസ്വരൂപം ഉണ്ടായത് എന്ന് ആരും കരുതുന്നില്ല . അതിപ്രധാനമായ ഒരു കൂദാശയാണ് കുമ്പസാരം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കുറ്റബോധത്താലും ആകുലതകളാലും നീറി വലഞ്ഞിരിക്കുന്ന മനുഷ്യമനസുകളെ സംശുധമാക്കുന്ന ഈ മഹാപ്രക്രിയ അര്‍ത്ഥവത്തായി തുടരുവാന്‍ നമുക്ക് കഴിയണം. പടിഞ്ഞാറന്‍ നാടുകളില്‍ ഇന്ന് നിലവിലിരിക്കുന്ന കൌണ്‍സലിംഗ് എന്ന ചെലവേറിയ ഏര്‍പ്പാടിന് പകരമായി ആര്‍ക്കും ലഭ്യമായ, ചെലവു കുറഞ്ഞ, ഒരു കൌണ്‍സലിംഗായി കുമ്പസാരത്തെ കരുതുന്നതില്‍ തെറ്റുണ്ടാവില്ല. നന്നായി കൌണ്‍സിലിംഗ് കൊടുക്കുന്നതിനു പട്ടക്കാര്‍ പരിശീലനം നേടുന്നതോടൊപ്പം ഇതിന്റെ പ്രാധാന്യവും പ്രയോജനവും പൊതുജനങ്ങള്‍ മനസിലാക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ ക്രമേണ കൂടുതല്‍ ആളുകള്‍ കുമ്പസാരിക്കുന്ന രീതി സംജാതമാകും. കുംബസാരത്തെക്കുരിച്ചു ഡോ. ജേക്കബ് കുര്യന്‍ അച്ചന്‍ ചെയ്ത ഒരു പ്രഭാഷണം ഇവിടെ കേള്‍ക്കാം

കുര്‍ബാന ഭക്ഷിക്കുന്നതിന്റെ ഒരു നിബന്ധനയായി കുമ്പസാരം മാറിയത് പടിഞ്ഞാറന്‍ സഭകളുടെ സ്വാധീനം കൊണ്ടാണെന്ന് അതെക്കുറിച്ച് അറിവുള്ളവര്‍ പറയുന്നു. കിഴക്കന്‍ സഭയുടെ പാരമ്പര്യത്തില്‍ അങ്ങനെയല്ലായിരുന്നത്രേ. കുര്ബാനയിലെ ഹൂസോയോ പ്രാര്‍ഥന (എങ്കിലോ പുണ്യമാക്കുന്നവനും-- എന്ന് തുടങ്ങുന്നത്) കുര്‍ബാനയില്‍ സംബന്ധിക്കുന്ന എല്ലാവരും അറിവോടും അറിവ് കൂടാതെയും ചെയ്ത എല്ലാ പാപങ്ങളും മോചിക്കുന്നു. വാസ്തവം അതായിരിക്കെ കുര്‍ബാന ഭക്ഷിക്കുന്നതിനു കുമ്പസാരമോ അതിന്റെ ഒരു ഹൃസ്വരൂപമോ ആവശ്യമില്ലെന്ന് വരുന്നു. ഈ വിഷയത്തെക്കുറിച്ച് മിലിത്തിയോസ് തിരുമേനി എഴുതിയിരിക്കുന്ന ഒരു ലേഖനം ഇവിടെ വായിക്കാം. (മറ്റൊന്ന്)  

നമ്മുടെ ഭരണഘടനയനുസരിച്ച് മാമോദീസ കൈക്കൊണ്ട എല്ലാ സത്യവിശ്വാസികള്‍ക്കും ഇടവക അംഗത്വമുണ്ട്. എന്നാല്‍ ഇടവക പൊതുയോഗ അംഗത്വത്തിനു അത് മാത്രം പോര. അവര്‍ 21 വയസ്സ് തികഞ്ഞവരായിരിക്കണം. മാത്രവുമല്ല, അവര്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും കുമ്പസാരിച്ചു കുര്‍ബാന അനുഭവിച്ചവരായിരിക്കണം. ഈ ആവശ്യത്തിനു വേണ്ടി ഒരു കുമ്പസ്സാര രജിസ്ടര്‍ പള്ളിയില്‍ സൂക്ഷിക്കയും വേണം. ഈ അടുത്ത കാലം വരെ അവര്‍ പുരുഷന്മാരായിരിക്കണം എന്നും നിബന്ധന ഉണ്ടായിരുന്നു. ആ നിബന്ധന എടുത്തു കളഞ്ഞതിലൂടെ നാം കാലഘട്ടത്തിനനുസരിച്ചു പുരോഗമിക്കുന്ന ഒരു സമൂഹമാണെന്നു തെളിയിച്ചിരിക്കുന്നു. അവര്‍ 21 വയസ്സ് തികഞ്ഞവരായിരിക്കണം എന്ന നിബന്ധന ന്യായമാണെന്ന് സമ്മതിക്കണം. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് 21 വസാകുമ്പോഴാണ് ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതും വോട്ടവകാശം ലഭിക്കുന്നതും. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുമ്പസ്സാരിച്ചു കുര്‍ബാന അനുഭവിച്ചവരായിരിക്കണം എന്ന നിബന്ധന ചിലര്‍ക്കെങ്കിലും അല്പം ചിന്താക്കുഴപ്പം ഉണ്ടാക്കിയേക്കാം. ഭദ്രാസന തലത്തിലും സഭാതലത്തിലും നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് ഇങ്ങനെ ഒരു നിബന്ധന ഇല്ലാതിരിക്കെ ഇടവക തലത്തില്‍ മാത്രം എന്താണ് ഈ നിയമത്തിന്റെ ആവശ്യവും പ്രസക്തിയും എന്ന ചോദ്യം തള്ളിക്കളയാനാവില്ല.

ഇടവകഭരണം കയ്യാളുന്ന വികാരിയോടു ചിലര്‍ക്കെങ്കിലും ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. അങ്ങനെയുള്ളവര്‍ക്ക് പുരോഹിതന്റെ മുമ്പില്‍ മുട്ടുകുത്തി ദൈവത്തോടെന്നവിധം പാപങ്ങള്‍ ഏറ്റു പറയാന്‍ വിഷമമാവും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അങ്ങനെയുള്ളവരെ കുമ്പസാരനിബന്ധന വച്ച് പൊതുയോഗത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പല ഇടവകകളിലും ഒട്ടേറെ ആളുകള്‍ ഇടവക പൊതുയോഗത്തില്‍ സംബന്ധിക്കാതെ മാറിനില്‍ക്കുന്നതിനു ഈ നിബന്ധന തടസമാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

കുമ്പസാരത്തിനു ഒരു ഹൃസ്വരൂപം ഉണ്ടായത് പോലെ, കുര്‍ബാനയ്ക്കും ഒരു ഹൃസ്വരൂപം ഉണ്ടാകുന്നത് സൌകര്യപ്രദമാണ്. ആവശ്യത്തിനു സമയമുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ദീര്‍ഘരൂപവും സമയം കുറവാണെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ഹൃസ്വരൂപവും വികസിപ്പിക്കുന്നത് നന്നായിരിക്കും.
കുര്‍ബാനയില്‍ സംബന്ധിക്കുന്ന എല്ലാവരും കുര്‍ബാന ഭക്ഷിക്കുന്ന നിലയിലേക്ക് നമ്മുടെ ആരാധന മാറണമെങ്കില്‍ അതിനു സൌകര്യമൊരുക്കുന്ന ചില മാറ്റങ്ങള്‍ വരുത്തിയേ തീരു.

1 . ഓരോരുത്തരുടെയും തലയില്‍ കുരിശു വരച്ചു പാപമോചന പ്രാര്‍ഥന ചൊല്ലുന്നതു നൂറു കണക്കിന് ആളുകള്‍ സംബന്ധിക്കുന്ന പള്ളികളില്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കും. അങ്ങനെയുള്ള പള്ളികളില്‍ കുമ്പസാരത്തിനു കുറേക്കൂടി ഹൃസ്വമായ ഒരു രൂപം ഉണ്ടാകുന്നത് സൌകര്യപ്രദമായിരിക്കും. ഓരോരുത്തര്‍ക്ക് വേണ്ടിയും പാപമോചന പ്രാര്‍ഥന ആവര്‍ത്തിക്കുന്നതിനു പകരം എല്ലാവര്ക്കും വേണ്ടി ഒരു പ്രാവശ്യം ചൊല്ലിയാല്‍ സമയം ലാഭിക്കാം. കുര്ബാനയ്ക്കുള്ളിലെ ഹൂസോയോ പ്രാര്‍ഥന  എല്ലാവര്ക്കും  പാപമോചനം ലഭ്യമാക്കുന്നു  എന്ന് അംഗീകരിക്കപ്പെടുന്നത് സൌകര്യപ്രദമായിരിക്കും.  

2 . ഓരോരുത്തരായി പുരോഹിതന്റെ അടുക്കല്‍ വന്നു കുര്‍ബാന ഭക്ഷിക്കുന്നതും വലിയ പള്ളികളില്‍ ഒട്ടേറെ സമയം വേണ്ടി വരുന്ന ഒരു പ്രക്രിയ ആണ്. ഒരപ്പം നൂറു കണക്കിന് കഷണങ്ങളായി മുറിക്കേണ്ടി വരുന്നതും ഒരു പുരോഹിതന് ശ്രമകരമായ ഒരു അഭ്യാസം ആയേക്കാം. എത്രയും ചുരുങ്ങിയ സമയം കൊണ്ട് എത്രയും കാര്യക്ഷമമായി ഇതൊക്കെ എങ്ങനെ നിര്‍വഹിക്കുവാന്‍ സാധിക്കുമെന്നുള്ളത് ശ്രദ്ധാപൂര്‍വ്വം പഠനവിഷയമാക്കേണ്ട ഒരു കാര്യമാണ്. മറ്റു ഓര്‍ത്തോഡോക്സ് സഭകളില്‍ ഇക്കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മനസിലാക്കുവാന്‍ ‍ ശ്രമിക്കുന്നത് സഹായമായേക്കും.
നമ്മുടെ സഭയുടെ നേതൃനിരയിലുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുമെന്നും കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുമെന്നും ആശിക്കാം.

വിശുദ്ധ കുര്ബാനയെക്കുരിച്ചുള്ള പ്രഭാഷണങ്ങള്‍ --

ഫാദര്‍ ഡോ. ജേക്കബ് കുര്യന്‍

Fr. Dr. K. M. George
The Sacrament of Holy Qurbana 
Holy Qurbana Terms And Traditions

Holy Things for the Holy & Pure   Part I    Part II  Part III

ഫാദര്‍ ഡോ. എം. പി. ജോര്‍ജ്

No comments: