ക്രിസ്തുസങ്കല്പപരിണാമം
യേശു എങ്ങനെ ക്രിസ്തുവായി എന്നത് ചെറുപ്പം മുതലേ എന്റെ ഒരു അന്വേഷണ വിഷയമാണ്. വർഷങ്ങളായി ലോകമെമ്പാടും അനേകം ആളുകൾ ഈ ചോദ്യം ചോദിച്ചിട്ടുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവരോട് ചേർന്നുള്ള കൂട്ടായ അന്വേഷണത്തിനൊടുവിൽ ഞാൻ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളാണ് ഇവിടെ ചുരുക്കി പറയാൻ ശ്രമിച്ചിരിക്കുന്നത്. ഇത് ഒരു ചരിത്ര പഠനമാണ്. ഇതിലെ കണ്ടെത്തലുകൾ മനുഷ്യവർഗ്ഗത്തിന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. ഇതിൽ തിരുത്തപ്പെടേണ്ട അബദ്ധങ്ങൾ ശ്രദ്ധയിൽ പെടുമെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക. സന്തോഷപൂർവ്വം തിരുത്തുന്നതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് കൂട്ടിച്ചേർക്കാവുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക. സന്തോഷപൂർവ്വം കൂട്ടിച്ചേർക്കുന്നതാണ്. ക്രിസ്തു സങ്കൽപ്പത്തിന്റെ ഉത്ഭവം ജനനേതാക്കളായി നിയമിക്കപ്പെടുന്നവരെ മ്ശിഹാ എന്ന് എബ്രായ ഭാഷയിൽ വിളിച്ചിരുന്നു. രാജാവ്, പുരോഹിതൻ, പ്രവാചകൻ എന്നിവരായിരുന്നു അവരുടെ നേതാക്കൾ. തലയിൽ സുഗന്ധതൈലം ഒഴിച്ച് അഭിഷേകം ചെയ്താണ് നിയമിക്കപ്പെട്ടിരുന്നത്. അഭിഷേകം ചെയ്യപ്പെടുന്ന ആൾ എന്നാണ് മ്ശിഹാ എന്ന പദത്തിന്റെ അർത്ഥം. ഗ്രീക്ക് ഭാഷയിൽ അത...