അനുഭവിച്ചീടുന്നോര്‍ക്കായി അനുഷ്ടിക്കുന്നീ കുര്‍ബാന
കുര്ബാനയ്ക്കൊടുവില്‍ ധാരാളം ആളുകള്‍ കുര്‍ബാന ഭക്ഷിക്കുവാന്‍ മുന്നോട്ടു വരുന്ന കാഴ്ച ഇന്ന് മിക്ക പള്ളികളിലും സാധാരണയാണ്. ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. മിക്കപ്പോഴും കുര്‍ബാന അര്‍പ്പിക്കുന്ന പുരോഹിതന്‍ മാത്രം കുര്‍ബാന ഭക്ഷിക്കുകയായിരുന്നു പതിവ്. വിരലില്‍ എണ്ണാവുന്ന കുറേപ്പേര്‍, മിക്കപ്പോഴും പ്രായമായ കുറെ സ്ത്രീകള്‍, കുര്‍ബാന ഭക്ഷിച്ചെന്നു വരും. ആഴ്ച തോറും കുര്‍ബാനയില്‍ സംബന്ധിച്ച് മടങ്ങുന്ന വിശ്വാസികള്‍ കുര്‍ബാന ഭക്ഷിക്കുന്നത് വര്‍ഷത്തില്‍ ഒരിക്കലാണ് -- പെസഹാ പെരുനാളില്‍. കുര്‍ബാന ഭക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് കരുതപ്പെട്ടിരുന്നില്ല എന്നതാണ് അതിന്റെ ഒരു കാരണം. "അനുഭവിച്ചീടുന്നോര്‍ക്കായി അനുഷ്ടിക്കുന്നീ കുര്‍ബാന" എന്ന ആശയം ഇന്നത്തെപ്പോലെ അന്ന് പ്രബലമായിരുന്നില്ല. കുര്‍ബാനയില്‍ സംബന്ധിച്ചിട്ടു ഭക്ഷിക്കാതെ പോയാല്‍ അത് ഒരു വിരുന്നു ഒരുക്കിയിട്ടു കഴിക്കാതെ പോകുന്നത് പോലെയാണ് എന്ന ആശയം ഇന്ന് ശക്തമായിട്ടുണ്ട്. മറ്റൊരു കാരണം പ്രായോഗിക ബുദ്ധിമുട്ടാണ്. കുര്‍ബാന ഭക്ഷിക്കുന്നതിനുള്ള ഒരുക്കമാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. അന്ന് രാവിലെ ...