ക്രൈസ്തവാരാധനയിലെ സൈക്കോതെറാപ്പി
മനോരോഗികളെ ചികിത്സിക്കാന്‍ മനോവിശകലനം ഉപയോഗിക്കാം എന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ കണ്ടെത്തല്‍ ലോകമെങ്ങും ഒരു പുതിയ പ്രതീക്ഷയും പ്രത്യാശയും ഉണര്‍ത്തി . ബാല്യകാലം മുതല്‍ മനുഷ്യമനസിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാതെ കിടക്കുന്നതിന്‍റെ ഫലമായാണ് മനോരോഗങ്ങള്‍ ഉണ്ടാകുന്നത് എന്ന് ഫ്രോയിഡ് സിദ്ധാന്തിച്ചു . കാലപ്പഴക്കം കൊണ്ട് അവ നാം മറന്നുവെന്ന് വന്നാലും അവ ഉപബോധമനസ്സില്‍ സജീവമായി മുറിവായി തന്നെ കിടക്കുമെന്നും നാമറിയാതെ തന്നെ പല മാനസിക പ്രശ്നങ്ങള്‍ക്കും ആ മുറിവുകള്‍ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ഉപബോധമനസ്സില്‍ മറഞ്ഞുകിടക്കുന്ന ഒരു മുറിവിനെ ബോധമനസിലേക്ക് കൊണ്ട് വരാന്‍ സാധിച്ചാല്‍ അതിനെ ഉണക്കാന്‍ കഴിഞ്ഞേക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ശരീരത്തിലുണ്ടാകുന്ന മുറിവുകളെക്കാള്‍ അപകടകാരിയാണ് മനസിലുണ്ടാകുന്ന മുറിവുകള്‍ . അവ നമ്മുടെ ശക്തി ചോര്‍ത്തിക്കളയുന്നു . ക്രമേണ മറ്റു ഗുരുതരമായ പ്രശ്നങ്ങളിലേക്ക് അവ നമ്മെ നയിക്കുകയും ചെയ്യുന്നു . മനസ്സിലെ മുറിവുകള്‍ മുറിവുകളായി കിടക്കാതെ എത്രയും വേഗം അവ ഉണങ്ങേണ്ടത് മനസ്സിനെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ് . ...