സെമിറ്റിക് ആരാധനയുടെ ഉത്ഭവവും വികാസവും
യഹൂദ ക്രൈസ്തവ ഇസ്ലാം സംസ്കൃതികളെയാണ് സെമിറ്റിക് എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഒരുമിച്ചുകൂടി നടത്തുന്ന സമൂഹ ആരാധന അവരുടെ പ്രത്യേകതയാണ്. വെള്ളിയാഴ്ച മുസ്ലീങ്ങളും ശനിയാഴ്ച യഹൂദരും ഞായറാഴ്ച ക്രൈസ്തവരും അവരുടെ ആരാധനാലയങ്ങളിൽ ഒന്നിച്ചു കൂടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. ഇത് എങ്ങനെ സംഭവിച്ചു? എന്താണ് ഇതിന്റെ അർത്ഥം? ഇതാണ് ഇവിടെ നമ്മുടെ ചിന്താവിഷയം. യഹൂദ സമുദായത്തിൽ ആണല്ലോ യേശു ജനിച്ചതും ജീവിച്ചതും. ആ കാലത്ത് യഹൂദ സമുദായത്തിന്റെ ജീവിതരീതിയിലും ആരാധനാരീതിയിലും വലിയ മാറ്റങ്ങൾ ഉണ്ടായി. AD 70 ന് മുമ്പുണ്ടായിരുന്നത് എബ്രായ മതം എന്നും അതിന് ശേഷം ഉള്ളത് യഹൂദമതമെന്നും സൗകര്യത്തിനു വേണ്ടി നമുക്ക് വിളിക്കാം. അക്കാലത്ത് എബ്രായ മതം രണ്ടായി പിളർന്നു. യേശുവാണ് ക്രിസ്തു എന്ന് വിശ്വസിച്ചവർ ക്രിസ്തുമതത്തിന് തുടക്കമിട്ടു. അങ്ങനെ വിശ്വസിക്കാത്തവർ യഹൂദമതമായി തുടർന്നു. അങ്ങനെ എബ്രായ മതത്തിന്റെ ജീവിത വീക്ഷണവും ആരാധനാരീതികളും യഹൂദരുടെയും ക്രൈസ്തവരുടെയും പൈതൃകമായി ഭവിച്ചു. ആറ് നൂറ്റാണ്ടുകൾക്ക് ശേഷം അറേബ്യയിൽ യഹൂദരും ക്രൈസ്തവരും ധാരാളം ഉണ്ടായിരുന്ന ഒരു സംസ്കാരിക പശ്ചാത്തലത്തിൽ ഇ...