വിശ്വദീപം മഹാകാവ്യം
സുഹൃത്തുക്കളെ, ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പേര് വിശ്വദീപം. ഇതൊരു മഹാകാവ്യമാണ്. എഴുത്തുകാരൻ പുത്തൻകാവ് മാത്തൻ തരകൻ. 1965 ൽ കേരള സാഹിത്യ അക്കാദമിയുടെ സാമ്പത്തിക സഹായത്തോടുകൂടി പത്തനംതിട്ട കലാ മന്ദിരം പ്രസ്സിൽ അടിക്കുകയും ഏഷ്യൻ ബുക്ക് സ്റ്റോൾ പ്രസാധനം ചെയ്യുകയും ചെയ്തു. ഏതാണ്ട് 600 പേജുള്ള ഈ പുസ്തകത്തിന്റെ വില 10 രൂപ. അന്നത്തെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു. ആ സമയത്ത് കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ ആയിരുന്ന പുത്തേഴത്ത് രാമൻ മേനോൻ അവതാരിക എഴുതിയിരിക്കുന്നു. ഈ പുസ്തകം ഒന്ന് കാണാൻ ആഗ്രഹിച്ച് കോട്ടയം പബ്ലിക് ലൈബ്രറിയിൽ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ഇക്കാര്യം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അത് കണ്ട് ഫാദർ ജോൺ തോമസ് കരിങ്ങാട്ടിൽ പഴയസെമിനാരി ലൈബ്രറിയിൽ നിന്ന് അത് കണ്ടുപിടിച്ച് എനിക്ക് തരികയുണ്ടായി. അദ്ദേഹത്തിന്റെ സന്മനസ്സിന് പ്രത്യേകം നന്ദി. മുപ്പത്തിയഞ്ചോളം പുസ്തകങ്ങളുടെ കർത്താവായ പുത്തൻകാവ് മാത്തൻ തരകൻ ചെങ്ങന്നൂരിനടുത്തുള്ള പുത്തൻകാവിൽ 1903-ൽ ജനിച്ചു. സ്കൂൾ ഫൈനൽ വരെയായിരുന്നു...