മഹാബലി വീണ്ടും വരണം

 ഓണം ലോകമെങ്ങുമുള്ള എല്ലാ മലയാളികളും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഉത്സവമാണ്. എല്ലാവരും ഒന്നുപോലെ ആമോദത്തോടെ വസിച്ചിരുന്ന ഒരു കാലത്തെ അനുസ്മരിച്ചു കൊണ്ടാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.

ഇന്നുള്ള പോലെ സുഖസൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലത്താണ് മനുഷ്യര്‍ ആമോദത്തോടെ വസിച്ചിരുന്നത് എന്നോര്‍ക്കണം. സുഖസൌകര്യങ്ങളും സമ്പത്തുമൊന്നുമല്ല സന്തോഷത്തിന്‍റെ അടിസ്ഥാനം എന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു.
 
പിന്നെ എന്താണ് സന്തോഷത്തിന്‍റെ അടിസ്ഥാനം?

ഓണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ നാടന്‍ പാട്ടില്‍ പറയുന്നത് പോലെ

കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല

കള്ളത്തരം ഒട്ടുമില്ലാതെ സത്യസന്ധത അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം ഉണ്ടെങ്കിലെ സന്തോഷം ഉണ്ടാകൂ. എല്ലാവര്ക്കും എല്ലാവരെയും വിശ്വസിക്കാവുന്ന ഒരു സാഹചര്യത്തിലേ സന്തോഷം ഉണ്ടാവു. എല്ലാവരും എല്ലാവരെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്ന ഇടത്ത് എങ്ങനെ സന്തോഷവും സമാധാനവും ഉണ്ടാകാനാണ്.

സത്യസന്ധത എങ്ങനെ ജീവിതത്തിന്റെ അടിസ്ഥാനമാകും? ഒരു മാര്‍ഗമേയുള്ളൂ. മഹാബലി ഭരിക്കണം.

മഹത്തായ ബലി നടത്തുന്ന ആള്ലാണ് മഹാബലി. ഏറ്റവും മഹത്തായ ബലി ആത്മബലിയാണ്. സ്വയം ബലിയാകുന്നതിനേക്കാള്‍ മഹത്തായ ബലി മറ്റെന്തുണ്ട്?

സ്വയത്യാഗമുള്ളിടത്ത് സത്യസന്ധതയും സന്തോഷവും ഉണ്ടാകും. സ്വാര്‍ഥതയുള്ളിടത്ത് കള്ളത്തരവും വഞ്ചനയും ദുഖവും മാത്രമേ ഉണ്ടാവു.

അസത്യവും സ്വാര്‍ഥതയും കൊടികുത്തി വാഴുന്ന നമ്മുടെ നാട്ടില്‍ സത്യവും സന്തോഷവും സമാധാനവും വാഴുന്ന ഒരു പുതിയ വ്യവസ്ഥിതി ഉണ്ടാകണമെങ്കില്‍ അതിനു നമ്മളോരോരുത്തരും മുന്‍കൈ എടുക്കേണ്ടതുണ്ട്. എന്റെ ജീവിതം സത്യവും സന്തോഷവും സമാധാനവും ഉള്ളതായാല്‍ എന്റെ ചുറ്റുപാടുമുള്ളവരുടെ ജീവിതത്തിലേക്ക് അത് വ്യാപിക്കും. അല്പം യീസ്റ്റ് മാവിനെ മുഴുവന്‍ പുളിപ്പിക്കുന്നത് പോലെയുള്ള ഒരു പ്രക്രിയയാണ് ഇത്. ദൈവരാജ്യം ഇതുപോലെയാണ് എന്നു യേശു തമ്പുരാന്‍ അരുളിച്ചെയ്തതു ഈ അര്‍ഥത്തിലാകണം .


 

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം