മതങ്ങള്‍ നല്ലതോ ചീത്തയോ?
മതങ്ങള്‍ മനുഷ്യന് ഗുണകരമോ ദോഷകരമോ ? ഈ ചോദ്യത്തിന് നിലവില്‍ പ്രചാരത്തിലിരിക്കുന്ന രണ്ട് ഉത്തരങ്ങള്‍ ആദ്യം കാണാം . അതിന് ശേഷം സാമാന്യബുദ്ധിക്ക് നിരക്കുന്ന ഒരു ഉത്തരം നമുക്ക് കണ്ടെത്താം . ഈ ചോദ്യത്തിന് ലോകജനസംഖ്യയുടെ ഏതാണ്ട് 90% ആളുകള്‍ നല്‍കുന്ന ഉത്തരം ഇതാണ് : എല്ലാ മതങ്ങളും ഒരുപോലെയല്ല , നല്ലതും ചീത്തയുമുണ്ട് . പക്ഷെ , നല്ലതേത് ചീത്തയേത് എന്ന് എങ്ങനെ അറിയും ? ലളിതം ! സ്വന്തം മതം നല്ലത് , ബാക്കിയെല്ലാം ചീത്ത . മതത്തിനുള്ളില്‍ നിന്ന് കൊണ്ടുള്ള കാഴ്ചപ്പാടാണ് ഇത് . ക്രിസ്തുമതത്തിനുള്ളില്‍ നില്‍ക്കുന്ന ചിലരുടെ കാഴ്ചപ്പാടില്‍ ക്രിസ്തുമതം നല്ലത് , ബാക്കിയെല്ലാം ചീത്ത . ഇസ്ലാം മതത്തിനുള്ളില്‍ നില്‍ക്കുന്ന ചിലരുടെ കാഴ്ചപ്പാടില്‍ ഇസ്ലാം മതം നല്ലത് , ബാക്കിയെല്ലാം ചീത്ത . ഹിന്ദുമതത്തിനുള്ളില്‍ നില്‍ക്കുന്ന ചിലരുടെ വീക്ഷണത്തില്‍ ഹിന്ദുമതം നല്ലത് , ബാക്കിയെല്ലാം ചീത്ത . ഈ മതങ്ങള്‍ക്ക് ഒട്ടേറെ ഉപവിഭാഗങ്ങളുണ്ട് . ഓരോ ഉപവിഭാഗത്തില്‍ പെട്ടവരും തങ്ങളുടെ സ്വന്തം വിഭാഗം നല്ലതെന്നും മറ്റുള്ളവരുടേത് ചീത്തയെന്നും കരുതുന്നു . അന്ധന്മാര്‍ ആനയെ കണ്ട കഥയുടെ സഹായത്തോടെ നമുക്ക് ഈ വീക്ഷണത്തെ മനസിലാക്ക...