ജീവിതവീക്ഷണം പങ്കു വയ്ക്കുവാന്‍ ഒരു വേദി

നമ്മള്‍ ജീവിതയാത്ര ചെയ്യുന്നത് നമ്മുടെ  ജീവിതവീക്ഷണത്തെ   അടിസ്ഥാനമാക്കിയാണ്. നമ്മളെല്ലാം  ഒരു  നാട്ടില്‍  നിന്നുള്ളവരും ഒരു ഭാഷ സംസാരിക്കുന്നവരും  ആണെങ്കിലും  നമ്മുടെ ജീവിതവീക്ഷണം ഒരുപോലെയല്ല.
കുറെ അന്ധന്മാര്‍ ആനയെ കാണാന്‍ പോയ കഥയില്‍, അവരെല്ലാം ഒരേ ആനയെയാണ്‌ കണ്ടതെങ്കിലും  ആനയെക്കുറിച്ചുള്ള അവരുടെ വീക്ഷണം വ്യത്യസ്തമായിരുന്നു.  ഒരാള്‍  ആന  ഒരു  തൂണ്  പോലെയാണെന്നും, മറ്റൊരാള്‍ ചൂല് പോലെയാണെന്നും, മൂന്നാമതൊരാള്‍ ഒരു പത്തായം  പോലെയാണെന്നും  അഭിപ്രായപ്പെട്ടു. അവരവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു ഓരോരുത്തരുടെയും നിഗമനം.

അന്ധന്മാരുടെ മുമ്പില്‍ ആനയെന്ന പോലെയാണ് നമ്മുടെ മുമ്പില്‍ ജീവിതം  എന്ന മഹാരഹസ്യം. പരിമിതമായ  ജീവിതാനുഭവങ്ങളുടെ  വെളിച്ചത്തില്‍  വ്യക്തികളും സമൂഹങ്ങളും അവരവരുടേതായ ജീവിതവീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നു.  നമ്മുടെയൊക്കെ ജീവിതവീക്ഷണത്തില്‍ സമാനമായി പലതുമുണ്ടാകാം. എങ്കിലും വൈവിധ്യങ്ങള്‍ നിരവധിയാണ്. നമ്മുടെ ജീവിതവീക്ഷണത്തിലെ സമാനതകളും വൈവിധ്യങ്ങളും പരസ്പരം മനസ്സിലാക്കിയെങ്കിലേ നമുക്ക് ഒന്നിച്ചു ജീവിക്കാന്‍ സാധിക്കൂ. എന്‍റെ ജീവിതവീക്ഷണം എന്‍റെ ഉള്ളില്‍ തന്നെയിരുന്നാല്‍  മറ്റുള്ളവര്‍ക്ക് എന്നെ മനസ്സിലാക്കാനോ എന്നോട് ചേര്‍ന്ന് ജീവിക്കാനോ പ്രയാസമാവും.

ഏതാണ്ട് പതിനായിരം മലയാളികള്‍ ഉണ്ടാവും ഹ്യുസ്റനിലെ മലയാളി സമൂഹത്തില്‍. വിവിധ മത വിഭാഗങ്ങളായാണ് ഈ സമൂഹം നില നില്‍ക്കുന്നത്. ഓരോ മതവിഭാഗവും മറ്റു വിഭാഗങ്ങളുമായി കാര്യമായി ബന്ധപ്പെടാതെ കഴിയുന്നു. ഓരോ വിഭാഗത്തിനും അതിന്റേതായ ജീവിതവീക്ഷണം ഉണ്ട്. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്ക് പരസ്പരം കാര്യമായ ആശയവിനിമയം ഒന്നും തന്നെയില്ല.

ഈ സാഹചര്യത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് അവരുടെ ജീവിതവീക്ഷണം പരസ്പരം പങ്കു വയ്ക്കുവാന്‍ ഒരു വേദി ഒരുക്കുവാന്‍ ഹ്യുസ്റന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റിക്ക് കഴിയുന്നത്‌ പോലെ  ഇവിടെയുള്ള  മറ്റേതെങ്കിലും പ്രസ്ഥാനത്തിന് ഇപ്പോള്‍ കഴിയുമെന്ന് തോന്നുന്നില്ല. ജീവിതവീക്ഷണം പരസ്പരം അറിയിക്കാനും മനസ്സിലാക്കാനുമുള്ള ഒരു വേദിയാണ് മലയാളം സൊസൈറ്റി. ഇതില്‍ പങ്കെടുക്കുന്നവര്‍ ‍വിവിധ ജീവിത വീക്ഷണമുളളവരാണ്. അവരവരുടെ ജീവിതവീക്ഷണം മറ്റുള്ളവരെ അറിയിക്കാന്‍ സന്മനസ്സു കാണിക്കുന്നത് പോലെ മറ്റുള്ളവരുടെ ജീവിതവീക്ഷണം മനസ്സിലാക്കാനും അവര്‍ സന്മനസ്സു കാണിക്കുന്നു

വിവിധ മതവിഭാഗങ്ങളുടെ നേതാക്കന്മാരെ ഒരേ വേദിയില്‍  വിളിച്ചുവരുത്തി ജീവിതത്തെ സംബന്ധിക്കുന്ന  വിഷയങ്ങളെക്കുറിച്ചുള്ള സിമ്പോസിയം നടത്തുന്നത് നന്നായിരിക്കും. ഇത് ഈ സമൂഹത്തിലെ സാംസ്കാരിക നേതാക്കന്മാര്‍ക്ക് ഒന്നിച്ചു കാണുവാനും ജീവിതവീക്ഷണം പങ്കു വയ്ക്കാനുമുള്ള സുവര്‍ണാവസരമായിരിക്കും.
മനുഷ്യജീവിതത്തെ  സംബന്ധിക്കുന്ന പൊതുവായ വിഷയങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. തുടക്കത്തില്‍ ലളിതമായ വിഷയങ്ങള്‍ മതിയാവും. ഉദാഹരണമായി:
  1. ഒരു നല്ല മനുഷ്യന്‍ എന്ന് വച്ചാല്‍ എന്താണ്?
  2. ഒരു നല്ല കുടുംബം എന്ന് വച്ചാല്‍ എന്താണ്?
  3. ഒരു നല്ല പ്രവര്‍ത്തി എന്ന് വച്ചാല്‍ എന്താണ്?
  4. സമാധാനം എന്ന് വച്ചാല്‍ എന്താണ്?  
ഇതുപോലെ വിവാദപരമല്ലാത്ത പൊതുവായ വിഷയങ്ങളെക്കുറിച്ചുള്ള  ചര്‍ച്ച  പരസ്പരം  മനസ്സിലാക്കുന്നതിനും  ഒന്നിച്ചു പല നല്ല കാര്യങ്ങള്‍  ചെയ്യുന്നതിനും  സഹായിക്കും.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?