എന്‍റെ പുസ്തകങ്ങളും ജീവിതവീക്ഷണവും

ഞാന്‍ ഈയിടെ ചില പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി.   An Orientation to our Life, A God with a Wider Heart, An Adventure Trip with God എന്നിവയാണ്  അവ.   എന്തിന് വേണ്ടിയാണു ഞാന്‍ ഇവ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ഇവിടെ ചുരുക്കി പറയാം.

ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ഞാന്‍ ഇവ എഴുതിയിരിക്കുന്നത്. അവര്‍ നേരിടുന്ന അതിഗുരുതരമായ ചില അസ്തിത്വ പ്രശ്നങ്ങളെ അതിജീവിച്ചു  ശക്തമായ ഒരു അടിത്തറയിന്മേല്‍ അര്‍ത്ഥവത്തായ ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍ അവരെ സഹായിക്കുകയാണ് ഈ പുസ്തകങ്ങളുടെ ഉദ്ദേശം. ഈ പ്രസ്താവന ഞാന്‍ കുറേക്കൂടി വിശദമാക്കാം.

ഒരു ജീവിതവീക്ഷണത്തെ  അസിസ്ഥാനമാക്കി അതിന്റെ പുറത്താണ് നമ്മള്‍ ജീവിതം കെട്ടിപ്പടുക്കുന്നത്.  നമ്മുടെ ഭാഷ, സംസ്കാരം എന്നിവയെപ്പോലെ പരമ്പരാഗതമായി നമുക്ക് ലഭിക്കുന്നതാണ് നമ്മുടെ ജീവിതവീക്ഷണവും. ജീവിതത്തെ സംബന്ധിക്കുന്ന  അടിസ്ഥാന ചോദ്യങ്ങള്‍ക്ക് നമ്മുടെ ജീവിതവീക്ഷണം ഉത്തരം നല്‍കുന്നു.
  • നമ്മള്‍ ആരാണ്?
  • നമ്മള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
  • ലോകത്തോട്‌ നം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
  • പരമമായ യാഥാര്‍ധ്യത്തോട് നാം എങ്ങനെ ബന്ധപ്പെട്ടിടിക്കുന്നു?
  • നമ്മള്‍ ജീവിക്കുന്നത് എന്തിന് വേണ്ടിയാണ്?
ഇത്തരം ചോദ്യങ്ങള്‍ക്ക് നാം  നല്‍കുന്ന  ഉത്തരങ്ങളുടെ  ആകത്തുകയാണ് നമ്മുടെ ജീവിതവീക്ഷണം. ഒരു ജീവിതവീക്ഷണവും അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതരീതിയും ചേരുമ്പോള്‍ അതിനെ ഒരു സംസ്കാരം എന്നോ മതം എന്നോ  സന്ദര്‍ഭോചിതമായി  വിളിക്കാറുണ്ട്.

ഒരു ഭാഷയെപ്പോലെ  ചലനാത്മകവും  പരിണാമവിധേയവുമാണ്‌   ജീവിതവീക്ഷണവും.  പിറന്നുവീഴുന്ന കുട്ടിക്ക് ആദ്യ നാളുകളില്‍ ചെവിയില്‍ പതിക്കുന്ന ഭാഷ മാതൃഭാഷയായി ഭവിക്കുന്നത് പോലെ ആദ്യം സ്വായത്തമാക്കുന്ന ജീവിതവീക്ഷണം മാതൃജീവിതവീക്ഷണമായി ഭവിക്കുന്നു. മാതൃഭാഷ കൂടാതെ പല ഭാഷകളും നമുക്ക് പഠിക്കാന്‍ കഴിയുന്ന പോലെ മാതൃജീവിതവീക്ഷണം കൂടാതെ ഒട്ടേറെ ജീവിതവീക്ഷണങ്ങള്‍ നാം സ്വന്തമാക്കി  എന്നു വരും. ശ്വാസോച്ച്വാസം പോലെ അനായാസമായി നാം മാതൃഭാഷ ഉപയോഗിക്കുന്നത് പോലെ നമ്മുടെ മാതൃജീവിതവീക്ഷണവും നമുക്ക് അനായാസമാവുന്നു. തുടര്‍ന്ന് പഠിക്കുന്ന  ഭാഷകള്‍  മാതൃഭാഷക്കു സമാനമായി തീരാത്തത് പോലെ നാം പിന്നീട്   സ്വായത്തമാക്കുന്ന ജീവിതവീക്ഷണങ്ങള്‍ നമ്മുടെ മാതൃജീവിതവീക്ഷണത്തിന് സമാനമാവുകയില്ല.

ബാല്യത്തില്‍ നിന്ന് യവ്വനത്തിലേക്ക് കാലൂന്നുന്ന ഒരാള്‍ക്ക്‌ ജീവിതം നിരവധി വെല്ലുവിളികള്‍ നിരത്തി വയ്ക്കുന്നു. ഒരു ജീവിതമാര്‍ഗം കണ്ടെത്തണം, ഒരു ജീവിതസഖിയെ കണ്ടെത്തണം എന്നിവ കൂടാതെ ജീവിതത്തിനു അടിസ്ഥാനമായി ഒരു ജീവിതവീക്ഷണവും   കണ്ടെത്തണം.  ബാല്യം കടന്നു കഴിയുമ്പോഴാണ്  മാതൃജീവിതവീക്ഷണം കൂടാതെ ഒട്ടനവധി ജീവിതവീക്ഷണങ്ങള്‍ ചുറ്റുപാടുമുണ്ടെന്നു  മിക്കവര്‍ക്കും  ബോധ്യപ്പെടുന്നത്. വ്യത്യസ്തമായ ഈ ജീവിതവീക്ഷണങ്ങള്‍ പലപ്പോഴും പല കാര്യങ്ങളിലും പരസ്പരവിരുദ്ധമായി കാണപ്പെടും. അതുകൊണ്ട് ഒന്ന് തെരഞ്ഞെടുത്താല്‍ മറ്റൊന്ന് നിരാകരിക്കേണ്ടതായി വരും. ഈ വ്യത്യസ്തതകളുടെ ഇടയില്‍ കൂടി ഒരു ജീവിതപാത കണ്ടെത്തി മുന്നോട്ട് നീങ്ങുന്നത്‌ ആര്‍ക്കും അത്ര  എളുപ്പമാണെന്ന് തോന്നുന്നില്ല.

ഓര്‍ത്തോഡോക്സ് ക്രൈസ്തവ ജീവിതവീക്ഷണം ആണ് എന്‍റെ മാതൃജീവിതവീക്ഷണം. പതിവായ കുടുംബപ്രാര്‍ത്ഥനയും ദേവാലയത്തിലെ ആരാധനയും മതാഭ്യസനവും  എന്‍റെ മാതൃജീവിതവീക്ഷണത്തെ വെള്ളമൊഴിച്ച് വളര്‍ത്തി. ചുറ്റുപാടുമുള്ള മറ്റു ജീവിതവീക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം സ്കൂളില്‍ പോയി തുടങ്ങിയപ്പോള്‍ തന്നെ എന്നില്‍ വളര്‍ന്നു വന്നു. എന്‍റെ അധ്യാപകരുടെയും സഹപാഠികളുടെയും കൂട്ടത്തില്‍ ഹിന്ദു മതത്തിലും  ഇസ്ലാം മതത്തിലും പെട്ടവര്‍ ഉണ്ടായിരുന്നു. ക്രൈസ്തവ മതത്തിനുള്ളില്‍ തന്നെ വിവിധ ജീവിതവീക്ഷണങ്ങള്‍ ഉണ്ടെന്നു  താമസിയാതെ  ഞാന്‍ മനസിലാക്കി. വീട്ടില്‍ വല്ലപ്പോഴും വന്നു പ്രാര്‍ത്ഥിച്ചു  പോകാറുള്ള  പെന്തെക്കൊസ്റ്റ് സഭയില്‍  പെട്ട ഒരു പാസ്ടര്‍, എവിടെയെങ്കിലുമൊക്കെ വച്ച് കാണാറുള്ള കത്തോലിക്ക സഭയിലെ ഒരു കപ്പുച്ചിന്‍ ‍‍ ഫാദര്‍ എന്നിവര്‍ ഈ ബോധ്യം എന്നില്‍ വളര്‍ത്തി.  ഹൈസ്കൂളിലായപ്പോഴേക്കും അന്നത്തെ ശാസ്ത്രത്തിന്റെ അടിത്തറയായിരുന്ന ഭൌതിക ജീവിതവീക്ഷണവുമായി ഞാന്‍ പരിചയപ്പെടാന്‍ തുടങ്ങിയിരുന്നു. ജീവിതത്തെ സംബധിച്ച് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെട്ട വിവിധ ജീവിതവീക്ഷണങ്ങള്‍ വ്യത്യസ്തമായ ഉത്തരങ്ങളാണ് നല്‍കിയത്. പല ജീവിതവീക്ഷണങ്ങളും എന്‍റെ മാതൃജീവിതവീക്ഷണത്തെക്കാള്‍   അഭികാമ്യമായി പലപ്പോഴും തോന്നി. പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരങ്ങള്‍ എവിടെയും ലഭിച്ചില്ല. വളരെയേറെ മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടി വന്ന ആ നാളുകളില്‍ സുബോധം നഷ്ടപ്പെടാതെ മുന്നോട്ടു തന്നെ ജീവിതയാത്ര തുടരാന്‍ സാധിച്ചത് ഒരു ഭാഗ്യവും ദൈവാനുഗ്രഹവും ഒക്കെ ആയി ഞാന്‍ കരുതുന്നു.

ജീവിതത്തെ സംബന്ധിക്കുന്ന സത്യം തേടിയുള്ള എന്‍റെ യാത്രയുടെ ഭാഗമായാണ് ഞാന്‍ പുസ്തകരചനയില്‍ ഏര്‍പ്പെട്ടത്. മിക്കവര്‍ക്കും വളരുന്ന പ്രായത്തില്‍  ജീവിതവീക്ഷണങ്ങളുടെ   വൈവിധ്യം മാനസിക സംഘര്‍ഷം ഉണ്ടാകുമെന്ന് ഞാന്‍ മനസിലാക്കുന്നു. അങ്ങനെയുണ്ടാകുന്ന മാനസിക സംഘര്‍ഷം ഇല്ലാതാക്കുന്നതിനോ ഗണ്യമായി കുറയ്ക്കുന്നതിനോ ഈ  പുസ്തകങ്ങള്‍ സഹായിക്കും. വിവിധ ജീവിതവീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ആശങ്കാകുലരാകാതെ അവയ്ക്ക് അതീതമായ  ഒരു വീക്ഷണകോണിലൂടെ ജീവിതത്തെ കാണുവാന്‍ ഈ പുസ്തകങ്ങള്‍ സഹായിക്കും. ഒരാള്‍ക്കു  മതവീക്ഷണവും ശാസ്ത്രവീക്ഷണവും ഒരുപോലെ സ്വീകാര്യമാകുന്നത് എങ്ങനെയെന്നു ഈ പുസ്തകങ്ങളില്‍ കാണാം. ഒന്നിനെ സ്വീകരിക്കുമ്പോള്‍ മറ്റതിനെ നിരസിക്കേണ്ടതില്ല. അതുപോലെ മറ്റു മതവീക്ഷണങ്ങളെ നിരസിക്കുകയോ  എതിര്‍ക്കുകയോ  ചെയ്യാതെ എങ്ങനെ ഒരു ക്രൈസ്തവന്‍   ആയിരിക്കാം എന്നും  ഈ പുസ്തകങ്ങളില്‍ വായിക്കാം. നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായ ജീവിതവീക്ഷണങ്ങള്‍ ജീവിതത്തിനു അടിസ്ഥാനമായി   സ്വീകരിച്ചിരിക്കുന്ന നമ്മുടെ സഹപ്രവര്‍ത്തകരോടും അയല്‍ക്കാരോടും ചേര്‍ന്ന് സൌഹാര്‍ദപൂര്‍വ്വം ജീവിക്കുന്നതെങ്ങനെ എന്നും ഈ പുസ്തകങ്ങളില്‍ വായിക്കാം.
 ഈ പുസ്തകങ്ങളെക്കുറിച്ച് ഇവിടെ കൂടുതല്‍ വായിച്ചറിയാം.

നിങ്ങളുടെ സ്നേഹിതരും പരിചയക്കാരുമായ യുവതീയുവാക്കള്‍ക്ക് ഈ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുവാന്‍ ഞാന്‍ സ്നേഹപൂര്‍വ്വം താങ്കളോട് അഭ്യര്‍ഥിക്കുന്നു. ജന്മദിനത്തിനും വിവാഹത്തിനും മറ്റും നല്ലൊരു സമ്മാനമായിരിക്കും ഈ പുസ്തകങ്ങള്‍. നിങ്ങള്‍ അംഗമായിരിക്കുന്ന ദേവാലയത്തിലെ ലൈബ്രറിയില്‍ ഇവയുടെ ഓരോ കോപ്പികള്‍ വാങ്ങി വയ്ക്കുവാന്‍ മുന്‍കൈ എടുക്കുമല്ലോ.

ഒരു കോപ്പിക്ക് ഇപ്പോള്‍ വെറും $5 .50 മാത്രമാണ് വില.  ഇത് ഒരു പുസ്തകം പ്രിന്റ്‌ ചെയ്യുന്നതിന്റെ ചെലവു മാത്രമാണ്. ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍  യാതൊരു  സാമ്പത്തിക നേട്ടവും വേണ്ടെന്നു വച്ചതുകൊണ്ടാണ്  ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍  കഴിഞ്ഞിട്ടുള്ളത്.    പത്ത് കോപ്പികള്‍ ഒരുമിച്ചു വാങ്ങുവാന്‍ നിങ്ങള്‍ താല്പര്യപ്പെടുന്നെങ്കില്‍  വില അല്പം  കൂടി കുറച്ചു ലഭ്യമാക്കുവാന്‍   വേണ്ട  ഏര്‍പ്പാട് ചെയ്യുവാന്‍ എനിക്ക് സാധിക്കും. എന്‍റെ പേര്‍ക്ക് എഴുതുക.
    
സ്നേഹപൂര്‍വ്വം,

    ജോണ്‍   കുന്നത്ത്

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?