ധ്യാനം -- എന്ത്? എന്തിന്? എങ്ങനെ?
കോട്ടയം സീനിയർ സിറ്റിസൺ ഫോറത്തിന്റെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രഭാഷണം. Sep 22, 2023 ധ്യാനം (meditation) എന്ന പദത്തിന് രണ്ട് വ്യത്യസ്ത അര്‍ഥങ്ങള്‍ നിലവിലുണ്ട്: 1. എന്തിനെക്കുറിച്ചെങ്കിലും ആഴമായി ചിന്തിക്കുക എന്നൊരു അര്‍ഥമുണ്ട്. 2. ഒന്നും ചിന്തിക്കാതെ മനസിനെ ചിന്താവിമുക്തമാക്കുക എന്നൊരു അര്‍ത്ഥവും ആ പദത്തിനുണ്ട്. ഈ രണ്ട് അര്‍ഥങ്ങള്‍ പ്രത്യക്ഷത്തില്‍ വിപരീതങ്ങള്‍ ആണെങ്കിലും, അവ തമ്മില്‍ ഒരു ബന്ധമുണ്ട്. ആദ്യത്തെ ധ്യാനത്തിന് രണ്ടാമത്തെ ധ്യാനം സഹായിക്കും. അതായത് മനസ് ചിന്താവിമുക്തമാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ ഒരു വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനുള്ള കഴിവ് നമുക്കുണ്ടാകും. ഈ രണ്ടാമത്തെ അര്‍ത്ഥത്തിലുള്ള ധ്യാനമാണ് ഇവിടെ നമ്മുടെ ചിന്താവിഷയം. എന്താണ് ധ്യാനം? ക്രിസ്തുവിനും മുമ്പ് രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന പതഞ്‌ജലി മഹര്‍ഷി അതിനെ നിര്‍വചിച്ചത് ചിത്തവൃത്തി നിരോധം എന്നാണ്. അതായത് മനസിനെ അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തമാക്കുക. ചിന്തകളും അവയെ അടിസ്ഥാനമാക്കിയുള്ള ആഗ്രഹങ്ങളും വികാരങ്ങളും ആണ് മനസിന്‍റെ പ്രവര്‍ത്തനങ്ങള്‍ . ഉറങ്ങുന്നതും ഉണര്‍ന്നിരിക്കുന്നതും മനസിന്‍റെ രണ്ട് അവസ്...