സ്വര്‍ലോക രാജകുമാരന്‍

നമ്മള്‍ പാര്‍ക്കുന്നോരീ ഭൂലോകം പണ്ടുപ-

ണ്ടെന്നോ സ്വര്‍ലോകത്തിന്‍ ഭാഗമായി-

രുന്നുപോല്‍, ഭൂലോകവാസികളേവരും

സ്വര്‍ഗസുഖത്തില്‍ കഴിഞ്ഞു പോലും.


സ്വര്‍ലോകത്തിന്‍ മഹാരാജാവോ സ്നേഹവാ-

നാകുമൊരു പിതാവിന്നു തുല്യ-

നാകയാല്‍ ഭൂസ്വര്‍ഗലോകങ്ങളേക കു-

ടുംബമായാമോദാല്‍ പാര്‍ത്തു പോലും.


ഏവരുമാമോദത്തോടെ വസിക്കവേ

രാജന്റെ കാരുണ്യം ആത്മാര്‍ഥമോ

എന്ന സന്ദേഹം മനുഷ്യമനസതില്‍ 

പാമ്പൊന്നിനെപ്പോലിഴഞ്ഞു കേറി.


ഭൂസ്വര്‍ഗങ്ങള്‍ക്കങ്ങിടയിലായ് വൈരത്തിന്‍

വന്മതില്‍ കെട്ടിയുയര്‍ത്തിയവര്‍;

ഭൂവാസികള്‍ക്കുമിടയിലായ് പൊങ്ങിയു-

യര്‍ന്നു വൈരത്തിന്‍ പെരും വേലികള്‍


ജാതിനിറംലിംഗം രാഷ്ട്രംമതംധനം 

എന്നിവ കൊണ്ടവര്‍ വേലികെട്ടി 

തമ്മിലറിയാതെയായിപ്പോയ് സോദര- 

രായിക്കഴിയേണ്ടും  ഭൂവാസികള്‍   


ഭൂലോകമിവ്വിധം നരകതുല്യമായ്

കാലമൊട്ടേറെക്കടന്നു പോയി.

രാജാവിന്മേല്‍ തന്നെ ചാര്‍ത്തിയിതിന്‍ കുറ്റം

കാരണമെന്തെന്നറിയാതവര്‍.


നല്ലവനാകും മഹാരാജനിവ്വിധം

മാനുഷദൃഷ്ടിയില്‍ ദുഷ്ടനായി.

രാജന്റെ ദുഷ്ടതയെങ്ങനെ മാറ്റിയെ-

ടുക്കുമെന്നായിയവര്‍ക്ക് ചിന്ത.


സത്യമെന്തെന്നറിയാതെ ഭൂവാസികള്‍

തെറ്റിദ്ധരിപ്പതു കണ്ട് മനം

നൊന്ത് രാജേശ്വരന്‍ സത്യമറിയിപ്പാന്‍

ദൂതരെയൊട്ടേറെ വിട്ടുനോക്കി.


ആരുമവര്‍ക്ക് ചെവി കൊടുക്കാതായി

എന്ന് കണ്ടേറ്റമൊടുവിലായി

സ്വര്‍ലോക രാജകുമാരനെഴുന്നെള്ളി

മാനുഷപൈതലായ് ഭൂതലത്തില്‍.


മാനുഷഭാഷയും ജീവിതരീതിയും

നന്നായ് പഠിച്ചു വളര്‍ന്നുവന്നു;

സ്വര്‍ഗരാജന്‍ സ്നേഹമൂര്‍ത്തിയത്രേയെന്ന

സദ്‌വാര്‍ത്ത ഭൂവാസികള്‍ക്ക്  നല്‍കി.


സ്നേഹത്തിന്‍ പര്യായമത്രേ മഹാരാജന്‍

തന്‍മനം മാറ്റാന്‍ ശ്രമിച്ചിടേണ്ട,

എങ്കിലോ രാജന്റെ മാതൃക പിന്‍പറ്റി

ശത്രുക്കളേയും സ്നേഹിച്ചിടേണം.


രാജനെ തെറ്റിദ്ധരിച്ചതു പോലവര്‍

തെറ്റിദ്ധരിച്ചു കുമാരനെയും;

ഇല്ലാത്ത കുറ്റമാരോപിച്ചവര്‍ ക്രുശി-

ലേറ്റി വധിച്ചതി ക്രൂരമായി.


അങ്ങനെ തന്നുടെ സന്ദര്‍ശനം മതി-

യാക്കി കുമാരന്‍ മടങ്ങിപ്പോയി.

രാജകുമാരന്‍ പ്രഘോഷിച്ച സദ്വാര്‍ത്ത-

യ്കെന്ന് മനുഷ്യര്‍ ചെവികൊടുക്കും? 


ജോണ്‍ കുന്നത്ത് 


Comments

jeebo said…
Dear John Sir

First of all I would like to Wish you a Very Happy Christmas.

I am Jeebo G Kulathumkal, Vakayar, Konni now in New Delhi.

I read and heard your song on Birth of Jesus Christ and would like to appreciate your effort on this.

I request you to write more like this. May God Bless You.


Jeebo G. Kulathumkal
Unknown said…
Bible in short form.
Wonderful presentation 🙂

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം