ഭിന്നശേഷി ക്രിസ്തുവിന്‍റെ കാഴ്ചപ്പാടില്‍
(2015 ഒക്ടോബര്‍ മാസത്തിലെ ജോര്‍ജിയന്‍ മിററില്‍ പ്രസിദ്ധീകരിച്ചത്) യേശുതമ്പുരാന്‍ യെരൂശലേം ദൈവാലയം ശുദ്ധീകരിച്ച കഥ നമുക്ക് പരിചിതമാണ് . അത്തിവൃക്ഷത്തില്‍ ഫലം കാണും എന്ന് പ്രതീക്ഷിച്ചപോലെ , യെരുശലേം ദേവാലയം ദൈവം വസിക്കുന്ന ആലയമാണെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് അവിടെ ചെല്ലുന്നത് . എന്നാല്‍ അതിനുള്ളില്‍ ദൈവമല്ല , കള്ളന്മാരാണ് എന്ന സത്യം അതിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് നോക്കിയപ്പോഴാണ് ദൃശ്യമായത് . പുറമെ നിന്നു നോക്കിയാല്‍ ആടുകള്‍ക്ക് സുരക്ഷിതമായി വിശ്രമിക്കുവാനുള്ള ആട്ടിന്‍തൊഴുത്ത് , എന്നാല്‍ അകത്തുകയറി സൂക്ഷിച്ചു നോക്കിയാല്‍ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ച : ഇടയവേഷത്തില്‍ അവിടെ നില്‍ക്കുന്നത് ചെന്നായ്ക്കളാണ് . ജനത്തിന് ആശ്വാസമേകാന്‍ കടപ്പെട്ട മതനേതാക്കള്‍ ജനത്തെ വല്ലാതെ വിഷമിപ്പിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ദുഖകരമായ കാഴചയാണ് യേശുതമ്പുരാന്‍ കണ്ടത് . യേശുതമ്പുരാന്‍ അവിടെ നിന്നു വില്‍ക്കുന്നവരെയും വാങ്ങുന്നവരെയുമെല്ലാം പുറത്താക്കി . അങ്ങനെ കള്ളന്മാരുടെ ഗുഹയില്‍ നിന്ന് യേശുതമ്പുരാന്‍ കള്ളന്മാരെയൊക്കെ പുറത്താക്കി അതിനെ വീണ്ടും ദേവാലയമാക്കി മാറ്റിയപ്പോള്‍ മുടന്തരും കുരുടരും ദേവാലയ...