അഭിപ്രായസ്വാതന്ത്ര്യവും അഭിപ്രായസമന്വയവും
മനുഷ്യന് സ്വാതന്ത്ര്യമുള്ളിടത്ത് അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടാകും. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തയിടത്ത് അടിമത്തമാണ് ഉള്ളത്. അഭിപ്രായസ്വാതന്ത്ര്യം ഉള്ള മനുഷ്യർ ഒരുമിച്ച് ജീവിക്കുമ്പോൾ, പ്രവർത്തിക്കുമ്പോൾ, അവർക്കിടയിൽ അഭിപ്രായഭിന്നത സ്വാഭാവികമായി ഉണ്ടാകും. അഭിപ്രായഭിന്നതകൾ പരിഹരിക്കപ്പെടുകയും അവർക്കിടയിൽ അഭിപ്രായസമന്വയം ഉണ്ടാവുകയും വേണം. അല്ലാത്തപക്ഷം ഒന്നിച്ച് ജീവിക്കാനും പ്രവർത്തിക്കാനും സാധിക്കാതെ വരും. ഒരു ലളിതമായ ഉദാഹരണം കാണാം : ഒരു കുട്ടിക്ക് സ്കൂളിൽ പോകാൻ പ്രായമായി. മാതാപിതാക്കളിൽ ഒരാൾ കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തിൽ വിടണം എന്ന് അഭിപ്രായപ്പെടുന്നു. മറ്റേയാളാകട്ടെ കുട്ടിയെ മലയാളം മീഡിയത്തിൽ വിടണം എന്ന് അഭിപ്രായപ്പെടുന്നു. അവിടെ രണ്ടു പേർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നുള്ളത് ഒരു നല്ല കാര്യമാണ്. എന്നാൽ അവരുടെ അഭിപ്രായങ്ങൾ ഭിന്നമായിരിക്കുമ്പോൾ, അവർക്ക് മുന്നോട്ടു പോകാൻ സാധിക്കാതെ വരുന്നു. കുടുംബങ്ങളിൽ മാത്രമല്ല ജോലി സ്ഥലത്ത്, വലിയ സമൂഹങ്ങളിൽ, മതരംഗത്ത്, രാഷ്ട്രീയത്തിൽ, അന്താരാഷ്ട്ര തലത്തിൽ-- എല്ലായിടത്തും അഭിപ്രായഭിന്നതകൾ സാധാരണയാണ്. വലിയ ചില അഭിപ്രായഭിന്നതകളുട...