ലോകം ഒരു ദേവാലയം
ആരാധിക്കുന്നത് ആര്? ആരാധിക്കുന്നത് എവിടെ? ഈ ചോദ്യങ്ങളുടെ ഉത്തരം തേടി നമുക്ക് നൂറ്റിനാല്‍പ്പത്തിഎട്ടാം സങ്കീര്‍ത്തനത്തിലേക്ക് പോകാം. (ആ സങ്കീര്‍ത്തനം ഒന്നു വായിച്ച ശേഷം തുടര്‍ന്നു വായിക്കുന്നത് നന്നായിരിക്കും) യെരൂശലേം ദേവാലയത്തിലെ ആരാധനാവേളയില്‍ ആലപിച്ചിരുന്ന ഒരു ഗാനമായിരിക്കണം ഇത്. ലോകത്തിന്‍റെ എല്ലാ തലങ്ങളിലും നിലനില്‍ക്കുന്ന എല്ലാറ്റിനോടും സര്‍വേശ്വരനെ മഹത്വപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്യുകയാണ് ഇതില്‍. ഈ പ്രാപഞ്ചിക ആരാധനാസമൂഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍: സ്വര്‍ഗത്തിലെ ദൂതന്മാര്‍, ആകാശത്തിന് മീതെയുള്ള ജലരാശി, ആകാശത്തിലുള്ള സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും. ആകാശം വിട്ടു താഴേക്കു വരുമ്പോള്‍ അഗ്നിയും, കന്മഴയും, മഞ്ഞും, മേഘവും, കാറ്റും പര്‍വതങ്ങളും, ജീവജാലങ്ങളും. ജീവജാലങ്ങളില്‍ വൃക്ഷങ്ങളും മൃഗങ്ങളും ഉണ്ട്. വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഫലവൃക്ഷങ്ങളും ദേവദാരുക്കളും. മൃഗങ്ങളുടെ കൂട്ടത്തില്‍ കടല്‍ ജീവികള്‍, കാട്ടുമൃഗങ്ങള്‍, നാട്ടുമൃഗങ്ങള്‍, ഇഴജന്തുക്കള്‍, പറവകള്‍, മനുഷ്യര്‍. മനുഷ്യരുടെ കൂട്ടത്തില്‍ രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, ന്യായാധിപന്മാര്‍, എന്നീ നേതാക്കളുണ്ട്. മനുഷ്യരില്‍...