അറിവിനെ അറിയാം
അറിവിനെക്കുറിച്ചുള്ള അറിവ് , അതാണ് നമ്മുടെ ചിന്താവിഷയം . ജീവശാസ്ത്രം , സാമ്പത്തികശാസ്ത്രം , മനശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകള്‍ നമുക്ക് പരിചിതമാണ് . എന്നാല്‍ അറിവുശാസ്ത്രം അഥവാ ജ്ഞാനശാസ്ത്രം എന്നൊരു വിജ്ഞാനശാഖയെപ്പറ്റി നമ്മില്‍ മിക്കവരും കേട്ടിരിക്കാനിടയില്ല . ജീവികളെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും മനസ്സിനെക്കുറിച്ചും മറ്റും നമുക്ക് അറിവ് നേടാം , എന്നാല്‍ അറിവിനെക്കുറിച്ച് അറിവ് നേടാനാകുമോ എന്ന് നാം അതിശയിക്കും . Epistemology എന്ന പേരില്‍ ഫിലോസഫിയില്‍ ഒരു പഠനവിഭാഗമുണ്ട് . Episteme എന്ന ഗ്രീക്ക് വാക്കിന് അറിവ് എന്നാണര്‍ത്ഥം . Epistemology എന്നാല്‍ അറിവിനെക്കുറിച്ചുള്ള പഠനം എന്നര്‍ത്ഥം . Cognitive psychology എന്ന ഒരു മനശാസ്ത്രവിഭാഗം ഉണ്ട് . മനസ്സ് കൊണ്ടാണല്ലോ നാം അറിവ് നേടുന്നത് . അതുകൊണ്ട് മനസിനെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി അറിവിനെക്കുറിച്ചുള്ള പഠനവും ഉള്‍പ്പെടുത്തിയിരിക്കുന്നു . Psychology യും Philosophy യും പഠിക്കുന്നവര്‍ക്ക് മാത്രമല്ല , എല്ലാവര്‍ക്കും അറിവിനെക്കുറിച്ച് കുറച്ച് അറിവുണ്ടാകുന്നത് നല്ലതാണ് . എന്താണ് അറിവ് ? ആരാണ് അറിവ് നേടുന്നത് ? നാം അറിവ് നേടുന്നത് എന്...