മനസ്സിനും വേണം വ്യായാമം

2011 മാര്‍ച്ച് 6 -നു വൈകിട്ട് 4 മണിക്ക് ഹ്യൂസ്റ്റനില്‍ വച്ചു നടന്ന  മലയാളം  സൊസൈറ്റിയുടെ  സാഹിത്യ  സമ്മേളനത്തില്‍  അവതരിപ്പിച്ച  വിഷയം.

 ഡ്രൈവിംഗ് വശമില്ലാത്ത ഒരാള്‍ കാറോടിച്ചാല്‍ എങ്ങനെയിരിക്കും? അപകടം സുനിശ്ചിതം. എത്തേണ്ടിടത്ത്  എത്തുകയുമില്ല.  മനസ്സ്  എന്ന  കാറോടിച്ചാണ് മനുഷ്യന്‍ ജീവിതയാത്ര ചെയ്യുന്നത്. എന്നാല്‍ നമ്മുടെ  ഈ കാലഘട്ടത്തില്‍  ഭൂരിപക്ഷം പേര്‍ക്കും  ഈ കാര്‍ വേണ്ടപോലെ ഡ്രൈവ് ചെയ്യാന്‍ അറിഞ്ഞുകൂടാ എന്നുള്ളതാണ് സത്യം.  ഇന്നത്തെ വഴി പിഴച്ച വൈയക്തിക-സാമൂഹ്യ ജീവിതശൈലിയുടെ പ്രധാന കാരണം ഇതാണെന്ന് സംശയലേശമെന്യേ പറയാം. മനസെന്ന കാറിനെ അതിന്റെ വഴിക്ക് പോകാന്‍ വിടാതെ പൂര്‍ണമായ നിയന്ത്രണത്തിലാക്കി വേണ്ടപോലെ ഡ്രൈവ് ചെയ്യുവാന്‍ നമ്മെ കഴിവുള്ളവരാക്കുന്ന ഒരു പരിശീലന പരിപാടിയാണ് മെഡിറ്റെഷെന്‍.

ശരീരത്തിന്റെ സൌന്ദര്യത്തിനും ആരോഗ്യത്തിനും അമിത പ്രാധാന്യം നല്‍കി മനസിന്റെ സൌന്ദര്യത്തെയും ആരോഗ്യത്തെയും അവഗണിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ശരീരത്തെ ആരോഗ്യപൂര്‍വം സംരക്ഷിക്കേണ്ടത് അവശ്യം തന്നെ. ഒപ്പം മനസിനെയും ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിനു വ്യായാമം അത്യന്താപേക്ഷിതമായിരിക്കുന്നത് പോലെ മനസിന്റെ ആരോഗ്യത്തിനും വേണം വ്യായാമം. ശരീരത്തിനും മനസിനും ഒരുപോലെ വ്യായാമം നല്‍കുന്നതായിരുന്നു പൌരാണികഭാരതത്തില്‍ ഋഷിവര്യര്‍ വികസിപ്പിച്ചെടുത്ത യോഗവിദ്യ. എന്നാല്‍ ഇന്ന് യോഗ എന്ന പേരില്‍ ലോകമെങ്ങും പ്രചരിച്ചിരിക്കുന്നത് ശരീരത്തിന്റെ മാത്രം വ്യായാമമാണ്. ഈ അര്‍ത്ഥത്തിലേക്ക് യോഗം എന്ന വാക്ക് പരിമിതപ്പെട്ടുപോയതുകൊണ്ടാവാം മനസിന്റെ വ്യായാമത്തെക്കുറിക്കുന്നതിന്  മെഡിറ്റെഷെന്‍ എന്ന വാക്ക് പ്രചാരത്തിലായത്.

വിചാരം, വികാരം, തീരുമാനശക്തി എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യമനസ്സ്.  ഇവയെ കോര്‍ത്തിണക്കി വേണ്ടപോലെ ഉപയോഗിക്കുനതിനു ഇവയെല്ലാം നമ്മുടെ നിയന്ത്രണത്തിലാകണം. അപകടകരമായ വഴികളിലൂടെ പലപ്പോഴും നമ്മെ തള്ളിവിടുന്നത് ഭയം, നിരാശ, കോപം, തുടങ്ങിയ തമോവികാരങ്ങളാണ്. ഇത്തരം വികാരങ്ങളുടെ പിടിയില്‍ നിന്ന് മോചനം നേടാതെ ജീവിതം വിജയകരമാവില്ല. നമ്മുടെ അറിവോ അനുമതിയോ ഇല്ലാതെ മനസ്സിലൂടെ നിരന്തരം കയറിയിറങ്ങുന്ന വിചാരങ്ങളെ നിയന്ത്രണത്തിലാക്കുന്നതുവഴി വികാരങ്ങളെയും നമുക്ക് നിയന്ത്രണത്തിലാക്കാം. തല്‍ഫലമായി വേണ്ട കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുവാനും വേണ്ടതുപോലെയുള്ള തീരുമാനങ്ങള്‍ എടുക്കുവാനും നാം പ്രാപ്തരാകുന്നു.

വെറും പത്തു മിനിട്ട് കൊണ്ടും ചെയ്യാവുന്ന ലളിതമായ ഒരു പരിശീലന പരിപാടി പതിവാക്കിയാല്‍ മനസ്സ് ക്രമേണ നമ്മുടെ നിയന്ത്രണത്തിലാകും. ഞാന്‍ സാധാരണ ചെയ്യുന്നത് താഴെക്കാണുന്ന അഞ്ചു കാര്യങ്ങളാണ്.
  1. മാംസപേശികള്‍ വലിച്ചുനീട്ടുക. (stretch )
  2. മാംസപേശികള്‍ അയവാക്കുക. (relax )
  3. പഞ്ചേന്ദ്രിയങ്ങളെ സജീവമാക്കുക.
  4. തലച്ചോറിന്റെ ഇടതു-വലതു ഭാഗങ്ങളെ ഏകോപിപ്പിക്കുക.
  5. ബോധമണ്ഡലത്തെ സ്വതന്ത്രമാക്കുക
മാംസപേശികളെ വലിച്ചുനീട്ടുമ്പോഴും അയവാക്കുമ്പോഴും ദേഹമാസകലം വ്യാപിച്ചു കിടക്കുന്ന നാടീഞരമ്പുകളെയും അവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെയും നാം സജീവമാക്കുന്നു. ഓരോ ഇന്ദ്രിയത്തെയും മാറി മാറി സജീവമാക്കുമ്പോള്‍  അവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെയും നാം സജീവമാക്കുന്നു. നാസാദ്വാരങ്ങളിലൂടെ മാറി മാറി ശ്വാസോച്ച്വാസം ചെയ്യുമ്പോള്‍ തലച്ചോറിന്റെ ഇരുഭാഗങ്ങളെയും എകോപിപ്പിക്കുകയാണ് നാം ചെയ്യുന്നത്. നമ്മുടെ ബോധമണ്ഡലത്തില്‍ മാത്രം ശ്രദ്ധയൂന്നിക്കൊണ്ട് അല്‍പസമയം ചെലവഴിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്ന വികാരവിചാരങ്ങളില്‍ നിന്ന് നാം സ്വതന്ത്രരാകുന്നു.

ഈ അഞ്ചു കാര്യങ്ങള്‍ എത്രയും ചുരുക്കി 10 മിനിട്ട് കൊണ്ട് വേണമെങ്കില്‍  ചെയ്യാം.  സമയമുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ടും ചെയ്യാം. ശരീരത്തിന്റെ വ്യായാമത്തിന് ക്രമേണ ഫലം കാണുന്നത് പോലെ മനസ്സിന്റെ വ്യായാമത്തിനും ക്രമേണ ഫലമുണ്ടാകും. പെട്ടന്നുള്ള ഒരു മാറ്റവും പ്രതീക്ഷിച്ചുകൂടാ.  

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം